This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാമിനെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാമിനെ

Gramineae

പുല്‍ച്ചെടികളുടെ സസ്യകുടുംബം. പൊയേസീ (Poaceae) എന്ന പേരിലാണ് ഈ കുടുംബം ഇപ്പോള്‍ അറിയപ്പെടുന്നത്. ഏകബീജപത്രികളില്‍പ്പെടുന്ന ഗ്രാമിനെയില്‍ 620-ലധികം ജീനസ്സുകളും പതിനായിരത്തിലേറെ സ്പീഷീസുകളും ഉണ്ട്. ആവൃതബീജികളില്‍, സ്പീഷീസ് വൈവിധ്യത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ഗ്രാമിനെക്കുള്ളത്. മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളൊഴികെ മറ്റെല്ലാ മേഖലകളിലും പുല്‍ച്ചെടികള്‍ വളരും. എങ്കിലും ഉഷ്ണമേഖലാപ്രദേശത്താണ് ഏറ്റവും കൂടുതല്‍ പുല്‍വര്‍ഗങ്ങള്‍ കാണപ്പെടുന്നത്. പുല്‍ച്ചെടികള്‍ തിങ്ങിവളരുന്ന ജൈവമേഖലകള്‍ പുല്‍മേടുകള്‍ (grasslands) എന്ന പേരിലാണ് അറിയപ്പെടുന്നത്. പുല്‍മേടുകള്‍ക്കുപുറമേ ഉപ്പുചതുപ്പ്, മരുഭൂമി, മഴക്കാടുകള്‍, ആര്‍ട്ടിക് ആല്‍പ്പൈന്‍ തുന്ദ്രകള്‍ എന്നിവിടങ്ങളിലും ഗ്രാമിനെയിലെ അംഗങ്ങളായ സസ്യങ്ങളെ കാണാം.

ചിത്രം:Gramin.png

നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങള്‍ ഉള്‍പ്പെടുന്ന ചെടികള്‍ കരിമ്പ്, മുള തുടങ്ങിയവയാണ് ചില പ്രധാന പുല്‍ച്ചെടികള്‍. ഏതാനും സെന്റിമീറ്റര്‍ മുതല്‍ 30 മീറ്ററോളം ഉയരമുള്ള പുല്‍വര്‍ഗ സസ്യങ്ങള്‍ ഗ്രാമിനെയില്‍ ഉണ്ട്. എന്നാല്‍ പുല്‍ച്ചെടികളില്‍ അധികവും ഏകവര്‍ഷികളോ, ചിരസ്ഥായികളോ ആയ ഓഷധികളാണ്. വിരളമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും (ഉദാ. കരിമ്പ്, മുള) ഉണ്ട്. ചകിരിനാരു പോലെയുള്ള വേരുപടലം (fiborous roots) ചെടിയെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനു സഹായിക്കുന്നു. ഇത്തരം വേരുകള്‍ മണ്ണൊലിപ്പ് തടയാന്‍ സഹായകമേകുന്നു.

ചിരസ്ഥായികളായ ചെടികളുടെ ഭൂകാണ്ഡങ്ങള്‍ നന്നായി പുഷ്ടി പ്രാപിച്ചവയാണ്. മൂലകാണ്ഡത്തില്‍ മുട്ടുകളും പോളപോലുള്ള ശല്‍ക്കപത്രങ്ങളും കാണുന്നതിനാല്‍ ഇവ കാണ്ഡം തന്നെയാണെന്നു മനസ്സിലാക്കാം. സാധാരണയായി പൊള്ളയായ കാണ്ഡത്തോട് (culm) കൂടിയവയാണ് പുല്‍ച്ചെടികള്‍. കാണ്ഡത്തിലെ പര്‍വ(മുട്ട്)ത്തില്‍ നിന്നാണ് ഇലകള്‍ ഉണ്ടാകുന്നത്. ഒരു പര്‍വത്തില്‍ നിന്നും ഒരില എന്ന തോതില്‍ ഏകാന്തരന്യാസത്തിലാണ് ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഭൂരിഭാഗം പുല്‍വിളകള്‍ക്കും റിബണിന്റെ (ribbon) ആകൃതിയിലുള്ള ഇലകളാണുള്ളത്. കൂടാതെ ഇവയിലെ സിരാവിന്യാസം സമാന്തരവുമായിരിക്കും. എന്നാല്‍ ചില ജീനസുകളില്‍ (ഉദാ. ഫാറസ്, റാഡിയ) വീതിയേറിയ ഇലകളും കാണാം. ഇലയ്ക്ക് കാണ്ഡത്തെ ആവരണം ചെയ്യുന്ന ആച്ഛാദപര്‍ണാധാരവും (shealth - പോള) പര്‍ണദളവും (leaf blade) ഉണ്ട്. പോളയുടെ രണ്ടരികും തമ്മില്‍ യോജിക്കുന്നില്ല. പോളയും പര്‍ണദളവും ചേരുന്നിടത്ത് നേര്‍ത്ത കടലാസുപോലുള്ള ജിഹ്വിക (ligule) കാണപ്പെടുന്നു. മഴക്കാലത്ത് ഇലകളിലൂടെ വെള്ളമൊഴുകി പോളയുടെ കലകള്‍ ചീഞ്ഞുപോകാതെ ഇവ സംരക്ഷിക്കുന്നു. ചില ചെടികളില്‍ ജിഹ്വികയ്ക്കു പകരം ലോമങ്ങളാണുള്ളത്. ഏകാന്തന്യാസത്തിലുള്ള ലഘുപര്‍ണങ്ങള്‍ക്ക് സമാന്തരവിന്യാസമായിരിക്കും. ഇലകളില്‍ ഒന്നോ അതിലധികമോ കോശങ്ങളുള്ള ലോമങ്ങള്‍ കാണപ്പെടുന്നു.

പുഷ്പമഞ്ജരി പാനിക്കിളുകളായുള്ള പ്രകീലകമോ (Spikelet) സംയുക്ത പ്രകീലകമോ ആയിരിക്കും. പുഷ്പവൃന്തങ്ങളുള്ള (pedicel) നിരവധി പ്രകീലകങ്ങളോടുകൂടിയ ബഹുശാഖാമഞ്ജരിയാണ് സാധാരണ കാണുക. (ഗോതമ്പിന്റെ പ്രകീലകത്തിന് പുഷ്പവൃന്തമില്ല.) ഓരോ പ്രകീലകത്തിലും ഒന്നോ അതിലധികമോ പുഷ്പകം (floret) ഉണ്ടായിരിക്കും. ചെറിയ പ്രധാനതണ്ടും (rachilla) ഗ്ളൂമുകള്‍ (glumes) എന്നറിയപ്പെടുന്ന രൂപാന്തരം പ്രാപിച്ച അനേകം ശല്‍ക്കസഹപത്രങ്ങളും പ്രകീലകങ്ങളില്‍ ഉണ്ട്. ഓരോ പുഷ്പവും രണ്ട് സഹപത്രങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവയില്‍ ഏറ്റവും പുറമേയുള്ളത് ലെമ്മ (lemma) എന്നും ഉള്ളിലുള്ളത് പാലിയ (palea) എന്നും അറിയപ്പെടുന്നു. സാധാരണയായി പുഷ്പങ്ങള്‍ ദ്വിലിംഗികളാണ് (ചോളം ഒഴികെ). പരിദളപുടത്തിനു പകരമായി പുഷ്പങ്ങളില്‍ രണ്ടു ചെറിയ ലോഡിക്യൂളുകള്‍ (lodicule) ഉണ്ട്. ലോഡിക്യൂളുകള്‍ ആര്‍ദ്രതാഗ്രാഹികളാണ്. ഇവയുടെ പ്രവര്‍ത്തനംമൂലം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതനുസരിച്ച് പുഷ്പങ്ങള്‍ വികസിക്കുകയോ വികസിക്കാതിരിക്കുകയോ ചെയ്യുന്നു. ലോഡിക്യൂളുകള്‍ക്കുള്ളിലായി മൂന്നോ ആറോ കേസരങ്ങളും ജനിപുടവും കാണുന്നു. രണ്ടറകളുള്ള കേസരങ്ങള്‍ നെടുകെ പൊട്ടിത്തുറക്കുന്നവയാണ്. കേസരതന്തുക്കള്‍ വളരെ ലോലമാണ്. ദ്വികോഷ്ഠകപരാഗകോശം പെന്‍ഡുലം പോലെ തൂങ്ങിക്കിടക്കുന്നു. കാറ്റുമൂലം പരാഗണം നടത്തുന്നതിന് ഇതു സഹായകമാണ്. ജനിപുടത്തിന് ഒറ്റ അണ്ഡം മാത്രമുള്ള മൂന്ന് അറകളുള്ള ഉപരിസ്ഥിതഅണ്ഡാശയമാണുള്ളത്. രണ്ടു വര്‍ത്തികകളും തൂവല്‍ പോലുള്ള രണ്ടോ മൂന്നോ വര്‍ത്തികാഗ്രങ്ങളുമുണ്ട്. കാരിയോപ്സിസ് ആണ് ഫലം. വിത്തിന്റെ ബാഹ്യചര്‍മം ഫലഭിത്തിയോട് ചേര്‍ന്നിരിക്കുന്നതിനാല്‍ രണ്ടിനെയും വേര്‍തിരിക്കുക പ്രയാസമാണ്. വിത്തുകള്‍ക്ക് ബീജാന്നമുണ്ട്. ബീജാന്നം മിക്കപ്പോഴും അന്നജമായിരിക്കും. സസ്യങ്ങളുടെ സൂക്ഷ്മമായ അനാട്ടമി, സൈറ്റോളജി പഠനങ്ങളില്‍ നിന്നും ഗ്രാമിനെ കുടുംബത്തെ ഏഴ് ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു. അവ ബാംബുസോയിഡേ (Bambusoideae), ഒലിറോയിഡേ (Olyroideae), ഫെസ്റ്റുക്കോയിഡേ (Festucideae), ഒറൈസോയിഡേ (Oryzoideae), അരുണ്‍ഡിനോയിഡേ (Arundinoideae), എറാഗ്രോസ്റ്റോയിഡേ (Eragrostoideae), പാനിക്കോയിഡേ (Panicoideae) എന്നിവയാണ്.

വളരെയധികം സാമ്പത്തിക പ്രാധാന്യമുള്ള സസ്യങ്ങളാണ് ഗ്രാമിനെ കുടുംബത്തിലുള്ളത്. മനുഷ്യനും ജന്തുക്കളും ആഹാരമായി ഉപയോഗിക്കുന്നതിനു പുറമേ വ്യവസായ പ്രാധാന്യമുള്ളവയാണ് ഗ്രാമിനെ കുടുംബത്തിലെ സസ്യങ്ങള്‍. ഇവ കൂടാതെ പുല്‍ത്തകിടികള്‍ വച്ചുപിടിപ്പിക്കുന്നതിനും അലങ്കാരസസ്യമായും ഇവയെ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകജനത ഭക്ഷണമായുപയോഗിക്കുന്ന നെല്ല്, ഗോതമ്പ്, തിന, മക്കച്ചോളം, ചോളം, കൂവരക് എന്നിവയും മുള, ഈറ, ഇഞ്ചിപ്പുല്ല്, രാമച്ചം തുടങ്ങിയവയും ഈ കുടുംബത്തിലെ പ്രധാനയിനങ്ങളാണ്. ധാന്യങ്ങള്‍ ആഹാരത്തിന് ഉപയോഗിക്കുന്നു. ധാന്യമണികള്‍ മെതിച്ചെടുത്തശേഷമുള്ള വൈക്കോല്‍ കന്നുകാലിത്തീറ്റയ്ക്കും പുരമേയാനും പാക്കിങ് ആവശ്യങ്ങള്‍ക്കും കൗതുകവസ്തുക്കളുണ്ടാക്കാനും കൂണ്‍ വളര്‍ത്താനും വളമായും ഉപയോഗിക്കുന്നു. നെല്ലില്‍നിന്നും ഒരിനം ബിയറും സ്പിരിറ്റും ഉണ്ടാക്കുന്നുണ്ട്. ഗോതമ്പില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുണ്ടാക്കുന്നുണ്ട്. കരിമ്പില്‍നിന്നു പഞ്ചസാരയും ശര്‍ക്കരയുമെടുക്കുന്നു. പഞ്ചസാര എടുത്തശേഷമുള്ള അവശിഷ്ടം കടലാസുനിര്‍മാണത്തിനുപയോഗിക്കുന്നു. കരിമ്പിന്റെ ഇല കാലിത്തീറ്റയാണ്. ഇഞ്ചിപ്പുല്ല് വാറ്റി പുല്‍ത്തൈലവും രാമച്ചത്തില്‍ നിന്ന് എണ്ണയും ലഭിക്കുന്നു. കാടുകളില്‍ കൂട്ടംകൂട്ടമായി വളരുന്ന ഈറയും മുളയും കെട്ടിടനിര്‍മാണത്തിനും തൂണുകള്‍ക്കും വേലി, പന്തല്‍, കുടിലുകള്‍ മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

കടലാസുനിര്‍മാണത്തിനും ഓടക്കുഴല്‍, കരകൗശല വസ്തുക്കള്‍, കുട്ട, വട്ടി തുടങ്ങിയവയുടെ നിര്‍മാണത്തിനും ഈറ ഉപയോഗപ്പെടുത്തിവരുന്നു. സാധാരണയായി ബഹിയ, ബെന്റ്, ബെര്‍മുഡ, മെഡോ, റൈഗ്രാസ്സ് എന്നിവയാണ് പുല്‍ത്തകിടികള്‍ വച്ചുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. കലാമഗ്രോസ്റ്റിസ്, കോര്‍ട്ടഡേറിയ, ഫെസ്റ്റുക എന്നിവ ഗ്രാമിനെയിലെ അലങ്കാരസസ്യമായി വളര്‍ത്തുന്ന ചില ഇനങ്ങളാണ്. ജനിതകപഠനത്തിന് ഏറ്റവുമധികം വിധേയമാക്കപ്പെട്ടിട്ടുള്ള സസ്യങ്ങളാണ് ചോളവും ഗോതമ്പും. ദര്‍ഭപ്പുല്ല്, ഹോമാദികള്‍, ശേഷക്രിയ തുടങ്ങിയ മതപരചടങ്ങുകള്‍ക്കും ഉപയോഗിക്കാറുണ്ട്. ചില പുല്‍ച്ചെടികള്‍ കൃഷിയിടങ്ങളില്‍ കള (weed)യായി വളര്‍ന്നു വിളവിനെ ബാധിക്കുക വഴി സാമ്പത്തികനഷ്ടം ഉണ്ടാക്കാറുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍