This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാമം

1. പട്ടണങ്ങളുടെയും നഗരങ്ങളുടെയും ആവിര്‍ഭാവത്തിനു മുന്‍പ് മനുഷ്യന്റെ അധിവാസകേന്ദ്രം. സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയുടെ പ്രാഥമികഘടകം ഗ്രാമമായിരുന്നു. പ്രാചീന നാഗരികസംസ്കാരങ്ങളുടെ കാലത്തുപോലും ഓരോ നഗര രാഷ്ട്രത്തിന്റെയും പ്രാന്തപ്രദേശങ്ങള്‍ ഗ്രാമങ്ങളായിരുന്നു. ഗ്രാമീണരില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 75 ശ. മാ.-ത്തിലധികവും ഗ്രാമങ്ങളില്‍ വസിക്കുന്നുവെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. അവിഭക്തഭാരതത്തില്‍ 7,00,000-ത്തിലധികം ഗ്രാമങ്ങളുണ്ടായിരുന്നു. വിഭജനത്തിനുശേഷം ഇന്ത്യയിലെ ഗ്രാമങ്ങളുടെ സംഖ്യ കുറഞ്ഞിട്ടുണ്ട്. 1981-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ (അസം ഒഴികെ) 5,57,137 ഗ്രാമങ്ങളുണ്ട്. 1000-ത്തിനു താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളുടെ എണ്ണം 4,06,723 ആണ്. 1000-ത്തിനു മുകളില്‍ 1999 വരെ, 2000 മുതല്‍ 4999 വരെ, 5000 മുതല്‍ 9999 വരെ, 10,000-വും അതില്‍ കൂടുതലും ജനസംഖ്യയുള്ള ഗ്രാമങ്ങളുടെ എണ്ണം യഥാക്രമം 94,486; 46,892; 7202; 1834 ആണ്. 1991-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ ആള്‍പ്പാര്‍പ്പുള്ള ഗ്രാമങ്ങളുടെ എണ്ണം 5,80,702 ആണ്. ആള്‍പ്പാര്‍പ്പില്ലാത്ത 46,732 ഗ്രാമങ്ങളുണ്ട് (1991). കേരളത്തില്‍ 1991-ല്‍ 1384 ഗ്രാമങ്ങളുള്ളതായി സെന്‍സസ് രേഖകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങള്‍ മിക്കവാറും ഗ്രാമപഞ്ചായത്തുകള്‍ തന്നെയാണ് (ജനസംഖ്യ: 10,000 വരെ).

നെല്‍കൃഷി

വേദകാലം മുതല്ക്കുതന്നെ മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനഘടകം ഗ്രാമമായിരുന്നു. ഋഗ്വേദത്തില്‍ ഗ്രാമത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. കുടുംബങ്ങള്‍ (ഗൃഹം, കുലം) ചേര്‍ന്നു ഗ്രാമങ്ങളായും ഗ്രാമങ്ങള്‍ ചേര്‍ന്ന് രാഷ്ട്രമായും രൂപം കൊള്ളുന്നു. ഒരു പ്രദേശത്ത് അധിവസിക്കുന്ന അനേകം കുടുംബങ്ങള്‍ ചേര്‍ന്നാണ് ഒരു ഗ്രാമം രൂപം കൊള്ളുന്നത്. മഹാഭാരതത്തിലും വിവിധ അധിവാസക്രമങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. മഹാഭാരതത്തിലെ പരാമര്‍ശമനുസരിച്ച് ഭരണസംവിധാനത്തിന്റെ അടിസ്ഥാനഘടകം ഗ്രാമമാണ്. ഭാരതീയ സമൂഹത്തില്‍ ഓരോ ഗ്രാമത്തിനും ഒരു അധിപന്‍ ഉണ്ടായിരുന്നു. ഗ്രാമത്തിന്റെ ഭരണകര്‍ത്താവാണ് ഗ്രാമണി. ഗ്രാമത്തിന്റെ നേതാവും പ്രമുഖ വക്താവും ആയ ഗ്രാമണിയിലാണ് ഗ്രാമത്തെയും ഗ്രാമത്തിന്റെ അതിര്‍ത്തികളെയും സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നിക്ഷിപ്തമായിരുന്നത്.

ഗ്രാമഭരണത്തിന് അധിപന്മാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ മഹാഭാരതത്തിലുണ്ട്. പത്തു ഗ്രാമങ്ങള്‍ ഒരു ദശഗ്രാമണിയുടെ നേതൃത്വത്തിലായിരിക്കും. ഗ്രാമാന്തര സംഘടനയുടെ അടിസ്ഥാന ഘടകം ദശഗ്രാമണിയാണ്. ഇരുപത് ഗ്രാമങ്ങളുടെ നേതൃത്വം വിംശധിപനും നൂറു ഗ്രാമങ്ങളുടെ നേതൃത്വം ശതഗ്രാമണി (ഗ്രാമഗതാധ്യക്ഷന്‍)ക്കും ആയിരം ഗ്രാമങ്ങളുടെ നേതൃത്വം അധിപതിക്കും ആയിരിക്കും. ശുക്രനീതിയിലും ഗ്രാമങ്ങളെക്കുറിച്ചും ഗ്രാമപഞ്ചായത്തുകളെക്കുറിച്ചും വിവരണങ്ങളുണ്ട്. ഗ്രാമാധ്യക്ഷന്മാരെ നിയമിക്കുന്നതിനെക്കുറിച്ച് മനുവും വിവരിക്കുന്നുണ്ട്. മനുസ്മൃതിയനുസരിച്ച് ഗ്രാമം, പുരം, നഗരം എന്നിങ്ങനെ മൂന്നു അധിവാസക്രമങ്ങളുണ്ട് ഭരണസംവിധാനത്തിന്റെ അടിസ്ഥാനഘടകം ഗ്രാമമാണ്. ഗ്രാമത്തിന്റെ തലവന്‍ ഗ്രാമണി; പത്തു ഗ്രാമങ്ങള്‍ക്ക് അധിപതി ദശഗ്രാമപതി; ഇരുപതു ഗ്രാമങ്ങള്‍ക്ക് ഒരു വിംശതിപതി; നൂറു ഗ്രാമങ്ങള്‍ക്ക് ഒരു ശതപതി: ഇതാണ് മനു അനുശാസിക്കുന്നത്.

ഓരോ ഗ്രാമത്തിലുമുണ്ടാകുന്ന വ്യവഹാരങ്ങള്‍ തീര്‍ക്കേണ്ട ചുമതല അതതു ഗ്രാമാധിപന്മാരില്‍ നിക്ഷിപ്തമാണ്. വ്യവഹാരത്തിന്റെ ഗൗരവമനുസരിച്ച് വിംശതിപതി, ശതപതി, സഹസ്രപതി എന്നിവര്‍ക്കു നിവേദനം നടത്താനും മനുസ്മൃതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു.

ഗ്രാമവാസികള്‍ തെരഞ്ഞെടുക്കുന്ന സമിതിയാണ് പഞ്ചായത്ത്. പഞ്ചായത്തിനു ഭരണനിര്‍വഹണാധികാരിയും ന്യായശാസനാധികാരവുമുണ്ട്. ഗ്രാമീണരില്‍ നിന്നു നികുതി വസൂലാക്കുക., അതിന്റെ കണക്കുകള്‍ സൂക്ഷിക്കുക എന്നീ ചുമതലകള്‍ ഗ്രാമണിയുടേതാണ്. രാജാവാണ് ഗ്രാമണിയെ നിയമിക്കുന്നതെങ്കിലും ഗ്രാമണിക്കു തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാനാവില്ല. ഗ്രാമസമിതി തെരഞ്ഞെടുക്കുന്ന ഗ്രാമക്കാരണവന്മാരുടെ ഉപദേശാനുസരണമേ ഗ്രാമണിക്കു പ്രവത്തിക്കാനാവൂ. ഗ്രാമങ്ങളില്‍ സ്വയംഭരണമാണ് നിലവിലിരുന്നത്. വേദകാലം മുതല്‍ക്കേ ഗ്രാമസമൂഹങ്ങള്‍ ജനാധിപത്യസ്വഭാവം പുലര്‍ത്തിയിരുന്നു. ഇവയ്ക്കാവശ്യമായ എല്ലാ അധികാരങ്ങളും ചുമതലകളുമുണ്ടായിരുന്നു. പൗരാണിക കേരളത്തിലെ യോഗങ്ങളും തറകളും ജനപ്രതിനിധിസഭകളായിരുന്നു. നമ്പൂതിരിമാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കഴകങ്ങളിലെ പ്രതിനിധികളെ മൂന്നുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. പിന്നീട് കഴകങ്ങളുടെ സ്ഥാനത്ത് കൂട്ടങ്ങളും സ്ഥാപിച്ചു. ദക്ഷിണേന്ത്യയില്‍ ചോളരാജാവ് പരാന്തകന്‍ ക-ന്റെ ഭരണകാലത്താണ് (10-ാം ശ.) പഞ്ചായത്തുകള്‍ ഉണ്ടായത്. ഉത്തരമേരൂര്‍ (തമിഴ്നാട്ടിലെ ചിങ്കല്‍പേട്ട് ജില്ലയിലെ ഇന്നത്തെ ഉത്തരമേരൂര്‍ എന്ന പ്രദേശം) എന്ന ഗ്രാമത്തിലാണ് ആദ്യത്തെ പഞ്ചായത്ത് രൂപംകൊണ്ടത്. ഇതിന്റെ പ്രാഥമിക രൂപങ്ങളായിരുന്നു കേരളത്തിലെ ഊരാണ്മകളും നാട്ടുക്കൂട്ടങ്ങളും.

ജനകീയഭരണസംവിധാനമാണ് കേരളീയ ഗ്രാമങ്ങളില്‍ നിലവിലിരുന്നത്. കുടുംബക്കാരണവന്മാര്‍ 'യോഗ'മായോ 'കൂട്ട'മായോ 'പരിഷ'യായോ സമ്മേളിച്ച് പൊതുകാര്യങ്ങള്‍ സര്‍വസമ്മതമായി തീര്‍ച്ചപ്പെടുത്തുകയായിരുന്നു പതിവ്. ജനങ്ങളെ രക്ഷിച്ച് അവരുടെ നിശ്ചയങ്ങളെ നടത്തുക മാത്രമാണ് രാജാവിന്റെ ജോലി. രാജാവ് ഏതെങ്കിലും അക്രമം പ്രവര്‍ത്തിച്ചാല്‍ യോഗം പട്ടിണിയിരുന്നു രാജാവിന്റെ തെറ്റുതിരുത്തിച്ച് പ്രായശ്ചിത്തം ചെയ്യിക്കാറുണ്ടായിരുന്നു. അവസാനമായി ഇത്തരം ഒരു പട്ടിണിവ്രതം നടന്നത് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വച്ചായിരുന്നു (1721).

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെപ്പോലെ കേരളവും ഗ്രാമങ്ങളുടെ നാടാണ്. കുന്നുകളും സമതലങ്ങളും ഇട കലര്‍ന്നുകിടക്കുന്ന ഭൂപ്രകൃതിയായതുകൊണ്ട് കേരളത്തിലെ ഗ്രാമങ്ങള്‍ ഒന്നിച്ചല്ല കിടക്കുന്നത്. അപൂര്‍വം ചില തെരുവുകള്‍ മാത്രമേ കേരള ഗ്രാമങ്ങളിലുണ്ടായിരുന്നുള്ളൂ. അകനാനൂറ് (264:8, 356:5), നറ്റിണൈ (30:4, 50:4, 200:3), നെടുനല്‍വാടൈ, (30), പെരുംപാണാറ്റുപ്പടൈ, (397) മുല്ലൈപ്പാട്ട് (29), മധുരൈക്കാഞ്ചി (18), കലിത്തൊകൈ (60:24, 69:8, 81:12, 84:15) എന്നീ കൃതികളില്‍ തെരുവുകളെപ്പറ്റി പരാമര്‍ശമുണ്ട്.

സംഘകാലത്തുപോലും ഗ്രാമങ്ങള്‍ സംഘടിത ഘടകങ്ങളായിരുന്നു. ഗ്രാമത്തിന്റെ പൊതുവായ കാര്യങ്ങളില്‍ ജനങ്ങള്‍ക്കു പങ്കാളിത്തമുണ്ടായിരുന്നു. ഗ്രാമത്തിന്റെ പൊതുകാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനങ്ങള്‍ 'മന്റം' എന്നറിയപ്പെട്ടിരുന്ന പൊതുസ്ഥലങ്ങളില്‍ സമ്മേളിച്ചിരുന്നു. അറം അഥവാ ധര്‍മം പരിപാലിച്ചിരുന്ന സ്ഥലമാണ് മന്റം. 'അറം വളര്‍ക്കും മന്റം' (നീതി പുലര്‍ത്തുന്ന സ്ഥലം) എന്നും 'ഉലക അറവൈ' (ലോകധര്‍മത്തിന്റെ സ്ഥാനം) എന്നും മന്റത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘസാഹിത്യത്തിലുണ്ട്. (ഉദാ. പതിറ്റുപ്പത്ത് 23:5, 25:4, 29:9). മന്റം പിന്നീട് മന്നം എന്ന പേരിലറിയപ്പെട്ടു. വ്യക്തികള്‍ തമ്മിലുള്ള വഴക്കുകള്‍ മന്നത്തില്‍ വച്ച് ഗ്രാമക്കാരണവന്മാര്‍ പറഞ്ഞുതീര്‍ത്തിരുന്നു.

ഉള്‍നാടന്‍ മത്സ്യബന്ധനം

പുരാതന കേരളീയ ഗ്രാമങ്ങളില്‍ നീതിന്യായ നിര്‍വഹണം നടത്തിയിരുന്നതു പൊതുജനസഭകളായിരുന്നു. കീഴ്വഴക്കങ്ങളും നാട്ടുനടപ്പും അനുസരിച്ച് കുറ്റവിചാരണ നടത്തുകയാണ് പതിവ്. ജാതിഭ്രഷ്ട്, പിഴ, സ്വത്തുകണ്ടുകെട്ടല്‍, നാടുകടത്തല്‍ തുടങ്ങിയവയായിരുന്നു ശിക്ഷയുടെ രൂപങ്ങള്‍. പൊതുജനസഭയുടെ വിധിക്കു രാജകീയാംഗീകാരം ഉണ്ടായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. കൊലപാതകം ചെയ്താല്‍പ്പോലും ബ്രാഹ്മണര്‍ക്കു വധശിക്ഷ വിധിച്ചിരുന്നില്ല. ശൂദ്രനെയും അഹിന്ദുക്കളെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു. അവര്‍ണര്‍ക്ക് മിക്കപ്പോഴും ചിത്രവധമായിരുന്നു ശിക്ഷ. കുറ്റങ്ങള്‍ തെളിയിക്കാന്‍ വിചിത്രമായ സമ്പ്രദായങ്ങളാണ് സ്വീകരിച്ചിരുന്നത്. വസ്തു സംബന്ധമായ തര്‍ക്കങ്ങളിലും കളവു മുതലായ കുറ്റങ്ങളിലും സത്യ പരീക്ഷ ചെയ്യാറുണ്ട്. സത്യപരീക്ഷ നാലു തരത്തിലുണ്ട്: ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ. മുതലകള്‍ നിറഞ്ഞ പുഴ നീന്തിക്കടക്കുകയാണ് ജലപരീക്ഷയില്‍ പ്രധാനം. അപകടം കൂടാത പുഴ നീന്തിക്കടക്കുന്നയാളെ നിര്‍ദോഷി എന്നു തീര്‍ച്ചയാക്കും. ഇതിന് കൊച്ചിയില്‍ രണ്ടു സ്ഥലങ്ങളുണ്ടായിരുന്നു-ഊഴത്തും തൃക്കടക്കാപ്പിള്ളിയും.

അഗ്നിപരീക്ഷയില്‍ പ്രധാനം തിളയ്ക്കുന്ന നെയ്യില്‍ കൈമുക്കുകയാണ് (ശുചീന്ദ്രം). വിഷപരീക്ഷ രണ്ടു വിധമുണ്ട്: മൂന്നു നെല്ലിട പാഷാണം 32 ഇരട്ടി നെയ്യില്‍ സേവിക്കുക. അല്ലെങ്കില്‍ വിഷസര്‍പ്പത്തെ ഇട്ടടച്ചിട്ടുള്ള കുടത്തില്‍ കൈയിടുക. വിഷബാധ ഏറ്റിട്ടില്ലെങ്കില്‍ സത്യം തെളിഞ്ഞു എന്നു നിശ്ചയിക്കും. ആദ്യം തുലാസില്‍ തൂക്കിയതിന്റെ ശേഷം കുറ്റവിവരം എഴുതിക്കെട്ടി വീണ്ടും തൂക്കിനോക്കും. തൂക്കം കൂടിയതായി കണ്ടാല്‍ കുറ്റക്കാരനെന്നു വിധിക്കും. സത്യപരീക്ഷയില്‍ ഓരോന്ന് ഒരോ ജാതിക്കാര്‍ക്ക് പ്രത്യേകമായി വിധിച്ചിരുന്നു. ബ്രാഹ്മണര്‍ക്ക് തുലാസ്, ക്ഷത്രിയര്‍ക്ക് അഗ്നി, വൈശ്യര്‍ക്ക് വെള്ളം, ശുദ്രര്‍ക്ക് വിഷം എന്നിങ്ങനെ.

നമ്പൂതിരിമാര്‍ വ്യഭിചാരദോഷത്തെ കര്‍ശനമായി ശിക്ഷിച്ചിരുന്നു. പാതിവ്രത്യം സംശയിക്കപ്പട്ട അന്തര്‍ജനത്തെ സ്മാര്‍ത്തവിചാരം നടത്തി കുറ്റം ഏറ്റുപറയിപ്പിക്കുകയായിരുന്നു പതിവ്. ജാതിഭ്രഷ്ട് കല്പിച്ച് കുടുംബത്തില്‍ നിന്നു പുറന്തള്ളുകയും ചെയ്യും. ഇങ്ങനെ ഭ്രഷ്ട് കല്പിച്ചവര്‍ക്കുവേണ്ടി കോലത്തിരിരാജാവ് ചിറയ്ക്കല്‍ പ്രദേശത്ത് ഒരു മഠം സ്ഥാപിച്ചിരുന്നു.

ഗ്രാമങ്ങളില്‍ വ്യത്യസ്ത സമുദായങ്ങള്‍ ഭിന്നമായ ആചാരങ്ങള്‍ പുലര്‍ത്തിയിരുന്നു. ആഹാരക്രമം, വസ്ത്രധാരണം എന്നിവയില്‍ ഈ വൈവിധ്യം വളരെ പ്രകടമായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ മാംസാഹാരങ്ങളും ലഹരിപദാര്‍ഥങ്ങളും ഉപയോഗിച്ചിരുന്നില്ല. ഒരു വെളുത്ത മുണ്ട് ഉടുക്കുകയും മറ്റൊന്ന് ചുമലില്‍ ഇടുകയും ചെയ്യുക എന്നതായിരുന്നു നമ്പൂതിരിമാരുടെ വസ്ത്രധാരണരീതി. അന്തര്‍ജനങ്ങളുടെ പരമ്പരാഗതമായ വസ്ത്രധാരണ സമ്പ്രദായം 'ഞൊറിഞ്ഞുടുക്കല്‍' (ഒരു ഏണവസ്ത്രം അരയില്‍ ചുറ്റി അതുകൊണ്ടുതന്നെ താറുടുക്കുന്ന രീതി) ആയിരുന്നു. നമ്പൂതിരി സ്ത്രീകള്‍ മാത്രമല്ല, മിക്ക ജാതിക്കാരും റൌക്ക ധരിക്കാറില്ലായിരുന്നു. മുന്‍കാലങ്ങളില്‍ നായന്മാര്‍ കരയുള്ളതോ ഇല്ലാത്തതോ ആയ ഒരു വെള്ളവസ്ത്രമായിരുന്നു ഉടുത്തിരുന്നത്. സാധാരണഗതിയില്‍ അരയ്ക്കു മേല്‍പ്പോട്ട് നഗ്നമായി ഇടുകയായിരുന്നു പതിവ്. വിശേഷാവസരങ്ങളില്‍ പ്രഭുക്കന്മാരും സമ്പന്നരും രണ്ടാംമുണ്ട് ചുമലിലിടും. സ്ത്രീകള്‍ മുണ്ടിനടിയില്‍ ഒന്നര ഉടുക്കുകയും മാറുമറയ്ക്കാന്‍ മുലക്കച്ച ധരിക്കുകയുമായിരുന്നു പതിവ്. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാന്‍ ഉയര്‍ന്ന സമുദായങ്ങള്‍ക്കേ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ചെരിപ്പ്, കുട എന്നിവയും അയിത്തജാതിക്കാര്‍ക്കു നിഷിദ്ധമായിരുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട മഹോത്സവമായ ചിങ്ങമാസത്തിലെ തിരുവോണം ഒരു ദേശീയോത്സവമാണ്. നവവത്സരത്തിന്റെ ആഗമനത്തെക്കുറിക്കുന്ന തിരുവോണം ഒരു പുഷ്പോത്സവമാണ്. കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിനു രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നു കാണാം. തമിഴ്നാട്ടില്‍പ്പോലും ഓണം നിലവിലിരുന്നതായി മരുതനാരുടെ മധുരൈക്കാഞ്ചി എന്ന തമിഴ് ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. ഓണത്തോടനുബന്ധിച്ച് നിലനിന്നിരുന്ന ഗ്രാമീണ വിനോദങ്ങളാണ് തലപ്പന്ത്, കാരകളി, കൊടികളി, മോതിരംകളി, ഓണത്തല്ല്, ചകിരിയും കോലും തുടങ്ങിയവ.

സാമ്പത്തിക സ്വയംപര്യാപ്തതയിലും സ്വയംഭരണാധികാരത്തിലും അധിഷ്ഠിതമായിരുന്ന ഗ്രാമങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നിഷ്ക്രിയമായിത്തീര്‍ന്നു. ഉപജീവനാര്‍ഥം പുറംലോകവുമായി ബന്ധപ്പെടേണ്ടത് ആവശ്യമായി. യുദ്ധാനന്തരകാലത്തു നടപ്പിലാക്കിയ പൊതുവിതരണസമ്പ്രദായം, ലെവി, നേരിട്ടുള്ള നികുതിപിരിവ് എന്നിവ ഗ്രാമീണരെ സര്‍ക്കാരുമായി ബന്ധപ്പെടുത്തി. സ്വാതന്ത്ര്യബോധം ഗ്രാമങ്ങളിലുണ്ടായി. ദേശീയബോധം ഗ്രാമീണരെ ഉണര്‍ത്തി. ദേശീയ പുനര്‍നിര്‍മാണപ്രവര്‍ത്തനത്തില്‍ നേരിട്ടുള്ള പങ്കാളിത്തം സ്വതന്ത്രേന്ത്യയിലെ ഗ്രാമീണജനതയില്‍ മാറ്റങ്ങളുണ്ടാക്കി.

ജന്മിസമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ കുടിയാന്റെ താത്പര്യങ്ങള്‍ രക്ഷിക്കാന്‍ വ്യവസ്ഥ ചെയ്തു. കേരളത്തിലെ കാര്‍ഷിക ഭൂനിമയങ്ങള്‍ കുടിയാന്മാര്‍ക്കു സ്ഥിരാവകാശം നല്കുകയും ജന്മിസമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തു. ഋണാശ്വാസ നിയമ നിര്‍മാണം, വായ്പാ-സേവന സഹകരണ സംഘങ്ങളുടെ വ്യാപനം എന്നിവ ഗ്രാമീണര്‍ക്ക് ആശ്വാസമുണ്ടാക്കി. ഗ്രാമീണരുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ നിലവില്‍ വന്നതോടെ സ്ഥിതി മെച്ചപ്പെട്ടു. ഗ്രാമതലം, ബ്ളോക്ക്തലം, ജില്ലാതലം എന്നിങ്ങനെ മൂന്നു തരത്തിലുള്ളതാണ് പഞ്ചായത്തീരാജ് സംവിധാനം. ഗ്രാമതലത്തിലുള്ള ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് തലത്തിലുള്ള പഞ്ചായത്ത് സമിതി, ജില്ലാ തലത്തിലുള്ള ജില്ലാപരിഷത്: ഇതാണ് പൊതുവായ രീതി. ആന്ധ്രപ്രദേശില്‍ ബ്ളോക്ക്തലം മണ്ഡലപ്രജാപരിഷത് ആണ്. ഗുജറാത്തില്‍ താലൂക്ക് പഞ്ചായത്ത്, കര്‍ണാടകയില്‍ താലൂക്ക് പഞ്ചായത്ത് സമിതി എന്നിങ്ങനെയും. മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ കാലാവധി. കൃഷി, ഗ്രാമീണ വ്യവസായങ്ങള്‍, വൈദ്യസഹായം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, ഗ്രാമതലത്തിലുള്ള റോഡുകള്‍, ജലസംഭരണികള്‍, പൊതുജനാരോഗ്യം, മറ്റു സാമ്പത്തിക സാമൂഹിക പരിപാടികള്‍ എന്നിവയുടെ ചുമതല പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്കാണ്. ചിലയിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതലയുമുണ്ട്. ഐ.ആര്‍.ഡി.പി., ജവഹര്‍ റോസ്ഗാര്‍ യോജന തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പും ഈ സ്ഥാപനങ്ങള്‍ക്കാണ്. ഇന്ന് ഇന്ത്യയില്‍ 2.20 ലക്ഷം ഗ്രാമ പഞ്ചായത്തുകളും 5,500 പഞ്ചായത്തുസമിതികളും 371 ജില്ലാപരിഷത്തുകളും ഉണ്ട്. ഒരു പഞ്ചായത്തില്‍ ഒന്നിലേറെ ഗ്രാമങ്ങള്‍ (കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍) ഉണ്ടായിരിക്കും. നോ: പഞ്ചായത്തീരാജ് 2. ഭാരതീയ സംഗീതത്തിലെ ഒരു സംജ്ഞ; പരസ്പരം ഇണങ്ങുന്ന സ്വരങ്ങളുടെ ക്രമമായ സമൂഹം. വാദി-സംവാദി സ്വരങ്ങള്‍ ചേര്‍ന്ന് ഗ്രാമം ഉണ്ടാകുന്നു. രാഗങ്ങള്‍ക്കും മൂര്‍ച്ഛനകള്‍ക്കും താനങ്ങള്‍ക്കും വര്‍ണാലങ്കാര പ്രബന്ധാദികള്‍ക്കുമെല്ലാം ആസ്പദമായ ശുദ്ധവികൃതസ്വരങ്ങളുടെ സമൂഹമാണ് ഗ്രാമമെന്നാണ് സംഗീത ചന്ദ്രികാകാരന്റെ അഭിപ്രായം. ഗ്രാമങ്ങള്‍ മൂന്നുവിധമുണ്ട്: ഷഡ്ജഗ്രാമം, മധ്യമഗ്രാമം, ഗാന്ധാരഗ്രാമം. ഇവ യഥാക്രമം 'സ'യില്‍ നിന്നും 'മ'യില്‍ നിന്നും 'ഗ'യില്‍നിന്നും ആരംഭിക്കുന്നു.

ഷഡ്ജഗ്രാമത്തില്‍ ഷഡ്ജത്തിനും മധ്യമത്തിനും പഞ്ചമത്തിനും നാലു ശ്രുതികള്‍ വീതവും, ഗാന്ധാരത്തിനും നിഷാദത്തിനും രണ്ടു ശ്രുതികള്‍ വീതവും, ഋഷഭത്തിനും ധൈവതത്തിനും മൂന്നു ശ്രുതികള്‍ വീതവുമാണ്.

സ രി ഗ മ പ ധ നി

4 3 2 4 4 3 2

ഷഡ്ജഗ്രാമത്തിന്റെ പഞ്ചമത്തില്‍ നിന്നും ഒരു ശ്രുതി കുറച്ചാല്‍ മധ്യമഗ്രാമം കിട്ടും. ഋഷഭ-പഞ്ചമ സംവാദമാണ് മധ്യമഗ്രാമത്തിന്റെ പ്രത്യേക.

സ രി ഗ മ പ ധ നി

4 3 2 4 3 3 2

ഗാന്ധാരഗ്രാമത്തില്‍ ഋഷഭത്തിന് രണ്ടു ശ്രുതിയും, ഷഡ്ജത്തിനും മധ്യമത്തിനും പഞ്ചമത്തിനും ധൈവതത്തിനും മൂന്നു ശ്രുതിയും, ഗാന്ധാരത്തിനും നിഷാദത്തിനും നാല് ശ്രുതിയും ആണ്.

ഗ മ പ ധ നി സ രി

4 3 3 3 4 3 2

ഗ്രാമങ്ങള്‍ ബി.സി. 3-ാം ശതകത്തിനു മുന്‍പുതന്നെ ഭാരതീയ സംഗീതത്തിലുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഗാന്ധാരഗ്രാമം സ്വര്‍ഗത്തില്‍ മാത്രം ഉപയോഗിച്ചിരുന്നതാണെന്നാണ് സംഗീത ചരിത്രകാരന്മാരുടെ വിശ്വാസം. ഷഡ്ജഗ്രാമമാണ് ദേശീയ സംഗീതത്തിനടിസ്ഥാനം.

ഇത് ഉത്തരേന്ത്യയില്‍ ആര്യന്മാരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഗ്രാമമാണെന്നും മധ്യമഗ്രാമം ദക്ഷിണേന്ത്യയില്‍ ദ്രാവിഡര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ഗ്രാമമാണെന്നും പരക്കെ അഭിപ്രായമുണ്ട്. ആദ്യകാലങ്ങളില്‍ ഏഴു സ്വരങ്ങളടങ്ങിയ സ്വരസപ്തകത്തെയാണ് ഗ്രാമമെന്ന പദംകൊണ്ട് വിവക്ഷിച്ചിരുന്നത്. സംഗീതകല പുരോഗമിച്ചതോടെ ഒരു സ്ഥായിക്കുള്ളില്‍ വേറെയും സ്വരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. അതോടെ ഗ്രാമമെന്ന പദത്തിനു കൂടുതല്‍ വിശാലമായ അര്‍ഥം കരഗതമായി.

നാട്യശാസ്ത്രത്തിലും നാരദീയശിക്ഷയിലും ബൃഹദ്ദേശിയിലുമൊക്കെ ഗ്രാമത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 'ഗമ്മ' എന്ന ഗ്രീക്കുപദവും 'ഗാമൈ' എന്ന ഫ്രഞ്ചുപദവും 'ഗാമുത്' എന്ന ഇംഗ്ളീഷ് പദവും 'ഗ്രാമം' എന്ന ഈ അടിസ്ഥാനപ്രയോഗത്തില്‍ നിന്നുമുണ്ടായതാണെന്ന് അഭിപ്രായമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍