This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹണയുഗ്മതാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹണയുഗ്മതാര

Eclipsing binary

ഒരു പൊതുകേന്ദ്രത്തെ ആധാരമാക്കി പരസ്പരം ഭ്രമണം ചെയ്യുന്ന ഇരട്ടനക്ഷത്രങ്ങളില്‍ പ്രകാശം കുറഞ്ഞത് മറ്റേ ഘടകനക്ഷത്രത്തിനും ഭൂമിക്കുമിടയ്ക്കു വന്നെത്തുമ്പോള്‍ അവയില്‍ നിന്നു ഭൂമിയില്‍ പതിക്കുന്ന പ്രകാശത്തിന്റെ അളവ് സാരമായി കുറയുകയും നിരീക്ഷകനു ഗ്രഹണപ്രതീതി ജനിക്കുകയും ചെയ്യുന്നു. ഇതാണ് 'ഗ്രഹണയുഗ്മതാര' (eclipsing binary) എന്ന പേരിലറിയപ്പെടുന്നത്. ജെമിനിയന്‍ മോന്റനാരി (Geminian Montanari) എന്ന ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍ 1667-ല്‍ 'അല്‍ഗോള്‍' (Algol) എന്ന ഇരട്ട നക്ഷത്രത്തിന്റെ ഇത്തരമൊരു ഗ്രഹണം കണ്ടെത്തിയെങ്കിലും ഒരു നൂറ്റാണ്ടു കഴിഞ്ഞ് ജോണ്‍ ഗൂഡ്റിക്ക് (John Goodrick) എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണിതിനു തൃപ്തികരമായ വിശദീകരണം നല്കിയത്. ഇതുവരെ ആയിരക്കണക്കിന് ഗ്രഹണയുഗ്മതാരകളെ കണ്ടെത്തിയിട്ടുണ്ട്.

യുഗ്മതാരകള്‍ക്ക് ഓരോ ഭ്രമണത്തിലും രണ്ടു ഗ്രഹണം സംഭവിക്കുന്നു. ഒരു ഘടകനക്ഷത്രം മറ്റേതിനും ഭൂമിക്കുമിടയ്ക്ക് വരുമ്പോഴാണ് ഒരു ഗ്രഹണം നടക്കുന്നത്. രണ്ടാമത്തെ ഘടകനക്ഷത്രം ഇടയില്‍ വരുമ്പോള്‍ അടുത്ത ഗ്രഹണവുമുണ്ടാകുന്നു. ഭൂമിയില്‍ കിട്ടുന്ന പ്രകാശത്തിന് ഏറ്റക്കുറച്ചിലുണ്ടാകുക എന്നതാണിത്തരം ഗ്രഹണങ്ങളുടെ പ്രത്യാഘാതം. ഈ പ്രകാശ വ്യതിയാനം പല ഘടകങ്ങളെയുമാശ്രയിച്ചിരിക്കും. ഘടക നക്ഷത്രങ്ങളുടെ വലുപ്പവ്യത്യാസമാണൊന്ന്. ഈ വ്യത്യാസം അവയ്ക്കു തമ്മിലും പരിക്രമണപഥത്തെ അപേക്ഷിച്ചുമാകാം. ദീര്‍ഘവൃത്താകാര(elliptical)മായ പഥത്തില്‍ ചരിക്കുന്ന നക്ഷത്രങ്ങളുടെ ഭ്രമണവേഗം പലയിടത്തും പലതായിരിക്കും. ഘടക നക്ഷത്രങ്ങള്‍ ഏറ്റവുമടുത്തെത്തുമ്പോള്‍ ഭ്രമണവേഗം കൂടുകയും അകലുമ്പോള്‍ കുറയുകയും ചെയ്യുന്നു. തന്മൂലം ഗ്രഹണങ്ങളുടെ ദൈര്‍ഘ്യം ഒന്നായിരിക്കില്ല. ഘടകനക്ഷത്രങ്ങളുടെ വലുപ്പ വ്യത്യാസം ഗ്രഹണത്തിന്റെ സ്വഭാവത്തെ ബാധിക്കും. വലുപ്പം കൂടിയ നക്ഷത്രം മറ്റേതിന്റെ മുന്നിലാകുമ്പോള്‍, ശോഭ വളരെ കുറയുന്നു.

ഗ്രഹണയുഗ്മതാരകള്‍ പലവിധത്തിലും പ്രധാന്യമര്‍ഹിക്കുന്നു. ആവര്‍ത്തനകാലത്തിലുണ്ടാകുന്ന വ്യത്യാസം കണക്കാക്കി ഭ്രമണപഥങ്ങളുടെ വികേന്ദ്രത (eccentricity)-അതായത്, വൃത്താകാരത്തില്‍ നിന്നുള്ള വ്യതിയാനം-കണ്ടുപിടിക്കാം. ഭ്രമണവേഗത്തിന്റെ രീതി നിരീക്ഷിച്ച് പഥത്തിലെ അക്ഷങ്ങളുടെ അനുപാതവും കണക്കാക്കാം. മറ്റൊന്ന് സ്പെക്ട്രപഠനമാണ്. യുഗ്മതാരയില്‍ നിന്നു വരുന്ന പ്രകാശത്തിന്റെ സ്പെക്ട്രത്തെക്കുറിച്ചുള്ള പഠനം, ഘടക താരകളുടെ ദ്രവ്യമാനം നിര്‍ണയിക്കാന്‍ സഹായിക്കുന്നു.

(പ്രൊഫ. പി.സി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍