This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ്ഹാബര്‍, മോറിസ് (1911 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡ്ഹാബര്‍, മോറിസ് (1911 - )

Goldhaber, Maurice

മോറിസ് ഗോള്‍ഡ്ഹാബര്‍

ഓസ്റ്റ്രിയന്‍-അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞന്‍. 1911 ഏ. 18-ന് ലെംബര്‍ഗില്‍ ജനിച്ചു. ബെര്‍ലിന്‍, കേംബ്രിജ് യൂണിവേഴ്സിറ്റികളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1936-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. 1938-ല്‍ ഇദ്ദേഹം അമേരിക്കയിലേക്കു കുടിയേറി.

ന്യൂക്ലിയര്‍ ഭൗതികമായിരുന്നു ഗോള്‍ഡ്ഹാബറിന്റെ ഗവേഷണമേഖല. ജെയിംസ് ചാഡ്വിക് എന്ന ശാസ്ത്രജ്ഞനോടൊപ്പം 1934-ല്‍ ന്യൂക്ലിയാര്‍ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചു. എക്സ് വികിരണമോ ഗാമാ വികിരണമോ ഉപയോഗിച്ചുള്ള ന്യൂക്ലിയസ്സിന്റെ വിഘടനം (disintegration) ആണ് ഈ പ്രക്രിയയിലേത്. പ്രോട്ടോണിനെക്കാള്‍ അല്പംകൂടി ഭാരമേറിയതാണ് ന്യൂട്രോണ്‍ എന്ന് നിരീക്ഷണങ്ങളില്‍ നിന്ന് ഇവര്‍ മനസ്സിലാക്കി.

ഫെര്‍മിയും കൂട്ടരും മന്ദന്യൂട്രോണുകള്‍ (slow neutrons) കണ്ടുപിടിച്ചതോടെ, അവ ഉപയോഗിച്ച് ലിഥിയം, ബോറോണ്‍, നൈട്രജന്‍ എന്നീ ലഘുമൂലകങ്ങളെ വിഘടനം ചെയ്യാം എന്ന് ഗോള്‍ഡ് ഹാബര്‍ കണ്ടുപിടിച്ചു. അറ്റോമിക ഇലക്ട്രോണുകള്‍ ബീറ്റാകണങ്ങള്‍ക്കു സദൃശങ്ങളാണെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തി. ഈ ഗവേഷണത്തില്‍ ശാസ്ത്രജ്ഞയായ ഭാര്യ ഗെര്‍ത്രൂദിന്റെ (Gertrude Schariff Goldhaber) സഹകരണവും ലഭിച്ചു. ന്യൂക്ലിയാര്‍ ഐസോമേര്‍സ്, അടിസ്ഥാനമൂലകങ്ങള്‍ എന്നിവയെക്കുറിച്ച് ഗോള്‍ഡ്ഹാബര്‍ ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബെറിലിയം നല്ലൊരു മന്ദീകാരി (moderator)യാണെന്ന കണ്ടുപിടിത്തം പില്ക്കാലത്ത് റിയാക്ടറുകളുടെ നിര്‍മിതിക്ക് സഹായകമായി.

ഇല്ലിനോയ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ (1938-50), ബ്രൂക്ക് ഹേവന്‍ ലബോറട്ടറിയില്‍ സീനിയര്‍ സയന്റിസ്റ്റ് (1950-60), ഡയറക്ടര്‍ (1961-73) എന്നീ നിലകളില്‍ ഗോള്‍ഡ്ഹാബര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ നാഷണല്‍ അക്കാദമി ഒഫ് സയന്‍സിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1971-ല്‍ ടോം ഡബ്യൂ. ബോണര്‍ സമ്മാനത്തിന് അര്‍ഹനാവുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍