This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദവര്‍മ രാജാ, ലഫ്. കേണല്‍ (1908 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദവര്‍മ രാജാ, ലഫ്. കേണല്‍ (1908 - 71)

കായികപ്രതിഭയും കിടയറ്റ സംഘാടകനും. 1908 ഒ. 8-നു പൂഞ്ഞാര്‍ കൊട്ടാരത്തില്‍ അംബത്തമ്പുരാട്ടിയുടെയും നാരായണന്‍ തമ്പൂതിരിപ്പാടിന്റെയും രണ്ടാമത്തെ പുത്രനായി ഗോദവര്‍മ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പൂഞ്ഞാറിലും എറണാകുളത്തും കോട്ടയത്തുമായി പൂര്‍ത്തിയാക്കി. കോളജ് വിദ്യാഭ്യാസം മധുരയിലും ചെന്നൈയിലുമായിരുന്നു. 1934-ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് മുന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ സഹോദരി കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയുമായുള്ള വിവാഹം നടന്നത്. വിവാഹത്തിനുശേഷം കേണല്‍ രാജാ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സാണ് ഇദ്ദേഹത്തെ ലഫ്. കേണല്‍ ബഹുമതി നല്കിയത്.

ലഫ്. കേണല്‍ ഗോദവര്‍മ രാജാ

കുട്ടിക്കാലം മുതല്‍, കളരിപ്പയറ്റ്, നീന്തല്‍, വനാന്തരങ്ങളില്‍ ക്കൂടിയുള്ള സാഹസികയാത്ര എന്നിവയിലും അത്ലറ്റിക്സിലും ഫുട്ബാള്‍, ക്രിക്കറ്റ്, ടെന്നീസ് എന്നിവയിലും അതീവ താത്പര്യം കാണിച്ചിരുന്ന രാജാ ആ രംഗങ്ങള്‍ തന്നെയാണ് പിന്നീട് തന്റെ പ്രവര്‍ത്തനമണ്ഡലമായി സ്വീകരിച്ചത്.

തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ലേബര്‍ കോര്‍ സംഘടിപ്പിച്ചപ്പോള്‍ ലഫ്. കേണല്‍ രാജാ ആയിരുന്നു അതിന്റെ കമാണ്ടന്റ്. ഒപ്പം സര്‍വകലാശാലയുടെ ആദ്യത്തെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും രാജാതന്നെ ആയിരുന്നു. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാഡ്മിന്റന്‍, ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബാള്‍ തുടങ്ങി അനേകം കായിക വിനോദമത്സര ഇനങ്ങള്‍ക്ക് സംസ്ഥാനതല സംഘടനകള്‍ രൂപീകരിക്കുവാന്‍ നേതൃത്വവും പ്രേരണയും പ്രചോദനവും നല്കിയതും അവയില്‍ മിക്കവാറും എല്ലാ സംഘടനകളുടെയും ആദ്യകാല പ്രസിഡന്റും ലഫ്. കേണല്‍ രാജയായിരുന്നു. 1938-ല്‍ ടെന്നിസ്, 1943-ല്‍ ഫുട്ബാള്‍, 1944-ല്‍ ക്രിക്കറ്റ് എന്നിവയ്ക്കു വേണ്ടി രൂപീകൃതമായ സംസ്ഥാനതല അസോസിയേഷനുകള്‍ ആ ഇനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെട്ടു.

1940-ല്‍ ലഫ്. കേണല്‍ രാജാ നവീന സംവിധാനങ്ങളോടുകൂടി തിരുവനന്തപുരം ബോട്ട്ക്ലബ് വേളിയില്‍ സ്ഥാപിച്ചു.

1954-ല്‍ രൂപം കൊടുത്ത സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കേളരത്തിലെ കായിക നവോത്ഥാനത്തിന് ആക്കം കൂട്ടി. ആദ്യം തിരു-കൊച്ചി സ്പോര്‍ട്സ് കൗണ്‍സിലായി രൂപംകൊണ്ട ഈ സ്ഥാപനം കേരളപ്പിറവിയോടെ കേരളാ സ്പോര്‍ട്സ് കൗണ്‍സിലായി. മരണം വരെയും കേണല്‍ രാജാ അതിന്റെ പ്രസിഡന്റായിരുന്നു.

1956-ല്‍ ആള്‍ ഇന്ത്യാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, 1966-ല്‍ ആള്‍ ഇന്ത്യാ ലോണ്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ്, ആസ്റ്റ്രേലിയയില്‍ നടന്ന ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ഇന്ത്യന്‍ ടീമിലെ അംഗം എന്നീ നിലകളില്‍ രാജ ദേശീയതലത്തില്‍ ശ്രദ്ധേയനായി. ഇന്ത്യന്‍ പ്രതിനിധി എന്ന നിലയ്ക്ക് ലഫ്. കേണല്‍ രാജാ ഉണ്ടായിരുന്നു.

ആള്‍ ഇന്ത്യാ ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ്, ആള്‍ ഇന്ത്യാ സ്വിമ്മിങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, സൈക്കിള്‍ പോളോ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് രാജാ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലഫ്. കേണല്‍ രാജാ പ്രസിഡന്റായി 1958-ല്‍ തിരുവനന്തപുരത്ത് ഒരു ഫ്ളൈയിങ് ക്ലബ്ബ് രൂപീകരിച്ചു. 1967-ല്‍ അനേകം വിമാനങ്ങള്‍ പങ്കെടുത്ത നാഷണല്‍ എയര്‍ റാലി ലഫ്. കേണല്‍ രാജാ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ വ്യോമയാന മത്സരം.

എയറോക്ലബ്ബ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു ലഫ്. കേണല്‍ രാജാ. അന്താരാഷ്ട്ര എയറോ ഫെഡറേഷന്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനാണ് അദ്ദേഹം.

കായികമേഖലയ്ക്കു പുറമേ പൊതുജനക്ഷേമ രംഗങ്ങളിലും രാജ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള കോവളം അന്തര്‍ദേശീയ പ്രശസ്തിയുള്ള വിനോദസഞ്ചാര കേന്ദ്രമായി വളരുവാന്‍ പ്രധാന കാരണം ലഫ്. കേണല്‍ രാജായുടെ അശ്രാന്ത പരിശ്രമമാണ്. ഭാരത ടൂറിസ്റ്റ് വികസന കൗണ്‍സില്‍ ഡയറക്ടര്‍, കേരള കരകൗശല ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ലഫ്. കേണല്‍ രാജാ പ്രവര്‍ത്തിച്ചിരുന്നു. കേരള ഹോര്‍ട്ടികള്‍ച്ചര്‍ പ്രസിഡന്റ്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ അധ്യക്ഷന്‍ എന്നീ നിലകളിലും രാജാ വിലപ്പെട്ട സേവനം നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം ടെന്നിസ് ക്ലബ്ബ് മന്ദിരം, വേളി ബോട്ട് ക്ലബ്ബ് മന്ദിരം, വാട്ടര്‍ വര്‍ക്സ് നീന്തല്‍ക്കുളം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, സെന്‍ട്രല്‍ സ്റ്റേഡിയം, റോളര്‍ സ്കേറ്റിങ് റിങ്, റോവിങ് സെന്റര്‍, ആറ്റിങ്ങലിലുള്ള ശ്രീപാദം സ്റ്റേഡിയം കൊച്ചിയിലെ സ്പോര്‍ട്സ് കോംപ്ലക്സ്, നെയ്യാര്‍ ഡാമിലെ പര്‍വതാരോഹണ പരിശീലന കേന്ദ്രം, കണ്ണൂര്‍ ജില്ലയില്‍ ആലത്തൂരിലുള്ള ഫുട്ബാള്‍ കോര്‍ട്ട് എന്നിവ ലഫ്. കേണല്‍ രാജായുടെ ശ്രമഫലമായിട്ടുണ്ടായതാണ്.

1971 ഏപ്രില്‍ 10-നു ഹിമാലയ സാനുക്കളിലെ കുളു താഴ്വരയിലുള്ള ബുങ്ങാര്‍ വിമാനത്താവളത്തില്‍വച്ചുണ്ടായ ഒരു വിമാന അപകടത്തെത്തുടര്‍ന്ന് ലഫ്. കേണല്‍ ഗോദവര്‍മ അന്തരിച്ചു.

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഗൗരി പാര്‍വതിബായി തമ്പുരാട്ടിയും ഗൗരി ലക്ഷ്മീബായി തമ്പുരാട്ടിയും ലഫ്. കേണല്‍ രാജായുടെ പുത്രിമാരും രാമവര്‍മ രാജാ പുത്രനുമാണ്. തിരുവനന്തപുരത്തെ ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജാ പവിലിയനും ഇദ്ദേഹത്തിന്റെ സ്മാരകങ്ങളാണ്.

(എന്‍. പരമേശ്വരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍