This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോസ്വാമി, കേദാരനാഥ് (1901 - 65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോസ്വാമി, കേദാരനാഥ് (1901 - 65)

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും. ബ്രഹ്മാനന്ദഗോസ്വാമിയുടെ പുത്രനായി 1901-ല്‍ നവ്ഗോങ് ജില്ലയിലെ (അസം) ജഖലാബന്ധയില്‍ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. പിതാവ് നവ്ഗോങ്ങിലെ ശിരസ്തദാര്‍ ആഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. അസം-നാഗാലന്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി.കെ. ഗോസ്വാമിയുടെ ബന്ധുവാണ് കേദാരനാഥ്. മെട്രിക്കുലേഷന്‍ പരീക്ഷ പാസായശേഷം അല്പകാലം കോളജ് വിദ്യാഭ്യാസം നടത്തി. അസമീസിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, അറബിക്, പേര്‍ഷ്യന്‍, ഉര്‍ദു എന്നീ ഭാഷകളിലും പാണ്ഡിത്യമുണ്ടായിരുന്ന കേദാരനാഥിനെ വിദ്വത്സമൂഹം ആദരിച്ചിരുന്നു. കേദാരനാഥിന്റെ പിതാവ് ബ്രാഹ്മണ ഗുരുപരമ്പരയില്‍പ്പെട്ടയാളായിരുന്നതുകൊണ്ട് കേദാരനാഥ് ബാല്യത്തില്‍ത്തന്നെ ഹിന്ദുമതഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ഖുര്‍ആനും ബൈബിളും ഇദ്ദേഹം വായിച്ചു. മാര്‍ക്സ്, എംഗല്‍സ് തുടങ്ങിയ സോഷ്യലിസ്റ്റ് ചിന്തകരുടെ സ്വാധീനത്താലാണ് ഇദ്ദേഹം പില്ക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലാകൃഷ്ടനായത്. അതികായനും സുന്ദരനുമായിരുന്ന കേദാരനാഥ് നല്ലൊരു പ്രസംഗകനുമായിരുന്നു. അവിവാഹിതനായിരുന്ന ഇദ്ദേഹം ഒരു സന്ന്യാസിയെപ്പോലെയാണ് ജീവിതം കഴിച്ചുകൂട്ടിയത്. മറ്റുള്ളവരെ ആശ്രയിക്കാത്ത ശീലക്കാരനായിരുന്ന ഇദ്ദേഹം സ്വയം പാകം ചെയ്താണ് ഭക്ഷണംപോലും കഴിച്ചിരുന്നത്.

1921-ല്‍ ഇദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. നവ്ഗോങ്ങില്‍ നിന്നു ദിബ്രുഗറിലെത്തിയതോടെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല വിപുലമായി. ദിബ്രുഗര്‍ജില്ലാ കോണ്‍ഗ്രസ് സമിതിയുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1938 വരെ ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു. ജന്മംകൊണ്ട് യാഥാസ്ഥിതികനായിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഉത്പതിഷ്ണുത്വമുള്ളവയായിരുന്നു. ജാതിവ്യവസ്ഥ, അയിത്തം എന്നിവയെ പിന്താങ്ങിയില്ല. പര്‍ദാസമ്പ്രദായത്തെ നിശിതമായി എതിര്‍ക്കുകയും സ്ത്രീകളുടെ മോചനത്തിനുവേണ്ടി വാദിക്കുകയും ചെയ്തു. സാമൂഹിക പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ ഇദ്ദേഹം പരിശ്രമിക്കുകയും ചെയ്തു.

രാധാനാഥ് ചെങ്കകാതി ആരംഭിച്ച അസം ടൈംസ് എന്ന ദിനപത്രത്തിന്റെ എഡിറ്ററായി 1930 മുതല്‍ 39 വരെ ഇദ്ദേഹം പ്രവര്‍ത്തിച്ചു. യൂറോപ്യന്‍ തേയിലത്തോട്ടമുടമകള്‍ ആദ്യം ഈ ദിനപത്രത്തെ പിന്താങ്ങിയിരുന്നു. എന്നാല്‍ കേദാരനാഥ് അവര്‍ക്കെതിരെ എഴുതിത്തുടങ്ങിയതോടെ അവര്‍ പിന്‍വാങ്ങി. 1939-ല്‍ ഇദ്ദേഹം കൃഷക് ബറുവാ പഞ്ചായത്ത് എന്നൊരു സംഘടനയ്ക്ക് രൂപംകൊടുത്തു. ആ വര്‍ഷം തന്നെ ഗുവാഹത്തിയില്‍ നിന്നും പഞ്ചായത്ത് എന്ന പേരില്‍ ഒരു വാരിക പ്രസിദ്ധീകരിച്ചു. 1941 വരെ ഇതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു. കര്‍ഷകത്തൊഴിലാളികളെയും മറ്റു തൊഴിലാളികളെയും ചൂഷകരില്‍ നിന്നു മോചിപ്പിക്കാന്‍ വേണ്ടി ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതുകയും ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്കു കടന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഉത്തര അസമിലെ തൊഴിലാളി പ്രസ്ഥാനം ശക്തമായത്. ഇക്കാലത്ത് ഇദ്ദേഹം റവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയുടെ നേതാക്കന്മാരുമായി സമ്പര്‍ക്കത്തിലായി. 1938 മുതല്‍ മരണംവരെ ഇദ്ദേഹം ഈ കക്ഷിയിലെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു.

ജീവിതകാലം മുഴുവന്‍ സാമ്പത്തിക വൈെഷമ്യങ്ങള്‍ അനുഭവിച്ചിരുന്ന ഇദ്ദേഹത്തിന് ഉപജീവനത്തിനു വളരെ ബുദ്ധിമുട്ടേണ്ടിവന്നു. ജീവിതാന്ത്യത്തില്‍ ഗോല്‍പ്പാറ ജയിലിലടയ്ക്കപ്പെട്ടു. ഇക്കാലത്ത് ക്ഷയരോഗബാധിതനായ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടി അസംട്രൈബൂണ്‍ ഒരു നിധി സ്വരൂപിച്ചിരുന്നു. 1965-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍