This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പിള്ള, സി.പി. (1877 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദപ്പിള്ള, സി.പി. (1877 - 1939)

മലയാള പത്രപ്രവര്‍ത്തകനും സാഹിത്യകാരനും. ചിറയിന്‍കീഴില്‍ കരിങ്ങാടത്തു കല്യാണിക്കുട്ടി അമ്മയുടെയും വര്‍ക്കല കുടവറുത്തൂര്‍ പരമേശ്വരപിള്ളയുടെയും പുത്രനായി 1877-ല്‍ ജനിച്ചു. സാമാന്യവിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായി 1901-നു മുമ്പ് കേരളപഞ്ചികയുടെയും പിന്നീട് വക്കത്തു നിന്നാരംഭിച്ച സ്വദേശാഭിമാനിയുടെയും പത്രാധിപരായിരുന്നു. അക്കാലത്ത് ഇദ്ദേഹം ചിറയിന്‍കീഴ് പി. ഗോവിന്ദപ്പിള്ള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാഷാപോഷിണിയില്‍ ധാരാളം എഴുതുമായിരുന്ന ഗോവിന്ദപ്പിള്ള വര്‍ഗീസ് മാപ്പിളയുടെ സുഹൃത്തും ആ വഴിക്കു വലിയ കോയിത്തമ്പുരാന്റെ ആശ്രിതനുമായി മാറി. വലിയകോയിത്തമ്പുരാന്റെ സഹായത്താല്‍ ഇദ്ദേഹത്തിനു സര്‍ക്കാര്‍ ഇംഗ്ലീഷ് ഹൈസ്കൂളില്‍ മലയാളം പണ്ഡിതനായി ജോലി ലഭിച്ചു. അപ്പോഴാണ് ഇദ്ദേഹം പേര് സി.പി. ഗോവിന്ദപ്പിള്ളയെന്നു മാറ്റിയത്. അധ്യാപകവൃത്തിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ ഇദ്ദേഹം തെക്കന്‍ തിരുവിതാംകൂറിലും മറ്റും പ്രചാരത്തിലിരുന്ന വില്ലടിച്ചാന്‍ പാട്ടുകളും ഇരണിയല്‍ മുതല്‍ കൊല്ലംവരെയുള്ള സ്ഥലങ്ങളില്‍ നടപ്പിലുണ്ടായിരുന്ന നാടോടിപ്പാട്ടുകള്‍, തമ്പുരാന്‍ പാട്ടുകള്‍ തുടങ്ങിയവയും ശേഖരിച്ചു. മലയാളത്തിലെ പഴയപാട്ടുകള്‍ എന്ന പേരില്‍ 1917-ല്‍ ഇവ പ്രസിദ്ധീകരിക്കുകയുണ്ടായി. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, ഗവേഷകന്‍, ഗദ്യകാരന്‍, കവി എന്നീ തുറകളില്‍ ശോഭിച്ചിരുന്ന ഇദ്ദേഹം വേറെയും ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. കൃഷ്ണകാന്തന്റെ പത്രിക, മാലതി, സാഹിത്യസുധാകരം, നാടകകഥാചതുഷ്ടയം, കാളിദാസചരിത്രം, ക്രിസ്റ്റഫര്‍ കൊളംബസ്, വാസ്കോ ഡി ഗാമ, ചന്ദ്രസേനന്‍, ആര്യഭൂഷണം, പുരാണപ്രഭാവം, ജാതകഫലബോധം ഇവയാണ് ആ കൃതികള്‍. ചിറയിന്‍കീഴ് അണ്ണാര്‍വിളാകത്തു വീട്ടില്‍ പാര്‍വതിയമ്മയെയും അവരുടെ മരണാനന്തരം തമ്പാനൂര്‍ കുഞ്ചുവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയെയും ഗോവിന്ദപ്പിള്ള വിവാഹം ചെയ്തു. 1939-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍