This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഡ്വിന്‍-ആസ്റ്റന്‍ കൊടുമുടി (K-2)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഡ്വിന്‍-ആസ്റ്റന്‍ കൊടുമുടി (K-2)

ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പര്‍വതശൃങ്ഗം. ചൈനയുടെയും പാക്-അധീന കാശ്മീരിന്റെയും അതിര്‍ത്തിയിലെ കാറക്കോറം നിരകളിലുള്ള ബാള്‍ട്ടിസ്താനില്‍ സ്ഥിതിചെയ്യുന്നു. 1963-ല്‍ ചൈനയും പാകിസ്താനും തമ്മില്‍ തീര്‍ച്ചപ്പെടുത്തിയതാണ് ഈ അതിര്‍ത്തി. ഡല്‍ഹിയില്‍ നിന്ന് ഏതാണ്ട് 800 കി.മീ. വടക്കായി സ്ഥിതിചെയ്യുന്ന ഈ പര്‍വതശൃങ്ഗം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ത്തന്നെയാണെന്നാണ് ഇന്ത്യന്‍ പക്ഷം. ഉയരം: 8,611 മീ.

ഹെന്റി ഹാവര്‍ഷാം ഗോഡ്വിന്‍-ആസ്റ്റന്‍ (1834-1923) എന്ന ബ്രിട്ടീഷ് സര്‍വേയര്‍ 1860-കളില്‍ ഹിമാലയപ്രാന്തങ്ങളില്‍ നടത്തിയ സഞ്ചാര-പഠന-പര്യവേക്ഷണങ്ങളാണ് ആദ്യമായി ഈ ശൃങ്ഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്കിയത്. സര്‍വേയര്‍ മാപ്പുകള്‍ക്കുവേണ്ടി ഇദ്ദേഹം ശൃങ്ഗത്തിന് 'കെ-റ്റൂ' (K2) എന്ന് പേരിട്ടു. കാശ്മീരിന്റെ പ്രഥമ സര്‍വേ തലവനായിരുന്ന റ്റി.ജി. മണ്ട്ഗോമറി 1856-ല്‍ത്തന്നെ കെ-റ്റൂവിനെ ദൂരെനിന്ന് തിരിച്ചറിയുകയും ഏകദേശമളവുകളെടുക്കുകയും ചെയ്തിരുന്നു. കാറക്കോറം ശൃങ്ഗങ്ങളില്‍ അളവുകള്‍ രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ കൊടുമുടിയായതിനാലാണ് ഇതിന് K2 എന്നു പേരു നല്കിയത്.

ഗോഡ് വിന്‍-ആസ്റ്റന്‍ കൊടുമുട

ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റും രണ്ടാമത്തേതായ ഗോഡ്വിന്‍-ആസ്റ്റനും പ്രധാനമായി ചുണ്ണാമ്പുകല്‍ പര്‍വതങ്ങളാണ്. ഗോഡ്വിന്‍-ആസ്റ്റനു തെക്കായി കൈലാസ്-ലഡാഖ് നിരകള്‍ സ്ഥിതിചെയ്യുന്നു. കാറക്കോറം മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്ന് സു. 3,000 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍, ഇവയുടെ ശൃങ്ഗങ്ങള്‍ 7,000 മീറ്ററിലേറെ ഉയരമുള്ളവയാണെങ്കില്‍പ്പോലും കാഴ്ചയില്‍ ഹിമാലയന്‍ ശൃങ്ഗങ്ങളുടെ ഗാംഭീര്യം ഉളവാക്കുന്നില്ല. എന്നാല്‍ ഈ പ്രദേശത്തിന്റെ അസാധാരണമായ ഉയരംമൂലം കാറക്കോറം നിരകള്‍ എപ്പോഴും തണുപ്പേറിയതും വിസ്മൃതവുമായിരുന്നു. ഇക്കാരണത്താല്‍ കാല്‍നടപ്പാതകള്‍ പോലും ഇവിടെ വിരളമാണുതാനും.

കെ-റ്റൂ ശൃങ്ഗത്തെ ആദ്യമായി അളന്ന ഗോഡ്വിന്‍-ആസ്റ്റന്റെ പേര് ഇതിനു നല്കണമെന്ന നിര്‍ദേശത്തിന് ഔദ്യോഗികാനുമതി ലഭിച്ചിട്ടില്ല. ഡാപ്-സാങ്, ഛൊഗോറി തുടങ്ങിയ പേരുകളും ഇതിനു നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അനൌദ്യോഗികമായി ഇത് ഏറ്റവുമേറെ അറിയപ്പെടുന്നത് ഗോഡ്വിന്‍-ആസ്റ്റന്‍ കൊടുമുടി എന്നു തന്നെയാണ്. ശൃംഗത്തില്‍നിന്ന് 4000 മീ. താഴെ അടിവാരത്തിലുള്ള ഹിമാനിക്ക് ഔദ്യോഗിമായിത്തന്നെ ഗോഡ്വിന്‍-ആസ്റ്റന്റെ പേരു നല്കിയിട്ടുണ്ട്.

1954 വരെ കെ-റ്റൂവിനെ കീഴടക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും അതിലൊന്നുപോലും വിജയിച്ചില്ല. 1954-ല്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ പര്യവേക്ഷണ സംഘത്തിലെ രണ്ടംഗങ്ങള്‍-ആക്കില കംപാഗ്നോനിയും ലീനോ ലാസഡേ ലീയും-കെ-റ്റൂവിന്റെ നെറുകയിലെത്തിച്ചേര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍