This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീനക്കൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീനക്കൈറ്റ്

Greenakite

കാഡ്മിയം ധാതു. പൊതുഫോര്‍മുല: 2 [CdS]. 77.8 ശ.മാ. കാഡ്മിയവും 22.19 ശ.മാ. സള്‍ഫറുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ഗണനീയമായ തോതില്‍ കാഡ്മിയം അടങ്ങിയിട്ടുള്ള ഏക അയിരാണിത്.

ഗ്രീനക്ക് പ്രഭുവിനോടുള്ള ആദരസൂചകമായി ജേംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ 1840-ല്‍ ഇതിനു ഗ്രീനക്കൈറ്റ് എന്ന പേരു നല്കി. 1810-നോടടുത്ത കാലത്താണ് ആദ്യമായി ഒരു ഗ്രീനക്കൈറ്റ് ക്രിസ്റ്റല്‍ കണ്ടെത്തിയത്. അന്നതിനെ സ്ഫാലറൈറ്റ് ആണെന്നു തെറ്റിദ്ധരിച്ചു. ഇത് കാഡ്മിയത്തിന്റെ ഒരു സര്‍വസാധാരണ ധാതുവാണെങ്കിലും വളരെ ചുരുക്കം സ്ഥലങ്ങളില്‍, തീരെ കുറഞ്ഞ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളു. സാധാരണയായി സിങ്ക് അയിരുകളായ സ്ഫാലറൈറ്റ്, സ്മിത്സണൈറ്റ് എന്നിവയ്ക്കുമുകളില്‍ ആവരണം പോലെയാണ് ഇത് ദൃശ്യമാകുന്നത്. അപൂര്‍വമായിക്കാണുന്ന ക്രിസ്റ്റലുകള്‍ ഹെക്സാഗണല്‍ സിസ്റ്റത്തില്‍ ഉരുത്തിരിയുന്നു. ഓറഞ്ചു കലര്‍ന്ന മഞ്ഞ നിറമുള്ള ഈ ധാതുവിന്റെ കാഠിന്യം 3-3.5; ആ.സാ. 4.9-5. ഒരു പേനാക്കത്തി ഉപയോഗിച്ച് എളുപ്പത്തില്‍ പോറലുണ്ടാക്കാം. വളരെ എളുപ്പം ഭംഗുരവിധേയമാകുന്ന ഈ ധാതു ഏതാണ്ട് സുതാര്യമാണെന്നു പറയാം. വര്‍ണരേഖാപ്ലേറ്റില്‍ (Streak plate) ഉരസുമ്പോള്‍ ചുവപ്പുകലര്‍ന്ന മഞ്ഞ നിറമാണുണ്ടാകുന്നു. വജ്രസമമായ ദ്യുതിയാണ് മറ്റൊരു പ്രത്യേകത. ക്രിസ്റ്റലുകള്‍ സ്ഫടികാകൃതിയില്‍ സ്പഷ്ടമായ വിദളനത്തിനു വിധേയമാകുന്നവയാണ്; വിഭംഗന വിധേയമാകുമ്പോള്‍ ശംഖിന്റെ ആകൃതിയിലുള്ള രൂപങ്ങള്‍ ദൃശ്യമാകുന്നു.

വിവിധാവശ്യങ്ങള്‍ക്കായി ഈ ധാതു ഉപയോഗിക്കപ്പെടുന്നു. കളിമണ്‍പാത്ര നിര്‍മാണത്തില്‍ അവയ്ക്കു തിളക്കം നല്കുന്നതിനും, ലോഹസങ്കരങ്ങള്‍ നിര്‍മിക്കുന്നതിനും, ഇനാമലുകളില്‍ മഞ്ഞനിറം നല്കുന്നതിനും ഇവ വ്യാവസായികമായി ഉപയോഗിക്കുന്നു. നിക്കല്‍-കാഡ്മിയം ബാറ്ററികളിലും, ന്യൂക്ലിയര്‍ റിയാക്ടറുകളിലെ കണ്‍ട്രോള്‍ ദണ്ഡുകളായും ഇവ കൂടിയേതീരൂ.

പ്രകൃതിയില്‍ ഈ ധാതു ഒരിടത്തും ഒറ്റപ്പെട്ടുകാണുന്നില്ല. സിങ്ക് തുടങ്ങിയവയുടെ അയിരുകളുമായി ചേര്‍ന്നാണ് കാണപ്പെടുന്നത്. ഈ ആയിരുകളുടെ ശുദ്ധീകരണപ്രവര്‍ത്തനത്തില്‍ ഒരു ഉപോത്പന്നമായി ഗ്രീനക്കൈറ്റും അതില്‍ നിന്ന് കാഡ്മിയവും ലഭിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും ഈ ധാതു കാണപ്പെടുന്നുണ്ടെങ്കിലും ഖനനം നടത്താന്‍ പറ്റിയ അളവിലുള്ള ഉറവിടങ്ങള്‍ എങ്ങും ഇല്ല. ചെക്ക്, സ്ലോവാക്യ, ഫ്രാന്‍സ്, മിസോറി, നൂജേഴ്സി, കാലിഫോണിയ, സ്കോട്ട്ലന്‍ഡ്, ബൊഹീമിയ എന്നിവിടങ്ങളില്‍ ഈ ധാതുവുണ്ട്. സിങ്ക് അയിരിന്റെ ഖനനസമയത്ത് ഒരു ഉപോത്പന്നമായി ഇന്ത്യയിലെ സാവര്‍, ദാറാബി, യു.പി., സിക്കിം എന്നിവിടങ്ങളില്‍നിന്നു ഇതു ലഭിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍