This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗ്നാര്‍ഡ്, ഫ്രാന്‍സ്വാ അഗസ്റ്റെ വിക്ടര്‍ (1871 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഗ്നാര്‍ഡ്, ഫ്രാന്‍സ്വാ അഗസ്റ്റെ വിക്ടര്‍ (1871 - 1935)

Grignard, Francois Auguste Victor

ഗ്രിഗ്നാര്‍ഡ് വിക്ടര്‍

ഫ്രഞ്ച് രസതന്ത്രജ്ഞന്‍. ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടുവരുന്ന ഒരു വിഭാഗം കാര്‍ബണിക അഭികാരകങ്ങള്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. ഫ്രാന്‍സിലെ ഷെര്‍ബൂവില്‍ (Cherbourg) 1871 മേയ് 6-ന് ജനിച്ചു. ലിയോണ്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്രം അഭ്യസിച്ചുവരവേയാണ് ഗ്രിഗ്നാര്‍ഡിന് രസതന്ത്രത്തില്‍ താത്പര്യമുണ്ടായത്. ബിസാന്‍കോണ്‍, നാന്‍സിലിയോണ്‍സ് എന്നീ സര്‍വകലാശാലകളില്‍ ഇദ്ദേഹം അധ്യാപകനായിരുന്നു. 1901-ലാണ് പുതിയ കാര്‍ബണിക അഭികാരകങ്ങള്‍ ഇദ്ദേഹം കണ്ടുപിടിച്ചത്. പിന്നീടവ ഇദ്ദേഹത്തിന്റെ പേരുചേര്‍ത്ത് അറിയപ്പെടുകയും ചെയ്തു. ഈ കണ്ടുപിടുത്തത്തിന് 1912-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ഒരു മെഥിലേഷന്‍ അഭിക്രിയയ്ക്കു പറ്റിയ രാസത്വരകം കണ്ടെത്താന്‍ ഗ്രിഗ്നാര്‍ഡ് ശ്രമിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ശാസ്ത്രജ്ഞന്മാര്‍ ചില കാര്‍ബണിക യൗഗികങ്ങളോടൊപ്പം സിങ്ക് ചേര്‍ത്ത് ഇതിനുപയോഗിച്ചിരുന്നു. സാമാന്യം നല്ല ഒരു രാസത്വരകമായി അവ വര്‍ത്തിക്കുകയും ചെയ്തിരുന്നു. കാര്‍ബണിക ഹാലൈഡുകള്‍ മഗ്നീഷ്യവുമായി ചേര്‍ത്ത് ഈഥര്‍ ലായനിയില്‍ കലര്‍ത്തി ഗ്രിഗ്നാര്‍ഡ് ഉപയോഗിച്ചുനോക്കി. ഈ യൗഗികം RMgX എന്ന് അറിയപ്പെട്ടു. ഇതില്‍ X ഒരു ഹാലജനും (ക്ലോറിന്‍, ബ്രോമിന്‍, അയഡിന്‍) R ഒരു കാര്‍ബണികഗ്രൂപ്പും Mg മഗ്നീഷ്യവുമാണ്. ഗ്രിഗ്നാര്‍ഡ് അഭികാരകം വമ്പിച്ച സാധ്യതതയുള്ളതാണെന്ന് തെളിയിക്കപ്പെട്ടു. പല വിഭാഗങ്ങളിലുമുള്ള യൗഗികങ്ങളുടെ സംശ്ലേഷണത്തെ ഇത് സഹായിക്കുന്നു. സെക്കന്‍ഡറി ആന്‍ഡ് ടെര്‍ഷ്യറി ആല്‍ക്കഹോള്‍, ഹൈഡ്രോകാര്‍ബണുകള്‍, കാര്‍ബോസിലിക് അമ്ലങ്ങള്‍ എന്നിവയുടെ സംശ്ളേഷണം എടുത്തു പറയത്തക്കതാണ്.

1935 ഡി. 13-ന് ഫ്രാന്‍സിലെ ലിയോണ്‍സില്‍ വച്ച് ഗ്രിഗ്നാര്‍ഡ് നിര്യാതനായി. നോ: ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍