This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോല്‍ഗോഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോല്‍ഗോഥ

ക്രിസ്തുവിനെ ക്രൂശില്‍ തറച്ചു വധിച്ച സ്ഥലം. ജറുസലേമിലുള്ള ഈ സ്ഥലം കാല്‍വരി എന്ന പേരിലും അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ ഗോല്‍ഗോഥയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 'തലയോടിന്റെ ഇടം' (place of the skull) എന്നാണ് ഈ സ്ഥലത്തിന് മത്തായി (27:33), മാര്‍ക്കോസ് (15:22), യോഹന്നാന്‍ (19:17) എന്നിവര്‍ നല്കിയിരിക്കുന്ന പേര്. അരമായിക് ഭാഷയില്‍ ഗോല്‍ഗോഥ എന്ന പദത്തിന്റെ അര്‍ഥം തലയോട് എന്നാകുന്നു. ഈ സ്ഥലത്തിന് ഈ പേര് ലഭിക്കാനുള്ള കാരണം അജ്ഞാതമാണ്. വധിക്കപ്പെടുന്ന കുറ്റവാളികളുടെ തലയോടുകള്‍ ഉപേക്ഷിക്കുവാന്‍ ഈ സ്ഥലം ഉപയോഗിച്ചിരുന്നതിനാലാവാം ഈ സ്ഥലത്തിന് ഗോല്‍ഗോഥ എന്ന പേരു ലഭിച്ചത് എന്നൊരു അഭിപ്രായമുണ്ട്. ആദിമനുഷ്യനായ ആദം മരിച്ചപ്പോള്‍ അടക്കം ചെയ്തത് ഇവിടെയായിരുന്നുവെന്ന് മുന്‍കാലത്ത് യഹൂദരും ക്രൈസ്തവരും വിശ്വസിച്ചിരുന്നു. ആദമിന്റെ തലയോടു സ്ഥിതിചെയ്തിരുന്ന ഭാഗത്താണ് ക്രിസ്തുവിനെ വധിക്കാനുപയോഗിച്ച കുരിശ് നാട്ടിയതെന്നും അക്കാരണത്താലാണ് ഈ സ്ഥലത്തിന് ഗോല്‍ഗോഥ എന്ന പേരു ലഭിച്ചതെന്നും ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു പാരമ്പര്യ വിശ്വാസം നിലനില്‍ക്കുന്നു. ഗോല്‍ഗോഥ കുന്നിനു ഏറെക്കുറെ ഒരു തലയോടിന്റെ ആകൃതി ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു ഗോല്‍ഗോഥ എന്ന പേരു ലഭിച്ചതെന്ന അഭിപ്രായത്തിനു കൂടുതല്‍ അംഗീകാരം ഉണ്ട്. കോട്ടകെട്ടി സംരക്ഷിക്കപ്പെട്ടിരുന്ന ജറുസലേം നഗരത്തിനു വെളിയിലാണ് ഗോല്‍ഗോഥ. യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച് (19:41-42) ഗോല്‍ഗോഥയ്ക്കു സമീപം ഒരു തോട്ടവും ആ തോട്ടത്തില്‍ അതു വരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു കല്ലറയും ഉണ്ടായിരുന്നു. ഈ കല്ലറയിലാണ് ക്രിസ്തുവിന്റെ ശരീരം അടക്കം ചെയ്തത്. ജറുസലേം നഗരത്തിനടുത്തുനിന്നു നോക്കിയാല്‍ കാണത്തക്ക സ്ഥലമാണ് ഗോല്‍ഗോഥ എന്നു യോഹന്നാനും (19:20) മാര്‍ക്കോസും (15:40) ലൂക്കോസും (23:49) സൂചിപ്പിച്ചിട്ടുണ്ട്. മത്തായി (27:39), മാര്‍ക്കോസ് (15:29) എന്നിവരുടെ വിവരണത്തില്‍ നിന്നു ഗോല്‍ഗോഥ ഒരു നടപ്പാതയുടെ സമീപത്തായിരുന്നുവെന്നു മനസ്സിലാക്കാം.

എ.ഡി. 43 വരെയും ഗോല്‍ഗോഥ, ജറുസലേം നഗരത്തിന്റെ വടക്കുവശത്തുള്ള കോട്ടയ്ക്കു വെളിയിലായിരുന്നു. ഗോല്‍ഗോഥയില്‍ നിന്നും കുറേ അകലെ മാറിയായിരുന്നു ക്രിസ്തുവിനെ സംസ്കരിച്ച കുഴിമാടം. ഇതും ജറുസലേം നഗരത്തിനു വെളിയിലായിരുന്നു. റോമന്‍ സൈന്യത്തിന്റെ ആക്രമണത്തോടു (62)കൂടി ജറുസലേം നഗരം തകര്‍ന്നു. 117 മുതല്‍ 138 വരെ റോമാചക്രവര്‍ത്തിയായിരുന്ന ഹദ്രിയാന്‍ ജറുസലേം നഗരത്തെ പുതുക്കിപ്പണിതതോടുകൂടി ഗോല്‍ഗോഥയും ക്രിസ്തുവിനെ സംസ്കരിച്ച സ്ഥലവും ജറുസലേം നഗരത്തിന്റെ ഉള്ളിലായി. ഗോല്‍ഗോഥയ്ക്കു ചുറ്റുമായി ഹദ്രിയാന്‍ ചക്രവര്‍ത്തി നിര്‍മിച്ച കരിങ്കല്‍ ഭിത്തിയുടെ ചില ഭാഗങ്ങള്‍ ഇന്നും കാണാനുണ്ട്. 4-ാം ശ.-ത്തില്‍ റോമാചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ ഗോല്‍ഗോഥയില്‍ ക്രിസ്തുവിനെ ക്രൂശിച്ച സ്ഥാനം കൃത്യമായി നിര്‍ണയിച്ച് അവിടെ ഒരു ദേവാലയം പണിതുയര്‍ത്തി. നോ: കാല്‍വരി

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍