This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോട്ട്ബര്‍ഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോട്ട്ബര്‍ഗ്

Goteborg

സ്വീഡനിലെ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ നഗരവും പ്രധാന തുറമുഖവും. ഗോട്ട്ബര്‍ഗ്-ബോഹസ് കൗണ്ടികളുടെ ആസ്ഥാനവും ഇതുതന്നെ. 'യൂട്ട്ബറി' എന്നു വിളക്കപ്പെടുന്ന ഈ നഗരം സ്വീഡന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റോക്ഹോം കഴിഞ്ഞാല്‍ സ്വീഡനിലെ ഏറ്റവും പ്രധാന നഗരമായ ഗോട്ട്ബര്‍ഗ് സ്റ്റോക്ഹോമില്‍ നിന്നു 400 കി.മീ. തെ. പടിഞ്ഞാറായി ഗോട്ടാ നദീമുഖതീരത്താണ്. പാറകള്‍ നിറഞ്ഞ് താണുകിടക്കുന്ന കുറേ കുന്നുകള്‍ക്കു മീതെയായാണ് നഗരം വ്യാപിച്ചിരിക്കുന്നത്. കടലിനോടടുക്കുന്തോറും ഇവിടെ ധാരാളം ചെറുദ്വീപുകളും പാറനിറഞ്ഞ റീഫുകളും കണ്ടെത്താം. നദീമുഖമായ കാറ്റ്ഗാട്ടില്‍ നിന്ന് ഇവിടേക്ക് 6 കി.മീറ്ററാണ് ദൂരം. മഞ്ഞുവീഴ്ചയില്ലാത്ത തുറമുഖവും, നഗരത്തിന്റെ തന്ത്രപ്രധാന സ്ഥാനവും ഗോട്ട്ബര്‍ഗിന് ഏറെ പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു. സ്വീഡന്റെ 'പടിഞ്ഞാറേക്കുള്ള കിളിവാതിലാ'യാണ് ഈ നഗരം അറിയപ്പെടുന്നത്. 'ഗോട്ടായിലെ കോട്ട' എന്നര്‍ഥമുള്ള ഗോട്ട്ബര്‍ഗിനെ ആങ്ഗല രൂപത്തില്‍ അപൂര്‍വമായി ഗോഥന്‍ബര്‍ഗ് എന്നും പറയാറുണ്ട്.

1619-ല്‍ ഗുസ്താ കക അഡോള്‍ഫസ് രാജാവ് സ്ഥാപിച്ച ഈ നഗരം ഏറെ വാണിജ്യപ്രാധാന്യമുള്ളതാണ്. സ്വീഡിഷ് കപ്പല്‍ വ്യവസായത്തിന്റെ കേന്ദ്രമാണിവിടം. ആട്ടോമൊബീല്‍, ബേറിങ്ങുകള്‍ തുടങ്ങിയവയും ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഒരു പ്രധാന ടെക്സ്റ്റൈലുത്പാദന കേന്ദ്രമായ ഗോട്ട്ബര്‍ഗ് ഒരു മുഖ്യ ഭക്ഷ്യോത്പാദനകേന്ദ്രം കൂടിയാണ്. മനോഹരമായ കളിമണ്‍ പാത്രങ്ങളും ഇവിടെ നിര്‍മിക്കുന്നു. പഞ്ചസാര, കടലാസ്, തുകല്‍ എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

സ്വീഡന്റെ മൊത്തം വിദേശവാണിജ്യത്തില്‍ ഏതാണ്ടഞ്ചിലൊന്നും ഗോട്ട്ബര്‍ഗിലൂടെയാണ് നടക്കുന്നത്. പ്രധാന തുറമുഖമായതിനാല്‍ ഇരുപതു ലക്ഷത്തിലേറെ സ്വീഡന്‍കാര്‍ ഇതുവഴി യു.എസ്സിലേക്ക് ഇതിനകം തന്നെ കുടിയേറിക്കഴിഞ്ഞു. വളരെ സമ്പന്നമായ ഒരു മത്സ്യവ്യവസായവും ഇവിടെ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

നഗരത്തിന്റെ നദീമുഖത്തോടടുത്ത ഭാഗത്തെ തെരുവുകള്‍ വിസ്തൃതമാണ്. ഗതാഗതയോഗ്യമായ കനാലുകളും ഇവിടെ ധാരാളമുണ്ട്. എക്സ്ചേഞ്ച് മന്ദിരം, കതീഡ്രല്‍, ടൗണ്‍ഹാള്‍, മ്യൂസിയം എന്നിവ ഗോട്ട്ബര്‍ഗിലെ ശ്രദ്ധേയമായ മന്ദിരങ്ങളാണ്. നഗരത്തിലാകെയുള്ള 13 മ്യൂസിയങ്ങളില്‍ ഒരു നാവിക മ്യൂസിയവും നാടകകലയുടെ ചരിത്ര മ്യൂസിയവും ഉള്‍പ്പെടുന്നു. 1889-ല്‍ ഇവിടെ ഒരു സര്‍വകലാശാല സ്ഥാപിതമായി. ഇതിനോടൊപ്പം ടെക്നിക്കല്‍ കോളജ്, നാവിഗേഷന്‍ സ്കൂള്‍ തുടങ്ങി അനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ജനസംഖ്യ: 515,129 (2010).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍