This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപികാസംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപികാസംഗീതം

ഭാഗവതപുരാണം പത്താം സ്കന്ധത്തിലെ, 19 ശ്ലോകങ്ങളുള്ള 31-ാം അധ്യായത്തില്‍ വിരഹാതുരരായ ഗോപികമാര്‍ കൃഷ്ണനെ സംബോധന ചെയ്ത് ആലപിക്കുന്ന ഗീതം. 'ജയതി തേധികം ജന്മനാ വ്രജഃ ശ്രയത ഇന്ദിരാശശ്വദത്രഹി' എന്നു തുടങ്ങുന്ന ഈ ഗീതത്തില്‍ പ്രാണേശ്വരനായ കൃഷ്ണനിലുള്ള പ്രേമപാരവശ്യവും വിരഹവേദനയുടെ തീവ്രതയും ഉത്കണ്ഠയും കൃഷ്ണസങ്കല്പത്തിന്റെ മോഹനത്വവും ഹൃദയസ്പര്‍ശിയായി വര്‍ണിച്ചിരിക്കുന്നു. മോഹനമായ വേണുഗാനം കേട്ട് ചന്ദ്രികയില്‍ കുളിച്ചു നില്‍ക്കുന്ന യമുനാതീരത്തെത്തിയ ഗോപികമാര്‍, ജഗന്മോഹനനായ കൃഷ്ണനെക്കണ്ട് ഓരോരുത്തരും തന്റെ പ്രിയതമനാണ് കൃഷ്ണന്‍ എന്നു കരുതി സന്തോഷിച്ചു. ചെറുതെങ്കിലും ഗോപികമാരുടെ മനസ്സിലുണ്ടായ അഹങ്കാരത്തെ ഇല്ലാതാക്കുവാന്‍വേണ്ടി കൃഷ്ണന്‍ കുറച്ചുസമയത്തേക്ക് മറഞ്ഞു കളഞ്ഞു. കൃഷ്ണനെ കാണാഞ്ഞ് കൃഷ്ണനില്‍ ആത്മാര്‍പ്പണം ചെയ്തിരുന്ന ഗോപികമാര്‍ തങ്ങളെ അനുഗ്രഹിക്കണം, തങ്ങളുടെ ആഗ്രഹം നിറവേറ്റണം എന്നഭ്യര്‍ഥിക്കുന്നതാണ് ഈ ഗീതം. കൃഷ്ണന്‍ ഒരു ഗോപാലന്‍ മാത്രമല്ല സകല ചരാചരങ്ങളുടെയും അന്തരാത്മാവ് കൂടിയാണെന്ന അറിവ് ഗോപികമാരുടെ പ്രണയത്തെ ദൃഢപ്പെടുത്തുന്നതേയുള്ളു. ഗോപികമാരുടെ അനന്യശരണത്വം മനസ്സിലാക്കിയ കൃഷ്ണന്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ഓരോ ഗോപികയുടെയും കൂടെ ഓരോ കൃഷ്ണനായി മാറി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്ന രാസക്രീഡാവര്‍ണനയാണ് തുടര്‍ന്നുവരുന്ന ഭാഗം. ഗോപികാഗീതം കീര്‍ത്തനമായി പാടുന്ന പതിവുണ്ട്. 'ജയതിതേധികം കൃഷ്ണ ജന്മനാ വ്രജഃ കൃഷ്ണ' എന്നിങ്ങനെ കൃഷ്ണ എന്ന സംബോധന ചേര്‍ത്ത് പാടുന്ന രീതിയും നിലവിലുണ്ട്. കൃഷ്ണകഥ വിവരിക്കുന്ന മിക്ക കൃതികളിലും ഗോപികമാരുടെ ഈ വിരഹദുഃഖം വര്‍ണിക്കുന്നുണ്ട്. നാരായണീയത്തിലും 'കേശപാശധ്യത' എന്നു തുടങ്ങുന്ന രാസക്രീഡാവര്‍ണനത്തിനു തൊട്ടു മുമ്പുള്ള ദശകത്തിലും ഗോപികമാരുടെ വിരഹവേദനാഭരിതമായ ഗീതം വര്‍ണിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍