This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപഥബ്രാഹ്മണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപഥബ്രാഹ്മണം

അഥര്‍വവേദത്തിന്റെ ഏക ബ്രാഹ്മണഗ്രന്ഥം. ബ്രാഹ്മണങ്ങളില്‍ വച്ച് ഏറ്റവും ഒടുവിലത്തേത്. ഇതു വളരെ ചെറിയ ഒരു ഗ്രന്ഥമാകുന്നു. രണ്ട് 'പുസ്തകങ്ങ'ളും പതിനൊന്ന് പ്രപാഠകങ്ങളുമേ ഇതിനുള്ളൂ. ഗോപഥബ്രാഹ്മണത്തിന് 100 അധ്യായങ്ങളുള്ളതില്‍ ഇപ്പോള്‍ നിലവിലുള്ളത് ആകെ രണ്ടെണ്ണമാണെന്ന് അഥര്‍വവേദത്തിന്റെ പരിശിഷ്ഠമായ ചരണവ്യൂഹത്തില്‍ പറയുന്നുണ്ട്.

വേദകാലത്തുണ്ടായ ഒട്ടധികം ഗ്രന്ഥങ്ങളെ പരമ്പരയാ 'ബ്രാഹ്മണങ്ങള്‍' എന്നു വിളിച്ചുവരുന്നുണ്ട്. എന്നാല്‍ അവയില്‍ പ്രധാനപ്പെട്ട ഋഗ്വേദബ്രാഹ്മണമായ 'ഐതരേയ'വും 'കൗശീതകി'യും, യജുര്‍വേദബ്രാഹ്മണമായ 'തൈത്തിരീയ'വും, ശുക്ലയജുര്‍വേദത്തിന്റെ 'ശതപഥബ്രാഹ്മണ'വും, സാമവേദത്തിന്റെ 'ജൈമിനീയ'വും 'താണ്ഡ്യ'വും അഥര്‍വവേദബ്രാഹ്മണമായ 'ഗോപഥ'വുമാകുന്നു.

ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ഭൂരിഭാഗവും പുരാണകഥകളുടെയും ഐതിഹ്യങ്ങളുടെയും സാരോപദേശങ്ങളുടെയും ഉദാഹരണങ്ങളും, മതപരമായ പലവിധ അനുഷ്ഠാനങ്ങളുടെയും ചടങ്ങുകളുടെയും വര്‍ണനകളുമാണെന്നുള്ളതാണ്. ഈ ബ്രാഹ്മണം അംഗിരശ്ശസിനെ ജ്ഞാനികളില്‍ ജ്ഞാനിയായി പ്രകീര്‍ത്തിക്കുകയും, എതെങ്കിലും യാഗം അഥര്‍വവേദത്തില്‍ പരാമര്‍ശിക്കപ്പെട്ട പുരോഹിതനെക്കൂടാതെ നടത്തിയാല്‍ അതു ശിക്ഷാര്‍ഹമാണെന്നു വിധിക്കുകയും ചെയ്യുന്നു.

ഗോപഥബ്രാഹ്മണത്തെ രണ്ടു ഭാഗങ്ങളിലായി വേര്‍തിരിച്ചിട്ടുണ്ട്-പൂര്‍വഗോപഥമെന്നും ഉത്തരഗോപഥമെന്നും. സംസ്കൃത വ്യാകരണത്തിന്റെ ആദ്യപാഠങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത് ഈ ഗ്രന്ഥത്തിലാണ്. ത്രയി എന്ന വേദസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന അഥര്‍വവേദത്തിനു വലിയ പ്രാധാന്യമില്ലാത്തതുപോലെ ഈ ബ്രാഹ്മണത്തിനും വലിയ അംഗീകാരമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍