This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍, എ.എന്‍. (1929 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍, എ.എന്‍. (1929 - 95)

സിങ്കപ്പൂരിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനും. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തകനും വക്കീലുമായിരുന്ന നാരായണക്കൈമളുടെയും ഗൗരിക്കുട്ടിയമ്മയുടെയും പുത്രനായി 1929 ജൂണ്‍ 29-ന് ഗോപാലകൃഷ്ണപിള്ള ജനിച്ചു. പാലാ ഗവണ്‍മെന്റ് സ്കൂള്‍, കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജില്‍നിന്നും ബി.എസ്.സി. ബിരുദം നേടി. എറണാകുളം ലോ കോളജില്‍ നിന്നും ബി.എല്‍. പാസ്സായ ഇദ്ദേഹം 1954-ല്‍ അഭിഭാഷകനായി. പിന്നീട് ഇദ്ദേഹം അഖിലേന്ത്യാ ഖാദി കമ്മീഷന്റെ ഓര്‍ഗനൈസറായി നേമത്ത് ഉദ്യോഗം സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന ഓര്‍ഗനൈസര്‍, സൗത്ത് ഇന്ത്യന്‍ ഡെവലപ്മെന്റ് ആഫീസര്‍ എന്നീ ഉദ്യോഗങ്ങള്‍ വഹിച്ചു. തുടര്‍ന്ന് ഉദ്യോഗം ഉപേക്ഷിച്ച് സമുദായ പ്രവര്‍ത്തനത്തിനിറങ്ങി. 1962-ല്‍ എന്‍.എസ്. എസ്സിന്റെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായും 1967-ല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ദീര്‍ഘകാലം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അംഗമായിരുന്ന ഇദ്ദേഹം നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ പദവി വഹിച്ചു. 1984 ജനു.-ല്‍ സിങ്കപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി. ഈ നിലയ്ക്ക് ഇന്ത്യയും സിങ്കപ്പൂരും തമ്മില്‍ രാഷ്ട്രീയവും സാംസ്കാരികവുമായ ബന്ധം മെച്ചപ്പെടുത്താനും ഇദ്ദേഹം യത്നിച്ചു. രണ്ടു വര്‍ഷത്തിനുശേഷം ആ സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി.

ഗുരുവായൂര്‍ ക്ഷേത്ര മാനേജിങ് കമ്മിറ്റി അംഗം, അഖില കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, കുറിച്ചി ആതുരാശ്രമം മെഡിക്കല്‍ കോളജ് ട്രഷറര്‍, സിന്‍ഡിക്കേറ്റിലെ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, സര്‍വീസ് വാരികയുടെ പത്രാധിപര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും ചെറുകഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. കിടങ്ങൂര്‍ കഥകള്‍ എന്ന പേരില്‍ ഇദ്ദേഹത്തിന്റെ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍