This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാന്റ്, യൂളിസസ് സിംപ്സണ്‍ (1822 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാന്റ്, യൂളിസസ് സിംപ്സണ്‍ (1822 - 85)

Grant, Ulysses Simpson

യൂളിസസ് സിംപ്സണ്‍ ഗ്രാന്റ്

യു.എസ്സിലെ 18-ാമതു പ്രസിഡന്റ്. ഇദ്ദേഹം 1822 ഏ. 27-ന് ഒഹായോവിലെ പോയിന്റ് പ്ലസന്റില്‍ ജനിച്ചു. ജോര്‍ജ് ടൗണിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം യു.എസ്. മിലിറ്ററി അക്കാദമിയില്‍ പഠിച്ച ഇദ്ദേഹം സൈന്യത്തില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായി. 1846-48-ല്‍ മെക്സിക്കന്‍ യുദ്ധത്തില്‍ പങ്കെടുത്തു. 1854 ഏ.-ല്‍ ഇദ്ദേഹം ജോലി രാജിവച്ചു. അമേരിക്കന്‍ ആഭ്യന്തരയുദ്ധം (1861-65) തുടങ്ങിയപ്പോള്‍ 21-ാം നമ്പര്‍ ഇല്ലിനോയ് സൈനിക വിഭാഗത്തിന്റെ കമാന്‍ഡറായി മിസ്സൗറിയിലെ ഗറില്ലാ സൈനികര്‍ക്കെതിരെ പോരാടി. 1861 ആഗ.-ല്‍ പ്രസിഡന്റ് ലിങ്കണ്‍ ഇദ്ദേഹത്തെ കെയ്റോ ആസ്ഥാനമാക്കിയുള്ള വോളണ്ടിയര്‍ സേനയുടെ ബ്രിഗേഡിയര്‍ ജനറലായി നിയമിച്ചു.

യുദ്ധം അവസാനിച്ചശേഷം തെക്കന്‍ സ്റ്റേറ്റുകളുടെ പുനഃസംവിധാനത്തിനുവേണ്ടിയുള്ള യത്നത്തില്‍ പ്രസിഡന്റ് ആന്‍ഡ്രൂ ജാക്സണുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് ഗ്രാന്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1868-ല്‍ ഹൊറേഷ്യോ സെയ്മറിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചു. ഗ്രാന്റിന്റെ ഭരണകാലത്ത് കൂ ക്ലസ് ക്ലാന്‍ എന്ന സംഘടനയുടെ അക്രമങ്ങള്‍ അമര്‍ച്ചചെയ്യാന്‍ ശ്രമിച്ചു. ഗവണ്‍മെന്റ്സ്വര്‍ണം വില്പന നടത്തുവാന്‍ അനുവദിച്ചു. ബ്രിട്ടനുമായുണ്ടാക്കിയ സന്ധിയിലൂടെ ആഭ്യന്തരയുദ്ധകാലത്തുണ്ടായ പല ഭിന്നതകളും ഒത്തുതീര്‍ത്തു. 1872-ല്‍ ഇദ്ദേഹം വീണ്ടും യു.എസ്. പ്രസിഡന്റായി. ഇത്തവണ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. മൂന്നാം തവണയും പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കുവാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 1885 ജൂല. 23-നു ഗ്രാന്റ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേഴ്സണല്‍ മെമ്മോയിഴ്സ് (1885-86) രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍