This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാമഫോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാമഫോണ്‍

ആലേഖനം ചെയ്ത ശബ്ദം വീണ്ടും പുറപ്പെടുവിക്കുന്ന ഉപകരണം. സ്വനഗ്രാഹിയന്ത്രം എന്നും പേരുണ്ട്. യാന്ത്രികരീതിയിലുള്ള ശബ്ദലേഖനമാര്‍ഗം (mechanical recording) ആണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. ആധുനികരീതിയിലുള്ള പ്രകാശിത (optical), കാന്തിക (magnetic) ആലേഖനരീതികളില്‍നിന്നു ഭിന്നമാണിത്.

ഗ്രാമഫോണ്‍-എച്ച്.എം.വി. മാതൃക

1877-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്‍ രൂപകല്പന ചെയ്ത ഫോണോഗ്രാഫ് ആണ് ഇതിന്റെ ആദ്യരൂപം. ഈ മാതൃകയില്‍ നേര്‍ത്ത തകരപ്പാളി (tin foil) കൊണ്ടു പൊതിഞ്ഞ ഒരു ലോഹസിലിണ്ടര്‍ ഉണ്ടായിരിക്കും. സിലിണ്ടര്‍ കൈകൊണ്ട് കറക്കത്തക്കവിധം ഉറപ്പിച്ചിരിക്കും. ഉപകരണത്തിന്റെ മൗത്ത് പീസിലേക്കു ശബ്ദം എത്തുമ്പോള്‍ അതിലുള്ള ഡയഫ്രം കമ്പനം ചെയ്യുന്നു. ലോഹസിലിണ്ടറില്‍ തൊട്ടിരിക്കുന്ന സൂചി (stylus)യിലേക്കാണ് ഈ ഡയഫ്രം ബന്ധിപ്പിച്ചിരിക്കുന്നത്. ഡയഫ്രത്തില്‍ ഏല്ക്കുന്ന കമ്പനങ്ങള്‍ സൂചിയെയും കമ്പനം കൊള്ളിക്കുന്നു. അങ്ങനെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വ്യത്യസ്ത ആഴത്തില്‍ സര്‍പ്പിളാകൃതിയിലുള്ള ചാലുകള്‍ (spiral grooves) ആയി തകരപ്പാളിയില്‍ ആലേഖനം ചെയ്യപ്പെടുന്നു. സൂചിയെ വീണ്ടും ഇതേ ചാലുകളിലൂടെ ചലിപ്പിക്കുമ്പോള്‍ ഡയഫ്രം അതിനൊത്ത് കമ്പനം ചെയ്യുകയും അങ്ങനെ ആലേഖനം ചെയ്യപ്പെട്ട ശബ്ദം വീണ്ടും കേള്‍ക്കുകയും ചെയ്യുന്നു. ഇപ്രകാരം ശബ്ദലേഖനവും പുനഃപ്രേഷണവും ഒരേ ഉപകരണത്തില്‍ത്തന്നെ നടക്കുന്നു.

ഇതേ അടിസ്ഥാനതത്ത്വമാണ് പിന്നീടുള്ള പരിഷ്കരിച്ച ഉപകരണങ്ങളിലും ഉപയോഗിച്ചത്. എന്നാല്‍ റെക്കോര്‍ഡുകളില്‍ നിന്നും പുറത്തുവരുന്ന ശബ്ദത്തിന്റെ ഗുണനിലവാരം വളരെയേറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ലോഹത്തകിടിനുപകരം മെഴുക് ഉപയോഗിക്കുന്ന രീതി പില്ക്കാലത്ത് അവലംബിച്ചു.

ലോഹസിലിണ്ടറിനു പകരം പരന്ന വൃത്താകാര ഡിസ്ക് റെക്കോര്‍ഡുകള്‍ ഉപയോഗിച്ചുള്ള ശബ്ദലേഖനരീതി 1887-ല്‍ ബര്‍ലിനര്‍ ആവിഷ്കരിച്ചു. ഇദ്ദേഹമാണ് ഈ ഉപകരണത്തിന് ഗ്രാമഫോണ്‍ (gramaphone) എന്ന പേര് ആദ്യമായി നല്കിയത്. ഇപ്പോള്‍ ഈ പേര് സിലിണ്ടര്‍ ഇനത്തിലുള്ള ഫോണോഗ്രാഫില്‍ നിന്ന് ഡിസ്ക് ഇനത്തെ വേര്‍തിരിക്കുന്ന പേരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതില്‍ സിലിണ്ടര്‍ ഇനത്തില്‍ ഉപയോഗിക്കുന്ന ലംബമുദ്രണ (hill-and-dale) രീതിക്കു പകരം ഒരേ ആഴത്തിലുള്ള ചാലുകളില്‍ സൂചി ഇരുവശത്തേക്കുമായി ട്രാക്കുകള്‍ ഉണ്ടാക്കുന്ന പാര്‍ശ്വിക ആലേഖന (lateral recording) രീതിയാണ് അവലംബിച്ചിട്ടുള്ളത്. വൃത്താകാരത്തകിടിന്റെ പുറത്തെ അരികില്‍നിന്ന് കേന്ദ്രബിന്ദുവിലേക്ക് സര്‍പ്പിളാകൃതിയിലായിരിക്കും ഈ ചാലുകള്‍.

സിലിണ്ടര്‍ ഇനത്തെ അപേക്ഷിച്ച് ഡിസ്ക് റിക്കോര്‍ഡുകള്‍ക്ക് പല മേന്മകളുണ്ട്. മാസ്റ്റര്‍ റിക്കോര്‍ഡില്‍നിന്ന് ആവശ്യാനുസരണം കോപ്പികള്‍ എടുക്കാന്‍ കഴിയും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. നിര്‍മിതിക്കുള്ള എളുപ്പം, വലുപ്പക്കുറവ്, ലാളിത്യം, കൊണ്ടുനടക്കാനുള്ള സൗകര്യം, ഉയര്‍ന്ന സംവേദനക്ഷമത, പുനരവതരണ ശബ്ദത്തിന് മൂലശബ്ദത്തില്‍നിന്നുമുള്ള വ്യതിയാനക്കുറവ് (less distortion) എന്നീ മേന്മകളാല്‍ ഡിസ്ക് സിസ്റ്റം വളരെ പ്രചാരത്തിലായി. എന്നാല്‍ ആഫീസുകളിലും മറ്റും ഡിക്റ്റേറ്റിങ് മെഷീന്‍ എന്ന നിലയില്‍ സിലിണ്ടര്‍മാതൃക നിലനിന്നു.

പില്ക്കാലത്ത് കൊളംബിയ ഫോണോഗ്രാഫ് കമ്പനി, ബര്‍ലിന്‍ ഗ്രാമഫോണ്‍ കമ്പനി, വിക്ടര്‍ റ്റോക്കിങ് മെഷീന്‍ കമ്പനി എന്നിവ മത്സരിച്ച് പല പരിഷ്കരിച്ച മോഡലുകളും വിപണിയിലിറക്കി. ഡിസ്ക് റെക്കോര്‍ഡുകള്‍ നിര്‍മിക്കാന്‍ ഈടുറ്റതും വഴങ്ങുന്നതുമായ വിനൈല്‍ പ്ലാസ്റ്റിക് പോലുള്ള സിന്തറ്റിക് പദാര്‍ഥങ്ങള്‍ ഇന്നുപയോഗിക്കുന്നു. സാധാരണ സൂചികള്‍ ഉപയോഗിക്കുമ്പോള്‍ ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നത് കുറയ്ക്കാനായി വജ്രം, ഇന്ദ്രനീലം എന്നിവകൊണ്ടുള്ള സൂചികളും പ്രചാരത്തിലുണ്ട്.

ശബ്ദതരംഗങ്ങള്‍ ഡയഫ്രത്തില്‍ നേരിട്ട് തട്ടുന്ന ശബ്ദലേഖനരീതിക്ക് (acoustic recording) പകരം 1930-ഓടെ വൈദ്യുത റെക്കോര്‍ഡിങ് ആരംഭിച്ചു. തെര്‍മിയോണിക് വാല്‍വ്, മൈക്രോഫോണ്‍ എന്നിവയുടെ കണ്ടുപിടുത്തം ഇതിനു സഹായകമായി. വൈദ്യുതറെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗങ്ങളാണ് കറങ്ങുന്ന തട്ടും പിക്-അപ്പും (turn table and pick up), സംവര്‍ധിനി (amplifier), ഉച്ചഭാഷിണി (loud speaker) എന്നിവ.

ഇത്തരം ഗ്രാമഫോണില്‍ മൈക്രോഫോണ്‍ ഉപയോഗിച്ച് ശബ്ദം ആദ്യം റെക്കോര്‍ഡു ചെയ്യുന്നു. അതേ ശബ്ദം വീണ്ടും കേള്‍ക്കുന്നതിന് ആ ഡിസ്ക് റെക്കോര്‍ഡ് സ്ഥിരവേഗത്തില്‍ കറങ്ങത്തക്കവിധം രൂപകല്പന ചെയ്ത ഒരു തട്ടിന്മേല്‍ (turn table) വയ്ക്കുന്നു. പിക്-അപ്പിലെ സൂചി ശബ്ദചാലുകളിലൂടെ സഞ്ചരിച്ച് സ്പന്ദനങ്ങളുണ്ടാക്കുന്നു. ഈ സ്പന്ദനങ്ങളെ പിക്-അപ്പ് ഉപകരണം വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. താരതമ്യേന ശക്തികുറഞ്ഞ ഈ സിഗ്നലുകളെ സംവര്‍ധിനിയിലൂടെ കടത്തിവിട്ട് സംവര്‍ധനം (amplify) ചെയ്യുന്നു. ഉച്ചഭാഷിണി ഈ വൈദ്യുത സിഗ്നലുകളെ യാന്ത്രിക സിഗ്നലുകളാക്കി തിരിച്ചെടുത്ത് ഇച്ഛാനുസരണമുള്ള പവറിലൂടെ പുറത്തുവിടുന്നു. അങ്ങനെ ആദ്യം ആലേഖനം ചെയ്യപ്പെട്ട ശബ്ദം വീണ്ടും കേള്‍ക്കാന്‍ കഴിയുന്നു. സംവര്‍ധിനി, ഉച്ചഭാഷിണി, എന്നിവയുടെ രൂപകല്പന മെച്ചപ്പെടുത്തി പ്രക്ഷേപണ ശബ്ദത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താം.

ഓരോ ഡിസ്കും തീരുമ്പോള്‍ കൈകൊണ്ട് എടുത്തു മാറ്റിവയ്ക്കേണ്ട ആവശ്യം ഇല്ലാത്ത ഓട്ടോമാറ്റിക് റെക്കോര്‍ഡ് ചെയിഞ്ചിങ് ഉപകരണങ്ങള്‍ 1940-കളില്‍ പ്രചാരത്തിലായി. ആദ്യകാലത്ത് നാലോ അഞ്ചോ മിനിറ്റുനേരത്തേക്കു മാത്രമേ റെക്കോര്‍ഡുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ ന്യൂനത പരിഹരിച്ചുകൊണ്ട് അമേരിക്കയിലെ കൊളംബിയ റെക്കോര്‍ഡ്സ് കമ്പനി 1948-ല്‍ മൈക്രോഗ്രൂവുകളോടുകൂടിയ ലോങ് പ്ലെയിങ് (LP) റെക്കോര്‍ഡുകള്‍ പുറത്തിറക്കി. പിന്നീട് റെക്കോര്‍ഡുകളുടെ വലുപ്പം, കറക്കത്തിന്റെ വേഗത എന്നിവയില്‍ പല മാറ്റങ്ങളും വരുത്തി പരീക്ഷണം തുടര്‍ന്നു.

1950-ഓടെ റെക്കോര്‍ഡുകളുടെ വലുപ്പം 180 മി.മീ., 250 മി.മീ. അഥവാ 300 മി.മീ. എന്നു നിജപ്പെടുത്തി. അതുപോലെ വേഗത മിനിറ്റില്‍ 33, 45 അല്ലെങ്കില്‍ 78 കറക്കങ്ങള്‍ എന്നുമായി/ ഇതില്‍ 300 മി. മീ. റെക്കോര്‍ഡുകള്‍ അപൂര്‍വമായിമാത്രം നിലനിന്നു. മിനിറ്റില്‍ 78 കറക്കങ്ങള്‍ എന്ന നിരക്ക് മിക്കവാറും അപ്രത്യക്ഷമായി.

1958-ല്‍ സ്റ്റീരിയോഫോണിക് റെക്കോര്‍ഡുകള്‍ നിലവില്‍ വന്നു. ഇതില്‍ ശബ്ദം ഒന്നിലധികം ചാനലുകളിലൂടെ റെക്കോര്‍ഡുചെയ്ത് വിവിധ ഉച്ചഭാഷിണികളിലൂടെ പുറത്തുവിട്ട് ശ്രോതാവിന് ത്രിമാന പ്രതീതി (three-dimensional effect) കൈവരുത്തുന്നു.

റെക്കോര്‍ഡ്പ്ലെയര്‍, സ്റ്റീരിയോ എന്നീ പേരുകളില്‍ ഇന്നറിയപ്പെടുന്നവ ഗ്രാമഫോണുകളുടെ പരിഷ്കരിച്ച മോഡലുകളാണ്. ആദ്യകാല ഗ്രാമഫോണുകളുടെ പ്രവര്‍ത്തനതത്ത്വം തന്നെയാണ് ഇവയിലും അടങ്ങിയിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍