This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദ ദീക്ഷിതര്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദ ദീക്ഷിതര്‍ (17-ാം ശ.)

സംഗീതജ്ഞനും ഭരണതന്ത്രജ്ഞനും. സംഗീത സുധ എന്ന സംഗീത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവായ ഇദ്ദേഹം 1614 മുതല്‍ 1628 വരെ തഞ്ചാവൂര്‍ സംസ്ഥാനത്തിലെ രാജാവായിരുന്ന രഘുനാഥന്റെ പ്രധാനമന്ത്രിയായിരുന്നു. രഘുനാഥന്റെ കാലത്ത് തഞ്ചാവൂരില്‍ രൂപം നല്കപ്പെട്ട വീണയ്ക്കു 'തഞ്ചാവൂര്‍ വീണ' എന്നും 'രഘുനാഥ മേള വീണ' എന്നും പറയുന്നു. ഗോവിന്ദ ദീക്ഷിതരുടെ കാലം വരെ വീണയുടെ മൊട്ടുകള്‍ ദണ്ഡിനോടു ചേര്‍ത്ത് കെട്ടുകയായിരുന്നു പതിവ്. ഗോവിന്ദ ദീക്ഷിതര്‍ 24 മെട്ടുകളെ സ്വരസ്ഥാനം നിര്‍ണയിച്ച് മെഴുകില്‍ ഉറപ്പിച്ച് സ്ഥിരമാക്കി നിര്‍ത്തി. ഇതാണ് ഇന്ന് കാണുന്ന സരസ്വതി വീണ.

സംഗീതസുധ എന്ന ഗ്രന്ഥത്തിന്റെ ആദ്യത്തെ 4 അധ്യായങ്ങളില്‍ സ്വരം, രാഗം, പ്രകീര്‍ണകം, പ്രബന്ധം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങള്‍ അടങ്ങിയിരിക്കുന്നു. സംഗീതരത്നാകരത്തിന്റെ മാതൃകയിലാണ് ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. അധ്യായങ്ങളുടെ പേരില്‍പ്പോലും സാമ്യമുണ്ട്. വൃത്തം അനുഷ്ടുപ്പ് എന്നതില്‍ മാത്രമേ വ്യത്യാസം കാണുന്നുള്ളൂ. മഹാപണ്ഡിതനായ വിദ്യാരണ്യന്‍ (1320-80) രചിച്ച സംഗീതസാരത്തെപ്പറ്റി ആദ്യം നാം കേള്‍ക്കുന്നത് സംഗീതസുധയില്‍ നിന്നാണ്. രാഗാലാപനത്തെ സംബന്ധിച്ച നിയമങ്ങള്‍ സംഗീതസാരത്തിലുണ്ട്. ഇവ സംഗീതസുധയില്‍ എടുത്തു ചേര്‍ത്തിരിക്കുന്നു.

ദീര്‍ഘവീക്ഷണമുള്ള ഒരു രാജ്യതന്ത്രജ്ഞനായിരുന്നു ഗോവിന്ദദീക്ഷിതര്‍. തഞ്ചാവൂര്‍ ജില്ലയിലെ തിരുവയ്യാറില്‍ ഇദ്ദേഹം ഒരു സംസ്കൃത കലാശാല സ്ഥാപിച്ചു. കുംഭകോണത്ത് ഒരു ക്ഷേത്രത്തില്‍ ഷോഡശലിംഗ പ്രതിഷ്ഠ നടത്തി. നാട്ടില്‍ കൃഷിക്കുവേണ്ടി അനേകം കുളങ്ങളും തോടുകളും നിര്‍മിച്ചു. ഇവ അയ്യന്‍ വായ്ക്കാല്‍ എന്നും അയ്യന്‍കുളം എന്നും അറിയപ്പെടുന്നു. ഗോവിന്ദദീക്ഷിതര്‍, അയ്യന്‍ എന്ന പേരില്‍ അറിയപ്പെട്ടു. കുംഭകോണത്തു സ്ഥിതിചെയ്യുന്ന പട്ടീശ്വരം കോവിലില്‍ ഗോവിന്ദ ദീക്ഷിതരുടെയും പത്നിയുടെയും പ്രതിമകള്‍ കാണാം. ഗോവിന്ദ ദീക്ഷിതരും സംസ്കൃത പണ്ഡിതനായ അപ്പയ്യ ദീക്ഷിതരും ഗാഢമൈത്രിയിലായിരുന്നു.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍