This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍സ്റ്റൈന്‍, യെസ്സെ ലിയോനാര്‍ഡ് (1909 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീന്‍സ്റ്റൈന്‍, യെസ്സെ ലിയോനാര്‍ഡ് (1909 - 2002)

Greenstein, Jesse Leonard

അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1909 ഒ. 15-നു ന്യൂയോര്‍ക്കില്‍ ജനിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിനുശേഷം നക്ഷത്രാന്തര ധൂളിയെക്കുറിച്ചുള്ള പഠനത്തിന് 1937-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. ക്വാസാറുകളെക്കുറിച്ച് ആദ്യപഠനങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം.

നക്ഷത്രാന്തരഘടന, അവയുടെ സ്പെക്ട്രോസ്കോപ്പി, ഗാലക്സികള്‍ക്കിടയിലെ നക്ഷത്രാന്തരകാന്തികക്ഷേത്രം എന്നിവയെല്ലാം ഗ്രീന്‍സ്റ്റൈന്റെ പഠനവിഷയങ്ങളായിരുന്നു. വളരെ ഉയര്‍ന്ന സാന്ദ്രതയില്‍ ദ്രവ്യത്തിന്റെ അവസ്ഥ, കാന്തിക ക്ഷേത്രത്തില്‍ ഉയര്‍ന്ന ഊര്‍ജവാഹിയായ കണികകളുടെ പ്രവര്‍ത്തനം, നക്ഷത്രത്തിന്റെ പരിണാമദശകള്‍, അണുക്കളെയും ന്യൂക്ലിയസ്സുകളെയും കുറിച്ചുള്ള ആധുനിക സങ്കല്പങ്ങള്‍ എന്നിങ്ങനെ വിവിധതുറകളില്‍ നിരീക്ഷണ കണ്ടുപിടുത്തങ്ങളും സൈദ്ധാന്തിക വ്യാഖ്യാനങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നു എന്നിദ്ദേഹം തെളിയിച്ചു. ഇന്നു നാം കാണുന്ന മിക്ക രാസമൂലകങ്ങളും ഐസോടോപ്പുകളും നക്ഷത്രത്തിലെ ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായവയാണ് എന്ന് നക്ഷത്രങ്ങളുടെ സ്പെക്ട്രോസ്കോപ്പിക പഠനങ്ങളില്‍ നിന്ന് ഗ്രീന്‍സ്റ്റൈന്‍ മനസ്സിലാക്കി. 'വെള്ളക്കുള്ളന്‍' (White Dwarf) എന്നു വിശേഷിപ്പിക്കപ്പെടുന്ന നക്ഷത്രാവസാനഘട്ടത്തില്‍ അവയുടെ വലുപ്പം, ഘടന, താപനില, സ്പെക്ട്രം, ചലനം എന്നിവയെല്ലാം ഇദ്ദേഹം പഠനവിധേയമാക്കി.

രണ്ടാം ലോകയുദ്ധകാലത്ത് പ്രതിരോധകാര്യങ്ങളില്‍ ഗവണ്‍മെന്റിന്റെ ഉപദേശകസമിതിയില്‍ അംഗമായിരുന്ന ഗ്രീന്‍സ്റ്റൈന്‍ ചില പ്രത്യേക യുദ്ധോപകരണങ്ങള്‍ക്ക് രൂപകല്പന നല്കി. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ്, അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി എന്നിവയില്‍ അംഗമായിരുന്നു. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി, അസ്ട്രോണമിക്കല്‍ സൊസൈറ്റി ഒഫ് ദ പസിഫിക്ക്, നാസാ എന്നീ സ്ഥാപനങ്ങളിലെ മെഡല്‍ജേതാവുമായി.

മുന്നൂറ്റമ്പതോളം സാങ്കേതിക പ്രബന്ധങ്ങളുടെ രചയിതാവും സ്റ്റെല്ലാര്‍ അറ്റ്മോസ്ഫിയേഴ്സ് ഉള്‍പ്പെടെ അനേകം ഗ്രന്ഥങ്ങളുടെ എഡിറ്ററുമായിരുന്നു ഗ്രീന്‍സ്റ്റൈന്‍. 2002 ഒ. 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍