This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവസൂരി പ്രയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവസൂരി പ്രയോഗം

ഗോവസൂരിക്കു കാരണമായ വൈറസിനെ മനുഷ്യ ശരീരത്തില്‍ കുത്തിവച്ച് മനുഷ്യര്‍ക്ക് വരാറുള്ള വസൂരി രോഗത്തെ പ്രതിരോധിക്കുന്ന നടപടി. ഗോവസൂരിക്കു കാരണമായ വൈറസിന്റെ പേരാണ് 'വാക്സിനിയ'. ഇതില്‍നിന്നും ഗോവസൂരി പ്രയോഗം എന്ന് അര്‍ഥം വരുന്ന വാക്സിനേഷന്‍ എന്ന പദമുണ്ടായി. വാക്സിനേഷന്‍ എന്ന പദം വളരെ വ്യാപകമായ അര്‍ഥത്തിലാണ് ഇന്ന് ഉപയോഗിക്കുന്നത്. രോഗകാരണമായ അണുജീവികളെ നശിപ്പിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ നിര്‍മിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുകയും അതുവഴി രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന വസ്തു-അതായത് വാക്സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തിവയ്ക്കുന്ന പ്രക്രിയകളെ എല്ലാംതന്നെ ഇപ്പോള്‍ വാക്സിനേഷന്‍ എന്നു വിളിച്ചു വരുന്നു. കോടിക്കണക്കിനാളുകളുടെ ജീവനപഹരിച്ച വസൂരി രോഗത്തിനെതിരെ പ്രാകൃതമെങ്കിലും അല്പമൊക്കെ സദ്ഫലമുളവാക്കുന്നൊരു ചികിത്സാരീതി പ്രാചീനംകാലം മുതല്ക്ക് ചൈന, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്നു. വസൂരിക്കുരുക്കളില്‍ നിന്നെടുത്ത പഴുപ്പ് ഉണക്കി പൊടിയാക്കി ശരീരത്തില്‍ പുരട്ടുക, വസൂരി രോഗി പുതച്ച തുണികൊണ്ട് രോഗമില്ലാത്തവരെ പുതപ്പിക്കുക തുടങ്ങിയവയാണവ. ഒരിക്കല്‍ വസൂരിരോഗം വന്ന ആളിനു പിന്നീടൊരിക്കലും ഈ രോഗം വരുന്നില്ല എന്ന വസ്തുതയും പണ്ടുമുതലേ അറിയാമായിരുന്നു.

തുര്‍ക്കിയിലെ ബ്രിട്ടീഷ് അംബാസഡറുടെ പത്നി ലേഡി മേരി മൊണ്‍ടെഗു മേല്പറഞ്ഞ വസ്തുതകള്‍ മനസ്സിലാക്കിയിരുന്നു. വസൂരിക്കുരുക്കളില്‍ നിന്നെടുത്ത പഴുപ്പ് രോഗമില്ലാത്തവരുടെ ശരീരത്തില്‍ പുരട്ടി രോഗപ്രതിരോധമുണ്ടാക്കുന്ന ചികിത്സാരീതിക്ക് 1717-ല്‍ ബ്രിട്ടണില്‍ അവര്‍ തുടക്കം കുറിച്ചു. ജോര്‍ജ് വാഷിങ്ടണ്‍ ഇതേ മാര്‍ഗമുപയോഗിച്ച് അമേരിക്കയിലെ തന്റെ പട്ടാളക്കാരില്‍ വസൂരിക്കെതിരെ പ്രതിരോധശേഷി ഉണ്ടാക്കിയെടുത്തു. ഇതുമൂലം കുറേ ആളുകള്‍ക്കു രോഗപ്രതിരോധശേഷി ഉണ്ടായെങ്കിലും ധാരാളം പേര്‍ മരിക്കാനുമിടയായി. മാത്രമല്ല, രോഗം പടര്‍ന്നു പിടിക്കാന്‍ ഈ രോഗപ്രതിരോധരീതി ഒരു കാരണമാവുകയും ചെയ്തു. ഇംഗ്ലണ്ടില്‍ ഈ ചികിത്സാരീതി നിയമംമൂലം തടയപ്പെട്ടു (1840).

കാലികളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന ചെറിയ തോതിലുള്ള ഗോവസൂരി, ഭീകരമായ വസൂരി രോഗത്തിനെതിരെ മനുഷ്യശരീരത്തിനു പ്രതിരോധശേഷി നല്കുന്നു എന്ന വസ്തുത മനസ്സിലാക്കിയ എഡ്വേര്‍ഡ് ജെന്നര്‍ (1749-1823) ഗോവസൂരി ബാധിച്ച ഒരു സ്ത്രീയുടെ കൈയിലെ കുരുവില്‍ നിന്നെടുത്ത പഴുപ്പ് ഒരു കുട്ടിയില്‍ വിജയകരമായി കുത്തിവച്ചു (1796). വാക്സിനേഷന്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെടാന്‍ ഇതു കാരണമായി.

രോഗബാധിതരായ കന്നുകാലികളില്‍ നിന്നു ശേഖരിച്ച് ശുദ്ധീകരിച്ച വാക്സിന്റെ ഒരു ചെറുതുള്ളി കൈത്തണ്ടയില്‍ വച്ചശേഷം അണുവിമുക്തമാക്കിയ ഒരു സൂചി അതിന്റെ മുകളില്‍വച്ച് പലതവണ അമര്‍ത്തുകയാണ് വാക്സിനേഷന്റെ രീതി. ഇങ്ങനെ അമര്‍ത്തുമ്പോള്‍ തൊലിയില്‍ മുറിവുണ്ടാകണമെന്നില്ല. വാക്സിന്റെ പ്രതിപ്രവര്‍ത്തനം ഏതാണ്ട് മൂന്നാഴ്ച നിലനില്‍ക്കും. അതിനിടയ്ക്കു വാക്സിന്‍ വച്ചഭാഗം പഴുക്കുകയും കുറച്ചു ദിവസങ്ങള്‍ക്കകം കരിയുകയും ചെയ്യുന്നു. സ്കൂള്‍ പ്രവേശനത്തിനുമുമ്പ് കുട്ടികള്‍ക്കു ഗോവസൂരി പ്രയോഗം നടത്തിയിരിക്കണമെന്ന് അടുത്തകാലംവരെ നിര്‍ബന്ധമായിരുന്നു. വസൂരി നിര്‍മാര്‍ജനം ചെയ്തതോടെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് നിര്‍ത്തലാക്കി. ഗോവസൂരി പ്രയോഗം ഒരിക്കല്‍ നടത്തിക്കഴിഞ്ഞാല്‍ പ്രതിരോധശക്തി വര്‍ഷങ്ങളോളം നിലനില്‍ക്കും. അതിനാല്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ ഗോവസൂരി പ്രയോഗം നടത്തുകയായിരുന്നു പതിവ്.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍