This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റി

മാര്‍പ്പാപ്പയുടെ നിയന്ത്രണത്തില്‍ റോമാനഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ദൈവികപഠന സര്‍വകലാശാല. കത്തോലിക്കാസഭയുടെ വിശ്വാസ സംബന്ധമായ കാര്യങ്ങളിന്മേല്‍ ആധികാരികമായ പഠനങ്ങളും ഗവേഷണങ്ങളും ഇവിടെ നടക്കുന്നു.

16-ാം ശ.-ത്തിലുണ്ടായ പ്രൊട്ടസ്റ്റന്റ് മതനവീകരണ (Protestant Reformation)ത്തിന്റെ ഫലമായി ക്രൈസ്തവ സമൂഹത്തില്‍ വലിയ ഭിന്നിപ്പുണ്ടായി. അനേകായിരം ക്രൈസ്തവര്‍ മാര്‍പ്പാപ്പയുടെ മേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസഭയില്‍ നിന്നും വേര്‍പിരിഞ്ഞ് പുതിയ പല സഭകള്‍ രൂപീകരിച്ചു. ഇതോടുകൂടി കത്തോലിക്കാസഭയ്ക്ക് വലുതായ ക്ഷീണം സംഭവിച്ചു. കത്തോലിക്കാസഭയെ ഈ ആപത്ഘട്ടത്തില്‍ സഹായിക്കുവാന്‍ 'ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്' (St.Ignatius of Loyola) 1540-ല്‍ ഈശോസഭ എന്നൊരു സന്ന്യാസസമൂഹം സ്ഥാപിച്ചു. സഭയില്‍ കൂടുതല്‍ പിളര്‍പ്പുണ്ടാകാതെ തടയണമെങ്കില്‍, കത്തോലിക്കരായ യുവാക്കളില്‍ ക്രൈസ്തവചൈതന്യം നിലനിര്‍ത്തേണ്ടതത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ഇഗ്നേഷ്യസ് കത്തോലിക്കരായ യുവാക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1551-ല്‍ 'റോമന്‍ കോളജ്' സ്ഥാപിച്ചു. ഈ സ്ഥാപനം താമസിയാതെ ഒരു പ്രമുഖ വൈദികപഠനകേന്ദ്രം ആയിത്തീര്‍ന്നു. ജൂലിയസ് III മാര്‍പ്പാപ്പ 1552-ല്‍ റോമന്‍ കോളജിനെ ഒരു യൂണിവേഴ്സിറ്റിയുടെ പദവിയിലേക്കുയര്‍ത്തി. 1582-ല്‍ ഗ്രിഗറി XIII മാര്‍പ്പാപ്പ പുതിയ മന്ദിരങ്ങള്‍ പണിതതുള്‍പ്പെടെ അനേകം പരിഷ്കാരങ്ങള്‍ വരുത്തിയതിനെത്തുടര്‍ന്നാണ് ഈ സ്ഥാപനം 'ഗ്രിഗേറിയന്‍ യൂണിവേഴ്സിറ്റി' എന്ന് അറിയപ്പെട്ടുതുടങ്ങിയത്. 1876-ല്‍ മാര്‍പ്പാപ്പയായിരുന്ന പീയുസ് IX ഈ യൂണിവേഴ്സിറ്റിയില്‍ വീണ്ടും അനേകം പരിവര്‍ത്തനങ്ങള്‍ വരുത്തി. 'കാനോനിക നിയമങ്ങള്‍ക്കു വേണ്ടിയുള്ള ഫാക്കല്‍റ്റി' (Facutly of Canon Law) ഇവിടെ ഏര്‍പ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. 1928-ല്‍ മാര്‍പ്പാപ്പയായിരുന്ന പീയുസ് XI റോമിലെ രണ്ടു പ്രമുഖ മതപഠന സ്ഥാപനങ്ങളെ-ബൈബിള്‍ പഠനത്തിനായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പൗരസ്ത്യ സഭാപഠനത്തിനായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്-ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു. പീയുസ് XI മാര്‍പ്പാപ്പയുടെ കാലത്തുതന്നെ (1932) കത്തോലിക്കാസഭയുടെ ചരിത്രപഠനത്തിനായുള്ള ഫാക്കല്‍റ്റിയും വേദപ്രചാരണത്തെ സംബന്ധിച്ച പഠനത്തിനുവേണ്ടിയുള്ള ഫാക്കല്‍റ്റിയും ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ പുതുതായി ഏര്‍പ്പെടുത്തി. യൂണിവേഴ്സിറ്റിയിലെ തത്ത്വശാസ്ത്ര ഫാക്കല്‍റ്റിയുടെ (Faculty of Philosophy) ഭാഗമായി സാമൂഹ്യ പഠനകേന്ദ്രം 1953-ല്‍ സ്ഥാപിതമായി. ദൈവശാസ്ത്ര ഫാക്കല്‍റ്റി (Faculty of Theology)യുടെ ഭാഗമായി 1958-ല്‍ ആധ്യാത്മിക പഠന ഇന്‍സ്റ്റിറ്റ്യൂട്ട് (Institute of Spirituality) സ്ഥാപിക്കപ്പെട്ടു. 1971-ല്‍ മതശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടും (Institute of Religious Sciences) മനഃശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടും (Institute of Psychology) ആരംഭിച്ചു.

ഇന്നു ലോകത്തിലെ ഏറ്റവും പ്രധാന ക്രൈസ്തവ വൈദികപഠന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കത്തോലിക്കാ പുരോഹിതരായ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍