This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്കു നാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗ്രീക്കു നാടകം

ലോകനാടകകല പിറവിയെടുത്തതു ഗ്രീസിലാണെന്നു പറയാം. ലോകചരിത്രത്തില്‍ ഏറ്റവും പഴക്കവും മഹത്ത്വവുമാര്‍ന്നതാണ് ഗ്രീക്കു നാടകം. ദുരന്തനാടകം (ട്രാജഡി), ശുഭാന്തനാടകം (കോമഡി), ഹാസ്യനാടകം (സറ്റയറിക് പ്ലേ) എന്നീമൂന്നു പ്രധാന വിഭാഗങ്ങളാണ് യവനനാടകത്തിലുള്ളത്. പൂര്‍വ മാതൃകകളില്ലാതെ സ്വയം ഉരുത്തിരിഞ്ഞുവന്ന ഈ കലാരൂപം കാലക്രമത്തില്‍ ലോകം മുഴുവന്‍ പ്രചരിച്ചു.

ട്രാജഡി

ഉത്പത്തി

മതപരമായ ആചാരങ്ങളില്‍ നിന്നാണ് ഗ്രീക്കു ദുരന്തനാടകത്തിന്റെ ഉദ്ഭവം. മദ്യദേവനായ ദിവന്യാസ്യുസിന്റെ (ഡയോണീസസ്) പ്രീതിക്കായി പ്രാചീന യവനന്മാര്‍ വര്‍ഷന്തോറും വസന്തോത്സവങ്ങളാഘോഷിച്ചിരുന്നു. ദേവകളുടെ വേഷംകെട്ടി ഡയോണീസസിന്റെ അപദാനങ്ങളെ വാഴ്ത്തി ആടുകയും പാടുകയുമായിരുന്നു വസന്തോത്സവത്തിലെ പ്രധാന ചടങ്ങ്. ഈ ആട്ടവും പാട്ടും വളര്‍ന്നു സമ്പൂര്‍ണ നാടകമായിത്തീര്‍ന്നു. 'നടന്‍' എന്നര്‍ഥമുള്ള യവനപദത്തിന് (ഊപോക്രിറ്റസ്) 'ഉത്തരം പറയുന്നവന്‍' എന്നാണര്‍ഥം. യവനനാടകത്തിന്റെ പ്രാകൃതദശ 'ചോദ്യവും ഉത്തരവും' കലര്‍ന്നതായിരുന്നു. അതു വികസിച്ചു നാടകമായി. നൃത്തഗായകസംഘ (കോറസ്)ത്തലവന്‍ മദ്യദേവസംബന്ധിയായ ചോദ്യങ്ങളുന്നയിക്കുകയും സംഘാംഗങ്ങള്‍ ഉത്തരം പറയുകയും ചെയ്യും. ഇതിന്റെയെല്ലാം അടിസ്ഥാന പ്രേരണ മദ്യലഹരിതന്നെ. ഇവിടെയാണ് ആദ്യത്തെ നടനെന്നു കരുതപ്പെടുന്ന തെസ്പിസിന്റെ (ബി.സി. 6-ാം ശ.) പ്രധാന്യം. ഇദ്ദേഹത്തിന്റെ ഏകാംഗപ്രകടനത്തെ (mono-acting) ഉദ്ദേശിച്ചാണ് പ്ളൂട്ടാര്‍ക് 'തെസ്പിസ് നടനെ അവതരിപ്പിച്ചു' എന്നെഴുതിയത്. ഗായക സംഘത്തിന്റെ പ്രകടനങ്ങളുടെ ഇടനേരത്തു പ്രച്ഛന്നവേഷനായ തെസ്പിസ് 'ചിലത്' പറഞ്ഞു ധരിപ്പിക്കാന്‍ തുടങ്ങി. ചോദ്യത്തില്‍ നിന്നു ഒരടികൂടി മുന്നോട്ടുവച്ച യവനനാടകം ഇതാണ്. ഇതില്‍ നിന്നു നാടകത്തിലേക്കുള്ള വളര്‍ച്ചയാണ് 'ഈസ്കിലസ് രണ്ടാം നടനെ അവതരിപ്പിച്ചു' എന്നു അരിസ്റ്റോട്ടല്‍ വിവരിച്ചത്. ഇതു ശരിയാണെങ്കില്‍ യൂറോപ്യന്‍ നാടക കലയുടെ ഉപജ്ഞാതാവാണ് തെസ്പിസ് (ബി.സി. 535). അരിസ്റ്റോട്ടലിന്റെ തന്നെ അഭിപ്രായത്തില്‍ യവന നാടക ചരിത്രമാരംഭിക്കുന്നത് ഈസ്കിലസില്‍ (ബി.സി. 525-456) നിന്നാണ്.

ആഥന്‍സിലെ അക്രോംപോളീസ്

'അജം' എന്നര്‍ഥമുള്ള 'tragos', 'ഗാനം' എന്നര്‍ഥമുള്ള 'oidia', എന്നീ ഗ്രീക്കുവാക്കുകള്‍ ചേര്‍ന്ന 'അജഗാനം' (goat song) എന്നര്‍ഥമുള്ള 'tragoidia', പദത്തില്‍ നിന്നാണ് tragedy എന്ന ഇംഗ്ലീഷ് വാക്കിന്റെ വ്യുത്പത്തി. മദിരോത്സവത്തിലെ പ്രധാന ചടങ്ങ് നാടകമായിരുന്നു. ദുരന്തനാടക രചനയിലും അവതരണത്തിലും മത്സരം ഏര്‍പ്പെടുത്തിയിരുന്നു. ഓരോ കവിയും മൂന്നു ദുരന്തനാടകങ്ങളും ഒരു ശുഭാന്ത നാടകവുമായിരുന്നു മത്സരത്തിനു സമര്‍പ്പിക്കേണ്ടിയിരുന്നത്. നാടക ചതുഷ്ടയ (tetralogue) മെന്നാണിതിനു പറയുക. ഒരേ കഥയെ നാലു ഭാഗമാക്കി നാലു നാടകങ്ങളാക്കി അവതരിപ്പിക്കുന്നത് എന്നര്‍ഥം. ഉത്സവാവസാനം സമ്മാനദാനച്ചടങ്ങും ഉണ്ടായിരുന്നു. കവിയുടെ സമ്മാനം ഒരാടായിരുന്നു. ഫലഭൂയിഷ്ഠതയുടെ പ്രതീകമായ ആടിനു സ്തുതിഗീതങ്ങള്‍ പാടിയശേഷമാണ് നാടകമാരംഭിച്ചിരിക്കുന്നത്. അങ്ങനെ അജഗാനമെന്നു പേരുവന്നുവെന്ന് ഒരു പക്ഷം. ആട്ടിന്‍തോല്‍ പുതച്ചുകൊണ്ട് ഒരു സംഘഗാനം നടത്തിയശേഷം നാടകമാരംഭിച്ചതുകൊണ്ടാണെന്ന് വേറൊരു പക്ഷം.

രൂപവും ഭാവവും

ആദ്യകാല ദുരന്തനാടകങ്ങളുടെ സവിശേഷത അവയുടെ ചതുഷ്ടയ (tetralogy) രൂപമാണ്. നാടകാഭിനയത്തിനിടയ്ക്കു നടന്മാര്‍ക്കു മൂന്നു പ്രാവശ്യം വേഷം മാറാന്‍ അവസരമുണ്ടായിരുന്നതുകൊണ്ട്, ഒരു നാടക പരമ്പരയില്‍ മൂന്നു നാടകങ്ങളുണ്ടായിരുന്നു. ഡയോണീസസിനെക്കുറിച്ചുള്ള ഒരു നാടക(satyr play)ത്തോടെയായിരുന്നു സമാപനം. അങ്ങനെ ആദ്യകാല ഗ്രീക്കു ദുരന്തനാടകങ്ങള്‍ ചതുഷ്ടയ രൂപത്തിലായിത്തീര്‍ന്നു. തുടര്‍ന്ന് അന്ത്യഭാഗം അപ്രത്യക്ഷമാവുകയും കവികള്‍ നാടകത്രയക (trilogy)ങ്ങള്‍ രചിക്കുകയും ചെയ്തു. കാലക്രമത്തില്‍ 'ത്രയകങ്ങ'ളുടെ സ്ഥാനം 'ഒറ്റനാടകങ്ങള്‍' കരസ്ഥമാക്കി.

ഗ്രീക്കുനാടകങ്ങള്‍, മൗലികമായി, നാടകീയമായ ഒരു ഇതിവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള സംഘഗാനങ്ങളുടെ സമുച്ചയമാണെന്നു പറയാം. രംഗവിഭജനം ഇല്ലായിരുന്നു. ഒന്നോ അതിലധികമോ ഗതിപദി (steophe)യും അതിനനുസൃതമായ പ്രതിഗതിപദി (antistrophe)യും ഒരു അന്ത്യപദി(epode)യും ഉള്‍ക്കൊണ്ടതായിരുന്നു 'സംഘഗാനം' അഥവാ 'കോറസ്' (chorus). കോറസിനെ ആസ്പദമാക്കിയാണ് എല്ലാ സാങ്കേതിക സംജ്ഞകളും രൂപപ്പെട്ടത്. കോറസിന്റെ രംഗപ്രവേശനത്തിനുമുമ്പുള്ള നടന്റെ ഗാനം 'prologos' (ഉപക്രമഗാനം) എന്നും കോറസിന്റെ പ്രവേശനഗാനം 'parodos' എന്നും അതിനുശേഷമുള്ള സംഘഗാനങ്ങള്‍ 'stasimon' (ഉത്തരഗാനം) എന്നും കോറസ് പിരിഞ്ഞുപോകുന്ന നാടകത്തിന്റെ അന്ത്യഘട്ടം 'exodos' (ഉപസംഹാരം) എന്നും അറിയപ്പെട്ടു. ചില നാടകങ്ങളുടെ ശീര്‍ഷകംതന്നെ കോറസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു-ഡാനൈഡ്സ് (Danaides), ബസാറേ (Bassarae), എഡോണി (Edoni) തുടങ്ങിയവ. നാടകം വളര്‍ന്നതോടുകൂടി രംഗവിഭജനം ഏര്‍പ്പെടുത്തുകയും കോറസിന്റെ സ്ഥാനം സംഭാഷണം കരസ്ഥമാക്കുകയും ചെയ്തു.

സ്ഥലകാലക്രിയൈക്യങ്ങളില്‍ ക്രിയൈക്യം (unity of action) മാത്രമേ ഗ്രീക്കു ദുരന്തനാടകകൃത്തുകള്‍ പാലിച്ചിരുന്നുള്ളു. യൂറിപ്പിഡിസ് അതും അവഗണിച്ചു.

ആദ്യകാലത്തെ ഗ്രീക്കുനാടകങ്ങളില്‍ ഉപയോഗിച്ചിരുന്ന മുഖംമൂടി

ഗ്രീക്കുനാടകങ്ങളുടെ ഭാവപരമായ സവിശേഷതയ്ക്കു നിദാനം അവയുടെ ആരാധനാപരമായ ഉദ്ഭവമാണ്. മനുഷ്യനു ദൈവത്തോടും വിധിയോടും ഉള്ള ബന്ധമാണ് അവയുടെ വിഷയം. ഡയോണീസസിന്റെ പ്രതിമയെ പുരസ്കരിച്ചായിരുന്നല്ലോ നാടകാഭിനയം. ദൈവദൂഷണം അവിടെ ആപത്കരമായിരുന്നു. ജീവിതം എത്ര ക്ളേശഭൂയിഷ്ഠമായാലും അതിനൊരു അര്‍ഥമുണ്ടെന്ന സന്ദേശമായിരുന്നു ഗ്രീക്കുനാടകകാരന്മാര്‍ പ്രേക്ഷകര്‍ക്കു നല്കിയിരുന്നത്. ഗൌരവാവഹവും സ്വയംപൂര്‍ണവുമായി ഒരു ക്രിയയെ, പ്രേക്ഷക ഹൃദയത്തില്‍ ഭയം, അനുകമ്പ എന്നീ വികാരങ്ങള്‍ ഉണര്‍ത്തി വിമലീകരിക്കത്തക്കവണ്ണം നാടകീയമായി ആവിഷ്കരിക്കുന്നതാണ് 'ട്രാജഡി' എന്നാണ് അരിസ്റ്റോട്ടല്‍ പൊയറ്റിക്സില്‍ പറയുന്നത്. ട്രാജഡിയുടെ ഭാവഗാംഭീര്യത്തെയും അതു മനുഷ്യമനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തെയും ഇതു സൂചിപ്പിക്കുന്നു.

ആദ്യകാല ദുരന്തനാടകകൃത്തുകള്‍.

ബി.സി. 6-ാം ശ.-ത്തില്‍ ആണ് ഗ്രീക്ക് ട്രാജഡി രൂപം പ്രാപിച്ചത്. പക്ഷേ, അക്കാലത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണ്. ആദ്യത്തെ ദുരന്തനാടകകൃത്ത് സസിയോണിലെ എപ്പിജനസ് (Epigenus) ആണെന്നും ആഥന്‍സിലെ തെസ്പിസ് (Thespis) ആണെന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ആദ്യകാലനാടകകാരന്മാരില്‍ കുറെയെങ്കിലും അറിയപ്പെടുന്നതു ഫ്രിനിക്കസ് (Phrynichus) ആണ്. ഇദ്ദേഹത്തിന്റെ ഒമ്പതു നാടകങ്ങള്‍ പരാമര്‍ശവിധേയമായിട്ടുണ്ട്. ഗ്രീസിന്റെ ദേശീയ ദുരന്തമായ മിലിറ്റസിന്റെ പതനത്തെക്കുറിച്ച് നാടകമെഴുതിയതിന് ഇദ്ദേഹത്തിനു പിഴ വിധിച്ചുവത്രെ. സമകാലിക ചരിത്രത്തെ ആധാരമാക്കി ഫിനീസേ (Phoenissae) എന്നൊരു നാടകം കൂടി ഇദ്ദേഹം രചിച്ചു.

ഈസ്കിലസ്

ഈസ്കിലസ്. (Aeschylus, ബി.സി. 525-456) ഡയോണീസസിന്റെ ആരാധനാകേന്ദ്രമായ എലൂസിസിലായിരുന്നു ദുരന്തനാടകോപജ്ഞാതാവായ ഈസ്കിലസിന്റെ ജനനം. മരഥോണിലെയും സലാമിസിലെയും ത്രേസിലെയും യുദ്ധങ്ങളില്‍ സ്വന്തം രാജ്യത്തിനുവേണ്ടി ഇദ്ദേഹം പൊരുതി. ദുരന്തനാടകത്തെക്കുറിച്ചുള്ള ചിന്ത ഉടലെടുത്തത് ഈ ഘട്ടത്തിലാണെന്നു വിചാരിക്കാം. നാടകത്തില്‍ രണ്ടാമതൊരു നടനെ ഇദ്ദേഹം അവതരിപ്പിച്ചു. സംഭവങ്ങളുടെ അനിവാര്യതയിലും വിധിയുടെ അലംഘ്യതയിലും വിശ്വസിച്ചിരുന്ന ഇദ്ദേഹം കീഴടക്കാനാവാത്ത അമാനുഷിക ശക്തികളോടു പൊരുതുന്ന മനുഷ്യനെയാണ് തന്റെ നാടകങ്ങള്‍ക്കു വിഷയമാക്കിയത്. നാടകകലയുടെ ശൈശവദശയില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ക്കു സ്പഷ്ടമായ ഇതിവൃത്തമില്ല. ചില സന്ദര്‍ഭങ്ങളെ അവതരിപ്പിച്ച് കാവ്യാത്മകമായി അപഗ്രഥിക്കുന്ന സമ്പ്രദായം ഇവയില്‍ കാണാം.

ഈസ്കിലസ് രചിച്ച തൊണ്ണൂറു നാടകങ്ങളില്‍ ഏഴെണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളു. ത്രയകരൂപത്തിലാണ് ഇവ നിബന്ധിക്കപ്പെട്ടിരിക്കുന്നത്. ശരണാര്‍ഥി സ്ത്രീകള്‍ (Suppliant Women), ദാമ്പത്യ മഞ്ചമൊരുക്കുന്നവര്‍ (Makers of Bridal Bed), ഡാനൈഡ്സ് (Danaides) എന്നീ മൂന്നു നാടകങ്ങളാണ് ആദ്യത്തെ പരമ്പരയിലുള്ളത്. ഗ്രീക്കുഗായക സംഘത്തിന് പ്രാധാന്യം നല്കുന്ന പൗരാണിക മാതൃകയാണ് കവി സ്വീകരിച്ചിരിക്കുന്നത്. ഫിനെയസ് (Phineus), പെഴ്സെ (Persae), ഗ്ലോക്കസ് (Glaucus) എന്നീ നാടകങ്ങളുള്‍ക്കൊള്ളുന്നതാണ് രണ്ടാമത്തെ ത്രയകം. സലാമിസ് യുദ്ധത്തില്‍ പാരസികരായ ആക്രമണകാരികള്‍ക്കുണ്ടായ ദയനീയ പരാജയമാണ് മുഖ്യവിഷയം. ഇതിവൃത്തരഹിതമാണെങ്കിലും മഹത്തായ ചരിത്ര സംഭവത്തിന്റെ ആവിഷ്കരണമെന്ന നിലയില്‍ ഈ നാടകങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ലായസ് (Laius), ഈഡിപ്പസ് (Oedipus), ഥീബ്സിനെതിരെ ഏഴുപേര്‍ (Seven Against Thebes) എന്നീ നാടകങ്ങള്‍ ചേര്‍ന്നതാണ് മൂന്നാമത്തെ നാടകത്രയകം. അവസാനത്തേതു നാടകീയാവിഷ്കരണത്തില്‍ മികച്ചുനില്‍ക്കുന്നു. പടവെട്ടി മരിച്ച സഹോദരന് ആത്മശാന്തി ലഭിക്കാന്‍ രാജ്ഞിയെ ധിക്കരിച്ച് ആന്റിഗണി അന്ത്യകര്‍മങ്ങളാചരിക്കുന്നതാണ് ഇതിലെ പ്രമേയം. കുറ്റങ്ങള്‍ക്കു ശിക്ഷ നല്കുന്ന യാഥാസ്ഥിതിക നിയമവും മാപ്പു നല്കുവാനുള്ള ധാര്‍മിക പ്രവണതയും തമ്മിലുള്ള സംഘട്ടനത്തിന്റെ നാടകീയമായ ആവിഷ്കാരം ഇതില്‍ കാണാം.

ബന്ധനസ്ഥനായ പ്രൊമിത്യൂസ് ആണ് ഈസ്കിലസിന്റെ ഏറ്റവും മഹത്തായ നാടകം. മനുഷ്യവര്‍ഗത്തെ നശിപ്പിക്കാനുള്ള സ്യൂസിന്റെ ഉദ്യമത്തില്‍ നിന്നു അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രൊമിത്യൂസിന്റെ ദുരന്തം ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. പ്രതിബന്ധങ്ങള്‍ക്കുനേരെയുള്ള സമരത്തിന്റെ മഹത്തായ ആവിഷ്കാരമാണ് ഈ നാടകം. ബന്ധനവിമുക്തനായ പ്രൊമിത്യൂസ്, അഗ്നിവാഹകനായ പ്രൊമിത്യൂസ് എന്നു രണ്ടു നാടകങ്ങള്‍ കൂടി ഈ പരമ്പരയിലുണ്ടെങ്കിലും അവ നഷ്ടപ്പെട്ടിരിക്കുന്നു.

അഗമെമ്നണ്‍ (Agamemnon), തര്‍പ്പണോദ്യുക്തര്‍ (Choephoroi), കൃതികള്‍ (Eumenides) എന്നീ നാടകങ്ങളുള്‍ക്കൊള്ളുന്നു 'ഓറസ്റ്റിയാ'ത്രയകം (Oresteia trilogy). ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുത്തു തിരിച്ചു വരുന്ന അഗമെമ്നണിനെ ഭാര്യയായ ക്ളൈറ്റം നെസ്ട്ര രഹസ്യകാമുകന്റെ സഹായത്തോടെ വധിക്കുന്നതാണ് ഒന്നാമത്തെ നാടകത്തിലെ ഇതിവൃത്തം. ഇതിനു പ്രതികാരമായി പുത്രനായ ഓറസ്റ്റസ് മാതാവിനെ വധിക്കുന്നതു രണ്ടാമത്തെ നാടകത്തില്‍ പ്രതിപാദിക്കുന്നു. അവസാനത്തേതില്‍ ഓറസ്റ്റസ് മാതൃഹത്യയ്ക്കു വിചാരണ ചെയ്യപ്പെടുകയും അഥീനയുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്യുന്നു. പാപം, ദണ്ഡനം, പാപമോചനം എന്നീ ധാര്‍മികാശയങ്ങളാണ് ഇവിടെ പഠനവിധേയമാവുന്നത്. പാപത്തിന് ഉയിര്‍ നല്കുന്ന മനുഷ്യജീവിതത്തിന് ഒരര്‍ഥം കണ്ടെത്താന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യാത്മാവിനെ നമുക്കിവിടെ കാണാം.

സോഫോക്ലിസ്

സോഫോക്ലിസ്. (Sphocles, ബി.സി. 496-406) യവനദുരന്തനാടക ത്രിമൂത്തികളില്‍ രണ്ടാമന്‍. മൂന്നാം നടനും രംഗസംവിധാനവും ആവിഷ്കരിച്ച ദുരന്തനാടകൃത്ത്. ആഥന്‍സിനടുത്ത കൊളോണസ്സിലെ ഒരു ധനിക കുടുംബത്തില്‍ ബി.സി. 496-ല്‍ ജനിച്ചു. 468-ല്‍ ആഥന്‍സിലെ നാടകമത്സരത്തില്‍ പങ്കെടുത്തതോടെ നാടകകാരനെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈസ്കിലസും ആ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പക്ഷേ, ഒന്നാം സമ്മാനം സോഫോക്ലിസിനു കിട്ടി. 60 കൊല്ലം തുടര്‍ച്ചയായി സോഫോക്ലിസ് നാടകമത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇരുപതു തവണ ഒന്നാം സമ്മാനം നേടി. 'ഒരു മനുഷ്യനു നേടാവുന്നതെല്ലാം നേടിയയാള്‍' എന്നാണ് ഇദ്ദേഹത്തെപ്പറ്റി പ്രാചീന ഗ്രീക്കുകാര്‍ പറഞ്ഞിരുന്നത്.

ക്ലാസ്സിക്കല്‍ സ്വഭാവം ഏറ്റവും കൂടുതല്‍ കാണുന്നതു സോഫോക്ലിസിന്റെ നാടകങ്ങളിലാണ്. കഥാപാത്രങ്ങള്‍ തമ്മിലോ, കഥാപാത്രവും അയാളുടെ സാഹചര്യവും തമ്മിലോ ഉള്ള സംഘര്‍ഷത്തില്‍ ശ്രദ്ധയൂന്നി, നാടകത്രയമെന്ന വിശാലമായ കാന്‍വാസ് ഉപേക്ഷിച്ച്, മൂന്നു പ്രത്യേക നാടകങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചു. ഇതിവൃത്തത്തിന്റെ ഘടനയിലും പാത്രാവിഷ്കരണത്തിലും കലാഭംഗിയേറും. കോറസിനു പ്രാധാന്യം കുറഞ്ഞു; രംഗങ്ങള്‍ക്കിടയ്ക്കുള്ള ഗാനങ്ങളായി അവ ചുരുങ്ങി.

സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നു സോഫോക്ലിസിന്റെ ജീവിതം. തന്മൂലം ജീവിത വീക്ഷണത്തില്‍ തികച്ചും യാഥാസ്ഥിതികനായിരുന്നു. മനുഷ്യജീവിതത്തെക്കുറിച്ചു യൂറിപ്പിഡിസിനുണ്ടായിരുന്ന യുക്ത്യധിഷ്ഠിതവും വിപ്ലവകരവുമായ വീക്ഷണമായിരുന്നില്ല സോഫോക്ലിസിന്റേത്. വിധിയുടെ അലംഘനീയതയിലുള്ള വിശ്വാസമാണ് ഇദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിന്റെ അടിസ്ഥാനം.

തൊണ്ണൂറുവര്‍ഷത്തെ ജീവിതത്തിനിടയ്ക്കു സോഫോക്ലിസ് രചിച്ച 113 നാടകങ്ങളില്‍ ഏഴെണ്ണം മാത്രമേ ലഭിച്ചിട്ടുള്ളു. ഇലക്ട്ര ആണ് ഇവയില്‍ പ്രമുഖം. ഇലക്ട്രയുടെ കഥയെ ഉപജീവിച്ച് മറ്റു രണ്ടു ഗ്രീക്കു ദുരന്ത നാടകകാരന്മാരും നാടകം രചിച്ചിട്ടുണ്ട്-ഈസ്കിലസ് തര്‍പ്പണോദ്യുക്തര്‍ എന്ന നാടകവും യൂറിപ്പിഡിസ് ഇലക്ട്രയും. കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളിലേക്കു കടന്നു ചെല്ലാന്‍ സോഫോക്ലിസിനുള്ള വൈദഗ്ധ്യം വ്യക്തമാക്കുന്ന നാടകമാണ് ട്രാക്കിനിയന്‍ തരുണിമാര്‍ (Trachiniae). ഒരു വീരയോദ്ധാവിന്റെ മാനസികമായ തകര്‍ച്ചയെ ചിത്രീകരിക്കുന്നു അജാക്സ്. അക്കിലീസിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പടച്ചട്ട യൂലിസിസിനു നല്കിയത് അജാക്സിനെ കുപിതനാക്കി. അക്കിലീസിനെ ആക്രമിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെടുകയും അവസാനം സ്വന്തം വാളിനുമേല്‍ വീണു മരിക്കുകയും ചെയ്തു.

വിധിവിഹിതമറിയാതെ സ്വയം ദണ്ഡിതനാകുന്ന മനുഷ്യനാണ് ഈഡിപ്പസ് രാജാവ് എന്ന നാടകത്തിന്റെ കേന്ദ്രബിന്ദു. ഥീബ്സിലെ രാജാവായ ലയസിന്റെ പുത്രന്‍ ഈഡിപ്പസ് വിധിവൈപരീത്യം മൂലം സ്വന്തം പിതാവിനെ വധിക്കുകയും മാതാവിനെ പരിണയിക്കുകയും ചെയ്യുന്നു. അബദ്ധം തിരിച്ചറിയുന്ന ഈഡിപ്പസ് തന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു രാജ്യഭ്രഷ്ടനെന്ന നിലയില്‍ കൊളോണസിലേക്കു പോകുന്നു. അവിടെ അദ്ദേഹം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഈഡിപ്പസ് കൊളോണസ് എന്ന നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. സോഫോക്ലിസിന്റെ ഇതിവൃത്തരഹിതമായ ഒരേയൊരു നാടകമാണിത്. ഈ സംഭവപരമ്പരയുടെ അവസാനഭാഗം ആന്റിഗണിയില്‍ കാണാം.

യൂറിപ്പിഡിസ്

ജീവിതവീക്ഷണത്തില്‍ സോഫോക്ലിസിനു നേരെ വിരുദ്ധമായ നിലപാടായിരുന്നു യൂറിപ്പിഡിസിന്റേത്. ബി.സി. 5-ാം ശ.-ത്തില്‍ യൂറിപ്പിഡിസ്. (Euripides, ബി.സി. 485-406). ഗ്രീസില്‍ വികസിച്ച യുക്തിചിന്തയുടെ അന്തസത്ത ഉള്‍ക്കൊണ്ട ഇദ്ദേഹം ശകുനങ്ങള്‍, വെളിച്ചപ്പാടുകള്‍ തുടങ്ങിയവയെ തിരസ്കരിച്ചു; ദേവന്മാര്‍ മനുഷ്യരെക്കൊണ്ടു നീചപ്രവൃത്തികള്‍ ചെയ്യിക്കുന്നതിനെ തുറന്നുകാണിച്ചു. ഗ്രാമപ്രദേശങ്ങളിലെ ദരിദ്രകര്‍ഷകരുടെ ജീവിതയാതനകള്‍ ഹൃദയാവര്‍ജകമായി ചിത്രീകരിച്ചു. ദരിദ്രജനങ്ങളോടുള്ള സഹാനുഭൂതിയും അടിമത്തത്തോടുള്ള എതിര്‍പ്പും ഇദ്ദേഹത്തെ മറ്റു നാടകകാരന്മാരില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു. യൂറിപ്പിഡിസിന്റെ നാടകങ്ങളില്‍ നടന്മാരുടെ പ്രാധാന്യം വര്‍ധിക്കുകയും കോറസ് പലപ്പോഴും വെറുമൊരു അലങ്കാരമായി ചുരുങ്ങുകയും ചെയ്യുന്നു. ഉപക്രമം (prologue), ദിവ്യാവതരണം (deus ex machina) എന്നീ നാടകീയ സങ്കേതങ്ങളുടെ പ്രയോഗം കാണാം. കണ്ടെടുത്തിട്ടുള്ള പതിനേഴു നാടകങ്ങളില്‍ പത്തും ദേവതമാര്‍ മേഘങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രവചനമോ വിധി പ്രസ്താവമോ, വിശദീകരണമോ നടത്തുന്നതോടെയാണ് അവസാനിക്കുന്നത്. ബാക്കി ഏഴിലും ദൈവം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും പ്രവചനങ്ങളോ തത്തുല്യമായ കാര്യങ്ങളോ കാണാം.

യൂറിപ്പിഡിസിന്റെ എഴുപത്തഞ്ചു നാടകങ്ങളില്‍ പതിനെട്ടെണ്ണമേ കാലത്തെ അതിജീവിച്ചുള്ളു. ആല്‍സെസ്റ്റിസ് യുക്തി ചിന്താപ്രധാനമാണ്. ഹെര്‍ക്യുലീസ് കാലനോടു സമരം ചെയ്തു ആല്‍സെസ്റ്റിനെ മരണത്തില്‍ നിന്നു മോചിപ്പിച്ചതായി ഐതിഹ്യം ഉദ്ഘോഷിക്കുന്നു. യൂറിപ്പിഡിസാകട്ടെ ആല്‍സെസ്റ്റിസിന്റെ ജീവന്‍ നീട്ടിക്കിട്ടാന്‍ സ്വയം മരിക്കുന്ന പതിഭക്തയായ ഭാര്യയെയാണ് ചിത്രീകരിക്കുന്നത്. അപ്പോളോദേവന് ഒരു രാജകുമാരിയില്‍ അവിഹിതമായി ജനിച്ച അയോണിനെ കേന്ദ്രബിന്ദുവാക്കി രചിച്ചതാണ് അയോണ്‍ എന്ന നാടകം. ഓറസ്റ്റിസിനെക്കൊണ്ടു മാതൃഹത്യ ചെയ്യിക്കുന്ന അപ്പോളോ ദേവന്റെ നിര്‍ദാക്ഷിണ്യകേളിയെ തുറന്നു കാണിക്കുന്നു ഇലക്ട്രയില്‍. നിരാകരിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രതികാരദാഹമാണ് മെഡിയയിലെ പ്രതിപാദ്യം. നാടകകൃത്തിന്റെ സ്ത്രീ മനഃശാസ്ത്രവിജ്ഞാനവും അന്നു ഗ്രീസില്‍ നിലവിലിരുന്ന സ്ത്രീപുരുഷബന്ധവും ഈ നാടകത്തില്‍ തെളിഞ്ഞു കാണാം.

ഹെക്യൂബ, ട്രോജന്‍ സ്ത്രീകള്‍ എന്നിവയാണ് യൂറിപ്പിഡിസിന്റെ ഏറ്റവും മഹത്തായ നാടകങ്ങള്‍. യുദ്ധത്തെ വിമര്‍ശിക്കുന്നവയാണ് രണ്ടും. ഏഥന്‍സ് രാജ്യം മിലോസിനെതിരായ വിജയത്തിന്റെ ലഹരിയില്‍ മുങ്ങി ധര്‍മബോധം നശിച്ച് സിസിലിയുടെ നേര്‍ക്കും അത്തരമൊരാക്രമണത്തിനു തുനിഞ്ഞപ്പോള്‍ യൂറിപ്പിഡിസ് അവര്‍ക്കു നല്കിയ മുന്നറിയിപ്പാണ് ഈ രണ്ടു നാടകങ്ങളും. ട്രോജന്‍ യുദ്ധത്തില്‍ ഗ്രീക്കുകാരുടെ വിജയം പരാജിതരായ ട്രോജന്‍ ജനതയ്ക്ക് എത്ര ദാരുണമായൊരു ദുരന്തമായിരുന്നുവെന്ന് ഇദ്ദേഹം കാണിച്ചു തരുന്നു. യൂറിപ്പിഡിസിന്റെ നാടകങ്ങളില്‍ സാര്‍വകാലിക പ്രസക്തി ഏറ്റവുമധികമുള്ളത് ഈ നാടകങ്ങള്‍ക്കാണെന്നു പറയാം.

കോമഡി

ഉത്പത്തിയും സാമാന്യസ്വരൂപവും

ഉത്സവാഘോഷങ്ങളില്‍ നിന്നാണ് കോമഡിയുടെ ഉത്പത്തി. 'ഉല്ലാസം' എന്നര്‍ഥം വരുന്ന 'comos', 'ഗാനം' എന്നര്‍ഥമുള്ള 'lidia' എന്നീ വാക്കുകള്‍ ചേര്‍ന്നാണ് കോമഡി (comedy) എന്ന പദമുണ്ടായത്. സിസിലിയിലെ അപരിഷ്കൃതരായ കര്‍ഷക സമുദായത്തില്‍ നിന്ന് അതു ഗ്രീസിലേക്കു കടന്നു വന്നു. ഗ്രീക്കുകാര്‍ ഡയോണീസസിന്റെ ഉത്സവകാലത്തഭിനയിക്കുന്നതിന് അതിലൊരു ഗാനസംഘവും കൂട്ടിച്ചേര്‍ത്തു. ഒരു സാങ്കല്പിക സന്ദര്‍ഭം അവതരിപ്പിച്ചുകൊണ്ടുള്ള ഉപക്രമം, തുടര്‍ന്നു ഗാനസംഘം രംഗത്തുവന്നു കവിക്കുവേണ്ടി സമകാലിക വിഷയങ്ങളെക്കുറിച്ചു നടത്തുന്ന വിമര്‍ശനം, അതുകഴിഞ്ഞു ശ്ളഥബദ്ധമായ ചില ഹാസ്യരംഗങ്ങള്‍, അവസാനം എല്ലാവരും ചേര്‍ന്നുള്ള ഒരു ഉല്ലാസഗാനം-ഇതാണ് ഗ്രീക്കു കോമഡിയുടെ സാമാന്യസ്വരൂപം.

വളര്‍ച്ചയുടെ മൂന്നു ഘട്ടങ്ങള്‍.

ബി.സി. അഞ്ചുമുതല്‍ മൂന്നുവരെ ശ.-ങ്ങളാണ് ഗ്രീക്കു കോമഡിയുടെ സുവര്‍ണകാലം. പ്രാചീന നിരൂപകന്മാര്‍ ഇതിനെ മൂന്നായി തിരിച്ചിട്ടുണ്ട്-പ്രാചീനകോമഡി (Old comedy), മധ്യകോമഡി (Middle comedy ), നവീനകോമഡി (New comedy). യൂപ്പോളിസ്, ക്രാറ്റിനസ്, അരിസ്റ്റോഫനീസ് തുടങ്ങിവവരുടെ നാടകങ്ങള്‍ പ്രാചീന വിഭാഗത്തില്‍പ്പെടുന്നു. സുഘടിതമായ ഇതിവൃത്തത്തിന്റെ അഭാവം, വിഷയത്തിന്റെ സമകാലികത്വവും പ്രാദേശികത്വവും, പരുഷമായ ആക്ഷേപഹാസ്യം എന്നിവ ഇവയുടെ മുഖ്യ സവിശേഷതകളാണ്. മധ്യഘട്ടത്തിലെത്തുമ്പോള്‍ ഇതിവൃത്തത്തിനു പ്രധാന്യം കൂടുകയും, കോറസ് അപ്രധാനമാവുകയും ചെയ്യുന്നു. അരിസ്റ്റോഫനീസിന്റെ അവസാനത്തെ രണ്ടു നാടകങ്ങള്‍-എക്ലിസിയാസൂസേ (Ecclesiazusae), പ്ളൂട്ടസ് (Plutus) എന്നിവ-പ്രാചീന കോമഡിയില്‍ നിന്നു മധ്യകോമഡിയിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിക്കുന്നു. ബി.സി. 4-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധമാണ് മധ്യകോമഡിയുടെ പ്രഭവകാലം. നവീന നാടകം ആചാരപ്രധാനം (comedy of manners) ആണെന്നു പറയാം. മെനാന്‍ഡറാണ് ഇതിന്റെ മുഖ്യപ്രണേതാവ്. രൂഢകഥാപാത്രങ്ങ (stock characters)ളുടെ ചിത്രീകരണവും ഇതിവൃത്തത്തിന്റെ സാമ്പ്രദായികമായ ഗതിവിഗതികളും ഇവയുടെ സവിശേഷതയാണ്. റോമന്‍ സുഖാന്ത നാടകത്തിനു മാതൃകയായിത്തീര്‍ന്നതു കാരണം നാടക ചരിത്രത്തില്‍ ഇതിനു അതിപ്രധാനമായ സ്ഥാനമുണ്ട്.

ആദ്യകാല ശുഭാന്ത നാടകകൃത്തുക്കള്‍.

അരിസ്റ്റോഫനീസിനു മുന്‍പുള്ള ശുഭാന്ത നാടകകൃത്തുകളില്‍ കിയോനൈഡ്സ് (Chionides), എക്ഫാന്റൈഡ്സ് (Ecphanides), മാഗ്നസ് (Mangnes) എന്നിവരെക്കുറിച്ച് പറയത്തക്ക വിവരമൊന്നുമില്ല. അറിയപ്പെടുന്നവരില്‍ പ്രമുഖന്‍ ക്രാറ്റിനസ് (Cratinus) ആണ്. ശക്തവും നിശിതവുമായിരുന്നു ഇദ്ദേഹത്തിന്റെ ഹാസ്യം. സ്വയം പരിഹാസം ഉള്‍ക്കൊള്ളുന്ന മദിരാചഷകം (Pytine) ഇദ്ദേഹത്തിന്റെ കൃതികളില്‍ മികച്ചു നില്ക്കുന്നു. ഫെറിക്രേറ്റസ് (pherekrates) സാമൂഹിക കാര്യങ്ങളെ വിഷയീകരിച്ചാണ് നാടകരചന നടത്തിയത്. മൈനേഴ്സ് (Miners), ആന്റ് മെന്‍ (Ant Men) എന്നിവ ഇദ്ദേഹത്തിന്റെ രണ്ടു പ്രമുഖ നാടകങ്ങളാണ്. ലളിതസുഭഗമായ ഹാസ്യശൈലിയുടെ ഉടമയായ യൂപ്പോളിസ് (Eupolis) നൈറ്റ്സ് (Knights), മരികാസ് (Marakes), ഡെമോയ് (Demoi), ബാപ്റ്റയ് (Baptai) എന്നീ നാടകങ്ങള്‍ രചിച്ചു.

അരിസ്റ്റോഫനീസ്

അരിസ്റ്റോഫനീസ് (Aristophanes, ബി.സി. 450-385) ഗ്രീക്കുകോമഡി രചയിതാക്കളില്‍ സര്‍വോത്തമനായ അരിസ്റ്റോഫനീസ് സമുദായ വിമര്‍ശനത്തില്‍ പ്രഹസനത്തിനുള്ള സ്ഥാനത്തെക്കുറിച്ചു തികച്ചും ബോധവാനായിരുന്നു. ഫലിതത്തെ ആഭാസോക്തിയില്‍നിന്നും വിദ്വേഷത്തില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി. സാങ്കല്പികമായ ഒരു വിചിത്ര സന്ദര്‍ഭം അവതരിപ്പിച്ച് ശ്ളഥബദ്ധമായ ഹാസ്യരംഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി.

അരിസ്റ്റോഫനീസിന്റെ നാല്പത്തിരണ്ടു നാടകങ്ങളില്‍ പതിനൊന്നെണ്ണമേ അവശേഷിച്ചിട്ടുള്ളു. സ്പാര്‍ട്ടയും ആഥന്‍സും തമ്മിലുള്ള യുദ്ധംകൊണ്ട് വീര്‍പ്പുമുട്ടിയ ഇദ്ദേഹം യുദ്ധത്തെ വിമര്‍ശിച്ചുകൊണ്ട് മൂന്നു നാടകം രചിച്ചു-അക്കാര്‍ണിയക്കാര്‍ (Acharnians), ശാന്തി (Peace), ലിസിസ്ട്രാറ്റാ (Lysistrata) എന്നിവ. അക്കാര്‍ണിയക്കാരനായ ഒരു കര്‍ഷകന്‍ സ്വന്തം നിലയില്‍ സ്പാര്‍ട്ടയുമായി സന്ധിചെയ്യുന്നതാണ് ആദ്യത്തെ നാടകത്തിലെ പ്രതിപാദ്യം. യുദ്ധരംഗത്തെ ക്രൂരതകള്‍ കണ്ടു സഹികെട്ട് സ്യൂസിനോട് യുദ്ധ സമാപ്തി യാചിക്കാന്‍ ചെന്ന ഒരു ഗ്രാമീണന്‍ ശാന്തിദേവതയെ ബന്ധനത്തില്‍ നിന്നു മോചിപ്പിച്ച് ഭൂമിയിലേക്കു കൊണ്ടുവരുന്നതു ശാന്തിയില്‍ ചിത്രീകരിക്കുന്നു. ആഥന്‍സിലെ ഒരു മജിസ്ട്രേറ്റിന്റെ ഭാര്യ യുദ്ധ വിരാമമുണ്ടാക്കുന്നതാണ് ലിസിസ്ട്രാറ്റയിലെ പ്രതിപാദ്യം.

മനുഷ്യന്റെ ധാര്‍മികാധഃപതനം കാരണം പ്രജായത്തത്തിനുണ്ടാകുന്ന മൂല്യശോഷണമാണ് അരിസ്റ്റോഫനീസിന്റെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു വിഷയം. സ്പാര്‍ട്ടയുമായുള്ള യുദ്ധം കൊണ്ടുണ്ടാവുന്ന വാണിജ്യലാഭത്തില്‍ കണ്ണുവച്ച് യുദ്ധത്തെ അനുകൂലിച്ച ക്ലിയോണിന്റെ കക്ഷിക്കാരെ ബാബിലോണിയക്കാര്‍ എന്ന നാടകത്തില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പടയാളികള്‍ എന്ന കൃതിയില്‍ ക്ലിയോണിന്റെ പ്രതീകമായി വരുന്ന തുകല്‍വ്യാപാരി നിഷ്കാസനം ചെയ്യപ്പെടുന്നു. ആഥന്‍സുകാരുടെ വ്യവഹാരഭ്രമത്തെ കളിയാക്കുന്ന പ്രഹസനമാണ് കടന്നലുകള്‍ (Wasps).

യൂറിപ്പിഡിസ്, സോക്രട്ടീസ് തുടങ്ങിയ പ്രതിഭാശാലികളും അരിസ്റ്റോഫനീസിന്റെ പരിഹാസത്തിനു വിധേയരായിട്ടുണ്ട്. യൂറിപ്പിഡിസ് സ്ത്രീകഥാപാത്രങ്ങളെ വികൃതമായി ചിത്രീകരിച്ചതിനു പകരംവീട്ടാന്‍ ഡെമിറ്റമാരുടെ ആരാധികകളായ സ്ത്രീകള്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഡെമിറ്റര്‍ ദേവിയുടെ ആരാധികകള്‍ (Daitales) എന്ന നാടകത്തില്‍ ചിത്രീകരിക്കുന്നത്. മണ്ഡൂകങ്ങളില്‍ (Frogs) യൂറിപ്പിഡിസും ഈസ്കിലസും തമ്മില്‍ പ്രേതലോകത്തുവച്ചു നടക്കുന്ന കവിതാമത്സരത്തില്‍ യൂറിപ്പിഡിസ് പരാജയപ്പെടുകയും തന്മൂലം യൂറിപ്പിഡിസിനെ തിരികെ ഭൂമിയിലേക്കു കൊണ്ടുപോകാനുള്ള ഡയോണീസസിന്റെ ഉദ്യമം വിഫലമാവുകയും ചെയ്യുന്നു. ഏതസത്യവും വാദിച്ചു സമര്‍ഥിക്കാനുള്ള വിദ്യയഭ്യസിക്കുന്ന സോക്രട്ടീസിന്റെ പാഠശാലയില്‍ നടക്കുന്ന ഹാസോത്തേജകമായ ചില സംഭവങ്ങളാണ് മേഘങ്ങളില്‍ (Clouds) ചിത്രീകരിക്കുന്നത്.

അരിസ്റ്റോഫനീസിന്റെ പ്രകൃഷ്ടകൃതിയെന്നു സര്‍വസമ്മതി നേടിയ നാടകമാണ് പക്ഷികള്‍. പ്രാചീന ഗ്രീക്കു കോമഡിക്ക് അതിന്റെ സമസ്ത വൈചിത്യ്രങ്ങളോടും കൂടി എന്തുമാത്രം ഉയരാന്‍ കഴിയുമെന്നതിന്റെ ഉത്തമ നിദര്‍ശനമാണിത്. ദുരിതപൂര്‍ണമായ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നു മോചനം നേടി സന്തുഷ്ടമായ ഒരു ലോകത്തെത്താനുള്ള മോഹത്തിന്റെ നിത്യഭാസുരമായ ആവിഷ്കാരമായി ഈ കൃതി ശോഭിക്കുന്നു.

അരിസ്റ്റോഫനീസിനുശേഷം

അരിസ്റ്റോഫനീസിനുശേഷമുള്ള നാടകകൃത്തുകളില്‍ പ്രമുഖന്‍ മെനാന്‍ഡര്‍ (Menander) ആണ്. നവീനകോമഡിയുടെ മുഖ്യ പ്രണേതാവായ ഇദ്ദേഹത്തിന്റെ കൃതികളൊന്നും പൂര്‍ണരൂപത്തില്‍ നമുക്കു ലഭിച്ചിട്ടില്ല. നൂറ്റിനാലു കൃതികളില്‍ നിന്നായി നാലായിരത്തോളം വരികള്‍ കിട്ടിയിട്ടുണ്ട്. ഫാസ്മാ (Phasma), എപ്പിട്രെപ്പോന്റ്സ് (Epitrepontes), ജോര്‍ജോസ്, ഹീറോ, സാമോസിലെ പെണ്‍കുട്ടി, ആന്‍ഡ്രിയ, പെരിന്തിയ, യൂനോകോസ് (Eunouchos) എന്നിവയാണ് പ്രമുഖകൃതികള്‍. യാഥാര്‍ഥ്യബോധവും അനുകമ്പയുമാണ് മെനാന്‍ഡറുടെ മുഖമുദ്ര. പ്രണയത്തിനു പ്രമുഖസ്ഥാനം നല്കി പ്രേക്ഷകരുടെ ധാര്‍മികോന്നമനം പ്രധാനലക്ഷ്യമായിക്കരുതിയ ഇദ്ദേഹത്തിന്റെ നാടകങ്ങളിലുടനീളം നീതിവാക്യങ്ങള്‍ കാണാം.

ബി.സി. 3-ാം ശ.-ത്തിനുശേഷം ആഥന്‍സിന്റെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെട്ടതോടുകൂടി നവീനകോമഡിയുടെ സുവര്‍ണകാലം അവസാനിച്ചു. ആഥന്‍സില്‍ പുഷ്ടിപ്രാപിച്ച ഈ നാടകശാഖയെ പറിച്ചുനടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മെനാന്‍ഡര്‍ക്കു ശേഷമുള്ള അറുപത്തിമൂന്നോളം ശുഭാന്ത നാടകകാരന്മാരില്‍ നാലുപേര്‍ മാത്രമേ പരിഗണനയര്‍ഹിക്കുന്നുള്ളു-ഫിലമോണ്‍ (Philemon), ഡിഫിലസ് (Diphilus), പോസെഡിപ്പസ് (Poseidippus), അപ്പൊളൊഡോറസ് (Apollodorus) എന്നിവര്‍. ഫിലമോണ്‍ ജീവിച്ചിരുന്നകാലത്തു മെനാന്‍ഡറെക്കാള്‍ പ്രചാരം നേടി. ഇദ്ദേഹത്തിന്റെ കൃതികളൊന്നും പൂര്‍ണരൂപത്തില്‍ കിട്ടിയിട്ടില്ല. പോസെഡിപ്പസും അപ്പൊളൊഡോറസും വികാരസ്പര്‍ശമുള്ള ഹാസ്യത്തിന് ഊന്നല്‍ നല്കിയപ്പോള്‍ ഡിഫിലസ് പരുഷമായ ഫലിതത്തിനു പ്രാധാന്യം നല്കി.

ഉത്സവങ്ങളും ഗ്രീക്കുനാടകവും

മുന്‍പ് സൂചിപ്പിച്ചതുപോലെ ഗ്രീക്കു നാടകം ജനക്കൂട്ടത്തെ രസിപ്പിക്കാനുള്ള സ്വകാര്യസംരംഭമായിരുന്നില്ല. അത് ഒരു ഉത്സവത്തിന്റെ ഭാഗമായിരുന്നു. ആദ്യകാലങ്ങളില്‍ ദുരന്തനാടകം 'സിറ്റി ഡയോണീസ്യ' (City Dionysia) എന്ന വസന്തോത്സവത്തോടനുബന്ധിച്ചാണ് അഭിനയിച്ചിരുന്നത്. കപ്പലോട്ടക്കാലത്തിന്റെ ആരംഭമായതുകൊണ്ട് ആഥന്‍സ് നഗരം അപ്പോള്‍ സന്ദര്‍ശകരെക്കൊണ്ടു നിറഞ്ഞിരിക്കും. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആഘോഷിച്ചിരുന്ന ലെനെ (Lenaea) എന്ന മറ്റൊരു ഡയോണീഷ്യന്‍ ഉത്സവമായിരുന്നു കോമഡിയുടെ അവതരണവേള. ശിശിരകാലമായതുകൊണ്ട് അതു മിക്കവാറും ആഥന്‍സ് നിവാസികളില്‍ത്തന്നെ ഒതുങ്ങിനിന്നു. ഉത്സവങ്ങളുടെ ചുമതല മജിസ്ട്രേറ്റിനായിരുന്നു. ഇദ്ദേഹം തിരഞ്ഞെടുക്കുന്ന മൂന്നു കവികള്‍ നാടകമത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ക്കു തിരഞ്ഞെടുക്കുന്നതുതന്നെ വലിയൊരു ബഹുമതിയായി കരുതിയിരുന്നു. ഓരോ കവിക്കും ഒരു കോറിഗസിനെ (ഗായകസംഘ നായകന്‍) നല്കും. ഭരണപരമായ പല ചുമതലകളുമുള്ള ധനികപൗരന്മാരില്‍ ഒരാളായിരിക്കും അയാള്‍. ഗായകസംഘത്തിന്റെയും മൂന്നു നടന്മാരുടെയും ചെലവുകള്‍ സര്‍ക്കാരും മറ്റു ചെലവുകളെല്ലാം കോറിഗസും വഹിക്കുകയായിരുന്നു പതിവ്. ഗാനരചനയും നൃത്താവിഷ്കരണവും നാടകസംവിധാനവുമെല്ലാം നിര്‍വഹിച്ചിരുന്നതു കവിയായിരുന്നു. ആദ്യകാലത്തു കവി ഗായകസംഘത്തെ പരിശീലിപ്പിക്കുകയും നാടകത്തിലഭിനയിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പ്രത്യേക വിദഗ്ധന്മാര്‍ ആ ജോലി ഏറ്റെടുത്തു.

ഉത്സവം അഞ്ചോ ആറോ ദിവസം നീണ്ടു നില്‍ക്കും. ഒന്നാം ദിവസം ആചാരസമന്വിതമായ ഘോഷയാത്രയാണ്. തുടര്‍ന്നു മൂന്നു ദിവസം രാവിലെ ഡയോണീഷ്യന്‍ നാടക(Satyr play)ത്തോടു കൂടിയ ദുരന്തനാടകത്രയവും ഉച്ചയ്ക്കുശേഷം കോമഡിയും അവതരിപ്പിക്കും. അവസാനത്തെ ഒന്നോ രണ്ടോ ദിവസം മത്സരത്തിനവതരിപ്പിക്കുന്നതു രൗദ്രസ്തോത്ര (dithy ramb)മാണ്. മത്സരങ്ങളെല്ലാം ദ്വിമുഖമായിരുന്നു-കോറിഗസുകള്‍ തമ്മിലും കവികള്‍ തമ്മിലും. ഒരു സംഘം വിദഗ്ധന്മാരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ സമ്മാനം നിശ്ചയിച്ചിരുന്നു.

നാടകശാലയിലെ ഏറ്റവും ബഹുമാന്യമായ സ്ഥാനം ഡയോണീസസിന്റെ മുഖ്യപുരോഹിതനായിരുന്നു. കുറെ സീറ്റുകള്‍ ഉദ്യോഗസ്ഥപ്രമുഖന്മാര്‍ക്കും ആഥന്‍സിന്റെ ബഹുമാനത്തിനു പാത്രമായ വിദേശികള്‍ക്കും നീക്കിവച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ പ്രവേശനം സൗജന്യമായിരുന്നു. പിന്നീട് ദുരുപയോഗം ഒഴിവാക്കാന്‍ വേണ്ടി ഓരോ സീറ്റിനും ഒരു ചെറിയ ഫീസ് ഏര്‍പ്പെടുത്തി.

5-ാം ശ.-ത്തില്‍ മൗലിക സൃഷ്ടികള്‍ മാത്രമേ ആഥന്‍സില്‍ അവതരിച്ചിരുന്നുള്ളു. എന്നാല്‍ ഈസ്കിലസിന്റെ മരണശേഷം അദ്ദേഹത്തിന്റെ നാടകങ്ങള്‍ മത്സരങ്ങളില്‍ പുനരവതരിപ്പിക്കാന്‍ കവികള്‍ക്കവസരം ലഭിച്ചു. ഉത്സവങ്ങളില്‍ സമ്മാനാര്‍ഹമാകുന്ന നാടകങ്ങള്‍ ആഥന്‍സിനു പുറത്തു വീണ്ടും അവതരിപ്പിക്കാറുണ്ടായിരുന്നു.

നടന്മാര്‍

ഗ്രീക്ക് നടന്മാരെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ആദ്യകാലത്തു നാടകത്തില്‍ ഒരു നടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നു നാടകകൃത്തുതന്നെയായിരുന്നു അഭിനേതാവും. ഈസ്കിലസ് സഹനടനെ അവതരിപ്പിച്ചതോടെയാണ് അഭിനയം തൊഴിലായി മാറിയത്. കുറേക്കാലം ഓരോ നാടകകൃത്തുമായി ബന്ധപ്പെട്ട് ചില പ്രത്യേക നടന്മാര്‍ പ്രവര്‍ത്തിച്ചിരുന്നു-ക്ലിയാണ്ടറും മിനിസ്കസും ഈസ്കിലസിനോടൊപ്പവും, ക്ലെയ്മിഡസും ലെപ്പോലെമസും സോഫോക്ലിസിനോടൊപ്പവും. പിന്നീട് നറുക്കെടുപ്പിലൂടെ നടന്മാരെ നിശ്ചയിക്കാന്‍ തുടങ്ങി.

4-ാം ശ.-ത്തില്‍ ദുരന്തനാടകത്തിന്റെ അപചയത്തോടുകൂടി നടന്മാരുടെ പ്രാധാന്യം വര്‍ധിച്ചു. പോളസ്, തിയോഡോറസ്, അരിസ്റ്റോഡെമസ്, നിയോടോളമസ്, തെസാലസ് തുടങ്ങിയവര്‍ അന്നത്തെ നടന്മാരില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്നു. അഭിനയരംഗത്തു നിന്നും സ്ത്രീകള്‍ പൂര്‍ണമായി ഒഴിവാക്കപ്പെട്ടിരുന്നു. നാടകത്തിന്റെ മതപരമായ ബന്ധംമൂലം നടന്മാരുടെ സുരക്ഷിതത്വം വര്‍ധിക്കുകയും തന്മൂലം ഗ്രീക്കുരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അവര്‍ പലപ്പോഴും മധ്യസ്ഥരായി നിയോഗിക്കപ്പെടുകയും ചെയ്തു. 4-ാം ശ.-ത്തില്‍ നടന്മാര്‍ തങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ 'ക്രാഫ്റ്റ്സ്മെന്‍ ഒഫ് ഡയോണീസസ്' എന്ന സമിതി രൂപീകരിച്ചു.

നാടകശാല

രംഗവേദി

രംഗവേദി (Stage). അണിയറയായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗത്തായിരുന്നു നടന്മാര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ആദ്യകാലത്ത് ഈ കെട്ടിടത്തിന്റെ മുന്‍ഭാഗത്തുള്ള ഒരു വാതില്‍ തന്നെ കൊട്ടാരത്തിലേക്കുള്ള കവാടമായും കൂടാരം, ഗുഹ തുടങ്ങിയവയിലേക്കുള്ള പ്രവേശനദ്വാരമായും ഉപയോഗിക്കപ്പെട്ടിരുന്നു. ക്രമേണ മൂന്നു വാതിലുള്ള സംവിധാനം ഏര്‍പ്പെടുത്തി. രംഗവേദിയുടെയും പ്രേക്ഷകഗൃഹത്തിന്റെയും ഇടയ്ക്ക് രണ്ടു പാര്‍ശ്വകവാടങ്ങളുമുണ്ടായിരുന്നു. ഗായകസംഘത്തിന്റെ ഇരിപ്പിടത്തിനെക്കാള്‍ പൊക്കം കൂടിയതായിരുന്നു നടന്മാരുടെ വേദിയെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, പ്രാചീന ഗ്രീക്കുനാടകവേദിയില്‍ ഗായകസംഘവും നടന്മാരും തമ്മില്‍ സ്വതന്ത്രമായി ഇടകലര്‍ന്നിരുന്നു എന്ന വസ്തുത നാമോര്‍ക്കണം.

വേഷവിധാനവും ദൃശ്യവിധാനവും

നടന്മാര്‍ അണിഞ്ഞിരുന്ന മുഖാവരണം (mask) ഗ്രീക്കു നാടകവേദിയുടെ ഒരു സവിശേഷതയാണ്. നാടകത്തിന്റെ അനുഷ്ഠാനപരമായ ഉത്പത്തിയുമായി ഇതിനു ബന്ധമുണ്ടെന്നും, അതല്ല, പില്ക്കാലത്തു ഡയോണീസസിന്റെ സ്തുതിഗായകരെ അനുകരിച്ച് തെസ്പിസ് ആണ് ഇതേര്‍പ്പെടുത്തിയതെന്നും രണ്ടഭിപ്രായമുണ്ട്. സ്ത്രീപുരുഷ കഥാപാത്രങ്ങളെ വേര്‍തിരിച്ചുകാണിക്കാനും കഥാപാത്രങ്ങളുടെ പ്രായം, സ്വഭാവം തുടങ്ങിയവ സൂചിപ്പിക്കാനും ഇതുപയോഗിച്ചിരുന്നു. നെറ്റിയുടെ മുകളില്‍ എഴുന്നു നില്‍ക്കുന്ന മുഖാവരണം പില്ക്കാലത്തുണ്ടായ സംവിധാനമാണ്.

ദുരന്തനാടകത്തില്‍ നീളം കൂടിയ അകവസ്ത്രവും നീളം കുറഞ്ഞ പുറംചട്ടയുമായിരുന്നു നടന്റെ വേഷം. ഡയോണീസസിന്റെ സ്തുതിഗായകരുടെ വേഷത്തിന്റെ അനുകരണമാണിതെന്നു കരുതപ്പെടുന്നു. നീണ്ട കാലുറയുള്ള ബൂട്ടുകളും നടന്‍ ധരിച്ചിരുന്നു. ആദ്യമായി നടനെ ഷൂസ് അണിയിച്ചത് ഈസ്കിലസ് ആകാനാണ് സാധ്യത. കോറസിന്റെ വേഷം അവരുടെ ദേശീയതയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലായിരുന്നു. കോമഡിയില്‍ നടന്‍ വൈചിത്യ്രമാര്‍ന്ന കഞ്ചുകമണിഞ്ഞിരുന്നു. അരിസ്റ്റോഫനീസിന്റെ നാടകങ്ങളില്‍ ഗായകസംഘം വേഷംകൊണ്ട് കടന്നലുകള്‍, പക്ഷികള്‍, മേഘങ്ങള്‍ തുടങ്ങിയവയുടെ പ്രതീതിയുളവാക്കി.

ആധുനികാര്‍ഥത്തിലുള്ള ദൃശ്യവിധാനം ക്ലാസ്സിക്കല്‍ ഗ്രീക്കുനാടകത്തിലില്ലായിരുന്നു. ആദ്യന്തം രംഗപശ്ചാത്തലം ഒന്നുതന്നെയായിരുന്നു. സോഫോക്ലിസിന്റെ രംഗചിത്രീകരണത്തെക്കുറിച്ച് അരിസ്റ്റോട്ടല്‍ സൂചിപ്പിക്കുന്നുണ്ട്. രംഗഭിത്തിയില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നതിനെയായിരിക്കാം ഇതു സൂചിപ്പിക്കുന്നത്.

യാന്ത്രിക സംവിധാനം

യാന്ത്രിക സംവിധാനം (Machinery) മനുഷ്യരെയോ ദൈവങ്ങളെയോ വായുവില്‍ പൊക്കിനിര്‍ത്തുന്ന ഒരു യന്ത്രം ക്ലാസ്സിക്കല്‍ ഗ്രീക്കു നാടകവേദിയില്‍ ഉപയോഗിച്ചിരുന്നു. ദൈവം പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ഇതിവൃത്തത്തിലെ കുരുക്കുകള്‍ അഴിക്കുന്നതായി ചിത്രീകരിക്കാന്‍ ഇതു സഹായകമായി. ദിവ്യാവതരണം (deus exmachina) എന്ന പ്രയോഗം തന്നെ ഇതില്‍ നിന്നാണുണ്ടായത്. ചലിപ്പിക്കാവുന്ന ഒരു പീഠത്തില്‍ വച്ചിട്ടുള്ള നിശ്ചലചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്കു പ്രദര്‍ശിപ്പിച്ച് അന്തര്‍രംഗങ്ങളെക്കുറിച്ചു സൂചന നല്കുന്ന സമ്പ്രദായവുമുണ്ടായിരുന്നു. രംഗവ്യതിയാനത്തിനുവേണ്ടി ക്ലാസ്സിക്കല്‍ ഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെട്ടിരുന്ന ഒരുതരം പ്രിസം പില്ക്കാലത്തു മാത്രമാണ് നിലവില്‍ വന്നതെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു. ഈ പ്രിസത്തിന്റെ ഓരോവശത്തും വ്യത്യസ്തരംഗങ്ങള്‍ ആലേഖനം ചെയ്തിരുന്നതുകൊണ്ട് ഇതിനെ കറക്കി രംഗവ്യതിയാനത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കാന്‍ കഴിഞ്ഞിരുന്നു. ഇടിവെട്ടിനെയും മിന്നല്‍പ്പിണരിനെയും സൂചിപ്പിക്കുന്ന യന്ത്ര സജ്ജീകരണങ്ങളും പില്ക്കാലത്താണു നിലവില്‍വന്നത്.

ഹെല്ലനിസ്റ്റിക് യുഗം

അലക്സാണ്ടര്‍ ഗ്രീക്ക് കീഴടക്കിയതിനുശേഷമുള്ള ഹെല്ലനിസ്റ്റിക് കാലഘട്ട (ബി.സി. നാലും മൂന്നും ശ.-ങ്ങള്‍)ത്തില്‍ മൗലിക ഗുണങ്ങളുള്ള നാടകങ്ങളൊന്നുമുണ്ടായില്ല. ചില അലക്സാണ്ട്രിയന്‍ പണ്ഡിതന്മാര്‍ 5-ാം ശ.-ത്തിലെ മഹാനാടകകാരന്മാരുടെ കൃതികള്‍ ശേഖരിക്കുകയും സംശോധിക്കുകയും വ്യാഖ്യാനിക്കുകയും രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു. അഭിനയത്തിനും രംഗപ്പകിട്ടിനുമായിരുന്നു അക്കാലത്തു പ്രാധാന്യം.

അലക്സാണ്ട്രിയയില്‍ 'പ്ലെയ്ഡ്' (Pleiad) എന്നറിയപ്പെടുന്ന ഏഴു നാടകകൃത്തുക്കളുടെ ശ്രമഫലമായി ദുരന്തനാടകം പുനരുത്ഥാനം ചെയ്തു. ലൈകോഫ്രോണ്‍ ആണ് ഇവരില്‍ പ്രമുഖന്‍. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഒന്നുപോലും കാലത്തെ അതിജീവിച്ചിട്ടില്ല. തന്റെ ഗുരുവും ദാര്‍ശനികനുമായ മെനെഡിമിസിനെ പുരസ്കരിച്ച് അതേ ശീര്‍ഷകമുള്ള ഒരു നാടകവും പ്രഹസനത്തെക്കുറിച്ച് ഒരു പ്രബന്ധവും അദ്ദേഹം രചിച്ചു.

ക്രീറ്റന്‍ നാടകം

പുരാതന ഗ്രീസിലെ ആംഫിതിയെറ്റര്‍

ഗ്രീക്കുനാടക ചരിത്രത്തില്‍ ഒരു നീണ്ടവിടവാണ് പിന്നെ കാണുന്നത്. ബി.സി. 2-ാം ശ.-മുതല്‍ എ.ഡി. 3-ാം ശ.-വരെയുള്ള റോമന്‍ കാലഘട്ടത്തിലോ ഏ.ഡി. 4-ാം ശ.-മുതല്‍ 15-ാം ശ.-വരെ നീണ്ടു കിടക്കുന്ന ബൈസാന്തിയന്‍ യുഗത്തിലോ നാടകകലയുടെ മിന്നലാട്ടംപോലും കാണുന്നില്ല. നാടകീയ സംഘര്‍ഷം ഉടലെടുക്കുന്നതു സ്വതന്ത്രനായ വ്യക്തിയുടെ മനസ്സിലാണല്ലോ. അതിന്റെ അഭാവമാണ് നാടക പ്രതിഭയുടെ കൂമ്പടഞ്ഞു പോകാന്‍ കാരണം. നവോത്ഥാനത്തെത്തുടര്‍ന്ന് 16-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ക്രീറ്റിലാണ് നാടകകലയുടെ നവോത്ഥാനമുണ്ടായത്. ഷെയ്ക്സ്പിയറുടെ സമകാലികനായ ജോര്‍ജ് കൊര്‍ടാട്സിസിനെ (George Chortatsis) ക്രീറ്റന്‍ നാടകവേദിയുടെ ശുക്രനക്ഷത്രമായി കണക്കാക്കാം. വൈവിധ്യമാര്‍ന്ന പ്രതിഭയുടെ ഉടമയായിരുന്നു ഇദ്ദേഹം. എറോഫിലി (Erofili) എന്ന ദുരന്തനാടകവും കത്സൂര്‍ബോസ് (Katzourbos) എന്ന ശുഭാന്തനാടകവും ജിപാരിസ് (Gyparis) എന്ന അജപാലനാടക (postoral drama)വും ക്രീറ്റന്‍ നാടകവേദിക്കു ഇദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവനകളാണ്. ഇറ്റാലിയന്‍ മാതൃകയിലുള്ള ഒരു പ്രതികാര ദുരന്തനാടകം (revenge tragedy) ആണ് എറോഫിലി. നഷ്ടപ്പെട്ട കുട്ടികളെ കണ്ടുമുട്ടുകയും തിരിച്ചറിയുകയും ചെയ്യുക എന്ന അക്കാലത്തെ പ്രചാരം നേടിയ വിഷയമാണ് രണ്ടാമത്തെ നാടകത്തിലുള്ളത്. ഇടയജനങ്ങളെ കഥാപാത്രമാക്കി രചിച്ചതാണ് അവസാനത്തേത്.

ജോനസ് അന്‍ഡ്രിയാസ് ട്രോയിലോസ് (Joannes Andreas Troilos) രചിച്ച കിങ്റൊഡോളിനോസും അജ്ഞാതകര്‍ത്തൃകമായ സെനണും ആണ് ഈ കാലഘട്ടത്തിലെ ട്രാജഡികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നത്. മാര്‍ക്കോസ്, അന്റോണിയോസ് ഫൊസ്കോലോസിന്റെ ഫോര്‍ച്ചുനേറ്റോസ്, അജ്ഞാതകര്‍ത്തൃകമായ സ്റ്റാതിസ് എന്നിവ ശ്രദ്ധേയങ്ങളായ കോമഡികളാണ്. പ്രസിദ്ധമായ ബൈബിള്‍ക്കഥയെ ആസ്പദമാക്കി രചിക്കപ്പെട്ട അബ്രഹാമിന്റെ ബലി എന്ന മതനാടകത്തിന്റെ കര്‍ത്തൃത്വം വ്യക്തമല്ല.

ആധുനികയുഗം

18-ാം ശ. പൊതുവേ യുക്തിചിന്തയുടെയും ധൈഷണിക പരിവര്‍ത്തനത്തിന്റെയും യുഗമാണല്ലോ. നാടകമുള്‍പ്പെടെയുള്ള സര്‍ഗാത്മക സാഹിത്യത്തിനു പ്രാധാന്യം കുറവായിരുന്നു. 19-ാം ശ.-ത്തിലെ സ്വാതന്ത്ര്യസമരത്തോടുകൂടി നാടകത്തിന് ഒരു പുതുജീവന്‍ കൈവന്നു. സാഹിത്യഭാഷയും പ്രാദേശികഭാഷയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രാദേശികഭാഷ വിജയം കൈവരിച്ചത് നാടകത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. 19-ാം ശ.-ത്തിലെ റൊമാന്റിക് പ്രവണതകളും നാടകകലയില്‍ സ്വാധീനം ചെലുത്തി.

ഈഡിപ്പസ് റെക്സിന്റെ ആധുനിക അവതരണം

ഡിമിട്രിയോസ് വൈസന്റിയോസിന്റെ ബാബല്‍, ഗോസലിസിന്റെ ചേസിസ് (Chasis), മറ്റാസിസിന്റെ ദ ബേസില്‍ പ്ലാന്റ് എന്നിവ അക്കാലത്തെ ചില പ്രധാന നാടകങ്ങളാണ്. ഡിമിട്രിയോസ് വേണാഡകിസിന്റെ ആദ്യകൃതിയായ മറിയാ ഡോക്സാപാട്രിയില്‍ റൊമാന്റിസിസത്തിന്റെയും ഷെയ്ക്സ്പിയറുടെയും സ്വാധീനം വ്യക്തമായി കാണാം. പിന്നീട് അദ്ദേഹം നവ ക്ലാസ്സിസിസത്തില്‍ അഭയം തേടി. പുരാതനങ്ങളായ ഇതിവൃത്തങ്ങള്‍ക്കും കോറസിനും സ്ഥാനം നല്കി. സ്പിസെലിഡ്സ് (1860), മെറോപ് (1866), ഫൌസ്റ്റ് (1893) എന്നിവയാണ് ഇക്കാലത്തെ പ്രമുഖ കൃതികള്‍.

19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ഗ്രീക്കുനാടകവേദിയില്‍ യഥാതഥ പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 'കോമിഡില്‍' (Comidyll) എന്ന സംഗീതോപേതമായ ഒരു തരം കോമഡിയായിരുന്നു അന്നത്തെ പ്രേഷ്ഠനാടക രൂപം. കാല്പനികാന്തരീക്ഷത്തില്‍ നിന്നകന്നു നിത്യജീവിതവുമായി സാത്മ്യം പ്രാപിക്കാനുള്ള കലാകാരന്റെ അഭിവാഞ്ഛയില്‍ നിന്നുടലെടുത്തതാണിത്. പ്രകൃത്യനുസാരിവാദ (naturalism)ത്തിന്റെ സ്വാധീനം ഇതില്‍ തെളിഞ്ഞു കാണാം. ഡി. കൊറോമിലോസ് രചിച്ച മറൂലയുടെ ഭാഗധേയം (The Fortune of Maroula) ആണ് ഈ സംഗീത നാടകത്തിന്റെ പ്രഥമ ദൃഷ്ടാന്തം. അജപാലികയുടെ കാമുകന്‍ (The Lover of Shepherdess) എന്നൊരു നാടകീയ ഗ്രാമീണഗീതം (dramaticidyl) കൂടി ഇദ്ദേഹം രചിച്ചു. ഡി. കോക്കോസ് രചിച്ച കിളവന്‍ നിക്കോളാസിന്റെ വീണ (Lyre of Old Nicolas), ക്യാപ്റ്റന്‍ ഗിയക്കോമിസ് എന്നിവ അക്കാലത്തു പ്രചാരം നേടിയ സംഗീത നാടകങ്ങളാണ്.

യാഥാതഥ്യ വാദത്തിന്റെയും ഇബ്സന്റെ നാടകങ്ങളുടെയും സ്വാധീനംമൂലം 19-ാം ശ.-ത്തിന്റെ അന്ത്യത്തിലും 20-ാം ശ.-ത്തിന്റെ ആരംഭത്തിലും ഗ്രീക്കുനാടകവേദിയില്‍ ഒരു പരിവര്‍ത്തനമുണ്ടായി. കാവ്യാത്മകമായ ആശയനാടകങ്ങള്‍ (poetical drama of ideas) അങ്ങനെ ഉടലെടുത്തു. ജാനിസ് കാം ബിസിസിന്റെ ദ മദേഴ്സ് റിങ് എന്ന നാടകത്തില്‍ പുതിയ പ്രവണതകളെല്ലാം സമഞ്ജസമായി മേളിച്ചു കാണാം. ത്രീ കിസ്സസ്സ് എന്ന നാടകത്തിന്റെ കര്‍ത്താവായ കെ. ക്രിസ്റ്റോമാനോസ് 'ന്യൂസ്റ്റേജ്' എന്ന തിയെറ്ററിന്റെ സ്ഥാപകനെന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നു. ജി. സെനോപോളോസ് (G. Xenopolus) ആണ് ശ്രദ്ധേയനായ മറ്റൊരു നാടകകൃത്ത്. ദ സീക്രട്ട് ഒഫ് കൗണ്ട്സ് വാലറിന എന്ന നാടകത്തില്‍ സമൂഹത്തിലെ താഴെക്കിടയിലുള്ള ആളുകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഉന്നതകുല ജാതയായ ഒരു സ്ത്രീയുടെ സംഘര്‍ഷപൂര്‍ണമായ ജീവിതം ചിത്രീകരിക്കുന്നു. പന്റേലിസ് കോണ്‍ (Pantelis chorn) ധാരാളം നാടകങ്ങള്‍ രചിച്ചെങ്കിലും ദ ഗ്രീന്‍ ഷൂട്ട് മാത്രമേ എടുത്തു പറയത്തക്കതായുള്ളു. തന്റെ പ്രതിഭയുടെ ഏറിയപങ്കും നാടകവേദിക്കുവേണ്ടി നീക്കിവച്ച ആളാണ് സ്പൈറോസ് മെലാസ്. ദ സണ്‍ ഒഫ് ദ ഷാഡോ, ദ റെഡ് ഷര്‍ട്ട്, ദ റൂയിന്‍ഡ് ഹൌസ് എന്നീ നാടകങ്ങളില്‍ റിയലിസത്തിനാണ് മുന്‍തൂക്കം. ജൂഡാസ്, പാപ്പ ഫ്ളെസാസ് എന്നിവ ചരിത്രനാടകങ്ങളാണ്. ദ ഫാദര്‍ ഗോസ് റ്റു സ്കൂള്‍ എന്നൊരു പ്രഹസനവും അദ്ദേഹം രചിച്ചിട്ടുണ്ട്.

ചരിത്രസംഭവങ്ങളെ ആസ്പദമാക്കി വേറെയും നാടകങ്ങള്‍ രചിക്കപ്പെട്ടു. തിയോറ്റോകാസിന്റെ നാടകങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവയെല്ലാം രംഗത്തു പരാജയമായിരുന്നു. കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നതു ദ ഗെയ്ം ഒഫ് മാഡ്നസ് ആന്‍ഡ് പ്രൂഡന്‍സ് ആണെന്നു പറയാം. എന്നാല്‍ പാത്രസൃഷ്ടിയിലും നാടകീയാവിഷ്കരണത്തിലും മികവുറ്റവയാണ് ആഞ്ജലോസ് റ്റെര്‍ സാകിസിന്റെ ചരിത്രനാടകങ്ങള്‍. മൈക്കേല്‍ ചക്രവര്‍ത്തി, തിയോഫാനോ, റ്റു സോള്‍ഡ് തോമസ് (Two - souled Thomas) എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ നാടകങ്ങളാണ്. പാന്റലിസ് പ്രവലേകിസും അറിയപ്പെടുന്ന ചരിത്രനാടകകൃത്താണ്.

മറ്റ്സാസിന്റെ കൃതികള്‍ കാവ്യനാടകങ്ങളാണ്. പൗരാണികമായ  ഇതിവൃത്തം, ക്ലാസ്സിക് ട്രാജഡികളുടെ സങ്കേതങ്ങള്‍, പ്രത്യേകിച്ചും കോറസ്, ഗാനാത്മകമായ സംഭാഷണം മുതലായവ ഈ നാടകങ്ങളില്‍ക്കാണാം. ക്ളൈറ്റംനെസ്ട്ര, ജോക്കാസ്റ്റ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍.

ചില നാടകസംഘങ്ങള്‍

20-ാം ശ.-ത്തില്‍ ഗ്രീസില്‍ സ്ഥാപിതമായ നാടകസംഘങ്ങള്‍ ഗ്രീക്കുനാടകത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ജോര്‍ജ് ക രാജാവിന്റെ മേല്‍നോട്ടത്തില്‍ 1901-ല്‍ 'റോയല്‍ തിയെറ്റര്‍' സ്ഥാപിതമായി. തികച്ചും യാഥാസ്ഥിതികമായ രീതിയിലായിരുന്നു അവിടെ നാടകങ്ങള്‍ തിരഞ്ഞെടുത്തിരുന്നതും അവതരിപ്പിച്ചിരുന്നതും. ഏഴു വര്‍ഷത്തിനകം അതിന്റെ പ്രവര്‍ത്തനം അവസാനിച്ചു. 1991-ല്‍ത്തന്നെ നാടകകൃത്തായ ക്രിസ്റ്റോമാനോസ് 'ന്യൂസ്റ്റേജ്' എന്ന തിയെറ്റര്‍ സ്ഥാപിച്ചു. ഇതിനുവേണ്ടി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ഗ്രീക്കുനാടകവേദിയെ നവോത്ഥാനത്തിലേക്കു നയിക്കാന്‍ അദ്ദേഹം ബുദ്ധിജീവികളെ ആഹ്വാനം ചെയ്തു. പ്രേക്ഷകരുടെ അഭിരുചി കണക്കിലെടുത്ത് പലപ്പോഴും വിട്ടുവീഴ്ചകള്‍ വരുത്തിയെങ്കിലും രംഗസംവിധാനത്തില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തെളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ 1905-ഓടുകൂടി പ്രസ്തുത തിയെറ്ററിന്റെ പ്രവര്‍ത്തനം അവസാനിച്ചു. നാടക സംഘങ്ങള്‍ പിന്നെയുമുണ്ടായി. ആഥന്‍സ് കണ്‍സര്‍വറ്റയര്‍ (1918), കമ്പനി ഒഫ് ദ ഗ്രീക്ക് തിയെറ്റര്‍ (1919), പ്രൊഫഷണല്‍ ഡ്രമാറ്റിക് സ്കൂള്‍ (1924), ആര്‍ട്സ് തിയെറ്റര്‍ (1925), ഫ്രീസ്റ്റേജ് (1929) എന്നിവ അക്കൂട്ടത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു.

വിദ്യാഭ്യാസമന്ത്രിയായ പാപ്പെന്‍ഡ്രോ മുന്‍കൈയെടുത്തു 1932-ല്‍ സ്ഥാപിച്ച 'നാഷണല്‍ തിയെറ്റര്‍' ഗ്രീക്കുനാടകവേദിയില്‍ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിച്ചു. പ്രമുഖനിരൂപകനായ ഫോട്ടോസ് പോളിറ്റിസിന്റെ നേതൃത്വത്തില്‍ നാടകാവതരണത്തിലും ഒരു പുതിയ ശൈലി ആവിഷ്കരിക്കപ്പെട്ടു. വീകീസ്, റോസന്‍, പാപഗോര്‍ ഗ്യു, കാതറിന, മിനോറ്റിസ് തുടങ്ങിയ പ്രതിഭാധനരായ നടന്മാര്‍ക്ക് ജന്മം നല്കിയത് ഈ കമ്പനിയാണ്. ലോക നാടകത്തിലെ വിവിധഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാടകങ്ങള്‍ ഇവിടെ അവതരിപ്പിച്ചിരുന്നു. പോളിറ്റിസിന്റെ അകാലചരമത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ റോന്റിറിസ് ഈ തിയെറ്ററിന്റെ ചുമതല ഏറ്റെടുത്തു.

ഉപസംഹാരം

ആകെക്കൂടി നോക്കുമ്പോള്‍ ബി.സി. 5-ാം ശ.-ത്തിലാണ് ഗ്രീക്കു നാടകത്തിന്റെ സുവര്‍ണകാലമെന്നു കാണാം. ക്ലാസ്സിക് ഗ്രീക്കു നാടകത്തിന്റെ സ്വാധീനമുള്‍ക്കൊണ്ടാണ് മറ്റു പല നാടകങ്ങളും രൂപം പ്രാപിച്ചതും വികസിച്ചതും. ഭാരതീയ ദര്‍ശനത്തിനു തികച്ചും അന്യമായ ദുരന്തനാടക സങ്കല്പം ആധുനിക യുഗത്തില്‍ ഇവിടെയും കടന്നുവന്നു. അതിന്റെ അലയടി മലയാളത്തിലും അനുഭവപ്പെട്ടു. ഈസ്കിലസ്, സോഫോക്ലിസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനീസ് എന്നീ മഹാരഥന്മാരുടെ പല നാടകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സി.ജെ. തോമസിന്റെ നാടകങ്ങളില്‍ ഗ്രീക്കുദുരന്തനാടകങ്ങളുടെ വ്യക്തമായ സ്വാധീനം കാണാം. ക്ലാസ്സിക് യുഗത്തിനു ശേഷം ഗ്രീക്കു നാടകത്തിന്റെ വളര്‍ച്ച മന്ദഗതിയിലായി. ആധുനികയുഗത്തില്‍ വിശ്വനാടകവേദിയുടെ നേതൃത്വം മറ്റു ഭാഷകളിലെ നാടകങ്ങള്‍ കൈയടക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍