This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപുരം

ഒറ്റ തിരിഞ്ഞതോ, മറ്റു കെട്ടിടങ്ങളോടനുബന്ധിച്ചുള്ളതോ ആയ ഉയരം കൂടിയ സംരചന. പ്രതിരോധം ലക്ഷ്യമാക്കിയോ, മതപര ആചാരങ്ങള്‍ക്കായോ, വെറും നിരീക്ഷണാവശ്യങ്ങള്‍ക്കായോ, കെട്ടിടങ്ങളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനോ ആയി ഗോപുരങ്ങള്‍ നിര്‍മിക്കാറുണ്ട്. ദീപസ്തംഭങ്ങളായും മുന്‍കാലങ്ങളില്‍ ഗോപുരങ്ങള്‍ നിര്‍മിച്ചിരുന്നു. ആധുനിക കാലഘട്ടത്തില്‍ വ്യവസായശാലകളിലെ വെള്ളം തണുപ്പിക്കുന്നതിനുപയോഗിക്കുന്ന ഉയരക്കൂടുതലുള്ള കൂളിങ് ടവറുകളും ടെലിവിഷന്‍ സംപ്രേഷണ ആവശ്യങ്ങള്‍ക്കായി പണിയുന്ന ടവറുകളും മറ്റും ഗോപുരങ്ങളായി കണക്കാക്കാവുന്നതാണ്.

മധുര മീനാക്ഷിക്ഷേത്രം

പ്രതിരോധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഉയരംകൂടിയ ഗോപുരങ്ങളില്‍ അസ്ത്രപ്രയോഗം, വെടിവയ്പ്പ് മുതലായവയ്ക്ക് പറ്റിയ വിധത്തിലുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ആരാധനയ്ക്കു വേണ്ടിയുള്ള പ്രാചീന ഗോപുരങ്ങളാവട്ടെ, സൂര്യചന്ദ്രാദികളെ സ്പഷ്ടമായി കാണത്തക്കവിധത്തിലും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതു തരപ്പെടുന്ന വിധത്തിലും നിര്‍മിച്ചിട്ടുള്ള ഉയരം കൂടിയ കെട്ടിടങ്ങളാണ്. ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ വേണ്ടി ടൗണ്‍ഹാളുകളോടനുബന്ധിച്ചും ആരാധനാലയങ്ങള്‍, മറ്റു പൊതുകെട്ടിടങ്ങള്‍ എന്നിവകളോടനുബന്ധിച്ചും ഗോപുരങ്ങള്‍ നിര്‍മിക്കുന്നത് അപൂര്‍വമല്ല. പ്രമുഖ ഹോട്ടലുകളില്‍ പലതിനോടനുബന്ധിച്ചും ഗോപുരങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് മോടി വര്‍ധിപ്പിക്കാനും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടിയാണ്.

സൈനികം. മെസപ്പൊട്ടേമിയക്കാരാണു സൈനികാവശ്യങ്ങള്‍ക്കുവേണ്ടി ആദ്യമായി ഗോപുരങ്ങള്‍ നിര്‍മിച്ചത്. കല്ലുകൊണ്ടു നിര്‍മിച്ച കോട്ടമാളികകളായിരുന്നു ഇവ. സൈനിക ഗോപുരങ്ങളുടെ നിര്‍മാണത്തില്‍ ആദ്യമായി സവിശേഷ ശ്രദ്ധ പതിപ്പിച്ചത് റോമക്കാരാണ്. റോമക്കാരെ പിന്തുടര്‍ന്ന് ബൈസാന്തിയരും ഈ രംഗത്ത് ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. ഇതാവട്ടെ, കോട്ടമാളികകള്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന പ്രതിരോധ സംരചനകളായിരുന്നു. ശത്രുവിനെ പ്രതിരോധിക്കാനും, ശത്രുവില്‍നിന്നും രക്ഷനേടാനും ഇത്തരം ഗോപുരങ്ങള്‍ ഉപകരിച്ചിരുന്നു. കോട്ടമാളികകള്‍ ഇന്ത്യയിലും പ്രചാരത്തിലിരുന്നു. എന്നാല്‍ പീരങ്കികളുടെ ആവിര്‍ഭാവത്തോടുകൂടി കോട്ടമാളികകള്‍ ഉപയോഗശൂന്യങ്ങളായി. ശത്രുക്കളുടെ പീരങ്കികളെ പ്രതിരോധിച്ചു നില്‍ക്കാന്‍ കോട്ടമാളികകള്‍ അപ്രാപ്തമെന്നും തെളിഞ്ഞു.

മതപരം. അറിയപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും പഴക്കമുള്ള മതപരമായ ഗോപുരം നിര്‍മിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. പിരമിഡുരൂപത്തിലുള്ളതായിരുന്നു ഈ ഗോപുരം. ഒരു പ്രമുഖ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാര്‍ഗത്തിലായിരുന്നു ഈ ഗോപുരം നിര്‍മിക്കപ്പെട്ടത്. പേര്‍ഷ്യക്കാരും അവരുടെ അഗ്നി ആരാധനയ്ക്കു യോജിച്ചതരത്തിലുള്ള ഉയര്‍ന്ന ഗോപുരങ്ങള്‍ അതിപ്രാചീനകാലത്തു തന്നെ നിര്‍മിച്ചു വന്നിരുന്നു. ഈജിപ്തിലാവട്ടെ, അദ്യകാലങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഒരു ഗോപുരവാതിലിലൂടെയായിരുന്നു. ഇന്ത്യന്‍ ക്ഷേത്രങ്ങളിലും ഇത്തരം ഗോപുര വാതിലുകള്‍ നിര്‍മിക്കപ്പെട്ടിരുന്നു. അലക്സാണ്ഡ്രിയയ്ക്കു പുറത്തുള്ള ദീപസ്തംഭ ഗോപുരമാണ് ഗ്രീസിലെ ഏറ്റവും പൗരാണികമായ ഗോപുരമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ പലതും ഉയര്‍ന്ന ഗോപുരങ്ങളോടുകൂടിയവയാണ്. 18-ാം ശ.-ത്തോടുകൂടിയാണ് ക്രിസ്ത്യന്‍ പള്ളികളില്‍ ഗോപുരങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്. അവ താരതമ്യേന ഉയരക്കൂടുതലുള്ളവയുമായിരുന്നു.

18-ാം ശ.-ത്തില്‍ ക്രിസ്ത്യന്‍ പള്ളികളോടനുബന്ധിച്ചുള്ള പൊക്കം കുറഞ്ഞ മണിഗോപുരങ്ങള്‍ പ്രചാരത്തില്‍ വന്നെങ്കിലും അത്യധികം ഉയരക്കൂടുതലുള്ള മണിഗോപുരങ്ങളുടെ നിര്‍മാണം നടന്നത് പിന്നെയും ഏഴു ശ.-ത്തോളം കഴിഞ്ഞാണ്. 18-ാം ശ.-ത്തിനു മുന്‍പ് റോമന്‍ വാസ്തുവിദ്യാ മാതൃകയില്‍ പണികഴിപ്പിച്ചതും ക്രിസ്ത്യന്‍ പള്ളികളോടനുബന്ധിച്ചുള്ളതുമായ പ്രശസ്തങ്ങളായ ഗോപുരങ്ങളാണ് സെന്റ് ഫ്രണ്ട് (ലോച്ചസ്), സെന്റ് പിയറെ (വിയന്ന), സെന്റ് പോള്‍ (ഇസ്സോയ്റെ), സെന്റ് ജര്‍മേയിന്‍-ഡറ്റ്-പ്രെസ് (പാരിസ്) എന്നിവ. 12-ാം ശ.-ത്തില്‍ കാസ്റ്ററില്‍ പണിതീര്‍ത്ത ഗോപുരം പ്രത്യേകം എടുത്തു പറയത്തക്ക പ്രാധാന്യമുള്ളതാണ്.

ഗോപുര രൂപകല്പനയില്‍ ഗോഥിക് കാലഘട്ടം അദ്ഭുതാവഹമായ പരിവര്‍ത്തനങ്ങളാണ് വരുത്തിയത്. ജനലുകള്‍ക്കും ആര്‍ക്കേയ്വുകള്‍ക്കും നീളംകൂടി, ബട്രസ്സ് മതിലുകളുടെ എണ്ണവും സങ്കീര്‍ണതയും പെരുകി, മൂല ബട്രസ്സുകള്‍ക്ക് പ്രാധാന്യം കൂടി. ഗോഥിക് കാലഘട്ടത്തില്‍ വന്ന മാറ്റങ്ങളില്‍ ചിലതാണിവ. നവോത്ഥാന കാലഘട്ടത്തിലും ഗോപുരങ്ങളില്‍ മാറ്റം വന്നതായി കാണാം. ഇറ്റലി, തെക്കന്‍ ജര്‍മനി, ആസ്റ്റ്രിയ എന്നിവിടങ്ങളില്‍ നവോത്ഥാന കാലഘട്ടത്തില്‍ നിര്‍മിതമായ ഗോപുരങ്ങള്‍ ഈ കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നവയായിരുന്നു.

ആധുനികം. സൗകര്യപ്രദങ്ങളായ ആധുനിക കെട്ടിട നിര്‍മാണ പദാര്‍ഥങ്ങളുടെ ആവിര്‍ഭാവം ഗോപുരങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഗുസ്താഫ് ഈഫല്‍ നിര്‍മിച്ചതും പാരിസിലുള്ളതുമായ ഈഫല്‍ ഗോപുരമാണ് ആധുനിക ഗോപുരങ്ങളുടെ വഴികാട്ടിയായിത്തീര്‍ന്നത്. 352 മീ. ഉയരമുള്ള ഈഫല്‍ ഗോപുരം 1889-ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉരുക്കാണ് ഈഫല്‍ ഗോപുരത്തിന്റെ പ്രധാന നിര്‍മാണ പദാര്‍ഥം. 1924-ല്‍ പണിതീര്‍ത്ത റേയിന്‍ഡിയിലെ അഗസ്റ്റി പെററ്റ്സ് ചര്‍ച്ചിന്റെ ഗോപുരമാകട്ടെ പ്രധാനമായും കോണ്‍ക്രീറ്റുകൊണ്ടാണ് നിര്‍മിതമായിട്ടുള്ളത്. 1914-ല്‍ ജര്‍മനിയില്‍ നടന്ന ലോക വ്യവസായ പ്രദര്‍ശനത്തിലെ ഗോപുരങ്ങള്‍ നിര്‍മിക്കാനുപയോഗിച്ച പ്രധാന നിര്‍മാണ പദാര്‍ഥങ്ങള്‍ ഗ്ലാസും ഉരുക്കുമാണ്. വാള്‍ട്ടര്‍ ഗ്രോപ്പിയസ്, ഫ്രാങ്ക് ലോയ്ഡ് റൈറ്റ്, ജോണ്‍സണ്‍ വാക്സ് തുടങ്ങിയ ആധുനിക വാസ്തുശില്പികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചിട്ടുള്ളതും, ഗ്ലാസ്സ്, ഉരുക്ക്, കോണ്‍ക്രീറ്റ് എന്നിവ നിര്‍മാണ പദാര്‍ഥമായി ഉപയോഗിച്ചിട്ടുള്ളതുമായ ഗോപുരങ്ങള്‍ ആധുനിക ഗോപുരങ്ങളുടെ മാതൃകകളാണ്. വിശാലമായ അര്‍ഥത്തില്‍ അംബരചുംബികളും ആധുനിക ഗോപുരങ്ങളായി കണക്കാക്കാവുന്നവയാണ്. നോ. അംബരചുംബികള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍