This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹനില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹനില

ഭൂമിയിലെ ഒരു നിരീക്ഷകന് സൂര്യന്‍, ചന്ദ്രന്‍, കുജന്‍ തുടങ്ങിയ ഇതര നഭോഗോളങ്ങളും രാഹു, കേതു എന്നിങ്ങനെയുള്ള മറ്റു ചില സാങ്കല്പിക ബിന്ദുക്കളും ഏതേതു ദിശകളില്‍ (കോണങ്ങളില്‍) ഒരു നിശ്ചിത സമയത്തു കാണപ്പെടുന്നുവോ ആ സ്ഥാനങ്ങളില്‍ അതതു ഗ്രഹങ്ങളെ സൂചിപ്പിക്കുന്ന ചിത്രീകരണമാണ് ആ സമയത്തെ ഗ്രഹനില. ഭാരതീയ ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഏതാണ്ട് വൃത്താകാരമായ ഒരു സാങ്കല്പിക നഭോമാര്‍ഗത്തില്‍ക്കൂടി ഭൂമിയ്ക്കുചുറ്റും സദാചരിച്ചുകൊണ്ടിരിക്കുന്നു. ഈ രാശിക്രമത്തില്‍ ഓരോ ഗ്രഹത്തിന്റെയും സ്ഥാനംകുറിക്കുന്നത് ഒരു നിശ്ചിത ആരംഭബിന്ദുവില്‍ നിന്ന് പ്രസ്തുതഗ്രഹം എത്ര ഡിഗ്രി (ഭാഗ) അകലെയാണെന്നു പ്രസ്താവിച്ചാണ്. 360o ഉള്ള രാശിചക്രത്തെ 30o വീതമുള്ള പന്ത്രണ്ട് മേഖലകളായി വിഭജിക്കുന്നു. ഇവയാണ് 12 രാശികള്‍. ഭൂമിയെ ഒരു ബിന്ദുവായി കരുതി അതില്‍ നിന്ന് അശ്വതി നക്ഷത്രം വരെയുള്ള സാങ്കല്പിക ഋജുരേഖ രാശിചക്രത്തെ ഖണ്ഡിക്കുന്ന സാങ്കല്പിക ബിന്ദുവാണ് ആരംഭബിന്ദു-അതായത് 0o. ഈ ബിന്ദു മുതല്‍ 30o വരെയുള്ള മേഖലയാണ് മേടം രാശി. അതിനടുത്ത 30o മേഖലയാണ് ഇടവം രാശി. ഇങ്ങനെ ക്രമത്തിന് മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികള്‍ ആകുന്നു. മീനം രാശിയുടെ അന്ത്യബിന്ദുവാണ് മേടം രാശിയുടെ ആരംഭ ബിന്ദു. ഈ വൃത്തപഥത്തെ സൗകര്യത്തിനായി ചതുരാകൃതിയില്‍ കുറിക്കുന്ന രീതിയാണ് ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലുള്ളത്. രാശിക്രമം ചിത്രത്തില്‍ നല്കിയിരിക്കുന്നു.

ചിത്രം:Pg 421 vol 10 scr001.png

ഒരു നിര്‍ദിഷ്ട സമയത്ത് കിഴക്കെ ചക്രവാളത്തില്‍ ഏതു രാശി വരുന്നുവോ അതാണ് ആ സമയത്തെ ലഗ്നരാശി അഥവാ ലഗ്നം. ഓരോ ഗ്രഹവും ലഗ്നവും അതതു രാശികളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രീകരണമാണ് നിര്‍ദിഷ്ട സമയത്തെ ഗ്രഹനില. ജനനസമയത്തെ ഗ്രഹനിലയാണ് ജാതകം.

പാശ്ചാത്യ ജ്യോതിഷത്തില്‍ ഗ്രഹനിലയും രാശികളും സൂചിപ്പിക്കുന്നത് വൃത്തത്തിലാകുന്നു. എന്നാല്‍ ആരംഭബിന്ദു അല്പം വ്യത്യസ്തമാകുന്നു. ആ രീതിക്ക് സായനരീതി എന്നും ഭാരതീയ രീതിക്കു നിരയനരീതി എന്നും പറയുന്നു.

ഉത്തരേന്ത്യയില്‍ ഗ്രഹനില ചിത്രീകരിക്കുന്നത് നിരയനരീതി അനുസരിച്ചാണെങ്കിലും ദക്ഷിണേന്ത്യയിലെ രീതിയിലല്ല. ഒരു സമചതുരത്തിനുള്ളില്‍ പന്ത്രണ്ടു രാശികള്‍ തൊട്ടുതൊട്ടു കാണിക്കുന്നു. ഇവിടെ ചിത്രീകരണത്തില്‍ ലഗ്നസ്ഥാനം സ്ഥിരമാക്കി അത് ഏതു രാശി (മേടം മുതല്‍ ഉള്ള എണ്ണം) എന്ന് സംഖ്യ കൊണ്ട് സൂചിപ്പിക്കുന്നു. മുകള്‍ ഭാഗത്ത് നടുവിലുള്ള രാശിയാണ് ലഗ്നം. രാശിക്രമം അപ്രദക്ഷിണമായിട്ടാണ് തുടരുന്നത്. ഒരേ ഗ്രഹനില തന്നെ രണ്ടു രീതികളില്‍ ചിത്രത്തില്‍ ചേര്‍ക്കുന്നു.

ഗ്രഹസ്ഥിതരാശി മാത്രമേ ഈ ചിത്രീകരണങ്ങളില്‍ സൂചിതമായിട്ടുള്ളു. ഉദാഹരണമായി സൂര്യന്‍ (ര) ഇടവം രാശിയാണെന്നു മാത്രമേ ഈ ഗ്രഹനിലയില്‍ നിന്നു മനസ്സിലാകുന്നുള്ളു. ഇടവം രാശിയിലെ 30o ക്കുള്ളില്‍ സൂര്യന്റെ കൃത്യമായ സ്ഥാനം എവിടെയെന്ന് ഇവയില്‍ നിന്ന് വ്യക്തമല്ല. ആരംഭബിന്ദുവില്‍ നിന്ന് ഓരോ ഗ്രഹവും എത്ര ഡിഗ്രിയില്‍ നില്ക്കുന്നു എന്നു പ്രസ്താവിക്കുന്നതിനെ അതതു ഗ്രഹത്തിന്റെ സ്ഫുടം (longitude) എന്നു പറയുന്നു. ഗ്രഹനിലയില്‍ത്തന്നെ ഓരോ ഗ്രഹത്തിന്റെയും കൃത്യമായ സ്ഥാനം കൂടി ചിലപ്പോള്‍ സൂചിപ്പിക്കാറുണ്ട്.

ജ്യോതിഷ സംബന്ധികളായ എല്ലാ സംഗതികളിലും-ജാതകം, പ്രശ്നം, മുഹൂര്‍ത്തം ഇത്യാദി-സംഗതമായ സമയത്തെ കൃത്യമായ ഗ്രഹനിലയില്‍ നിന്നാണ് പ്രവചനാദി വിചിന്തനങ്ങള്‍ നടത്തപ്പെടുന്നത്. തന്മൂലം ഗ്രഹനിലയ്ക്ക് ജ്യോതിഷത്തില്‍ അടിസ്ഥാനപരമായ പ്രധാന്യമുണ്ട്. ഗ്രഹനില ത്രികാലഫലങ്ങളെ സൂചിപ്പിക്കുന്നു എന്നാണ് ജ്യോതിഷ തത്ത്വം.

(ഡോ. കെ.പി. ധര്‍മരാജന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A8%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍