This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാന്‍ഡ് ചലഞ്ച് കപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാന്‍ഡ് ചലഞ്ച് കപ്പ്

ഇംഗ്ലണ്ടില്‍ തെംസ് നദിയില്‍ എല്ലാവര്‍ഷവും ജൂല. ആദ്യവാരത്തില്‍ നടത്തപ്പെടുന്ന ജലോത്സവത്തിലെ പ്രധാനപ്പെട്ട ഒരു ഇനത്തിന് വിജയികള്‍ക്കു നല്കുന്ന സമ്മാനം. ഹെന്‍ലി എന്ന സ്ഥലത്ത് ബര്‍ക്ഷയര്‍ മുതല്‍ ഹെന്‍ലി പാലംവരെ നടത്തപ്പെടുന്നതും 'ഹെന്ലി റോയല്‍ റിഗാറ്റാ' എന്ന് ലോകപ്രശസ്തി ആര്‍ജിച്ചിട്ടുള്ളതുമായ ഈ മത്സരം ഇപ്പോള്‍ നാലു ദിവസമാണ് ആഘോഷിക്കുന്നത്. ഈ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ 8 തുഴക്കാര്‍ക്കുള്ള ഗ്രാന്‍ഡ് ചലഞ്ച് കപ്പിനുവേണ്ടിയുള്ള മത്സരത്തിന്റെ ദൂരം 2.1 കി.മീ. ആണ്.

1839-ല്‍ ആണ് ഗ്രാന്‍ഡ് ചലഞ്ച് കപ്പ് ആദ്യമായി ഏര്‍പ്പെടുത്തിയത്. അന്നുമുതല്‍ അനേകം വര്‍ഷം തുടര്‍ച്ചയായി ഈ കപ്പ് നേടിക്കൊണ്ടിരുന്നത് ഇംഗ്ലണ്ടിലെ ലിയാന്‍ഡര്‍ എന്ന പ്രസിദ്ധ തുഴയല്‍ ടീമാണ്. ക്രമേണ ഗ്രാന്‍ഡ് ചലഞ്ച് കപ്പ് മത്സരങ്ങളുടെ പ്രശസ്തി മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുകയും വിദേശടീമുകള്‍ ഈ കപ്പിനുവേണ്ടി മത്സരിക്കുവാന്‍ മുന്നോട്ടുവരികയും ചെയ്തു. 1906-ല്‍ ബല്‍ജിയത്തുനിന്നുള്ള ഒരു തുഴയല്‍ ടീം ഗ്രാന്‍ഡ് ചലഞ്ച് കപ്പ് മത്സരത്തില്‍ വിജയിച്ച് ഇംഗ്ലണ്ടിനു പുറത്തു കപ്പ് കൊണ്ടുപോയി. അടുത്ത വര്‍ഷവും ബല്‍ജിയം ടീം തന്നെയായിരുന്നു വിജയികള്‍. എന്നാല്‍ തുടര്‍ന്ന് ലിയാണ്ടര്‍ ക്ലബ്ബുകള്‍ ചലഞ്ച് കപ്പ് വീണ്ടെടുത്ത് ഇംഗ്ലണ്ടില്‍ത്തന്നെ അത് നിലനിര്‍ത്തി. ഒന്നാം ലോകയുദ്ധത്തിനുശേഷം പന്ത്രണ്ടില്‍ കൂടുതല്‍ തവണ ലിയാന്‍ഡര്‍ ക്ലബ് ചലഞ്ച് കപ്പ് നേടിയിട്ടുണ്ട്. 1818-ല്‍ സ്ഥാപിതമായ ലിയാന്‍ഡര്‍ ക്ലബ്ബ് ആണ്, ആദ്യമായി ഒളിംപിക് മത്സരങ്ങളില്‍ തുഴയല്‍ മത്സരം ഒരിനമായി ഏര്‍പ്പെടുത്തിയപ്പോള്‍, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് രംഗത്തുവന്നത്. 1908-ല്‍ ഗ്രാന്‍ഡ് ചലഞ്ച് കപ്പ് മത്സരം നടത്തുന്ന ഹെന്‍ലിയില്‍ വച്ചായിരുന്നു ഒളിമ്പിക് തുഴയല്‍ മത്സരങ്ങള്‍. ആ ഒളിംപിക്സിനും 1912-ലെ ഒളിമ്പിക്സിനും ഇംഗ്ലണ്ടിനുവേണ്ടി സ്വര്‍ണം നേടിയത് ലിയാന്‍ഡര്‍ ക്ലബ്ബായിരുന്നു.

ഹെന്‍ലി റോയല്‍ റിഗാറ്റാമത്സരങ്ങളില്‍ ഇന്ന് വിവിധ ഇനങ്ങളിലായി സര്‍വകലാശാല, കോളജ്, സ്കൂള്‍ തലങ്ങളില്‍ വെവ്വേറെ തുഴയല്‍ മത്സരങ്ങള്‍ ഉണ്ട്. പല വിദേശ ടീമുകളും പതിവായി ഗ്രാന്‍ഡ് ചലഞ്ച് കപ്പില്‍ ഇപ്പോള്‍ പങ്കെടുക്കുന്നുണ്ട്. യു.എസ്സിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ടീം ഒന്നില്‍ കൂടുതല്‍ തവണ ഗ്രാന്‍ഡ് ചലഞ്ച് കപ്പ് നേടിയിട്ടുണ്ട്. 1956-ല്‍ ഫ്രാന്‍സില്‍ നിന്നുള്ള ടീം ഈ മത്സരത്തില്‍ പങ്കെടുക്കുകയും ചലഞ്ച് കപ്പ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സ്വിസ് ടീം ചലഞ്ച് കപ്പ് മത്സരങ്ങളില്‍ പല പ്രാവശ്യവും പങ്കെടുത്തു വിജയം വരിച്ചിട്ടുണ്ട്. 1954-ല്‍ ആണ് റഷ്യ ആദ്യമായി ഗ്രാന്‍ഡ് ചലഞ്ച് കപ്പിനുവേണ്ടി മത്സരിച്ചു തുടങ്ങിയത്. 1987 ജൂല. ഒന്നുമുതല്‍ അഞ്ചുവരെ നടന്ന ഹെന്‍ലി റോയല്‍ റിഗാറ്റായില്‍ റഷ്യ സുശക്തമായ ഒരു തുഴയല്‍ ടീമിനെയാണ് അയച്ചിരുന്നത്.

(എന്‍. പരമേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍