This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോളകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോളകങ്ങള്‍

നക്ഷത്രാന്തര മേഖല (interstellar space) യില്‍ അങ്ങിങ്ങായി ഇരുണ്ടുകാണുന്ന, ഒറ്റപ്പെട്ടതും താരതമ്യേന സാന്ദ്രത കൂടിയതുമായ ചെറിയ തന്മാത്രാ മേഘശകലങ്ങള്‍. സാന്ദ്രത കുറഞ്ഞ്, വിസ്തൃതിയേറിയ നെബുല (നീഹാരിക)കള്‍ക്കുള്ളില്‍ വളരെ ചെറിയ ഇരുണ്ട തുണ്ടുകളായിട്ടാണ് ഗോളകങ്ങള്‍ കാണപ്പെടുന്നത്. 1947-ല്‍ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രകാരന്മാരായ ബോക്ക്, റെയ്ലി (B.Dzh. Bock, E.f, Riley) എന്നിവര്‍ ഇവയെ ആദ്യമായി നിരീക്ഷിച്ചു. ആകാശഗംഗ (Milky Way)യുടെ പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോഗ്രാഫുകളില്‍ നക്ഷത്രങ്ങള്‍ക്കും തിളങ്ങുന്ന വാതക മേഘങ്ങള്‍ക്കുമിടയില്‍ ചെറിയ നിഴല്‍രൂപങ്ങള്‍പോലെ ഇവയെ കാണാന്‍ കഴിയും. ക്രക്സ് (Crux) അഥവാ തെക്കന്‍ കുരിശ് (So എന്നറിയപ്പെടുന്ന താരസമൂഹത്തിനടുത്തുള്ള 'കോള്‍സാക്' എന്ന നെബുലയ്ക്കുള്ളിലെ ഗോളകം ഇതിനുദാഹരണമാണ്.

തിങ്ങിഞെരുങ്ങിയ വാതകവും ധൂളീപ്രസരങ്ങളുമാണ് ഗോളകങ്ങള്‍ക്കുള്ളിലുള്ളത്. ഈ പൊടിപടലത്തിലെ തരികള്‍ (കണികകള്‍) നക്ഷത്ര പ്രകാശത്തെ അവശോഷണം (absorb) ചെയ്യുന്നതിനാല്‍ ഇവ ഇരുണ്ടുകാണുന്നു. സാധാരണയായി വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ദൃശ്യമാകുന്ന ഗോളകങ്ങളിലേറെയും 1000 പാര്‍സെക് അകലത്തിനുള്ളിലാണെന്നാണ് ശാസ്ത്രകാരന്മാരുടെ നിഗമനം. (പാര്‍സെക്: നക്ഷത്രാന്തര ദൂരം കുറിക്കുന്ന യൂണിറ്റ്; പാര്‍സെക് = 3.08 x 1013 കി.മീ അഥവാ 3.26 പ്രകാശവര്‍ഷം).

വലുപ്പത്തില്‍ 0.01-0.5 പാര്‍സെക് വരെയും ഭാരത്തില്‍ സൂര്യപിണ്ഡ (solar mass)ത്തിന്റെ 0.001-100 മടങ്ങ് വരെയും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗോളകാന്തര വാതകാണുക്കളുടെയും തന്മാത്രകളുടെയും സാന്ദ്രത ഒരു ക്യുബിക് സെ.മീ.-ല്‍ 108 കണികകള്‍ വരെയാണ്.

ആകാശത്തുള്ള നക്ഷത്രാന്തര മേഖലയിലെ വാതക-പൊടിപടല ശേഖരങ്ങളില്‍ നിന്നാണ് നക്ഷത്രങ്ങളുടെ ഉത്പത്തി എന്നാണ് ശാസ്ത്രകാരന്മാരുടെ അനുമാനം. പ്രായംകുറഞ്ഞ നക്ഷത്രങ്ങള്‍ക്കു ചുറ്റും ധാരാളം ധൂളീപ്രസരണങ്ങള്‍ കാണുന്നതും നക്ഷത്രങ്ങള്‍ക്കു പ്രായമേറുന്തോറും ധൂളീപടലങ്ങളുമായുള്ള അവയുടെ അകലം വര്‍ധിക്കുന്നതും തങ്ങളുടെ സിദ്ധാന്തത്തിന് ഉപോദ്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തില്‍ 'നക്ഷത്രങ്ങളുടെ ജനനം ഗോളകങ്ങളില്‍ നിന്നുമാകാം' എന്നൊരാശയവും ജ്യോതിശ്ശാസ്ത്രകാരന്മാര്‍ക്കിടയിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍