This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹയോഗം

Planetary Conjunctions

ആകാശത്ത് രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ (സൂര്യനും ചന്ദ്രനും ഉള്‍പ്പെടെ) രാശിചക്രത്തില്‍ ഒരേ സ്ഥാനത്ത് (nearly same geometric longitude) വരുന്നതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞ. ബുധനും ശുക്രനും സൂര്യനുമായി രണ്ടുതരം യോഗം സാധ്യമാണ്. ഒന്ന്, സൂര്യനും ഭൂമിക്കും ഇടയ്ക്ക് വരുമ്പോള്‍ (അന്തര്യുതി- Inferior conjunction). രണ്ട്, സൂര്യനു പിന്നില്‍ വരുമ്പോള്‍ (ബാഹ്യ യുതി-Superior conjunction). എന്നാല്‍ ബാഹ്യ ഗ്രഹങ്ങള്‍ക്ക് (ഉദാ. വ്യാഴം, ചൊവ്വ) ഇതില്‍ രണ്ടാമത്തെ യോഗമേ സാധ്യമാകൂ. ശരിയായ അര്‍ഥത്തില്‍ യോഗം ചെയ്യുന്ന ഗ്രഹങ്ങളുടെ പ്രസരണകോണം (സൂര്യനില്‍ നിന്നുള്ള കോണീയ അകലം -elongation) പൂജ്യം ആയിരിക്കണം. എന്നാല്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുന്നതിനെ മിക്കപ്പോഴും ഗ്രഹയോഗം എന്നു വിളിക്കാറുണ്ട്. പ്രാചീന ഭാരതത്തില്‍ അറുപതു വര്‍ഷത്തെ കലണ്ടര്‍ നിര്‍മിച്ചിരുന്നത് വ്യാഴവും ശനിയും ഒരു പ്രത്യേക രാശിയില്‍ (Zodiac Sign) അറുപതു വര്‍ഷത്തിലൊരിക്കല്‍ യോഗം ചെയ്യുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

പ്രാചീന ഭാരതത്തില്‍ ഗ്രഹയോഗങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ പല അളവുകളും നിര്‍ണയിച്ചിരുന്നു. താഴെ പറയുന്ന ആര്യഭടീയ ശ്ളോകം ഇതു വ്യക്തമാക്കുന്നു:

"ക്ഷിതിരവി യോഗാത് ദിനകൃത്

രവീന്ദുയോഗാത് പ്രസാധിത ചേന്ദു!

ശശിതാരാഗ്രഹ യോഗാത്

തഥൈവ താരാഗ്രഹ: സര്‍വ (4.48)

ഭൂമിയുടെയും സൂര്യന്റെയും യോഗത്തില്‍ നിന്ന് സൂര്യന്റെ സ്ഥാനവും സൂര്യ-ചന്ദ്ര യോഗത്തില്‍ നിന്നും ചന്ദ്രന്റെ സ്ഥാനവും ചൊവ്വ മുതലായ അന്യഗ്രഹങ്ങളുടെ ആപേക്ഷിക വ്യാസം തുടങ്ങിയ എല്ലാ വസ്തുതകളും ചന്ദ്രനുമായിട്ടുള്ള യോഗ സമയത്തുള്ള നിരീക്ഷണങ്ങളില്‍ നിന്നും നമുക്ക് ലഭിക്കും എന്നു സാരം.

വാവു ദിവസങ്ങളില്‍ സൂര്യചന്ദ്രന്മാരുടെ യോഗം ഒരു രാശിയില്‍ സംഭവിക്കുന്നു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഒരേ രേഖയില്‍ വരുന്ന സമയമാണിത്. ഈ സമയത്ത് ഭൂമിയില്‍ സൂര്യനും ചന്ദ്രനും ചെലുത്തുന്ന വേലിയേറ്റ ബലം (Tidal force) വര്‍ധിച്ചു കാണപ്പെടും. സമുദ്രതീരത്ത് തിരമാലകളുടെ ഉയരം ഏറ്റവും കൂടുന്നതായി അപ്പോള്‍ അനുഭവപ്പെടും.

സൂര്യ-ചന്ദ്രഗ്രഹണ സമയങ്ങളില്‍ സൂര്യന്‍, ചന്ദ്രന്‍, രാഹു (അല്ലെങ്കില്‍ കേതു, ചന്ദ്രഗ്രഹണത്തില്‍ രണ്ടും) എന്നിവയുടെ യോഗം സംഭവിക്കുന്നു. പല ഗ്രഹങ്ങള്‍ യോഗം ചെയ്തു നില്ക്കുമ്പോള്‍ അവയുടെ ഗുരുത്വാകര്‍ഷണ ബലം കൂടിച്ചേര്‍ന്ന് അല്പം വര്‍ധിക്കുന്നു. ഇതിനാല്‍ ഊര്‍ജതന്ത്രപരമായി ഗ്രഹയോഗങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നു. (സൂര്യചന്ദ്രന്മാരുടെ ഗുരുത്വാകര്‍ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു ഗ്രഹങ്ങള്‍ക്കു ഭൂമിക്കുമേലുള്ള സ്വാധീനം നിസ്സാരമാണ്). കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും അടുത്ത ഗ്രഹയോഗം സംഭവിച്ചത് 1962 ഫെബ്രുവരി 5-ന് ആയിരുന്നു. അന്ന് സൂര്യന്‍, ചന്ദ്രന്‍, രാഹു, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ എട്ടു ഗ്രഹങ്ങള്‍ മകരം രാശിയില്‍ യോഗം ചെയ്തു. ഒരു ആകാശ വിസ്മയം എന്നതിലുപരി ഗ്രഹയോഗങ്ങള്‍ക്ക് എന്തെങ്കിലും പ്രാധാന്യമുള്ളതിന് തെളിവില്ല. രാഹുകേതുക്കള്‍ സാങ്കല്പിക ബിന്ദുക്കള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

(റ്റി.ഇ. ഗിരീഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍