This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപിനാഥ്, ഗുരു (1908 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപിനാഥ്, ഗുരു (1908 - 87)

ഗുരു ഗോപിനാഥ്

കഥകളി-നൃത്ത വിദഗ്ധന്‍. കുട്ടനാട്ടിലെ ചമ്പക്കുളത്ത് അമിച്ചകരി ഗ്രാമത്തില്‍ കൈപ്പള്ളി വീട്ടില്‍ ശങ്കരപ്പിള്ളയുടെയും പെരുമാനൂര്‍ തറവാട്ടില്‍ മാധവി അമ്മയുടെയും പുത്രനായി 1908 ജൂണ്‍ 24-ന് ഗോപിനാഥ് ജനിച്ചു. വെങ്ങൂര്‍ക്കരിക്കലെ നാരായണക്കുറുപ്പ്, തെക്കേടത്തു കൊച്ചുകുഞ്ഞുകുറുപ്പാശാന്‍ എന്നിവരുടെ കീഴിലുള്ള അക്ഷരാഭ്യാസത്തിനുശേഷം കാരെക്കാട്ട്, ചമ്പക്കുളം എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളില്‍ പഠനം തുടര്‍ന്നു. പരമ്പരയായി കുടുംബത്തില്‍ കഥകളിയോഗവും തലമുറകളായി പ്രസിദ്ധ നടന്മാരും ഉണ്ടായിരുന്നതിനാല്‍ കുട്ടിക്കാലം മുതല്ക്കേ ഗോപിനാഥിന് തന്റെ കലാഭിരുചി വളര്‍ത്തുന്നതിനനുഗുണമായ സാഹചര്യം ലഭിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തുകയും ചമ്പക്കുളം പരമുപിള്ളയുടെ ശിഷ്യത്വം സ്വീകരിച്ച് കഥകളി അഭ്യസനം തുടങ്ങുകയും ചെയ്തു. 13-ാമത്തെ വയസ്സില്‍ പടിപ്പുരയ്ക്കല്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയ ഗോപിനാഥ് തുടര്‍ന്ന് മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, തകഴി കേശവപ്പണിക്കര്‍ എന്നീ പ്രഗല്ഭ ഗുരുഭൂതന്മാരുടെയടുക്കലും കലാമണ്ഡലത്തിലുമായി ദീര്‍ഘനാള്‍ കഥകളി അഭ്യസിക്കുകയുണ്ടായി.

കഥകളി നടനായി രംഗപ്രവേശം ചെയ്തുവെങ്കിലും വളരെപ്പെട്ടെന്നുതന്നെ ആ രംഗം വിട്ട് നൃത്തത്തിലേക്ക് ഗോപിനാഥ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. കഥകളിയുടെ അഭിനയ സാധ്യതകള്‍ നൃത്തത്തില്‍ പരീക്ഷിച്ച് സ്വന്തമായ ഒരു നൃത്തശൈലിക്ക് രൂപം നല്കി. പ്രസിദ്ധ നര്‍ത്തകിയായിരുന്ന രാഗിണി ദേവിയുമൊത്ത് ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി നൃത്ത പ്രകടനങ്ങള്‍ കാഴ്ചവച്ച് സര്‍വാദൃതനായ നര്‍ത്തകന്‍ എന്ന പ്രശസ്തിക്കു പാത്രമായി.

എറണാകുളത്ത് 1961-ല്‍ 'വിശ്വകലാ കേന്ദ്രം' എന്ന നൃത്താലയം സ്ഥാപിച്ചു. 'രാമായണം', 'കേരള വിജയം', 'യേശുനാഥ ചരിതം' എന്നീ ബാലെകള്‍ ഇക്കാലത്ത് അവതരിപ്പിച്ചവയാണ്. ചെന്നൈയിലും കുറച്ചുനാള്‍ 'നടനനികേതനം' സ്വന്തമായി നടത്തുകയുണ്ടായി. 1963-ല്‍ വിശ്വകലാകേന്ദ്രം തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലേക്ക് മാറ്റി സ്ഥാപിച്ചു. നാരായണീയം, മഹാഭാരതം, ചണ്ഡാലഭിക്ഷുകി, ബാണയുദ്ധം, ദക്ഷയാഗം എന്നിവയാണ് പില്ക്കാലത്തെ പ്രസിദ്ധ ബാലെകള്‍.

ഇന്ത്യയില്‍ നിന്നും റഷ്യയിലേക്കയച്ച പ്രഥമ സാംസ്കാരിക സംഘത്തില്‍ (1954) ഗുരു ഗോപിനാഥ് അംഗമായിരുന്നു. 1961-ല്‍ ഹെല്‍സിങ്കിയില്‍ നടന്ന അന്താരാഷ്ട്ര യുവജനോത്സവ പരിപാടിയില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. രബീന്ദ്രനാഥ ടാഗൂര്‍, വള്ളത്തോള്‍ നാരായണ മേനോന്‍ തുടങ്ങി നിരവധി കലാസാഹിത്യ കുലപതികളുടെ പ്രശംസകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് 'നാട്യതിലകം', ബംഗാള്‍ മ്യൂസിക് കോണ്‍ഫറന്‍സ് നല്കിയ 'അഭിനവ നടരാജന്‍', ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന്റെ 'ഗുരുസ്ഥാനം', അഖില മലയാളി അസോസിയേഷനില്‍ നിന്ന് 'നടനകലാനിധി', തിരുവിതാംകൂര്‍ ദേവസ്വം നല്കിയ 'കലാരത്നം' എന്നിവയാണ് ഇതര ബഹുമതികള്‍. 1965-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. കൊല്‍ക്കത്താ രബീന്ദ്ര ഭാരതി സര്‍വകലാശാല, ഡി.ലിറ്റ്. ബിരുദം നല്കി (1972) ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ പാലസ് ഡാന്‍സര്‍; ശ്രീ ചിത്രോദയം നര്‍ത്തകാലയത്തിന്റെ ഡയറക്ടര്‍; ഭാരതീയ കലാകേന്ദ്രം ബാലെ ഡയറക്ടര്‍; കേരള കലാകേന്ദ്രം പ്രിന്‍സിപ്പല്‍; കേന്ദ്ര-സംസ്ഥാന സംഗീത നാടക അക്കാദമികള്‍, കേരള കലാമണ്ഡലം എന്നിവയുടെ ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രശംസാര്‍ഹമായി പ്രവര്‍ത്തിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. 'പ്രഹ്ളാദ', 'ജീവിതനൌക', 'ഭക്തകുചേല', 'മായാബസാര്‍' എന്നീ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതിനു പുറമേ 'ജീവിത നൌക', 'വിശപ്പിന്റെ വിളി', 'ആത്മസഖി', 'തൊഴിലാളി', 'മായാബസാര്‍', 'കുമാരസംഭവം' തുടങ്ങിയ ചിത്രങ്ങളിലെ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. സുപ്രസിദ്ധ നര്‍ത്തകരായ യാമിനി കൃഷ്ണമൂര്‍ത്തി, പദ്മാ സുബ്രഹ്മണ്യം, ഡാന്‍സര്‍ ചന്ദ്രശേഖരന്‍, ഭവാനി ചെല്ലപ്പന്‍, ജി. വേണു, ലളിത-പദ്മിനി-രാഗിണിമാര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍പ്പെടുന്നു.

നൃത്തനൃത്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഗുരു ഗോപിനാഥ് രചിച്ചിട്ടുള്ള കൃതികളാണ് അഭിനയാങ്കുരം, അഭിനയ പ്രകാശിക, കഥകളിനടനം, താളവും നടനവും, ക്ലാസ്സിക്കല്‍ ഡാന്‍സ്, പോയംസ് ഒഫ് ഇന്ത്യ എന്നിവ. ഹസ്തലക്ഷണദീപിക, അഭിനയ ദര്‍പ്പണം, നാട്യശാസ്ത്രം എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ച് സംസ്കൃതത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ള ഗ്രന്ഥമാണ് അഭിനയ പ്രകാശിക. കഥകളിയുടെ അഭ്യസന രിതികള്‍, മുദ്രകള്‍, മുഖഭാവങ്ങള്‍ മുതലായ ആംഗിക ചലനങ്ങളാണ് കഥകളിനടനത്തില്‍ വിശദീകരിക്കുന്നത്. എന്റെ ജീവിത സ്മരണകള്‍ (1985) ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.

പ്രസിദ്ധ നര്‍ത്തകിയായ തങ്കമണിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ; പ്രഗല്ഭനായ കഥകളി നടന്‍ ചമ്പക്കുളം പാച്ചുപിള്ള ഗോപിനാഥിന്റെ ജ്യോഷ്ഠ സഹോദരനും. 1987 ഒ. 9-ന് എറണാകുളത്ത് രംഗവേദിയില്‍വച്ചുതന്നെ ആകസ്മികമായി ഗോപിനാഥ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍