This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്ക് സ്വാതന്ത്ര്യസമരം (1821 - 29)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീക്ക് സ്വാതന്ത്ര്യസമരം (1821 - 29)

നാലു നൂറ്റാണ്ടു കാലത്തോളം നിലനിന്ന ഒട്ടോമന്‍ മേല്‍ക്കോയ്മയില്‍ നിന്നും സ്വാതന്ത്യ്രം നേടാന്‍ ഗ്രീസില്‍ നടന്ന സമരം. 1821-ലായിരുന്ന സ്വാതന്ത്ര്യസമരം ആരംഭിച്ചത്. 1829-ല്‍ ഗ്രീസ് സ്വതന്ത്രമായി. 1821-ല്‍ പെലപ്പൊണീസസ് ഗ്രീക്കുകാരുടെ നിയന്ത്രണത്തിലായി. ഇതിനുപുറമേ നിരവധി ഏജിയന്‍ ദ്വീപുകളും, ഹൈഡ്ര, സ്പെറ്റ്സായ്, പ്സാരാ എന്നീ വാണിജ്യ കേന്ദ്രങ്ങളും സ്വതന്ത്രമായി. 1822-ല്‍ ഗ്രീക്കുകാര്‍ മെസൊലൊന്‍ജിയനും ആതന്‍സും തീബ്സും പിടിച്ചെടുത്തു. തുടര്‍ന്നുള്ള രണ്ടു വര്‍ഷക്കാലം ഇരുഭാഗത്തും അവരവരുടെ അധീശമേഖലകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. 1825-ല്‍ തുര്‍ക്കികള്‍ ഈജിപ്തുകാരുടെ സഹായത്തോടെ ഗ്രീസില്‍ ആക്രമണം നടത്തി. ഈജിപ്ഷ്യന്‍ സൈന്യം തെ.പടിഞ്ഞാറു നിന്നും, തുര്‍ക്കി സൈന്യം വ.പടിഞ്ഞാറുനിന്നും ഗ്രീസിനെ ആക്രമിച്ചു. 1826 ഏ.-ല്‍ ഇവര്‍ മെസൊലൊന്‍ജിയന്‍ പിടിച്ചെടുത്തു. ഈജിപ്ഷ്യന്‍ സൈന്യം പിന്നീട് പെലപ്പൊണീസസിന്റെ നേര്‍ക്കും, തുര്‍ക്കി സൈന്യം ആഥന്‍സിനു നേര്‍ക്കും മുന്നേറ്റം നടത്തി. 1827 ജൂണില്‍ ആഥന്‍സിലെ അക്രോപ്പൊളിസില്‍ ഗ്രീക്കുസൈന്യം കീഴടങ്ങി. ഈ അവസരത്തില്‍ വന്‍ശക്തികള്‍ ഇടപെട്ടു. ഗ്രേറ്റ് ബ്രിട്ടനും റഷ്യയും ഫ്രാന്‍സും കൂടി 1827 ജൂല. 6-ന് ലണ്ടനില്‍ വച്ച് ഒരു ഉടമ്പടി ഒപ്പുവച്ചു. യുദ്ധം അവസാനിപ്പിക്കുകയും സ്വതന്ത്രഗ്രീക്കുരാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ ഉടമ്പടിയുടെ ലക്ഷ്യം. ഈജിപ്ത് ഇതിനോടു യോജിക്കാന്‍ വിമുഖത കാട്ടി. ഇതേത്തുടര്‍ന്ന് സഖ്യസൈന്യം ഈജിപ്തിന്റെ നാവികത്താവളമായി കൈവശം വച്ചിരുന്ന നവാരിനോ ഉള്‍ക്കടലില്‍ പ്രവേശിച്ചു. 1827 ഒ.-ല്‍ നടന്ന യുദ്ധത്തില്‍ ഈജിപ്തിന്റെയും തുര്‍ക്കിയുടെയും സൈന്യം പരാജയപ്പെട്ടു. ബ്രിട്ടനും ഫ്രാന്‍സും 1828-ല്‍ ഈജിപ്തുമായി ഉടമ്പടി ഉണ്ടാക്കി. ഗ്രീസില്‍ നിന്ന് ഈജിപ്ഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുകയെന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. റഷ്യന്‍ സൈന്യവും തുര്‍ക്കി സൈന്യവുമായി ഉത്തര ബാള്‍ക്കനില്‍ ഏറ്റുമുട്ടലുണ്ടായി. 1829-ലെ ഏഡ്രിയാനോപിള്‍ ഉടമ്പടിയോടെ ഈ യുദ്ധം അവസാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍