This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദാചാര്യ (18-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദാചാര്യ (18-ാം ശ.)

സംഗീതജ്ഞന്‍. പ്രസിദ്ധ സംഗീതശാസ്ത്ര ലക്ഷണഗ്രന്ഥമായ സംഗ്രഹചൂഡാമണിയുടെ രചയിതാവ്. സംഗീതശാസ്ത്ര സംബന്ധിയായി സംസ്കൃത ഭാഷയില്‍ എഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് സംഗ്രഹചൂഡാമണി. 18-ാം ശ.-ത്തിന്റെ ഒടുവിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. തഞ്ചാവൂര്‍ സംസ്ഥാന രാജസദസ്സിലെ ജ്യോതിഷപണ്ഡിതനായിരുന്ന ഗോവിന്ദാചാര്യ തഞ്ചാവൂരിലെ കാകവട്ടാരം എന്ന സ്ഥലത്താണ് വസിച്ചിരുന്നത്. അകളങ്ക ഗോവിന്ദാചാര്യ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. കനകാംഗി-രത്നാംഗി മേളകര്‍ത്താപദ്ധതി തയ്യാറാക്കിയത് ഇദ്ദേഹമാണ്. സ, പ എന്നീ രണ്ടു സ്വരങ്ങള്‍ ഭേദമില്ലാതെ അചല സ്വരങ്ങളായും മറ്റ് 5 സ്വരങ്ങള്‍ക്ക് സ്ഥാനം നിശ്ചയിച്ച്, 22 ശ്രുതികള്‍ നടപ്പിലാക്കി. ഇദ്ദേഹം 366 ലക്ഷണഗീതങ്ങള്‍ രചിച്ചു. അക്കാലത്ത് നിലവിലിരുന്ന 294 ജന്യരാഗങ്ങളിലും 72 ജനകരാഗങ്ങളിലും ഇദ്ദേഹം ലക്ഷണഗീതങ്ങള്‍ രചിച്ചു. അപ്രകാരം 366 ലക്ഷണഗീതങ്ങളുണ്ടായി. ശ്രുതി, സ്വരം, മേളപ്രസ്താരം ജന്യരാഗങ്ങള്‍ ഇവയെക്കുറിച്ച് വിശദമായി സംഗ്രഹചൂഡാമണിയില്‍ വിവരിച്ചിട്ടുണ്ട്.

(എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍