This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാം, ഹന്‍സ് ക്രിസ്റ്റ്യന്‍ യൊയാകിം (1853 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാം, ഹന്‍സ് ക്രിസ്റ്റ്യന്‍ യൊയാകിം (1853 - 1938)

Gram, Hans Christian Joachim

ഡാനിഷ് ബാക്റ്റീരിയോളജിസ്റ്റ്. സൂക്ഷ്മദര്‍ശിനിയിലൂടെ പഠനം നടത്തുന്നതിനുതകുംവിധം ബാക്റ്റീരിയങ്ങളെ നിറം പിടിപ്പിക്കുന്ന രീതി (Staining) കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.

1853 സെപ്. 13-നു കോപ്പന്‍ഹേഗനില്‍ ജനിച്ചു. പിതാവിന്റെ പേര് ഫ്രഡറിഹ് ടെര്‍ക്കല്‍ ജൂലിയസ് ഗ്രാം; അദ്ദേഹം നിയമജ്ഞനായിരുന്നു. 1878-ല്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്ര ബിരുദം നേടി. 1883-ല്‍ ഡോക്ടറേറ്റു ലഭിച്ചു. തുടര്‍ന്നു പഠനം നടത്തിയത് ജര്‍മനിയിലാണ്.

പാള്‍ ഏള്‍റിച്ച് എന്ന ജര്‍മന്‍ ബാക്റ്റീരിയോളജിസ്റ്റ് ക്ഷയരോഗ ബാസിലകളെ അഭിരഞ്ജനം ചെയ്യാന്‍ ഉപയോഗിച്ചുവന്ന രീതിയില്‍ നിന്നും ഉരുത്തിരിച്ചെടുത്ത പുതിയൊരു രീതിയാണ് ഗ്രാം സ്വീകരിച്ചത്. തന്റെ പുതിയ സാങ്കേതികത്വം ഉപയോഗിച്ച് എല്ലാത്തരം ബാക്റ്റീരിയങ്ങളെയും അഭിരഞ്ജനം നടത്താമെന്ന് ഇദ്ദേഹം തെളിയിച്ചു (1884). പുതിയ രീതി ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു-ഗ്രാം സ്റ്റെയിനിങ്. അനലിന്‍ ജലത്തില്‍ ജന്‍ഷന്‍ വയലറ്റ് കലര്‍ത്തിയ ലായനി ഉപയോഗിച്ച് ബാക്റ്റീരിയങ്ങളെ നിറം പിടിപ്പിച്ചശേഷം അയഡിന്റെയും പൊട്ടാസ്യം അയൊഡൈഡിന്റെയും ജലലായനിയില്‍ അഭിക്രിയ ചെയ്യുന്നു. തുടര്‍ന്ന് ആല്‍ക്കഹോളില്‍ കഴുകുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ചില ബാക്റ്റീരിയങ്ങളുടെ നിറം നഷ്ടപ്പെടുന്നു; ചിലവയുടെ നിറം നിലനില്ക്കുന്നു. നിറം നഷ്ടപ്പെട്ടവ ഗ്രാം നെഗറ്റീവ് ബാക്ടീരിയ എന്നും നിറം നേടിയവ ഗ്രാം പോസിറ്റീവ് ബാക്റ്റീരിയ എന്നും അറിയപ്പെടുന്നു. ഈ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ സൂഷ്മദര്‍ശിനിയിലൂടെയുള്ള വിശകലനം സാധ്യമായി എന്നു മാത്രമല്ല, ബാക്റ്റീരിയങ്ങളെ വര്‍ഗീകരിക്കാനും കഴിഞ്ഞു.

1891-ല്‍ ഇദ്ദേഹത്തെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഫാര്‍മക്കോളജി ലക്ചററായും പിന്നീട് പ്രൊഫസറായും നിയമിച്ചു. 1900-ല്‍ പത്തോളജിയുടെയും ചികിത്സാശാസ്ത്രത്തിന്റെയും അധ്യക്ഷനായി അവരോധിക്കപ്പെട്ടു.

1938-ല്‍ ന. 14-ന് കോപ്പന്‍ഹേഗനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍