This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രനേഡിയര്‍ റജിമെന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രനേഡിയര്‍ റജിമെന്റ്

ഗ്രനേഡ് പ്രയോഗത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സൈനികവിഭാഗം. ലോകത്ത് ആദ്യമായി ഫ്രഞ്ചു പട്ടാളത്തിലാണ് ഗ്രനേഡിയര്‍ റജിമെന്റുകള്‍ സംഘടിപ്പിക്കപ്പെട്ടത്. 15-ാം ശ. മുതല്‍ ചില യുദ്ധരംഗങ്ങളില്‍ ഗ്രനേഡുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും അതിനൊരു സംഘടിതരൂപം കൈവന്നത് 17-ാം ശ. മുതലാണ്.

ഫ്രഞ്ചുകാരെത്തുടര്‍ന്ന് ബെല്‍ജിയവും പിന്നീട് മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഗ്രനേഡിയര്‍ റജിമെന്റുകള്‍ സംഘടിപ്പിക്കുകയുണ്ടായി. 17-18 ശ.-ങ്ങളില്‍ ഗ്രനേഡിയര്‍ റജിമെന്റുകള്‍ ആയോധന വിഭാഗത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ചുപോന്നു.

ഗറില്ലാ യുദ്ധമുറകളില്‍ പ്രയോഗിക്കാന്‍ പറ്റിയ യുദ്ധോപകരണമാണ് ഗ്രനേഡ്. വിയറ്റ്നാമില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ഇരച്ചുകയറ്റത്തെ തടയുന്നതില്‍ വിയറ്റ്നാമിലെ ഗ്രനേഡിയര്‍ റജിമെന്റുകള്‍ വമ്പിച്ച വിജയം കൈവരിക്കുകയുണ്ടായി.

ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് ഇന്ത്യയില്‍ ഗ്രനേഡിയന്‍ റജിമെന്റുകള്‍ സംഘടിപ്പിക്കപ്പെട്ടത്. ഈ വിഭാഗത്തിനു പ്രത്യേക തരം ഉടുപ്പുകളും തൊപ്പിയും മുദ്രകളുമുണ്ടായിരുന്നു. ബാഡ്ജിന്റെ രൂപം ഒരു കത്തുന്ന ഗ്രനേഡി(flaming grenade)ന്റേതായിരുന്നു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിലും പിന്നീട്, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയും പാകിസ്താനുമായി നടന്ന യുദ്ധങ്ങളിലും ഇന്ത്യന്‍ ഗ്രനേഡിയര്‍ റജിമെന്റുകള്‍ ധീരമായി പോരാടി വമ്പിച്ച വിജയങ്ങള്‍ കൈവരിക്കുകയുണ്ടായിട്ടുണ്ട്. യുദ്ധരംഗങ്ങളില്‍ കുതിരപ്പട്ടാളവും ഗ്രനേഡുകള്‍ പ്രയോഗിക്കാറുണ്ട്. കാലാള്‍പ്പടയെക്കാള്‍ മിന്നല്‍വേഗത്തില്‍ ഗ്രനേഡുകള്‍ വിന്യസിപ്പിക്കുവാന്‍ ഈ വിഭാഗത്തിന് കഴിയുന്നു.

ഗ്രനേഡിയര്‍ വിഭാഗത്തില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നവരാണ് നിയോഗിക്കപ്പെടുന്നത്. ശത്രുനിരയുടെ വളരെ അടുത്ത് ചെന്നുമാത്രം പ്രയോഗിക്കാവുന്ന ഉപകരണമായതുകൊണ്ട് അസാമാന്യമായ മനഃസാന്നിധ്യവും കായികശേഷിയും ധീരതയും ഉള്ളവരെ മാത്രമേ ഗ്രനേഡിയര്‍ റജിമെന്റിലേക്ക് എടുക്കുകയുള്ളൂ. അക്കാരണങ്ങളാല്‍ കരസേനയിലെ കാലാള്‍പ്പട അണിനിരക്കുമ്പോള്‍ ആദ്യമായി വലതുഭാഗത്തു ഗ്രനേഡിയര്‍മാര്‍ അണിനിരക്കുക പതിവാണ്. അതുപോലെ സെറിമോണിയല്‍ പരേഡുകള്‍ നടക്കുമ്പോഴും ഈ വിഭാഗം ഏറ്റവും മുന്നിലായിരിക്കും സ്ഥാനം പിടിക്കുന്നത്. എന്നാല്‍ ഈ സമ്പ്രദായം 20-ാം ശ.-ത്തിന്റെ ആരംഭത്തോടെ ഇല്ലാതായി. കാലാള്‍പ്പടയിലെ എല്ലാ ഭടന്മാര്‍ക്കും ഗ്രനേഡുകള്‍ യുദ്ധരംഗത്ത് പ്രയോഗിക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഗ്രനേഡിയര്‍മാര്‍ കാലാള്‍പ്പടയില്‍ ലയിച്ചു.

ആദ്യകാലങ്ങളില്‍ ഒരു പ്രത്യേക രൂപമാതൃകയില്‍ മാത്രമാണ് ഗ്രനേഡുകള്‍ നിര്‍മിച്ചിരുന്നത്. പിന്നീട് പല തരത്തിലുള്ള ഗ്രനേഡുകളും നിര്‍മിക്കപ്പെടുകയുണ്ടായി. കൈതച്ചക്കയുടെ രൂപത്തിലും മുടിചീകുന്ന പരന്ന ബ്രഷിന്റെ രൂപത്തിലും മറ്റു പല രൂപങ്ങളിലും ഇവ നിര്‍മിക്കപ്പെട്ടിരുന്നു. യുദ്ധരംഗത്തു പുകമറ (smoke screen) സൃഷ്ടിക്കുന്നതിനും ശത്രുസൈന്യസങ്കേതങ്ങളെ തിരിച്ചറിയാനുള്ള സിഗ്നലുകള്‍ നല്കുന്നതിനും പല നിറത്തിലുള്ള ഗ്രനേഡുകളും ഇന്നു നിര്‍മിക്കപ്പെടുന്നുണ്ട്.

17-ാം ശ.-ത്തിന്റെ അവസാനത്തില്‍ ഹാന്‍ഡ് ഗ്രനേഡുകള്‍ ഫ്ളിന്റ് ലോക്ക് മസ്കറ്റില്‍ (Flint Locket Masket) വച്ചു തൊടുത്തുവിടുന്ന സമ്പ്രദായം നിലവില്‍ വന്നെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചിരുന്നില്ല. പിന്നീട് 20-ാം ശ.-ത്തിന്റെ ആദ്യത്തില്‍ ഗ്രനേഡുകള്‍ പ്രോജക്റ്റ് ചെയ്യുന്നതിന് പ്രത്യേകതരം റൈഫിള്‍ (ൃശളഹല) ഉപയോഗത്തില്‍ വന്നു. ഇതിന് ഒരു ഗ്രനേഡിനെ 100 മുതല്‍ 200 വരെ മീ. ദൂരം പായിക്കാന്‍ കഴിയുമായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ആന്റിടാങ്ക് റൈഫിള്‍ ഗ്രനേഡുകള്‍ വലിയ പ്രചാരം നേടി.

രണ്ടാംലോകയുദ്ധത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും ദീര്‍ഘദൂരങ്ങളില്‍ (100 മുതല്‍ 5000 വരെ കി.മീ.) വിക്ഷേപിക്കാവുന്ന മാരകമായ റോക്കറ്റുകള്‍, മിസൈലുകള്‍, ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ (I.C.B.M.) തുടങ്ങിയവ കണ്ടുപിടിച്ചു പ്രയോഗിക്കാന്‍ തുടങ്ങിയതോടെ ഗ്രനേഡിയര്‍മാര്‍ പിന്‍നിരയിലേക്കു തള്ളപ്പെട്ടു. എന്നാല്‍ ഇന്നും മുഖാമുഖയുദ്ധ (closed battle) ങ്ങളില്‍ ഗ്രനേഡിയര്‍മാരുടെ പങ്ക് പ്രധാനപ്പെട്ടതാണ്.

(എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍