This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍ എം. (1919 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍ എം. (1919 - 89)

മലയാള സാഹിത്യകാരനും, പത്രാധിപനും രാഷ്ട്രീയ ചിന്തകനും. പൊന്നാനി താലൂക്കിലെ തൃക്കണ്ണാപുരത്ത് കോതയത്തു മനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിയുടെയും മാഞ്ചേരത്തു താഴത്തേതില്‍ ദേവകിയമ്മയുടെയും മകനായി 1919 ഒ. 15-ന് ജനിച്ചു. കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂള്‍, പൊന്നാനി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ജോലി അന്വേഷിച്ച് മദ്രാസില്‍ എത്തിച്ചേര്‍ന്ന ഗോവിന്ദന്‍ പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ കുറച്ചുകാലം തൊഴില്‍ ചെയ്തു. എം.എന്‍. റോയിയുടെ ചിന്തകളില്‍ ആകൃഷ്ടനായി റാഡിക്കല്‍ ഹ്യൂമനിസത്തിന്റെ വക്താവും പ്രചാരകനുമായി. 1937-45 കാലയളവില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ട്രേഡ് യൂണിയന്‍  പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തിരുന്നു. വിശാലമായ വായനയില്‍ നിന്നും നേടിയ അറിവ് ഗോവിന്ദനെ എഴുത്തുകാരനും ചിന്തകനുമാക്കി. ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ സാന്നിധ്യമുറപ്പിക്കാന്‍ ഗോവിന്ദനു കഴിഞ്ഞിരുന്നു.

എം. ഗോവിന്ദന്‍

സംസ്ഥാനരൂപീകരണത്തോടെ തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിച്ചുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ദീര്‍ഘനാള്‍ അവിടെ തുടരാനായില്ല. 1959 സെപ്.-ല്‍ ജോലി രാജിവച്ച് മദ്രാസിലേക്കു മടങ്ങിപ്പോയി. 1963-65 കാലയളവില്‍ സമീക്ഷയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു.

സമീക്ഷയിലൂടെ കഴിവുറ്റ പത്രാധിപര്‍ എന്ന നിലയിലും തന്റെ സര്‍ഗപഥങ്ങളിലൂടെ പ്രതിഭാശാലിയായ രചയിതാവ് എന്ന ഖ്യാതി ഗോവിന്ദന്‍ സ്വന്തമാക്കി. കാവ്യരംഗത്തും കഥയരങ്ങിലും ചര്‍ച്ചാവേദികളിലും പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റു വിതയ്ക്കാന്‍ ഗോവിന്ദന് കഴിഞ്ഞു. യാഥാസ്ഥിതികത്വത്തോട് സന്ധിയില്ലാത്ത സമരം നയിച്ച ചിന്തകന്‍ എന്ന നിലയില്‍ പുതിയ തലമുറയിലെ എഴുത്തുകാര്‍ ഗോവിന്ദനില്‍ ആകൃഷ്ടരായിരുന്നു. കേരളത്തിലെ സാഹിത്യകാരന്മാര്‍ക്കു പുറമേ ഇന്ത്യയിലെ ഇതര ഭാഷകളിലെ സാഹിത്യകാരന്മാരുമായും ഗോവിന്ദന്‍ ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തി. 1967-ല്‍ കിഴക്കന്‍ യൂറോപ്യന്‍ നാടുകളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ബാലസാഹിത്യത്തെ സംബന്ധിച്ചു വ്യക്തമായ കാഴ്ചപ്പാട് എം. ഗോവിന്ദനുണ്ടായിരുന്നു. നിഷ്കളങ്കവും നിര്‍മലവുമാകണം ബാലസാഹിത്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ. ശ്രീമതി ബി.എ. (മദിരാശി) എന്ന തൂലികാനാമത്തിലാണ് മാതൃഭൂമി വാരികയില്‍ ഇദ്ദേഹത്തിന്റെ ആദ്യകവിതകള്‍ (1938-39) പ്രസിദ്ധീകരിച്ചത്. റാണിയുടെ പട്ടി, മണിഓര്‍ഡറും മറ്റു കഥകളും (ചെറുകഥകള്‍), നീ മനുഷ്യനെ കൊല്ലരുത്, ഒസ്യത്ത്, ചെകുത്താനും മനുഷ്യനും (നാടകം), അന്വേഷണത്തിന്റെ ആരംഭം, സ്വല്പം ചിന്തിച്ചാലെന്ത്, അറിവിന്റെ കനി, കമ്യൂണിസത്തില്‍ നിന്നു മുന്നോട്ട്, മാനുഷിക മൂല്യങ്ങള്‍ സമസ്യകള്‍ സമീപനങ്ങള്‍ (ഉപന്യാസങ്ങള്‍), കവിത, നോക്കുകുത്തി, ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, ജ്ഞാനസ്നാനം, അരങ്ങേറ്റം, നാട്ടുവെളിച്ചം (കവിതകള്‍), എം. ഗോവിന്ദന്റെ കവിതകള്‍ (1985), എം. ഗോവിന്ദന്റെ ഉപന്യാസങ്ങള്‍ (1987) മുതലായവയാണ് മുഖ്യ കൃതികള്‍.

കേന്ദ്ര ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973-75 കാലയളവില്‍ ജവാഹര്‍ലാല്‍ നെഹ്രു ഫെലോഷിപ്പും 1978-ല്‍ ഗോവിന്ദന്റെ കവിത എന്ന സമാഹാരത്തിന് ആശാന്‍ പ്രൈസും ലഭിച്ചു. ഇദ്ദേഹത്തിന്റെ 'നോക്കുകുത്തി' എന്ന കവിത മങ്കടരവിവര്‍മ കാവ്യചലച്ചിത്രമായി അവതരിപ്പിച്ചിട്ടുണ്ട്. ഡോ. കെ.സി. പദ്മാവതിയാണ് ഭാര്യ.

1989 ജനു. 23-ന് ഗുരുവായൂരില്‍ വച്ച് എം. ഗോവിന്ദന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍