This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്ക് ഉത്സവങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീക്ക് ഉത്സവങ്ങള്‍

അതിപുരാതന കാലത്തുതന്നെ ഉത്കൃഷ്ടമായ ഒരു സംസ്കാരം ഗ്രീസില്‍ നിലനിന്നിരുന്നു. ആ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഗ്രീക്ക് ഉത്സവങ്ങള്‍. ബി. സി. 1400 മുതല്‍ 1200 വരെ ഗ്രീസ് മൈസീനിയന്‍ ആധിപത്യത്തിലായിരുന്നു. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന മൈസീനിയരുടെ ആരാധനാമൂര്‍ത്തി സര്‍പ്പദേവതകളാല്‍ പരിസേവിതമായ ഒരു മാതൃദേവിയായിരുന്നു. ബി.സി. 12-ാം ശ. മുതല്‍ 9-ാം ശ. വരെയുള്ള ഹോമര്‍ യുഗത്തില്‍ ഗ്രീക്കുകാര്‍ ബഹുദൈവ ആരാധകരായിരുന്നു. ദൈവങ്ങള്‍ മനുഷ്യരെപ്പോലെ ദൗര്‍ബല്യങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും ഉള്ളവരായിരുന്നു. ഈ കാലഘട്ടത്തില്‍ ഗ്രീക്കുകാര്‍ വെളിപാടുകള്‍ വിശ്വസിച്ചിരുന്നു. ഡെല്‍ഫി എന്ന സ്ഥലത്ത് അപ്പോളോ ദേവത വെളിച്ചപ്പാടുകള്‍ വഴി പ്രത്യക്ഷപ്പെടുമെന്നായിരുന്നു അവരുടെ വിശ്വാസം. വെളിപാടാകുന്ന സ്ഥലത്തിന് 'ഓറക്കിള്‍' (Oracle) എന്നു നാമകരണം ചെയ്തിരിക്കുന്നു. ഡെല്‍ഫിയിലെ ഓറക്കിളില്‍ ഗ്രീക്കുകാരും റോമാക്കാരും ഏഷ്യന്‍ രാജാക്കന്മാരും വിശ്വാസം അര്‍പ്പിച്ചിരുന്നു.

പുരാതന ഗ്രീക്ക് ഉത്സവമായ ഡയോണിസസിന്റെ ചിത്രീകരണം

പ്രാചീന ഗ്രീസിലെ ഉത്സവങ്ങളെല്ലാം പ്രാദേശിക സ്വഭാവമാര്‍ന്നവയാണ്. ഓരോ പ്രദേശത്തിനും അതിന്റേതായ ഉത്സവങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചാം ശ.-ത്തിലെ മഹത്തായ രണ്ട് ഉത്സവങ്ങളായിരുന്നു ഡയണീഷ്യയും പാനത്തീനിയയും. ആഥന്‍സില്‍ കൊണ്ടാടപ്പെട്ടിരുന്ന ഈ ഉത്സവങ്ങളുടെ സ്വാധീനം ഗ്രീസിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായിരുന്നു. ഓരോ ഉത്സവത്തിന്റെയും സുപ്രധാനമായ ഘടകമായിരുന്നു ഘോഷയാത്രകള്‍. ഇവയോടനുബന്ധിച്ച് പൊതുസദ്യകള്‍ നടത്തപ്പെട്ടിരുന്നു; നാടകവും കളികളും ഉണ്ടായിരുന്നു. നാടകങ്ങളില്‍ത്തന്നെ ട്രാജഡികള്‍ക്കായിരുന്നു മുന്‍തൂക്കം. സ്പാര്‍ട്ടയില്‍ ഹ്യാസിന്തിയ എന്ന ഉത്സവമായിരുന്നു കൊണ്ടാടപ്പെട്ടിരുന്നത്. സൊട്ടേറിയാ ഉത്സവം ഡെല്‍ഫിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഈ ഉത്സവദിനങ്ങളൊക്കെ അവധിദിനങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഉത്സവങ്ങളിലെ മതാത്മകത്വം ഹെല്ലനിസ്റ്റിക് കാലഘട്ടത്തില്‍ ദുര്‍ബലമായി. ഈജിപ്തില്‍ നിന്നും ഏഷ്യാമൈനറില്‍ നിന്നും കുടിയേറിയ അതിഭൗതികാശയങ്ങള്‍ പ്രാധാന്യമാര്‍ജിക്കാനും തുടങ്ങി.

സ്വന്തം ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതിനു പകരം പാലക പുണ്യവാളന്മാരുടെ ദിനങ്ങളാണ് ഗ്രീക്കു ജനത ആഘോഷിച്ചുവന്നത്. പ്രാചീന ഗ്രീക്കുജനതയ്ക്കു പ്രധാനപ്പെട്ട കുറേ ദേശീയോത്സവങ്ങളുണ്ടായിരുന്നു. ഇന്നും അവയിലേറെയും ഗ്രാമപ്രദേശങ്ങളില്‍ ആഘോഷിച്ചുവരുന്നുണ്ട്. ദേവീദേവന്മാരുടെ സ്മരണയ്ക്കും പ്രീതിക്കും വേണ്ടിയാണ് ഇവ കൊണ്ടാടുന്നത്. ഇത്തരത്തില്‍ സ്മരിക്കപ്പെടുന്ന ദേവീദേവന്മാരില്‍ സൂര്യദേവനായ അപ്പോളോയും മദ്യദേവതയായ ഡയോണീസസും ഭൂമീദേവിയായ ഡെമിറ്ററും രക്ഷാദേവിയായ അഥീനയുമുള്‍പ്പെടുന്നു.

മദ്യദേവതയായ ഡയോണീസസുമായി ബന്ധപ്പെടുത്തി നാലോ അഞ്ചോ ഉത്സവങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് അന്തസ്റ്റീരിയയും അഗ്രിയോണിയയും. കൊല്ലംതോറും അന്തസ്റ്റീരിയന്‍ മാസത്തില്‍ (ഫെ. മാ.) മൂന്നു ദിവസങ്ങളിലായി (11-13) ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. തലേക്കൊല്ലം കുഴിച്ചിട്ട വീഞ്ഞ് പാകമാകുന്നതിന്റെയും വസന്തകാലാരംഭത്തിന്റെയും ആഘോഷമാണിത്. വീഞ്ഞ് പുറത്തെടുത്ത് ഡയോണീസസിനു സമര്‍പ്പിക്കുന്ന ചടങ്ങാണ് ആദ്യദിവസം. മുറികളും പാനപാത്രങ്ങളും മൂന്നുവയസ്സിനുമേല്‍ പ്രായമുള്ള കുഞ്ഞുങ്ങളും വസന്തപുഷ്പങ്ങളാല്‍ അലങ്കരിക്കപ്പെടുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ വലിയ സദ്യയും ആഹ്ളാദാഘോഷങ്ങളുമായിരിക്കും. പരേതാത്മാക്കള്‍ ഈ ദിവസങ്ങളില്‍ അധോലോകത്തുനിന്നു മുകളിലെത്തുമെന്നും ഈ ലോകത്ത് സ്വൈരവിഹാരം നടത്തുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. പ്രേതാത്മാക്കളില്‍ നിന്നു രക്ഷനേടാനായി ജനങ്ങള്‍ ഈ ദിവസങ്ങളില്‍ വേലിച്ചെടിയില ചവയ്ക്കുകയും വാതിലുകളില്‍ ടാര്‍ പുരട്ടുകയും ചെയ്യും. ഈ ഉത്സവം തുടക്കത്തില്‍ പ്രേതാത്മാക്കളെ ഒഴിപ്പിച്ചുവിടാനുള്ള ഒരു വാര്‍ഷികാഘോഷമായിരുന്നുവെന്നും വീഞ്ഞ് പുറത്തെടുക്കലിന്റെയും മറ്റും ചടങ്ങുകള്‍ കൂടിക്കലര്‍ന്നു പില്ക്കാലത്ത് ഡയോണീസസ് ഉത്സവമായി രൂപം മാറിയെന്നുമാണ് ജെ.ഇ. ഹാരിസന്റെ മതം.

ഡയോണീസസിന്റെ ബഹുമാനാര്‍ഥം വര്‍ഷംതോറും ആഘോഷിക്കപ്പെടുന്ന മറ്റൊരുത്സവമാണ് അഗ്രിയോണിയ. ബൊയേര്‍ഷ്യയിലെ ഓര്‍ക്കോമിനസിലാണ് മുഖ്യമായും ഇത് കൊണ്ടാടിയിരുന്നത്. ഓര്‍ക്കോമിനസിലെ രാജാവായ മിനിയാസിന്റെ പുത്രിമാര്‍ ദൈവത്തെ ധിക്കരിച്ചതിനെത്തുടര്‍ന്ന് ഡയോണീസസ് അവരെ ഭ്രാന്തിയാക്കി മാറ്റുകയും അവരുടെ കുട്ടികളിലൊരാളുടെ മാംസം ഭക്ഷിക്കുകയും ചെയ്തു. പിന്നീടവരെ കടവാതിലുകളോ പക്ഷികളോ ആയി രൂപാന്തരപ്പെടുത്തി. ഉത്സവത്തിന്റെ സമാപ്തിഘട്ടത്തില്‍ മിനിയാസിന്റെ കുടുംബത്തിലെ ഒരു സ്ത്രീയെ പുരോഹിതന്‍ പിന്തുടര്‍ന്നുചെന്നു കൊലപ്പെടുത്തുന്ന ആചാരവും തുടക്കത്തിലുണ്ടായിരുന്നു.

ഭൂമിദേവിയായ ഡെമിറ്റര്‍ക്കുവേണ്ടിയുള്ള ഉത്സവങ്ങള്‍ പ്രധാനമായും നാലെണ്ണമാണ്: കാര്‍ണിയ, തെസ്മോഫോറിയ, ഏലിയൂസീനിയ, ഡെമെട്രിയ. അപ്പോളോ ദേവനു പ്രിയങ്കരനായിരുന്ന കാര്‍ണോസിനെ ഹെറാക്ലിസിന്റെ പിന്‍മുറക്കാര്‍ അന്യായമായി വധിക്കുകയുണ്ടായി. ദേവന്റെ കോപമടക്കാനാണ് ഈ ഉത്സവം നടത്തുന്നതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അഞ്ചു വര്‍ഗങ്ങളില്‍ നിന്ന് ഓരോ ചെറുപ്പക്കാരെ തിരഞ്ഞെടുക്കുന്നു; ഇതിലൊരു ചെറുപ്പക്കാരന്‍ ഓടിമറയാന്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവര്‍ അയാളെ പിന്തുടര്‍ന്നു പിടിച്ച് മടക്കിക്കൊണ്ടു വരുന്നു-ഇതാണ് ഈ ഉത്സവത്തിന്റെ സ്വഭാവം. ഓടിപ്പോകുന്ന ചെറുപ്പക്കാരന്‍ ഉര്‍വരതയുടെ പ്രതീകമാണ്. ഉര്‍വരതയെ മടക്കിക്കൊണ്ടുവരുന്നു എന്നാണ് സങ്കല്പം. കൊല്ലംതോറും ആഗ. മാസത്തിലാണ് ഈ ഉത്സവം നടക്കുന്നത്.

ഒക്ടോബറിലെ മൂന്നു ദിവസങ്ങളായിട്ടാണ് തെസ്മോഫോറിയ എന്ന ഉത്സവം നടക്കുന്നത്. ഡെമിറ്ററുടെ പൂര്‍ണനാമധേയം ഡെമിറ്റര്‍ തെസ്മോഫോറസ് എന്നാണ്. അതില്‍ നിന്നാണ് തെസ്മോഫോറിയ എന്ന പേര് ഉത്സവത്തിനു ലഭിച്ചത്. ഈ ഉത്സവം പ്രധാനമായും സ്ത്രീകളാണ് കൊണ്ടാടുന്നത്. ഇതിലേക്കായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ വ്രതമനുഷ്ഠിക്കുകയും ഉപവസിക്കുകയും വേണം. നിലവറകളില്‍ അടച്ചിട്ടുകൊന്ന പന്നികളുടെ മാംസമെടുത്തു പൂജിക്കുകയും അവ വിത്തുകളില്‍ച്ചേര്‍ത്ത് വിതയ്ക്കുയും ചെയ്യുന്നു. ഇതുവഴി സമ്പന്നമായ കൊയ്ത്തു ലഭിക്കുമെന്നായിരുന്നു വിശ്വാസം.

രണ്ടു വര്‍ഷത്തിലൊരിക്കലാണ് ഏലിയൂസീനിയ ആഘോഷിക്കുന്നത്. ഡെമിറ്ററിനും മകള്‍ പേഴ്സിഫോണിനും ഉപചാരങ്ങളര്‍പ്പിക്കുകയാണ് ഈ ഉത്സവവേളയില്‍ ചെയ്യുന്നത്. നേര്‍ച്ചകളും സംഗീത സദസ്സുകളും ഉത്സവത്തിന്റെ ഭാഗമാണ്. ആഗ.-സെപ്. മാസങ്ങളിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

ഉര്‍വരതയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഉത്സവമാണ് ഡെമെട്രിയ. ഡെമിറ്റര്‍ദേവിക്കുവേണ്ടി നടത്തപ്പെടുന്ന ഈ ഉത്സവത്തിന്റെ മുഖ്യാംശം ചെടികളുടെ തോലൊടിച്ച് ആളുകള്‍ പരസ്പരമടിക്കുന്ന ചടങ്ങാണ്.

പുരാതന ഗ്രീക്ക് ഉത്സവമായ തെസ്മോമോഫോറിയുടെ ഒരു ദൃശ്യം

അപ്പോളോയുടെ ബഹുമാനാര്‍ഥം നടത്തുന്ന വിവിധ ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനം തര്‍ഗേലിയയാണ്. ആണ്ടുതോറും മേയിലോ ജൂണിലോ രണ്ടു ദിവസങ്ങളായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ആഥന്‍സാണ് ഉത്സവം നടത്തുന്ന സ്ഥലം. ആദ്യ ദിവസം തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേരെ ആഥന്‍സ് നഗരത്തിനു പ്രദക്ഷിണം വയ്പ്പിക്കുകയും നഗരത്തില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നു. ആപത്ത് ഒഴിവാക്കാനുള്ള പ്രതീകാത്മകമായ ചടങ്ങാണിത്. പകര്‍ച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുന്ന വര്‍ഷങ്ങളിലാവട്ടെ, ഈ പ്രതിനിധികളെ നിഗ്രഹിക്കുകയാണു ചെയ്യുന്നത്. നഗരത്തില്‍ നിന്നു പുറത്താക്കിയശേഷം അവരെ കടലില്‍ താഴ്ത്തുകയോ തീ വയ്ക്കുകയോ ചെയ്യുന്നു. രണ്ടാം ദിവസം അപ്പോളോയുടെ സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ്.

അപ്പോളോയുടെ ബഹുമാനാര്‍ഥം നാലു വര്‍ഷത്തിലൊരിക്കല്‍ ദേലിയയും ഒന്‍പതു വര്‍ഷത്തിലൊരിക്കല്‍ ഡാഫ്നീഫോറിയയും കൊണ്ടാടുന്നു. ദേലിയ ഡിലോസിലും ഡാഫ്നീഫോറിയ തീബ്സിലും ആണ് ആഘോഷിക്കുന്നത്. ഒലിവ് മരച്ചില്ലകളും പൂക്കളും വഹിച്ചുകൊണ്ടുള്ള കൂറ്റന്‍ ഘോഷയാത്ര ഡാഫ്നീഫോറിയക്കു വര്‍ണപ്പകിട്ട് പകരുന്നു.

മറ്റ് ഉത്സവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അപതൂരിയ. ഗ്രീക്ക് പട്ടണങ്ങളിലെല്ലാം വര്‍ഷംതോറും ഇത് ആചരിക്കപ്പെട്ടു പോന്നിരുന്നു. ആഥന്‍സില്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മൂന്നു ദിവസങ്ങളിലായിട്ടാണ് അപതൂരിയ ആഘോഷിക്കപ്പെട്ടിരുന്നത്. ഈ ഉത്സവത്തിന്റെ ഒരു സവിശേഷത ദേവീദേവന്മാര്‍ക്കുപരിയായി മനുഷ്യരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒന്നാണിതെന്നതത്രെ. അതിനാല്‍ അപതൂരിയ ഒരൊറ്റപ്പെട്ട ഉത്സവമാണെന്നു പറയാം. വിവിധ വര്‍ഗങ്ങളുടെ പ്രതിനിധികള്‍ ഒത്തുകൂടി തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ ഉത്സവത്തിലെ മുഖ്യഭാഗം. മൂന്നാംദിവസം മറ്റൊരു പ്രധാനപ്പെട്ട ചടങ്ങുകൂടിയുണ്ട്. പോയവര്‍ഷത്തെ ഉത്സവത്തിനുശേഷം ജനിച്ച കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ കൊണ്ടുവന്നു സദസ്യരെ കാട്ടുകയും അവരുടെ പേര് രജിസ്റ്ററില്‍ ചേര്‍ക്കുകയും ചെയ്യുന്നതാണ് ആ ചടങ്ങ്.

അക്രോപ്പൊളിസില്‍ നിന്ന് സ്തിറോണ്‍ വരെ മുത്തുക്കുടകളോടുകൂടിയ ഘോഷയാത്രയാണ് ആഥന്‍സ് ആസ്ഥാനമായി ജൂണില്‍ കൊണ്ടാടുന്ന ക്സിറോഫോറിയ എന്ന ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. രക്ഷാദേവതയായ അഥീനയെ സൂര്യദേവനില്‍ നിന്നു രക്ഷിക്കുന്നതിനാണ് കുടകള്‍ പിടിക്കുന്നത്. സൂര്യനെ പരാജയപ്പെടുത്താന്‍ സമുദ്രദേവന്റെ സഹായം അത്യന്താപേക്ഷിതമായതുകൊണ്ട് ഘോഷയാത്രയുടെ മുന്നണിയില്‍ അഥീനയുടെ പുരോഹിതയോടൊപ്പം കടല്‍ദേവനായ പോസിഡോണിന്റെ പുരോഹിതനും സഞ്ചരിക്കുന്നു.

സ്യൂസ്ദേവന്‍ പരസ്ത്രീയെ കാമിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പത്നി ഹേര പിണങ്ങിപ്പിരിഞ്ഞുപോയി. കാമുകിയെ ഉപേക്ഷിച്ച് സ്യൂസ് ഹേരയെ തിരിച്ചു കൊണ്ടുവന്നു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായിട്ടാണ് ദേദല എന്ന ഉത്സവം കൊണ്ടാടുന്നത്. ഉത്സവത്തിലെ ഒരു പ്രധാന ചടങ്ങ് ഒരു മരപ്പാവയെ മണവാട്ടിയുടെ വേഷം ധരിപ്പിച്ച് തെരുവില്‍ക്കൂടി വലിച്ചുകൊണ്ടുപോവുകയും പിന്നീട് ബലി പീഠത്തില്‍ വച്ച് തീകൊളുത്തി ദഹിപ്പിക്കുകയുമാണ്. ഘോഷയാത്രയും ആര്‍പ്പുവിളികളും ഈ ഉത്സവത്തിന്റെ അവിഭാജ്യാംശമാണ്.

ഗ്രീക്ക് ചിന്താഗതി മൗലികമായി മാനുഷികമൂല്യങ്ങള്‍ക്ക് വില കല്പിച്ചുകൊണ്ടുള്ളതായിരുന്നു. അതിനാല്‍ ഗ്രീക്കു ദൈവങ്ങള്‍ അത്യന്തം മാനുഷിക സ്വഭാവമുള്ളവരാണ്. പുരാതന ഗ്രീക്ക് വാസ്തു ശില്പകലയുടെ ഏറ്റവും മനോഹര സൃഷ്ടികള്‍ ദേവാലയങ്ങളായിരുന്നു. ആകൃതിയില്‍ ചെറുതും ലളിതവുമായിരുന്നു ആദ്യത്തെ ദേവാലയങ്ങള്‍. പിന്നീട് വലുപ്പം കൂടിയവയും അലങ്കാരപ്രധാനങ്ങളുമായവ ഉടലെടുത്തു. ഗ്രീക്ക് ദേവാലയങ്ങളില്‍ ഏറ്റവും മനോഹരം 'പാര്‍ത്തിനണ്‍' (Parthenon) ക്ഷേത്രമാണ്. പെരിക്ലിയന്‍ യുഗത്തില്‍ ആഥന്‍സിന്റെ മുകള്‍ ഭാഗത്തുള്ള അക്രോപ്പൊളിസ് എന്ന സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ വിശാലമായ ശാലയില്‍ 'അഥീന' (Athena) എന്ന ദേവകന്യകയുടെ പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്. ഒന്‍പതു മീ. ഉയരമുള്ള ഈ പ്രതിമയുടെ ശരീരം ദന്തംകൊണ്ടും വസ്ത്രങ്ങള്‍ സ്വര്‍ണംകൊണ്ടുമാണ് നിര്‍മിച്ചിട്ടുള്ളത്.

(വിജയകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍