This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്കുനൃത്തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീക്കുനൃത്തങ്ങള്‍

ഗ്രീക്കു നൃത്തകലയുടെ കൃത്യമായ ചരിത്രം ലഭ്യമല്ല. എഴുതപ്പെട്ട ചരിത്രത്തിനു മുമ്പുള്ള നൃത്തകലാപാരമ്പര്യത്തെ സൂചിപ്പിക്കുന്ന നിരവധി ശില്പങ്ങളും ഭിത്തിശില്പങ്ങളും ലഭ്യമാണ്. ഗ്രീക്കു നൃത്തകലയുടെ അഭിവൃത്തിയില്‍ ഈജിപ്ഷ്യന്‍ നൃത്ത പാരമ്പര്യങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. ബി.സി. 1400-നോടടുത്തു രൂപംകൊണ്ട അനുഷ്ഠാന നൃത്തമാണ് ഗ്രീക്കു നൃത്തങ്ങളില്‍ ഏറ്റവും പുരാതനം. ഇതില്‍ യുവതീയുവാക്കളാണ് പങ്കെടുത്തിരുന്നത്. ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ഇവ ചിട്ടപ്പെടുത്തിയിരുന്നത്.

ക്രീറ്റില്‍ രൂപംകൊണ്ട്, ഗ്രീസില്‍ പുഷ്ടിപ്പെട്ട നൃത്തരൂപമാണ് 'പയ്റിച്ചി' (Pyrrniche). ഇത് ഒരായോധന നൃത്തമായിരുന്നു. സ്പാര്‍ട്ടയില്‍ സൈനിക പരിശീലനത്തിന്റെ ഭാഗമായി ഈ നൃത്തം പരിശീലിപ്പിച്ചിരുന്നു. ഈ നൃത്തത്തെ മുന്‍നിര്‍ത്തിയാണ് ഒരു മികച്ച യോദ്ധാവ്, നല്ല ഒരു നര്‍ത്തകന്‍ കൂടിയായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത്.

ഗ്രീക്കു സമൂഹനൃത്തങ്ങളില്‍ പ്രധാനം അപ്പോളോ ദേവനു സമര്‍പ്പിച്ചുകൊണ്ടുള്ള നൃത്തങ്ങളാണ്. ഇവയില്‍ത്തന്നെ പ്രധാനപ്പെട്ടവ, ഒരിനം ഗുസ്തിമത്സരങ്ങളില്‍ നിന്നു രൂപപ്പെട്ടവയായിരുന്നു. കന്യകകള്‍ ദേവിപ്രീതിക്കുവേണ്ടി വട്ടത്തിലുള്ള ചലനങ്ങളോടുകൂടി നടത്തിയതായിരുന്നു സ്ത്രീകളുടെ സമൂഹ നൃത്തങ്ങളില്‍ മുഖ്യം.

ഒരു പരമ്പരാഗത ഗ്രീക്കുനൃത്തം

ഡയോണീഷ്യന്‍ പാരമ്പര്യവുമായി ബന്ധപ്പെട്ട ഒട്ടനവധി നൃത്തങ്ങള്‍ പുരാതന ഗ്രീസില്‍ ഉണ്ടായിരുന്നു. മുന്തിരി വിളവെടുപ്പ് കാലത്ത് പരിശുദ്ധ യുവതികള്‍ വികാരതീവ്രമായ നൃത്തങ്ങള്‍ നടത്തിയിരുന്നു. ഈ നൃത്തങ്ങളുടെ നിരവധി ചിത്രങ്ങളും ശില്പങ്ങളും ഭിത്തിശില്പങ്ങളും ലഭ്യമാണ്. യൂറിപ്പിഡിസിന്റെ ബസനി (Bacenee) എന്ന നാടകത്തില്‍ പരിശുദ്ധ യുവതികളുടെ ഈ നൃത്തത്തെക്കുറിച്ചുള്ള സൂചനയുണ്ട്. ഇത്തരം നൃത്തങ്ങള്‍ പ്രാകൃത നൃത്തങ്ങളുടെ പരിണാമം കൂടിയാണ്. ഗ്രീക്കു നാടകകലയുടെ വികാസത്തില്‍ ഡയോണീഷ്യന്‍ നൃത്തങ്ങള്‍ക്ക് നിര്‍ണായമായ പങ്കുണ്ടായിരുന്നു.

ഡയോണീഷ്യന്‍ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളുടെ നൃത്തത്തെത്തുടര്‍ന്ന് വേഷപ്രച്ഛന്നരായി പുരുഷന്മാര്‍ നൃത്തം ചെയ്തു. തുടര്‍ന്ന് പുരോഹിതന്‍ ജീവിതത്തെ ആസ്പദമാക്കി ഗാനാലാപനം നടത്തി. ഈ ഗാനങ്ങള്‍ക്ക് അനുസൃതമായി നടന്‍ മുദ്രകള്‍ കാണിക്കുകയും നൃത്തം ചെയ്യുകയും ചെയ്തുപോന്നു. ഇങ്ങനെയാണത്രെ നടന്റെ ആവിര്‍ഭാവം. ഇത് നൃത്തകലയുടെ വികാസത്തിനു സഹായകമായി. തുടര്‍ന്ന് ഇതിഹാസങ്ങളിലെ നായകന്മാരെ ആസ്പദമാക്കിയും മറ്റു വിഷയങ്ങളെ അധികരിച്ചും നൃത്തങ്ങള്‍ ഉണ്ടായി. നാടകങ്ങളില്‍ രണ്ട് രംഗങ്ങള്‍ക്കിടയില്‍ നൃത്തങ്ങള്‍ ആരംഭിച്ചതും കോറസ് നാടകത്തിന്റെ അവിഭാജ്യ ഘടകമായതും ഇതേത്തുടര്‍ന്നാണ്.

നൃത്തത്തിനു നാടകീയമായ ഇതിവൃത്തം സ്വീകരിക്കുകയും ഇതിവൃത്തത്തെ വെളിപ്പെടുത്താന്‍ മുദ്രകളും അടവുകളും ചിട്ടപ്പെടുത്തുകയും ചെയ്തു. ഇത്തരം നൃത്തങ്ങളില്‍ പുരാതന അനുഷ്ഠാനങ്ങളുടെയും ബാച്ചിക് (Bacchic) നൃത്തങ്ങളുടെയും അംശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. കോമഡികളിലാണ് ഇത്തരം നൃത്തങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നത്. കോറാഡക്സ് (Koradex) എന്ന മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള നൃത്തമാണ് ഇവയില്‍ പ്രമുഖം.

പുരാതന ഗ്രീസില്‍ നൃത്തങ്ങള്‍ ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത് നാടകകുതുകികളായ വ്യക്തികളും സംഘടനകളുമായിരുന്നു. എന്നാല്‍ ബി.സി. 5-ാം ശ.-ത്തില്‍ നാടകം തൊഴിലാക്കിയ ഒരു പ്രത്യേക വിഭാഗം തന്നെ രൂപംകൊണ്ടു. ഇവര്‍ 'സര്‍ക്' തുടങ്ങിയ കലകളും അവതരിപ്പിച്ചിരുന്നു. ഇവരുടെ നടികളാകട്ടെ അതിഥികളെ സന്തോഷിപ്പിക്കുന്നതിലാണ് ഉത്സാഹിച്ചത്. വിവരണാത്മകമായ ഇതിവൃത്തത്തോടുകൂടിയ നൃത്തങ്ങള്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. ഈ വിധത്തിലുള്ള നൃത്തങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഡയോണീസസുമായി അരിയേഡ്നി(Ariadne)ന്റെ ഒത്തുചേരലിനെ ചിത്രീകരിച്ചു കൊണ്ടുള്ളവയാണ്.

നവോത്ഥാനകാലത്ത് ഗ്രീക്കുകാര്‍ നൃത്തങ്ങള്‍ക്ക് വളരെ പ്രാമുഖ്യം കല്പിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും കരുത്തും കാന്തിയും വര്‍ധിപ്പിക്കുന്നതിനുള്ള ഒരുപാധിയായി ഇവര്‍ നൃത്തത്തെക്കരുതി. നൃത്തത്തെ ഒരു തൊഴിലാക്കി കച്ചവട മനഃസ്ഥിതിയോടെ അവതരിപ്പിക്കാനും തുടങ്ങി. ഇത് നൃത്തശാലകളുടെ ആവിര്‍ഭാവത്തിനു കളമൊരുക്കി. ഗ്രീക്കുനാടകവേദിയെപ്പോലും ഈ മാറ്റം നിര്‍ണായകമായി സ്വാധീനിക്കുകയുണ്ടായി. ഗ്രീക്കുനൃത്തകലയ്ക്ക് വിദേശരാജ്യങ്ങളില്‍ പ്രചാരം ഉണ്ടായതും അവയെ അനുകരിക്കാന്‍ വിദേശീയര്‍ ശ്രമിച്ചതും ഇതേ കാലത്താണ്. എന്നാല്‍ നവോത്ഥാനകാലത്തിനുശേഷം ഗ്രീക്കുനൃത്തകലയില്‍ എന്തെങ്കിലും ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടായതായി കാണാന്‍ കഴിയുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍