This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാംഷി, അന്റോണിയോ (1891 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാംഷി, അന്റോണിയോ (1891 - 1937)

ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് നേതാവും ഇടതുപക്ഷ സൈദ്ധാന്തികനും. മാര്‍ക്സും എംഗല്‍സും ലെനിനും ചേര്‍ന്ന് രൂപപ്പെടുത്തിയ തൊഴിലാളിവര്‍ഗ ദര്‍ശനവും രാഷ്ട്രമീമാംസയും സാംസ്കാരിക നിലപാടും ഇറ്റാലിയന്‍ വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ പുനരാലോചിക്കുകയും അതിലൂടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിജ്ഞാനത്തെ കൂടുതല്‍ സമ്പന്നമാക്കുകയും ചെയ്തു എന്നതാണ് ഗ്രാംഷിയെ ഇടതുപക്ഷ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാക്കുന്നത്.

അന്റോണിയോ ഗ്രാംഷി

1891 ജനു. 23-ന് ഇറ്റലിയുടെ ഭാഗമായ സാര്‍ദീനിയ ദ്വീപിലെ അലസ്പട്ടണത്തില്‍ ജനിച്ചു. ദാരിദ്യ്രവും അനാരോഗ്യവും നിറഞ്ഞതായിരുന്നു ഗ്രാംഷിയുടെ സ്കൂള്‍ വിദ്യാഭ്യാസകാലം സ്കോളര്‍ഷിപ്പ് ലഭിച്ചതിനാല്‍ 1911-ല്‍ ടുറിന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചുവെങ്കിലും രോഗാതുരനായിത്തീര്‍ന്നതിനാല്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി.

1915-ല്‍ സര്‍വകലാശാലാവിദ്യാഭ്യാസം ഉപേക്ഷിച്ച ഗ്രാംഷി ഒരു മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായി. തുടര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ അവന്തിയുടെ പീയഡ്മണ്ട് എഡിഷന്റെ സഹപത്രാധിപനായി. ഇക്കാലത്താണ് ഇദ്ദേഹം ചരിത്രം, ദര്‍ശനം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടിയത്. ടുറിനിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (1917) സജീവ പ്രവര്‍ത്തകനായ ഗ്രാംഷി പാര്‍ട്ടിയുടെ പ്രവിശ്യാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടുറിനില്‍ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയ്ക്ക് 1917 ഒക്ടോബറില്‍ നടന്ന ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. യുദ്ധവിരുദ്ധ മനോഭാവക്കാരായ സോഷ്യലിസ്റ്റുകാര്‍ വിളിച്ചു ചേര്‍ത്ത സിമ്മര്‍വാള്‍ഡ്, കീയന്താള്‍ സമ്മേളനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പ്രസ്തുത സമ്മേളനം അംഗീകരിക്കുകയുണ്ടായി. വൈകാതെ ടുറിനിലെ തൊഴിലാളി പ്രക്ഷോഭങ്ങളുടെയും ഫാക്ടറി കൗണ്‍സില്‍ പ്രസ്ഥാനത്തിന്റെയും സൈദ്ധാന്തികനും മുഖ്യ വക്താവുമായി ഗ്രാംഷി മാറി.

1917-ല്‍ ടുറിനില്‍ നടന്ന തൊഴിലാളി സമരങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന കാലത്താണ് റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തെപ്പറ്റി ഗ്രാംഷി ഒരു ലേഖനം എഴുതുന്നത്. 'മൂലധനത്തിനെതിരായ വിപ്ലവം' എന്ന ശീര്‍ഷകത്തിലെഴുതിയ ഈ ലേഖനത്തില്‍ മാര്‍ക്സിന്റെ പ്രവചനത്തിനതീതമായ വ്യാവസായിക മുതലാളിത്തം വളരാത്ത ഒരു രാജ്യത്ത്, റഷ്യയില്‍, വിപ്ലവം വിജയിച്ചിതിനെ ഇദ്ദേഹം സൈദ്ധാന്തികമായി അപഗ്രഥിച്ചു.

1919-ല്‍ ബൊളോണയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തൊഴിലാളിസമിതികള്‍ കൂടുതല്‍ സ്ഥാപിച്ച് അവയെ വിപ്ലവ പ്രസ്ഥാനത്തിന്റെ മുഖ്യധാരയാക്കിത്തീര്‍ക്കണമെന്ന് ഗ്രാംഷിയും കൂട്ടരും വാദിച്ചു. റഷ്യയിലെ സോവിയറ്റുകള്‍ക്കു സമാനമാണ് ഫാക്ടറി കൗണ്‍സിലുകള്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ടുറിനിലെ തൊഴിലാളികള്‍ 1920 ആഗ.-സെപ്. മാസങ്ങളില്‍ പണിമുടക്കിക്കൊണ്ട് ഫാക്ടറികള്‍ പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടു. തത്ഫലമായി കമ്യൂണിസ്റ്റുകാര്‍ ഒരു പ്രത്യേക പാര്‍ട്ടിയായി വേറിട്ടു നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നവംബര്‍ മാസത്തില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ പ്രത്യേക പ്രകടനപ്പത്രിക പ്രസിദ്ധീകരിക്കുകയും അടുത്തവര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തിക്കെതിരെ മറ്റു സോഷ്യലിസ്റ്റ് കക്ഷികളുമായിച്ചേര്‍ന്ന് വിശാലമായ ഒരു ഐക്യമുന്നണി രൂപീകരിക്കണമെന്നായിരുന്നു ഗ്രാംഷിയുടെ അഭിപ്രായം.

ഫാസിസ്റ്റ് ഭരണകൂടം കമ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ പിടികൂടി ജയിലിലടച്ചിരുന്ന കാലത്ത് മോസ്കോയിലായിരുന്ന ഗ്രാംഷി 1924-ല്‍ വിയന്നവഴി ഇറ്റലിയില്‍ തിരിച്ചെത്തി. അധികം താമസിയാതെ ഇദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാരണത്താല്‍ അറസ്റ്റില്‍ നിന്നും താത്കാലിക പരിരക്ഷ ലഭിച്ചു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ വിഭാഗീയതകളെ മറികടന്ന് പാര്‍ട്ടിയെ നേര്‍വഴിക്കു കൊണ്ടുപോകാന്‍ ഗ്രാംഷിക്ക് അത്യധ്വാനം ചെയ്യേണ്ടിവന്നു. 1926 ജനുവരിയില്‍ ലിയോണില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സില്‍ 'ഫാസിസത്തിനെതിരായി ഐക്യമുന്നണി' എന്ന ഗ്രാംഷിയുടെ ആശയത്തിന് വ്യാപകമായ പിന്തുണ ലഭിച്ചതിനെത്തുടര്‍ന്ന് അതേ വര്‍ഷം നവംബറില്‍ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.

ഒന്നാം ലോകയുദ്ധാനന്തരം യൂറോപ്പില്‍ മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് ഭരണം സ്ഥാപിതമായി. ഗ്രാംഷിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഈ ഘട്ടത്തിലാണ് (1919-20), ടുറിനിലെ ഫാക്ടറി കൗണ്‍സിലുകള്‍ സ്ഥാപിക്കാനുള്ള പ്രക്ഷോഭത്തിന് തുടക്കമാകുന്നത്. റഷ്യയിലെ സോവിയറ്റുകള്‍ക്കു സമാനമായ ഈ ഫാക്ടറി കൗണ്‍സിലുകള്‍ ഇറ്റാലിയന്‍ സമൂഹത്തെയും ഭരണകൂടത്തെയും സമൂലമായി മാറ്റിമറിക്കാന്‍ പര്യാപ്തമാകുമെന്നായിരുന്നു ഗ്രാംഷി കണക്കുകൂട്ടിയതെങ്കിലും ഇതിനായുള്ള പ്രക്ഷോഭം പരാജയപ്പെടുകയാണുണ്ടായത്. എന്നിരുന്നാലും ഫാക്ടറി കൗണ്‍സിലുകള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം ജീവിതാന്ത്യംവരെ ഗ്രാംഷിയുടെ പ്രിയപ്പെട്ട വിഷയമായിനിലനിന്നു. ഈ പ്രസ്ഥാനത്തിന്റെ പരാജയത്തില്‍ നിന്നും സാമൂഹ്യവിപ്ലവം വിജയിക്കണമെങ്കില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമാണെന്ന പാഠം ഇദ്ദേഹം ഉള്‍ക്കൊള്ളുകയായിരുന്നു. എന്നാല്‍ വ്യവസായ മണ്ഡലത്തിലെ ജനാധിപത്യത്തിന് പകരമാവില്ല രാഷ്ട്രീയകക്ഷികള്‍. എങ്കിലും ഇവയെ പരസ്പരപൂരകമായിട്ടാണ് ഗ്രാംഷി കണ്ടത്.

മുതലാളിത്തം ഏറ്റവും കൂടുതല്‍ വികസിച്ച രാജ്യത്തിലായിരിക്കും സോഷ്യലിസ്റ്റ് വിപ്ലവം നടക്കുകയെന്ന യാഥാസ്ഥിതിക മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഗ്രാംഷിയുടെ നിലപാട്. പ്രസ്തുത നിലപാടു സ്വീകരിക്കുകവഴി മാര്‍ക്സിന്റെ വിപ്ലവസിദ്ധാന്തത്തിന് ഇദ്ദേഹം കലോചിതമായ പരിഷ്കരണം വരുത്തുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് 1917-ലെ റഷ്യന്‍ വിപ്ലവത്തെ 'മാര്‍ക്സിന്റെ കാഴ്ചപ്പാടിനെതിരായ വിപ്ലവം' എന്ന് ഗ്രാംഷി വിശേഷിപ്പിച്ചത്. സാമ്പത്തിക ഘടകങ്ങള്‍ മാത്രമല്ല ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും മനുഷ്യരും മനുഷ്യര്‍ ചേര്‍ന്നുണ്ടാകുന്ന സമൂഹവും അവരുടെ പരസ്പരബന്ധവും അവരുടെ കൂട്ടായ ഇച്ഛയുമാണ് സാമ്പത്തിക ഘടകങ്ങള്‍ക്കുമേല്‍ സ്വാധീനം ചെലുത്തുന്നതെന്നും ഇതാണ് സാമ്പത്തിക മാറ്റത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു ഗ്രാംഷിയുടെ നിരീക്ഷണം.

ഗ്രാംഷിയുടെ ധൈഷണിക സംഭാവനകളിലെ ഏറ്റവും കാതലായ സങ്കല്പമാണ് മേല്‍ക്കോയ്മ (Hegemony). ജനങ്ങള്‍ ഭരിക്കപ്പെടുന്നത് ബലപ്രയോഗത്തിലൂടെ മാത്രമല്ല, ദര്‍ശനങ്ങളിലൂടെയുമാണ് എന്നാണ് ഇതിന്റെ അടിസ്ഥാനാശയം. പൗരസമൂഹത്തിലെ ആശയപരമായ ചട്ടക്കൂടിന്റെ പിന്‍ബലമില്ലാതെ ബലപ്രയോഗത്തിലൂടെ മാത്രം ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ മേല്‍ക്കോയ്മ ഒരു പ്രതിസന്ധിയിലകപ്പെടും. പൗരസമൂഹത്തെയും രാഷ്ട്രീയ സമൂഹത്തെയും തമ്മില്‍ വേര്‍തിരിച്ചു കാണാനും ഗ്രാംഷി തയ്യാറായി. സ്വകാര്യ സ്ഥാപനങ്ങളായ വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍, സമിതി, പ്രസിദ്ധീകരണങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ മുതലായവയാണ് ഗ്രാംഷിയുടെ നിരീക്ഷണത്തില്‍ പൗരസമൂഹത്തില്‍പ്പെടുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ ബോധം നിര്‍മിക്കുകയും ദൃഢീകരിക്കുകയും ചെയ്യുന്നത് ഇവയാണ്. നേരിട്ട് മേധാവിത്വം അടിച്ചേല്പ്പിക്കുന്ന പൊതുസ്ഥാപനങ്ങളായ ഗവണ്‍മെന്റ്, കോടതികള്‍, പൊലീസ്, സൈന്യം എന്നിവ ഉള്‍പ്പെടുന്നതാണ് രാഷ്ട്രീയ സമൂഹം. പൗരസമൂഹത്തിലാണ് ബുദ്ധിജീവികള്‍ തങ്ങളുടെ സ്വാധീനം ചെലുത്തുന്നത്. മേല്‍ക്കോയ്മ സൃഷ്ടിക്കുന്നതില്‍ ബുദ്ധിജീവികള്‍ വിജയിക്കുകയാണെങ്കില്‍ ഭരണവര്‍ഗം പൗരസമൂഹത്തിന്റെ ഉപകരണങ്ങളെ ഉപയോഗിച്ചുകൊണ്ടായിരിക്കും ഭരണം നിര്‍വഹിക്കുക. ബുദ്ധിജീവികള്‍ പരാജയപ്പെട്ടാല്‍ ഭരണനിര്‍വഹണം ബലപ്രയോഗത്തിലൂടെയായിരിക്കും.

പാരമ്പര്യ ബുദ്ധിജീവികളെയും ജൈവ ബുദ്ധിജീവികളെയും തമ്മില്‍ ഗ്രാംഷി വേര്‍തിരിച്ചു കാണുന്നുണ്ട്. പാരമ്പര്യ ബുദ്ധിജീവികള്‍ ഒറ്റക്കെട്ടാണെന്ന് ചിന്തിക്കുകയും ആ നിലയില്‍ സ്വതന്ത്രമായി തങ്ങളുടെ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുന്നു. ജൈവ ബുദ്ധിജീവികളാകട്ടെ അവര്‍ ജനിച്ച വര്‍ഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. മധ്യകാലഘട്ടത്തിലെ പുരോഹിതവൃന്ദവും അവര്‍ക്ക് നാടുവാഴി വര്‍ഗവുമായുള്ള ബന്ധവും പാരമ്പര്യബുദ്ധിജീവികളുടെ ഉദാഹരണമായി ഗ്രാംഷി ചൂണ്ടിക്കാട്ടുന്നു.

പാരമ്പര്യബുദ്ധിജീവിയില്‍ നിന്നും ജൈവ ബുദ്ധിജീവിയിലേക്കുള്ള മാറ്റം പൂര്‍ണമാവുന്നത് വിപ്ലവകാലഘട്ടത്തില്‍ വിപ്ലവത്തിനു നേതൃത്വം കൊടുക്കുന്ന വര്‍ഗം അതിന്റെ ബുദ്ധിജീവിവിഭാഗത്തിന് ജന്മം നല്കുമ്പോഴാണ്. ബുദ്ധിജീവികളുടെ പങ്ക് പ്രായോഗിക പ്രവര്‍ത്തനത്തിലാണ് പൂര്‍ണമാവുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി ലെനിനുള്ള സങ്കല്പനത്തോടും അതിന്റെ പ്രവര്‍ത്തനരീതിയായ ജനാധിപത്യ കേന്ദ്രീകരണത്തോടും ഗ്രാംഷിക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി, പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനപ്പുറം ബലപ്രയോഗത്തിനുള്ള ഉപകരണമായിത്തീരും എന്ന് ഗ്രാംഷി നിരീക്ഷിക്കുകയുണ്ടായി.

മുതലാളിത്ത പ്രതിസന്ധി മൂടിവയ്ക്കാനുള്ള ഒരു ആസൂത്രിതപദ്ധതി കൂടിയാണ് ഫാസിസമെന്നും ഇറ്റലിയിലെ സവിശേഷ സാഹചര്യത്തില്‍ നടന്ന ഒരു നിശ്ശബ്ദ വിപ്ലവമായിട്ടാണ് ഫാസിസത്തെ കാണേണ്ടതെന്നും ഗ്രാംഷി വാദിച്ചു. മുതലാളിത്തത്തിനകത്തുനിന്നുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ പിന്തുണയോടുകൂടി സമ്പദ്ഘടനയെ നവീകരിക്കാനും പുനഃസംഘടിപ്പിക്കാനും അതിനുകഴിഞ്ഞു. ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം റഷ്യയില്‍ സമ്പദ്ഘടനയെ നവീകരിക്കുന്നതിനുവേണ്ടി അവലംബിച്ച നടപടികള്‍ക്കു നേര്‍വിപരീതമായിരുന്നു ഇത്. ഇറ്റലിയിലെ പ്രതിസന്ധി മൂടിവയ്ക്കാനല്ലാതെ പരിഹരിക്കാന്‍ ഫാസിസത്തിനു കഴിയില്ലെന്ന് ഗ്രാംഷി ചൂണ്ടിക്കാട്ടി. ഫാസിസം കുറച്ചുകാലം നിലനിന്നേക്കാമെങ്കിലും അതൊരു പുതുയുഗപ്പിറവിയാകില്ലെന്ന് ഗ്രാംഷി പ്രവചിച്ചു. ഇദ്ദേഹത്തിന്റെ വിശകലനം ശരിയായിരുന്നുവെന്ന് അനന്തരകാല സംഭവവികാസങ്ങള്‍ തെളിയിക്കുകയുണ്ടായി.

ഇറ്റാലിയന്‍ സമൂഹത്തിലെ അടിസ്ഥാന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാതിരുന്നിട്ടും ഫാസിസം എന്തുകൊണ്ട് അതിജീവിച്ചു എന്നത് ഒരു പ്രസക്തമായ പ്രശ്നമായിരുന്നു. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പത്തിക മണ്ഡലവും രാഷ്ട്രീയവും തമ്മിലുള്ള അനിവാര്യബന്ധത്തെ ഗ്രാംഷി കീറിമുറിച്ചു പരിശോധിക്കുകയും ഭരണകൂടത്തിന്റെ സ്വഭാവത്തെ വിലയിരുത്തുകയും ചെയ്തു. ഈ സുപ്രധാന വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനിടയ്ക്ക് രാഷ്ട്രീയത്തിന് അതിന്റേതായ ചലനനിയമവും സ്വതന്ത്രമണ്ഡലവും ഉണ്ടെന്നും സാമ്പത്തിക മണ്ഡലം, സദാചാരം, മതം എന്നിവകളില്‍ നിന്ന് അത് വ്യത്യസ്തമാണെന്നും ഗ്രാംഷി കണ്ടെത്തി. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തി രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ഭരണകൂടവും പൗരസമൂഹവും തമ്മിലുള്ള സവിശേഷബന്ധത്തില്‍ നിന്നാണ് ഗ്രാംഷി തന്റെ ഭരണകൂട സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയത്. സാമ്പത്തിക ബന്ധങ്ങളുടെ സമഗ്രതയെപ്പറ്റിയാണ് മാര്‍ക്സ് പഠനം നടത്തിയതെങ്കില്‍ ഗ്രാംഷിയുടെ ശ്രദ്ധ പതിഞ്ഞത് ഉപരിഘടനയെപ്പറ്റി പഠിക്കുന്നതിലായിരുന്നു. പ്രബലവര്‍ഗത്തിന്റെ മേല്‍ക്കോയ്മ ബലപ്രയോഗത്തിലൂടെയല്ല മറിച്ച് സാംസ്കാരികമായിട്ടാണ് പൗരസമൂഹത്തില്‍ പ്രയോഗിക്കപ്പെടുന്നത്. എന്നാല്‍ എല്ലാ സമൂഹങ്ങളിലും ഒരേപോലെയല്ല ഈ മേല്‍ക്കോയ്മ നിലനില്ക്കുന്നതെന്ന് റഷ്യയിലെയും പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെയും പൗരസമൂഹത്തെയും വേര്‍തിരിച്ചുകാണിച്ചുകൊണ്ട് ഗ്രാംഷി ഇത് സമര്‍ഥിച്ചു. അവികസിതമായ രാഷ്ട്രങ്ങളില്‍ മാത്രമേ നേരിട്ടുള്ള ആക്രമണത്തിന് പ്രസക്തിയുള്ളൂ. കൂടുതല്‍ വികസിതമായിട്ടുള്ള രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരെ മാത്രമായി വിപ്ലവത്തിന്റെ കുന്തമുന തിരിച്ചാല്‍ വിജയിക്കുകയില്ല. അവിടെ പൗരസമൂഹത്തിനെതിരെ വേണം പ്രാഥമികമായ ആക്രമണം നടത്തേണ്ടതെന്നു, തുടങ്ങിയ തന്റെ കാഴ്ചപ്പാടുകളെ സൈനികഭാഷ ഉപയോഗിച്ച് ഗ്രാംഷി വിശേഷിപ്പിക്കുന്നത് 'പ്രാസ്ഥാനിക സമര'മെന്നും 'പദവിക്കുവേണ്ടിയുള്ള സമര'മെന്നുമാണ്. വികസിത മുതലാളിത്തരാജ്യങ്ങളില്‍ രണ്ടാമത്തെ മാര്‍ഗമാണ് ഉചിതമെന്നും ഗ്രാംഷി ചൂണ്ടിക്കാട്ടുന്നു.

ഒരു പത്രപ്രവര്‍ത്തകനും രാഷ്ട്രീയ പ്രക്ഷോഭകനുമായിരുന്ന ഗ്രാംഷിയുടെ ആദ്യഘട്ടത്തിലെ രചനകളിലും ജയില്‍വാസകാലത്ത് എഴുതിയ പക്വതയാര്‍ന്ന കൃതികളിലും തെളിഞ്ഞു നില്ക്കുന്നത് മാര്‍ക്സിസത്തിന്റെ പ്രയോഗത്തെയും വ്യാഖ്യാനത്തെയും സംബന്ധിച്ച അഗാധമായ ഉള്‍ക്കാഴ്ചകളാണ്. സിദ്ധാന്തത്തെയും പ്രയോഗത്തെയും തമ്മില്‍ സമന്വയിപ്പിക്കുന്ന രചനകളാണ് ഗ്രാംഷിയുടേതെന്നതാണ് ഒന്നാമത്തെ സവിശേഷത. പ്രയോജന വാദികളായ ചില മാര്‍ക്സിസ്റ്റുകാരുടെ സമീപനത്തെ ഇദ്ദേഹം വിമര്‍ശിച്ചു. വസ്തുതകള്‍ സ്വയമേവ പ്രകാശിതമാവുന്നില്ലെന്നും അവയ്ക്ക് അര്‍ഥസമ്പുഷ്ടി സിദ്ധിക്കുന്നത് ഒരു സൈദ്ധാന്തിക ചട്ടക്കൂടിന്റെ സഹായത്തോടെ വ്യാഖ്യാനിക്കുമ്പോഴാണെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. ഹെഗേലിയനിസത്തില്‍ നിന്നും വികസിച്ചുവന്നതാണ് മാര്‍ക്സിസമെന്ന് മനസ്സിലാക്കുകയും എംഗല്‍സിന്റെ സിദ്ധാന്തങ്ങളെ മാര്‍ക്സിന്റേതുമായി കൂട്ടിക്കുഴയ്ക്കുന്നത് പിശകായിരിക്കുമെന്നതാണ് ഗ്രാംഷിയന്‍ നിരീക്ഷണങ്ങളുടെ രണ്ടാമത്തെ സവിശേഷത. മൂന്നാമതായി, മാര്‍ക്സിനുശേഷമുള്ള മറ്റേതൊരു മാര്‍ക്സിസ്റ്റിനെക്കാളും കൂടുതല്‍ ചരിത്രപഠനത്തിന് പ്രാധാന്യം നല്കിയ ധൈഷണികനായിരുന്നു ഗ്രാംഷി.

മുഴുവന്‍സമയ വിപ്ലവകാരികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലെനിന്‍ നല്കിയപ്പോള്‍ ബുദ്ധിജീവികള്‍ക്കാണ് ഗ്രാംഷി ഊന്നല്‍ നല്കിയത്. എന്നാല്‍ ബുദ്ധിജീവികള്‍ വിപ്ലവകാരികളെപ്പോലെ ഒരു പ്രത്യേക വിഭാഗമായിട്ടല്ല നിലകൊള്ളേണ്ടതെന്നും കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ജനസാമാന്യവുമായി ഇഴുകിച്ചേര്‍ന്നാണവര്‍ ജീവിക്കേണ്ടത് എന്നുള്ള നിരീക്ഷണമാണ് മാര്‍ക്സിസത്തിന് ഗ്രാംഷി നല്കുന്ന ശ്രദ്ധേയമായ സംഭാവന.

സാംസ്കാരികമായ മേധാവിത്വം ബൂര്‍ഷ്വാസിക്ക് നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളംകാലം തൊഴിലാളി വര്‍ഗവിപ്ലവം അസാധ്യമാണെന്ന് ഗ്രാംഷി ചൂണ്ടിക്കാട്ടുന്നു. തൊഴിലാളിവര്‍ഗ താത്പര്യത്തോടാഭിമുഖ്യം പുലര്‍ത്തുന്ന ബുദ്ധിജീവികളുടെ സക്രിയമായ പങ്കാളിത്തമില്ലാതെ തൊഴിലാളിവര്‍ഗത്തിന്റേതായ ബദല്‍ മേധാവിത്വം സ്ഥാപിക്കുക അസാധ്യമാണ്. ഭരണകൂടാധികാരം പിടിച്ചെടുക്കുന്നതിനു മുമ്പുതന്നെ പൗരസമൂഹത്തെയാകെ ആശയപരമായി ആയുധമണിയിക്കാനുതകുന്ന തരത്തില്‍ തൊഴിലാളിവര്‍ഗകക്ഷി ഒരു വിദ്യാഭ്യാസ പ്രസ്ഥാനമായി പ്രവര്‍ത്തിക്കണം.

1891 മുതല്‍ 1937 വരെ നീണ്ടുനിന്ന നാല്പത്തിയാറു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആദ്യത്തെ പത്തൊന്‍പതു വര്‍ഷക്കാലമൊഴികെയുള്ള ജീവിതമത്രയും വായനയ്ക്കും എഴുത്തിനും വേണ്ടിയാണ് ഗ്രാംഷ്ചി വിനിയോഗിച്ചത്. ഗ്രാംഷിയുടെ രചനാകാലഘട്ടത്തെ പൊതുവില്‍ രണ്ടായിത്തിരിക്കാം-ജയില്‍വാസ പൂര്‍വഘട്ടവും ജയില്‍വാസഘട്ടവും. ജയില്‍വാസ പൂര്‍വഘട്ട രചനകളില്‍ പത്രപ്രവര്‍ത്തനത്തിനും രാഷ്ട്രമീമാംസാപരമായ പ്രശ്നങ്ങള്‍ക്കുമാണ് ഇദ്ദേഹം മുന്‍ഗണന നല്കിയത്. ജയില്‍ക്കുറിപ്പുകളിലാകട്ടെ ദാര്‍ശനികവും ചരിത്രപരവുമായ പ്രശ്നങ്ങള്‍ക്കാണ് മുന്‍തൂക്കം. 1929 മുതല്‍ 35 വരെയുള്ള കാലത്തായിരുന്നു ജയില്‍വാസം. ജയില്‍വാസ പൂര്‍വഘട്ടത്തില്‍, 1921 മുതല്‍ 26 വരെയുള്ള കാലത്താണ് രാഷ്ട്രീയമായ രചനകള്‍ കൂടുതലും നിര്‍വഹിച്ചത്.

1929 ജനുവരിയില്‍ എഴുതാനുള്ള സ്വാതന്ത്ര്യം ജയിലധികൃതര്‍ ഗ്രാംഷിക്കു നല്കുകയും 1929 ഫെ. 8-ന് ജയിലിന്റെ മുദ്ര വച്ച ഒരു നോട്ടുപുസ്തകത്തില്‍ അദ്ദേഹം തന്റെ രചനകള്‍ ആരംഭിക്കുകയും ചെയ്തു. ബാല്യം മുതല്‍ക്കേ അനുഭവപ്പെട്ടിരുന്ന നട്ടെല്ലു സംബന്ധിയായ രോഗവും ഇതര അനാരോഗ്യ പ്രശ്നങ്ങളും വിട്ടുമാറാതെ നിന്നെങ്കിലും ഗ്രാംഷി തന്റെ എഴുത്ത് തുടരുക തന്നെ ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 1935 ആഗസ്റ്റില്‍ ക്വിസിസാനാ സാനിട്ടോറിയത്തിലേക്ക് ഗ്രാംഷിയെ മാറ്റുകയുണ്ടായി. അവിടെ വച്ച് മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് 1937 ഏ. 27-ന് മരണമടയുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍