This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍കുട്ടി നായര്‍, ഉള്ളാട്ടില്‍ (1906 - 66)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍കുട്ടി നായര്‍, ഉള്ളാട്ടില്‍ (1906 - 66)

ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍

മലയാള സാഹിത്യവിമര്‍ശകന്‍. പട്ടാമ്പി പെരുമുടിയൂരിലെ ഉള്ളാട്ടില്‍ കുടുംബത്തില്‍ വല്ലപ്പുഴ പാറക്കാട് ഗോപാലന്‍നായരുടെയും ചിന്നു അമ്മയുടെയും മകനായി 1906 ഏ. 15-നു ജനിച്ചു. എട്ടാംതരം വരെ മാത്രമേ സ്കൂള്‍വിദ്യാഭ്യാസം നടത്താന്‍ സാധിച്ചുള്ളു. പിന്നീട് പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മയുടെ പാഠശാലയില്‍ ചേര്‍ന്ന് സംസ്കൃതം അഭ്യസിച്ചു. പാലക്കാട്ട് അധ്യാപകപരിശീലനവും കഴിഞ്ഞ് പൊന്നാനി താലൂക്കു ബോര്‍ഡില്‍ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പ്രൈവറ്റായി വിദ്വാന്‍ പരീക്ഷ പാസായി. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും പാണ്ഡിത്യം ആര്‍ജിച്ചു. 1961-ല്‍ പട്ടാമ്പി ഗവണ്മെന്റ് യു.പി. സ്കൂളില്‍ നിന്നും പെന്‍ഷന്‍ പറ്റി.

1961-ല്‍ കൊച്ചിമഹാരാജാവ് 'സാഹിത്യനിപുണ' പദവി നല്കി ആദരിച്ചു. 1964-ല്‍ സമസ്തകേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി. ദീര്‍ഘകാലം മാതൃഭൂമിയുടെ സ്ഥിരം നിരൂപകനും എഴുത്തുകാരനുമായിരുന്നു. ഗാന്ധിയന്‍ ദേശീയപ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

ജി.കെ.എന്‍., യാസ്കന്‍, ഗോകുല നാരായണന്‍, ശോഭന, ശാകല്യന്‍ എന്നീ തൂലികാനാമങ്ങളില്‍ എഴുതിയിട്ടുള്ള ഗോവിന്ദന്‍ കുട്ടി നായര്‍, കവിതകളില്‍ തുടങ്ങി ഗദ്യകാരനായി മാറുകയാണുണ്ടായത്. സുപ്രസിദ്ധ സാഹിത്യ പണ്ഡിതന്മാര്‍, സാഹിത്യ സഞ്ചാരം, ജീവിതനാടകം (ഏകാങ്കങ്ങള്‍), ആധുനിക സാഹിത്യം, വിചാരദീപ്തി, വിചാരധാര, ഘണ്ടാപഥം, കാവ്യാസ്വാദനം, രൂപരേഖ, വിമര്‍ശനവും ആസ്വാദനവും തുടങ്ങി അനേകം കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1966 ന. 17-ന് ഗോവിന്ദന്‍കുട്ടി നായര്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍