This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്യാസ് മീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്യാസ് മീറ്റര്‍

ഒരു കുഴലില്‍ക്കൂടി കടന്നുപോകുന്ന വാതകത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഒരുപകരണം. ഒരു ഉപഭോക്താവ് നിശ്ചിത കാലയളവില്‍ ഉപയോഗിച്ചതോ, ഒരു പ്രത്യേക ആവശ്യത്തിനായി ചെലവഴിച്ചതോ ആയ വാതകത്തിന്റെ പരിമാണം നിര്‍ണയിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്.

കുഴലില്‍ക്കൂടിയുള്ള വാതകത്തിന്റെ പ്രവാഹനിരക്ക് രേഖപ്പെടുത്തുന്നവയും മൊത്തത്തില്‍ പ്രവഹിച്ച വാതക അളവ് രേഖപ്പെടുത്തുന്നവയുമായി രണ്ടുതരം മീറ്ററുകള്‍ ഉണ്ടെങ്കിലും ഇവിടെ ഗ്യാസ് മീറ്ററുകള്‍ എന്ന പദം കൊണ്ട് മൊത്ത അളവുമീറ്ററുകളാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നിരക്കു മീറ്ററുകളെ അപേക്ഷിച്ച് അളവ് മീറ്ററുകള്‍ക്ക് ചില മേന്മകള്‍ ഉണ്ട്. കൂടുതല്‍ കൃത്യത ഉണ്ടാവുക, വാതകത്തിന്റെ താപനില, മര്‍ദം, സാന്ദ്രത എന്നിവ കൃത്യതയെ ബാധിക്കാതിരിക്കുക എന്നിവയാണ് പ്രധാന മേന്മകള്‍.

ഗ്യാസ്മീറ്ററുകള്‍ വെറ്റ് മീറ്റര്‍ (wet meter), ഡ്രൈ മീറ്റര്‍ (dry meter) എന്നിങ്ങനെ രണ്ടു പ്രധാന തരങ്ങളുണ്ട്. വെറ്റ് ഇനം ഗ്യാസ് മീറ്ററുകള്‍ സാധാരണ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. വീട്ടുപയോഗത്തിനുള്ളവ പൊതുവേ ഡ്രൈ മീറ്ററുകളാണ്. ഗിയര്‍ ബന്ധമുള്ള ഒരു ഇമ്പെല്ലര്‍, ഉലകള്‍ അഥവാ ബല്ലോസ്, വായുനിബദ്ധമായ ഒരു വീപ്പ അഥവാ ഡ്രം എന്നീ യന്ത്രസംവിധാനങ്ങളില്‍ ഏതെങ്കിലുമൊന്നാണ് ഗ്യാസ് മീറ്ററുകളില്‍ പ്രധാനമായി ഉപയോഗിച്ച് വരുന്നത്. ആകെ കടന്നുപോയ വാതകത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിനനുയോജ്യമായ കൗണ്ടറുകള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

വെറ്റ് ഇനം ഗ്യാസ് മീറ്ററില്‍, ഒരു നിശ്ചിത നിരപ്പുവരെ വെള്ളമുള്ളതായ അടച്ച ഒരു പാത്രത്തില്‍ അടക്കം ചെയ്തിരിക്കുന്ന ഒരു അളവു വീപ്പയാണുള്ളത്. തിരിയാന്‍ കഴിവുള്ള ഈ വീപ്പയുടെ ഉള്‍ഭാഗം ചരിച്ചുറപ്പിച്ചിരിക്കുന്ന തട്ടങ്ങള്‍ കൊണ്ട് പല അറകളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. അറകളുടെ വ്യാപ്തം മുന്‍കൂട്ടി അറിയാം. തട്ടങ്ങളില്‍ വാതകം ഏല്പിക്കുന്ന മര്‍ദംമൂലം വീപ്പ തിരിയുന്നു. ഇങ്ങനെ വീപ്പ തിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഓരോ അറയിലെയും വാതകം മാറിമാറി മുമ്പോട്ട് പോകുന്നു. ഈ വാതകമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. വീപ്പയുടെ അച്ചുതണ്ടിന്റെ ഭ്രമണം ഒരുപറ്റം ഗിയറുകളില്‍ക്കൂടി ഒരു ഡയലില്‍ രേഖപ്പെടുത്തുന്നു. മീറ്ററില്‍ക്കൂടി പ്രവഹിച്ച വാതകത്തിന്റെ വ്യാപ്തം വീപ്പയ്ക്കുണ്ടായ ഭ്രമണങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അറകളുടെ വ്യാപ്തം മുന്‍കൂട്ടി നിശ്ചയമുള്ളതുകൊണ്ട് ഇപ്രകാരം വീപ്പയിലൂടെ കടന്നുപോകുന്ന വാതകത്തിന്റെ വ്യാപ്തവും അറിയാം. വ്യാപ്തയൂണിറ്റില്‍ അങ്കനം ചെയ്തിട്ടുള്ള ഡയല്‍ മീറ്ററില്‍ക്കൂടി കടന്നുപോയ മൊത്തം വാതകത്തിന്റെ അളവു കാണിക്കുന്നു. സാമുവല്‍ ക്ളെഗ്ഗ് എന്ന ബ്രിട്ടീഷുകാരനാണ് 1815-ല്‍ ആദ്യമായി ഇത്തരമൊരു ഗ്യാസ് മീറ്റര്‍ ആവിഷ്കരിച്ചത്.

35 കി.ഗ്രാം/സെ.മീ.2 മര്‍ദമുള്ള 1500 ഘ.മീ. വാതകം വരെ മണിക്കൂറില്‍ അളക്കാന്‍ കഴിവുള്ള ഗ്യാസ് മീറ്ററുകള്‍ ഇന്ന് ഉപയോഗിച്ചുവരുന്നുണ്ട്.

ഡ്രൈ മീറ്ററുകള്‍ പലതരത്തിലുണ്ട്. ബെല്ലോസ് മീറ്ററില്‍ ബെല്ലോകള്‍ അടങ്ങിയ രണ്ട് അറകളെങ്കിലുമുണ്ടായിരിക്കും. ഈ ബെല്ലോകള്‍ ഒന്നിടവിട്ട് വാതകംകൊണ്ട് നിറയുകയും ചുരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരെണ്ണം നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറ്റേത് ശൂന്യമായിരിക്കും. ഇങ്ങനെ ബൊല്ലോകള്‍ ചുരുങ്ങുമ്പോള്‍ അതിലെ വാതകം ഉപഭോക്താവിന് ലഭിക്കുന്നു. ഇടവിട്ടു കൃത്യസമയങ്ങളില്‍ തുറക്കുകയും അടയുകയും ചെയ്യുന്ന വാല്‍വുകളാണ് അറകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. നിശ്ചിത വ്യാപ്തമുള്ള ബെല്ലോകളുടെ ഇടവിട്ടുള്ള സങ്കോച വികാസങ്ങള്‍ ലിവറുകളുടെയും ഗിയര്‍ ചക്രങ്ങളുടെയും സഹായത്തോടെ വ്യാപ്തയൂണിറ്റില്‍ അങ്കനം ചെയ്തിട്ടുള്ള ഡയലില്‍ എത്തിക്കുന്നു. ഇങ്ങനെ കടന്നുപോയ ആകെ വാതകത്തിന്റെ വ്യാപ്തം ഡയല്‍ രേഖപ്പെടുത്തുന്നതാണ്.

വാതകത്തിന്റെ സമ്മര്‍ദം കൊണ്ടു തിരിയുന്ന ഒരു ഇമ്പെല്ലര്‍ അടങ്ങിയ റോട്ടറി വിഭാഗത്തില്‍പ്പെട്ട ഡ്രൈ മീറ്ററാണ് മറ്റൊരിനം. പ്രധാന വാതകക്കുഴലില്‍നിന്ന് ഉപഭോക്താവിന്റെ ശാഖാകുഴലിലേക്ക് വാതകം കടക്കുന്ന ഭാഗത്താണ് ഫാന്‍ ആകൃതിയുള്ള ഈ ഇമ്പെല്ലര്‍ വച്ചിരിക്കുന്നത്. ഇമ്പെല്ലര്‍ എത്ര ഭ്രമണം നടത്തിയെന്നതിനെ ആസ്പദമാക്കിയാണ് മീറ്ററില്‍ക്കൂടി കടന്നുപോയ വാതകത്തിന്റെ അളവ് നിര്‍ണയിക്കുന്നത്. കടന്നുപോയ വാതകത്തിന്റെ അളവ് നേരിട്ട് ഡയല്‍ കാണിക്കുന്നു.

(ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍