This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീനിച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീനിച്ച്

Greenwich

ഇംഗ്ലണ്ടില്‍, ലണ്ടനിലെ 32 പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളില്‍ (boroughs) ഒന്ന്. തെംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുകൂടിയവാണ് 0ബ്ബ രേഖാംശം കടന്നുപോകുന്നതായി സങ്കല്പിച്ചിരിക്കുന്നത്. 1965-ല്‍ നിലവില്‍വന്ന ഈ മണ്ഡലത്തിന്റെ അതിരുകള്‍ കി.ബെക്സ്ലി, തെ.ബ്രോംലി, പടി. ലൂയിഷാം എന്നിവയാണ്. ഗ്രീനിച്ചിനെ നദിയുടെ വടക്കേ കരയുമായി തുരങ്കംവഴി ബന്ധപ്പെടുത്തിയിരിക്കുന്നു.

ചരിത്രപ്രധാനവും ശ്രദ്ധേയവുമായ പല മന്ദിരങ്ങളും ഇവിടെ കാണാം. പലേഡിയന്‍ ശൈലിയില്‍ നിര്‍മിച്ച ഇംഗ്ലണ്ടിലെ പ്രഥമ കെട്ടിടമാണ് ഇവിടെയുള്ള കൊട്ടാരം. ഇവിടെ സ്ഥിതിചെയ്യുന്ന വാനനിരീക്ഷണകേന്ദ്രം വളരെ പഴക്കമുള്ളതും പ്രാധാന്യമേറിയതുമാണ്. നാവികരുടെ സഹായാര്‍ഥം ചാള്‍സ് II ആണ് ഇതു സ്ഥാപിച്ചത്. 1765 സെപ്. 19-ന് ഇവിടെ നിന്ന് ആദ്യമായി നിരീക്ഷണം നടത്തി. 1950-കളില്‍ ഈ വാനനിരീക്ഷണാലയം കിഴക്കന്‍ സസ്സെക്സിലേക്കു മാറ്റി. 1705-ല്‍ ഇവിടെ ഒരു നാവികാശുപത്രി സ്ഥാപിതമായി. ഹെന്റി VIII, എലിസബത്ത് രാജ്ഞി തുടങ്ങിയവര്‍ ഇവിടെ ജനിച്ചവരാണ്. ഇവര്‍ ജനിച്ച കൊട്ടാരം ഇന്നില്ല. ചാള്‍സ് II-ന്റെ കാലത്ത് അദ്ദേഹം ഒരു പുതിയ 'എടുപ്പ്' (block) പണിയിച്ച് കൊട്ടാരവുമായി ചേര്‍ക്കുകയുണ്ടായി. 1873-ല്‍ ഇവിടെ റോയല്‍ നാവിക കോളജ് സ്ഥാപിതമായി.

2. അമേരിക്കയിലെ കണക്റ്റിക്കട്ടിന്റെ തെ.പടിഞ്ഞാറെ അറ്റത്തുള്ള ഒരു കൊച്ചുപട്ടണം.

നൂ ഹാവന്‍ കോളനി ഏജന്റുമാരായ റോബര്‍ട്ട് ഫീക്സും ക്യാപ്റ്റന്‍ ഡാനിയല്‍ പാര്‍റ്റിക്കും ചേര്‍ന്ന് 1640-ല്‍ നിര്‍മിച്ച ഈ പട്ടണത്തിന് ഇംഗ്ലണ്ടിലെ ഗീനിച്ചിന്റെ പേരു നല്കി. തുടര്‍ന്ന് ഡച്ചുകാരുടെ അധീനതയിലായ ഇവിടം, 1650-ല്‍ വീണ്ടും കണക്ടിക്കട്ടിന്റെ ഭാഗമായി.

ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പാര്‍പ്പിട മേഖലയായ ഇവിടെ നിരവധി വിദ്യാലയങ്ങളുണ്ട്. പ്രിന്റിങ്, യന്ത്രനിര്‍മാണം തുടങ്ങിയ ചില വ്യവസായങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിനോദോപാധികളും ഇവിടെ ധാരാളമുണ്ട്. ഇവിടത്തെ കടല്‍ത്തീരം ഒരു പ്രധാന വിനോദകേന്ദ്രമാണ്.

3. ഗ്രീനിച്ച് ഗ്രാമം. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു പാര്‍പ്പിട-മേഖല. കോളനിഭരണകാലത്താണ് ഇവിടം ജനവാസമേഖലയായത്. ക്രമേണ ഇത് ഒരു പാര്‍പ്പിടമേഖലയായി മാറി. ഇപ്പോള്‍ ഇത് എഴുത്തുകാരുടെയും, കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും താമസസ്ഥലമായി മാറിയിരിക്കുന്നു. ഇടുങ്ങിയ തെരുവുകളും പഴയ കെട്ടിടങ്ങളുമാണ് ഇവിടത്തെ സവിശേഷത. വിദേശഭക്ഷണശാലകള്‍, തിയെറ്ററുകള്‍, നൈറ്റ്ക്ലബ്ബുകള്‍ തുടങ്ങിയ പലതും ഇവിടെ കാണാം. ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ മന്ദിരങ്ങളും ഇവിടെയാണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍