This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിമാള്‍ഡി, ജോസഫ് (1778 - 1837)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിമാള്‍ഡി, ജോസഫ് (1778 - 1837)

Grimaldi, Joseph

ബ്രിട്ടീഷ് അഭിനേതാവും വിദൂഷകനും. 1778 ഡി. 18-നു ലണ്ടനില്‍ ജനിച്ചു. അഭിനയത്തിലും നൃത്തത്തിലും പ്രശസ്തി നേടിയ ഒരു ഇറ്റാലിയന്‍ കുടുംബത്തില്‍ വളര്‍ന്നു. കുട്ടിക്കാലത്തുതന്നെ നാടകത്തില്‍ അരങ്ങേറി. 'കോമഡി'യിലും 'മെലോഡ്രാമ'യിലും ഇടയ്ക്കിടെ അഭിനയിക്കാറുണ്ടായിരുന്നെങ്കിലും മൂകാഭിനയത്തിലാണ് ഗ്രിമാള്‍ഡി വ്യക്തിമുദ്ര പതിപ്പിച്ചത്. 1806-ല്‍ മദര്‍ ഗൂസ് എന്ന നാടകത്തില്‍ വിദൂഷകനായി അഭിനയിച്ചതോടെ ശ്രദ്ധേയനായി. കോമാളിവേഷം കെട്ടുന്നതിലുള്ള വൈദഗ്ധ്യം കാരണം ഇദ്ദേഹം 'വിദൂഷകന്മാരുടെ രാജാവ്' എന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ പേരിനെ മുന്‍നിര്‍ത്തി കോമാളിവേഷക്കാരെ 'ജോയി' എന്നു വിളിക്കാറുണ്ട്.

ഗ്രിമാള്‍ഡി അക്കാലത്തെ പ്രചാരം നേടിയ ഹാസ്യഗായകനും നര്‍ത്തകനും കൂടിയായിരുന്നു. ആപ്പിള്‍ വില്‍ക്കുകയും ജിന്‍ കുടിക്കുകയും ചെയ്യുന്ന ഒരു വൃദ്ധയെക്കുറിച്ചുള്ള 'ഹോട്ട്കോഡ്ലിന്‍സ്' എന്ന ഗാനം പ്രസിദ്ധമാണ്. അക്കാലത്തെ പ്രശസ്തരായ ബാലേ നര്‍ത്തകിമാരുടെ ഹാസ്യാനുകരണത്തില്‍ വിദഗ്ധനായിരുന്നു ഇദ്ദേഹം.

ഇംഗ്ലണ്ടിലെ പല തിയെറ്ററുകളിലും ഗ്രിമാള്‍ഡി പ്രകടനം കാഴ്ചവച്ചെങ്കിലും ലണ്ടനിലെ സാഡ്ലേഴ്സ് വെല്‍സ്, ഡ്രൂറിലെയ്ന്‍, കവനന്റ് ഗാര്‍ഡന്‍ എന്നീ തിയെറ്ററുകളോടായിരുന്നു കൂടുതല്‍ ബന്ധം. 1822-ന് ശേഷം ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയെങ്കിലും 1828 വരെ അഭിനയരംഗത്തു തുടര്‍ന്നു. 1837 മേയ് 31-ന് ലണ്ടനില്‍ അന്തരിച്ചു. ഗ്രിമാള്‍ഡിയുടെ ഓര്‍മക്കുറിപ്പുകള്‍ 1838-ല്‍ ഡിക്കന്‍സ് പ്രസിദ്ധപ്പെടുത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍