This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പിള്ള, പി. (1849 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദപ്പിള്ള, പി. (1849 - 97)

പി. ഗോവിന്ദപ്പിള്ള

മലയാളത്തിലെ ആദ്യത്തെ ഭാഷാചരിത്രകാരന്‍. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് കുളവറ വിളാകത്തു വീട്ടില്‍ 1849-ല്‍ ജനിച്ചു. അച്ഛന്‍ പുന്നപുരത്തു കവണശ്ശേരി വീട്ടില്‍ പപ്പുപിള്ള മുന്‍സിഫ്. അമ്മ പെരുമാള്‍പിള്ള. 1873-ല്‍ ബി.എ. ബിരുദം നേടി. ചാല സ്കൂളില്‍ പ്രഥമാധ്യാപകനായി കുറേക്കാലം ജോലിനോക്കി. ആയില്യം തിരുനാള്‍ മഹാരാജാവ് ഇദ്ദേഹത്തെ 1863-ല്‍ കൊട്ടാരം സംപ്രതിയായി നിയമിച്ചു. പിന്നീട് സര്‍വാധികാര്യക്കാരായി ഉയര്‍ന്നു. 1878-ല്‍ ഇദ്ദേഹത്തെ അഗസ്തീശ്വരത്തെ വേമ്പന്നൂര്‍ ഭാഗത്തുള്ള പുതുവീട്ടിലേക്ക് ദത്തെടുക്കപ്പെട്ടു. അക്കാലത്തുതന്നെ ഗോവിന്ദപ്പിള്ള ഉദ്യോഗം രാജിവച്ച് തിരുവനന്തപുരത്തു വക്കീല്‍പ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കിലെ വിളപ്പില്‍ മുല്ലൂര്‍ വീട്ടിലെ പാര്‍വതിയമ്മയാണ് ഭാര്യ.

ഭാഷാചരിത്രത്തില്‍ അത്യധികം തത്പരനായിരുന്നു ഗോവിന്ദപ്പിള്ള. വലിയ കൊട്ടാരത്തിലെ ജോലി ഇദ്ദേഹത്തിന്റെ ഭാഷാ ചരിത്രപഠനത്തിനു സഹായകമായിത്തീരുകയാണുണ്ടായത്. വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഗ്രന്ഥസമുച്ചയം പരിശോധിച്ചു എന്നു മാത്രമല്ല, മറ്റ് പണ്ഡിതന്മാരുമായി എഴുത്തുകുത്തുകള്‍ നടത്തി ആവശ്യമായ വസ്തുതകള്‍ ശേഖരിക്കുകയും ചെയ്തു. 1881-ല്‍ ഭാഷാചരിത്രഗ്രന്ഥത്തിന്റെ പണിപൂര്‍ത്തിയാക്കി മലയാളഭാഷാഗ്രന്ഥസമുച്ചയം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. 1889-ല്‍ പരിഷ്കരിച്ച് വിസ്തൃതമാക്കി മലയാളഭാഷാ ചരിത്രം എന്ന പേരില്‍ രണ്ടാംപതിപ്പ് അച്ചടിച്ചു. ഇതിനു പുറമേ മഴമംഗലത്തിന്റെ ഭാഷാനൈഷധംചമ്പു വലിയ കോയിത്തമ്പുരാന്റെ ഉത്സാഹത്തില്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. 1885-ല്‍ അച്ചടിപ്പിച്ച റോമന്‍ ചരിത്രമാണ് മറ്റൊരു കൃതി. എ ഹാന്‍ഡ്ബുക്ക് ഒഫ് ട്രാവന്‍കൂര്‍ എന്ന ഇംഗ്ലീഷ് ഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആയില്യം തിരുനാളിന്റെ ജീവചരിത്രം, ഗ്രീക്കു ചരിത്രം, തിരുവിതാംകൂര്‍ ഹൈക്കോര്‍ട്ട് വിധികളും റഗുലേഷന്‍സും, ബീജഗണിതം എന്നിവയാണ് ഗോവിന്ദപ്പിള്ളയുടെ ഇതര കൃതികള്‍. ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടു രചിക്കാന്‍ ഉദ്യമിച്ചുവെങ്കിലും അത് സഫലീകരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. കുറച്ചുകാലം ഒരു ഇംഗ്ലീഷ് പത്രവും പിന്നീട് കേരള ചന്ദ്രിക എന്നൊരു മലയാള പത്രവും ഇദ്ദേഹം നടത്തിയിരുന്നു. കൂടാതെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന വിദ്യാവിലാസിനി എന്ന മാസികയുടെ പ്രവര്‍ത്തനത്തിലും ഗോവിന്ദപ്പിള്ള സഹകരിച്ചിരുന്നു. 1897 ഫെ. 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍