This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദാവരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദാവരി

മധ്യേന്ത്യയിലെ ഏറ്റവും നീളവും വലുപ്പവും കൂടിയ നദി. ആകെ നീളം 1465 കി.മീറ്റര്‍. അറബിക്കടലില്‍ നിന്ന് ഏതാണ്ട് 80 കി. മീറ്റര്‍ അകലെ, നാസിക് ജില്ലയിലെ പശ്ചിമഘട്ട നിരകളിലുദ്ഭവിക്കുന്ന ഗോദാവരി 1400 കി. മീറ്ററിലേറെ ദൂരം ദക്ഷിണ പൂര്‍വ ദിക്കിലേക്കൊഴുകി സാത്പുറ മലനിരകള്‍ക്കു താഴെ ഡക്കാന്‍ പീഠഭൂമി കടന്ന്, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. നദിയുടെ അതിവിസ്തൃതമായ ഡല്‍റ്റാപ്രദേശം പതനസ്ഥാനത്തോടടുത്ത് കൃഷ്ണാ നദിയുടെ ഡല്‍റ്റയുമായി സമ്മേളിക്കുന്നതു കാണാം. പൂര്‍ണാ, കദം, പ്രാണീത, ഇന്ദ്രാവതി എന്നീ ചെറുനദികള്‍ ഇടതുഭാഗത്തു നിന്നും മഞ്ജിര, സിന്ദ്ഫാന, മാനര്‍, കിനാര്‍ സാനി എന്നിവ വലതുഭാഗത്തു നിന്നും വന്നുചേരുന്ന പോഷക നദികളാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ഗോദാവരി നദി (സാറ്റ് ലൈറ്റ് ചിത്രം)

ഡക്കാന്‍ പ്രദേശത്തെ ഏറ്റവും വലിയ നദിയായ ഗോദാവരിയുടെ നദീതടത്തിന് 3,13,390 ച.കി.മീ. വിസ്തൃതിയുമുണ്ട്. ഇതിന് ഇന്ത്യന്‍ നദികളുടെ തടപ്രദേശങ്ങളില്‍ രണ്ടാം സ്ഥാനമാണുള്ളത്.

ന. മുതല്‍ ജൂണ്‍ വരെ മാസങ്ങളില്‍ ഗോദാവരിയിലെ വെള്ളത്തിന്റെ അളവ് വളരെ കുറവായിരിക്കും. എന്നാല്‍ മലമടക്കുകള്‍ കഴിഞ്ഞ് നദി താഴോട്ടെത്തുന്നതോടെ വീതിയും വേഗവും കൂടി, മഴക്കാലത്തോടെ അതിവിസ്തൃതമായിത്തീരുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് നദിയുടെ പൊതുവായ ഗതി. ഉദ്ഭവസ്ഥാനത്തുനിന്ന് ഡക്കാന്‍ പ്രദേശത്തുകൂടി കിഴക്കോട്ടൊഴുകുന്ന നദി മഹാരാഷ്ട്ര-ആന്ധ്രാ അതിര്‍ത്തികടന്ന് രാജമുന്ദ്രിയിലെ പാപകൊണ്ട ചുരത്തിലൂടെ പൂര്‍വതീരത്തെത്തുന്നു. ഇവിടെയാണ് രാമപാദസാഗര്‍ പവര്‍-ഇറിഗേഷന്‍ പദ്ധതി. പ്രാണീതാ നദി ഗോദാവരിയുമായി ചേരുന്ന പ്രദേശം കഴിഞ്ഞാലുടന്‍ ഊറല്‍-ശിലാസ്തരങ്ങളുടെയും കല്‍ക്കരി നിക്ഷേപങ്ങളുടെയും ആഴം കുറഞ്ഞ ഒരു തടം കാണാം. വസിഷ്ഠഗോദാവരി, ഗൗതമിഗോദാവരി എന്നിങ്ങനെ രണ്ടു കൈവഴികളിലായി പിരിഞ്ഞാണ് ഗോദാവരി സമുദ്രത്തില്‍ പതിക്കുന്നത്.

ഉദ്ഭവസ്ഥാനം മുതല്‍ പൂര്‍വഘട്ടം വരെ ഗോദാവരി താരതമ്യേന ശാന്തമായൊഴുകുന്നു. പൂര്‍വഘട്ടപ്രദേശത്ത് നദിയുടെ വിസ്താരവും നന്നേ കുറവാണ്. കുത്തനെയുള്ള മലയിടുക്കുകളിലൂടെ ഒഴുകുന്നതുകൊണ്ടാണിത്. നദിയുടെ ഇരുകരകളും വൃക്ഷനിബിഡമായ കുന്നുകളാല്‍ സമൃദ്ധമാണ്. ഉയര്‍ന്ന നദീതടങ്ങള്‍ അതീവ ഫലഭൂയിഷ്ഠമായിരിക്കുന്നു. പരുത്തിയും വരകും ഇവിടെ സമൃദ്ധമായി വിളയുന്നുണ്ട്. പൂര്‍വഘട്ടം തരണം ചെയ്ത് തീരപ്രദേശത്തെത്തുന്നതോടെ നദി വീണ്ടും വിസ്തൃതമാകുന്നു.

ഉദ്ഭവസ്ഥാനത്തോടു ചേര്‍ന്നുള്ള നദീഭാഗങ്ങളില്‍ ശീതകാലത്തും വസന്തകാലത്തും വരള്‍ച്ച അനുഭവപ്പെടുന്നതിനാല്‍ ഇവിടം ജലസേചനത്തിന് ഉപയുക്തമാകുന്നില്ല. നദീമുഖത്തോടടുത്ത പ്രദേശങ്ങള്‍ ഗതാഗതത്തിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവിടെ പണ്ടുതന്നെ നദിയുടെ ആഴം വര്‍ധിപ്പിക്കുകയും മറ്റു തടസങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കൃഷ്ണയുമായി ഗോദാവരിയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലസേചന കനാല്‍ പദ്ധതി സമീപ പ്രദേശങ്ങളിലെ കാര്‍ഷികാഭിവൃദ്ധിക്കു കാരണമായി. നെല്ലും കരിമ്പും വിളയുന്ന ഈ പ്രദേശങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ഫലസമൃദ്ധമായ കൃഷിയിടങ്ങളില്‍പ്പെടുന്നു. പൂര്‍വതീരത്ത് പരന്നൊഴുകുന്ന ഗോദാവരിയില്‍ അങ്ങിങ്ങായി ചെറുദ്വീപുകള്‍ കാണാം. ഇവയില്‍ പുകയില കൃഷിചെയ്യുന്നു. നദിക്കരയിലെ വനങ്ങളിലുള്ള തടികള്‍ കപ്പല്‍നിര്‍മാണത്തിനു പറ്റിയതാണ്. ഗോദാവരിയുടെ ഡല്‍റ്റയാണ് ഏറ്റവും ജനസാന്ദ്രം. ഫലപുഷ്ടിയുള്ള മണ്ണും ജലസേചന സൗകര്യവുംമൂലം ആളുകള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു.

ഉദ്ഭവസ്ഥാനം മുതല്‍ പതനസ്ഥാനം വരെ പവിത്രമായി കരുതപ്പെടുന്ന ഗോദാവരിക്കിരുവശവും ധാരാളം ക്ഷേത്രങ്ങളുണ്ട്. ഗംഗയോളം പ്രാധാന്യം നല്കി ഹിന്ദുക്കള്‍ ആരാധിക്കുന്ന ഈ പുണ്യ നദിയുടെ ഉദ്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. തന്റേതല്ലാത്ത കുറ്റത്തിന് ഭര്‍ത്താവിനാല്‍ പരിത്യക്തയായ ഒരു സാധു ബ്രാഹ്മണസ്ത്രീ തപോബലത്താല്‍ നദിയായിത്തീര്‍ന്നു എന്നാണ് ഒരെണ്ണം! ഗൗതമമഹര്‍ഷി തന്റെ ആശ്രമത്തില്‍ അബദ്ധത്തില്‍ സംഭവിച്ചുപോയ ഗോഹത്യക്കു പ്രതിവിധിയായി പരമേശ്വര ശിരസ്സില്‍ നിന്നു കൊണ്ടുവന്ന ഗംഗയുടെ കൈവഴിയാണ് ഗോദാവരി എന്ന് പുരാണം പറയുന്നു.

(ജെ.കെ. അനിത; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%A6%E0%B4%BE%E0%B4%B5%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍