This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍ഹൗസ് പ്രഭാവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീന്‍ഹൌസ് പ്രഭാവം

Green house effect

ഭൗമോപരിതലത്തില്‍ പതിക്കുന്ന സൗരോര്‍ജത്തെ പിടിച്ചു നിര്‍ത്തുക വഴി ഭൗമോപരിതലം ചൂടാകുന്ന പ്രക്രിയ. സൗരോര്‍ജമേറ്റ് ചൂടാകുന്ന ഭൂമിയുടെ ഉപരിതലം ഇന്‍ഫ്രാ-റെഡ് രശ്മികള്‍ പുറത്തേക്ക് വികിരണം ചെയ്യുന്നു. അന്തരീക്ഷത്തിലെ നീരാവിയും കാര്‍ബണ്‍ഡയോക്സൈഡും മറ്റ് താപഗൃഹവാതകങ്ങളും ഈ രശ്മികളെ ആഗിരണം ചെയ്ത് അന്തരീക്ഷത്തില്‍ നിലനിര്‍ത്തുന്നു. ഇത് ഭൂമിയെ ചൂടാക്കുന്നു.

സൗരോര്‍ജം ഭൗമാന്തരീക്ഷത്തില്‍ തടഞ്ഞു നിര്‍ത്താന്‍ പാകത്തില്‍, ഒരു 'ഗ്രീന്ഹൗസി'ന്റെ സ്ഫടികഭിത്തിയും മേല്‍ക്കൂരയുംപോലെയാണ് ഭൂമിയുടെ അന്തരീക്ഷവും പ്രവര്‍ത്തിക്കുന്നത്. സൗരോര്‍ജം ഏതാണ്ട് മുഴുവനായിത്തന്നെ ഇതിലൂടെ കടന്നുപോരും. എന്നാല്‍ ഈ ഊര്‍ജം സ്വീകരിച്ച് ചൂടാകുന്ന ഭൂപ്രതലം വികിരണം ചെയ്യുന്ന ചൂടിന്റെ (ഇന്‍ഫ്രാറെഡ്) രശ്മികളെ ഈ അന്തരീക്ഷം ഒരു നല്ല അളവ് ആഗിരണം ചെയ്യുന്നു. ഇതുവഴി യഥാര്‍ഥത്തില്‍ ഭൂമിക്കും സൂര്യനും ഇടയില്‍ ഒരു അന്തരീക്ഷമില്ലാതിരുന്നെങ്കില്‍ ഭൂമി നിലനിര്‍ത്തുമായിരുന്ന വികിരണത്തെക്കാള്‍ വളരെ മടങ്ങു കൂടുതല്‍ വികിരണം ഭൗമോപരിതലത്തില്‍ നിലനില്‍ക്കാന്‍ ഇടവന്നു.

ദീര്‍ഘായതങ്ങളായ ഇന്‍ഫ്രാറെഡ് രശ്മികളുടെ ആഗിരണത്തില്‍ പ്രധാനപങ്കു വഹിക്കുന്നത് അന്തരീക്ഷത്തിലെ നീരാവിയും കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണ്. വായുവിലെ ഓസോണും ഈ ആഗിരണപ്രക്രിയില്‍ അപ്രധാനമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. മേഘങ്ങളില്‍ പതിക്കുന്ന സൂര്യകിരണങ്ങളുടെ ഏതാണ്ട് അഞ്ചിലൊന്നു ഭാഗവും അവ ആഗിരണം ചെയ്തു മാറ്റുന്നു. എന്നാല്‍ മേഘങ്ങള്‍ തീരെ കനംകുറഞ്ഞവയല്ലെങ്കില്‍ ഇന്‍ഫ്രാ-റെഡ് രശ്മികള്‍ക്ക് അവ അതാര്യമായിത്തീരും. രാത്രിയില്‍ വളരെ സമയത്തേക്ക് തെളിഞ്ഞ ആകാശമായിരുന്നിട്ട് മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍പ്പോലും ഭൗമോപരിതലോഷ്മാവ് വളരെ പെട്ടെന്ന് നിരവധി ഡിഗ്രി വര്‍ധിക്കുന്നതായി കാണാം. മേഘത്തില്‍ നിന്നുള്ള വികിരണമാണ് ഇതിനു കാരണം.

ഒരു ഗ്രീന്‍ഹൗസിന്റെ സ്ഫടികനിര്‍മിതവശങ്ങളും മേല്‍ക്കൂരയും ഹ്രസ്വായത-സൂര്യവികിരണങ്ങളുടെ (short-wave solar radiation) ഏറിയ പങ്കും ഉള്ളിലേക്കു കടത്തിവിടുന്നു. ഇതിന്റെ നല്ലൊരു ഭാഗം ഗ്രീന്‍ഹസിനുള്ളിലെ ചെടികളും തറയും ആഗിരണം ചെയ്തിട്ട് ഉദ്ദേശം 300 K ഊഷ്മാവില്‍ (ഏതാണ്ട് 27°C) അവയെ പുനര്‍വികിരണം ചെയ്യുന്നതായി കാണാം. ഈ ഊര്‍ജം സ്ഫടികച്ചുവരുകള്‍ ഭാഗികമായി വീണ്ടും ആഗിരണം ചെയ്ത് ഗ്രീന്‍ഹൗസിനുള്ളിലേക്കുതന്നെ തിരിച്ചുവിടുന്നതിന്റെ ഫലമായി ഉള്‍വശത്തെ താപനില പുറത്തേതിനെക്കാള്‍ ഉയരുന്നു. അന്തരീക്ഷം കടന്ന് ഭൂമിയിലേക്കു വരുന്ന സൗരോര്‍ജത്തിനും ഏതാണ്ട് ഇതേ അനുഭവം തന്നെയാണുണ്ടാകുന്നത്. ഗ്രീന്‍ഹൗസിലെ ഗ്ലാസ്സിന്റെ പങ്ക് ഇവിടെ അന്തരീക്ഷത്തിനാണെന്നു മാത്രം.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെയും നീരാവിയുടെയും അളവു വര്‍ധിക്കുന്നത് ഭൌമോപരിതലത്തിന്റെ ചൂടു കൂടുന്നതിനു കാരണമാകുന്നു. അതിവേഗമുള്ള വനനശീകരണവും, കുഴിച്ചെടുത്തതോ അശ്മകരൂപത്തിലുള്ളതോ ആയ ഇന്ധന ദഹനവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ തോതു കൂട്ടുന്നു. വൃക്ഷനിബിഡമായ വനങ്ങളിലെ വര്‍ധിച്ച പ്രകാശസംശ്ലേഷണത്തിന് അന്തരീക്ഷത്തിലെ ഒരു നല്ല പങ്ക് കാര്‍ബണ്‍ഡയോക്സൈഡ് വേണ്ടിവരുന്നതിനാല്‍ അങ്ങനെ അതിന്റെ അളവ് ക്രമീകരിക്കപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ വനങ്ങള്‍ ഇല്ലാതായതോടെ ഈ ക്രമീകരണം തകിടം മറിഞ്ഞു. ഒപ്പം തന്നെ, വാഹനങ്ങളില്‍ നിന്നും മറ്റുമുള്ള പ്രദൂഷണം വര്‍ധിക്കുകയും ചെയ്തു. അന്തരീക്ഷത്തില്‍ ഇപ്പോഴത്തെ കാര്‍ബണ്‍ഡയോക്സൈഡിന്റെ തോത് 325 ppm (1 ppm =ദശലക്ഷകത്തില്‍ ഒരു ഭാഗം) ആണ്.

കാര്‍ബണ്‍ ഡയോക്സൈഡ് നിയന്ത്രണത്തിന് പ്രകൃതി പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'സിങ്ക്' എന്ന പേരിലറിയപ്പെടുന്നത്. സിങ്കിലെ മുഖ്യഘടകം സമുദ്രമാണ്. ലയനവിധേയമാകാവുന്ന കാര്‍ബണ്‍ഡയോക്സൈഡ്, ബൈകാര്‍ബണേറ്റ് ലവണങ്ങളായി സമുദ്രജലത്തില്‍ ലയിച്ചുചേരുന്നു. ജൈവപിണ്ഡമാണ് (biomass) മറ്റൊരു പ്രധാന സിങ്ക്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ തോത് വര്‍ധിക്കുന്നതോടെ ചെടികളിലെ പ്രകാശസംശ്ലേഷണത്തിന്റെ തോതും വര്‍ധിക്കുന്നു. തത്ഫലമായി വളരെയധികം കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗിക്കപ്പെടുകയും, അങ്ങനെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവില്‍ കുറവനുഭവപ്പെടുകയും ചെയ്യും.

ചിത്രം:Pg 490 vol 10.png

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡും നീരാവിയും താപനിലയില്‍ ചെലുത്തുന്ന സ്വാധീനം ഭൗമകാലാവസ്ഥയില്‍ ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുന്നതാണ്. കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കൂടുന്നതിനനുസൃതമായി ഉപരിതലോഷ്മാവ് വര്‍ധിക്കുകയും അങ്ങനെ ഉപരിതലജല-ബാഷ്പീകരണത്തോത് കൂടുകയും ചെയ്യുന്നു. ഇതിന്റെ ആകെഫലം മൊത്തത്തിലുള്ള താപവര്‍ധനയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ്-സാന്ദ്രത ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുന്ന പക്ഷം അതുകൊണ്ട് ഊഷ്മാവിലുണ്ടാകുന്ന വര്‍ധന, ഉദ്ദേശം 3°C ആയിരിക്കുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. മേല്‍ വിവരിച്ച ഘടകങ്ങള്‍ എല്ലാം ചേര്‍ന്നുള്ള സംയുക്തഫലമാകും ഇത്. 2050-ാമാണ്ടോടെ ഇതു സംഭവിക്കുമെന്നാണ് ഇന്നത്തെ കണക്കുകൂട്ടല്‍.

വളരെ ചെറിയതോതിലുള്ള താപവര്‍ധനപോലും (1°C തന്നെ) ആഗോളഭക്ഷ്യോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് കണ്ടുവരുന്നത്. അങ്ങനെയാകുമ്പോള്‍ ആഫ്രിക്കയും ദക്ഷിണ ഏഷ്യയും മറ്റും മരുവത്കരണത്തിനു വിധേയമാകും. റഷ്യയിലും കാനഡയിലും ഇന്നുള്ള ഗോതമ്പുത്പാദന കേന്ദ്രങ്ങള്‍ ധ്രുവപ്രദേശങ്ങളിലേക്കു മാറിപ്പോകും. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതില്‍നിന്നു ഭിന്നമല്ല. ജലോപരിതലോഷ്മാവ് വര്‍ധിക്കുന്നതോടെ സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം കാര്യമായി കുറയുന്നു. ആഴിയുടെ അടിത്തട്ടില്‍ നിന്ന് ആഹാരപദാര്‍ഥങ്ങള്‍ ഉപരിതലത്തിലേക്കു കൊണ്ടുവരുന്ന കുത്തനെയുള്ള ജലചംക്രമണത്തിന്റെ അഭാവമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

രാത്രിയിലാണ് ഗ്രീന്‍ഹൗസ് പ്രഭാവം കൂടുതല്‍ വ്യക്തമാവുക. ദിനരാത്രങ്ങളിലെ ഊഷ്മവ്യത്യാസത്തിന്റെ പരിധി 7°C-ലും താഴെയായിരിക്കുന്നതിന് ഇതു കാരണമാവുന്നു. എന്നാല്‍ ന്യൂ മെക്സിക്കോ, അരിസോണ തുടങ്ങിയ വരണ്ട പ്രദേശങ്ങളില്‍, അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവു കുറവായിരിക്കുന്നതിനാല്‍ ഇന്‍ഫ്രാ-റെഡ് രശ്മികളെ അന്തരീക്ഷം നിഷ് പ്രയാസം കടത്തിവിടും ഇതിന്റെ ഫലമായി തണുപ്പേറിയ രാത്രികള്‍ക്കു പിന്നാലെ വരുന്ന പകലുകള്‍ വളരെ ചൂടുകൂടിയതായിരിക്കുകയും ചെയ്യും. നോ: ഭൗമതാപനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍