This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിം സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിം സഹോദരന്മാര്‍

(Grim Brothers)

സഹോദരന്മാരായ ജര്‍മന്‍ സാഹിത്യകാരന്മാര്‍. ഭാഷാശാസ്ത്രം, ഫോക്ലോര്‍, ബാലസാഹിത്യം മുതലായ മേഖലകളിലാണ് ഇവര്‍ വ്യാപരിച്ചത്. ജേക്കബ് ലുഡ്വിഗ് കാറല്‍ ഗ്രിം (1785-1863), വില്‍ഹെം കാറല്‍ ഗ്രിം (1786-1859) എന്നിവരാണ് ഈ പേരില്‍ അറിയപ്പെടുന്നത്. 1785 ജനു. 4-ന് ജേക്കബ് ഗ്രിം കാസലില്‍ ജനിച്ചു. വില്‍ഹെം ജനിച്ചത് 1786 ഫെ. 24-നാണ്. അഭിഭാഷകനായ പിതാവ് ഇവരുടെ ശൈശവകാലത്തുതന്നെ മരിച്ചതുമൂലം (1796) ഗ്രിം സഹോദരന്മാര്‍ വളര്‍ന്നത് മാതാവിന്റെ സംരക്ഷണയിലായിരുന്നു. മാതാവിന്റെ മരണത്തോടെ (1808) നാലു സഹോദരന്മാരെയും ഒരു സഹോദരിയെയും സംരക്ഷിക്കേണ്ട ചുമതല ജേക്കബിനായി.

1802-ല്‍ ഗ്രിം സഹോദരന്മാര്‍ മാര്‍ബര്‍ഗ് സര്‍വകലാശാലയില്‍ ചേര്‍ന്ന് നിയമപഠനം ആരംഭിച്ചു. പിന്നീട് സ്വദേശമായ കാസലില്‍ മടങ്ങിവന്ന ഇവര്‍ സര്‍വകലാശാലാ ലൈബ്രേറിയന്മാരായി. 1825-ല്‍ വില്‍ഹെം ഗ്രിം ഡോര്‍ച്ചെന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. അവിവാഹിതനായ ജേക്കബ് ഗ്രിം സഹോദരനോടൊത്തുതന്നെ താമസിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ബെര്‍ലിനില്‍ പ്രൊഫസര്‍ പദവി സ്വീകരിക്കുകയും സയന്‍സ് അക്കാദമിയില്‍ അംഗത്വം നേടുകയും ചെയ്തു.

ഗ്രിം സഹോദരന്മാര്‍ വിജ്ഞാനപ്രദങ്ങളായ അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. വില്‍ഹെമിനെക്കാള്‍ ജേക്കബ് പാണ്ഡിത്യത്തില്‍ മുന്‍പന്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഡോയിഷ് ഗ്രമാറ്റിക് ലോകമൊട്ടുക്കും പ്രസിദ്ധിപെറ്റ വ്യാകരണഗ്രന്ഥമാണ്. ഇരുവരും ചേര്‍ന്നു ഡോയിഷ് വോര്‍ട്ടര്‍ ബുഹ് എന്ന പേരില്‍ ജര്‍മന്‍ ഭാഷയില്‍ നിഘണ്ടു നിര്‍മിക്കുകയും നാടന്‍കഥകള്‍ സമാഹരിക്കുകയും ചെയ്തു. ഇവരുടെ യക്ഷിക്കഥകള്‍ ലോകമെങ്ങും ഇന്നും കുട്ടികളെ ആകര്‍ഷിച്ചു പോരുന്നു. ദ ഷുമേക്കര്‍ ആന്‍ഡ് ദ എല്‍വ്സ്, റാപുണ്‍സെല്‍, ഹാന്‍സെല്‍ ആന്‍ഡ് ഗ്രേറ്റല്‍ എന്നിവ ഗ്രിം സഹോദരന്മാരുടെ പ്രശസ്തിയാര്‍ജിച്ച ബാലസാഹിത്യകൃതികളാണ്.

വില്‍ഹെം 1859 ഡി. 16-ന് കാസലിലും, ജേക്കബ് 1863 സെപ്. 20-ന് ബെര്‍ലിനിലും അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍