This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോട്ടുവാദ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോട്ടുവാദ്യം

ഗോട്ടുവാദ്യം

ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുള്ള തന്ത്രിവാദ്യം. 'മഹാനാടകവീണ' എന്നും പറയും. കച്ചേരിക്കു വായിക്കുന്ന വാദ്യം എന്ന സ്ഥാനം ഇതിനുണ്ട്. ദക്ഷിണേന്ത്യയില്‍ ഈ വാദ്യം ഉപയോഗിക്കാന്‍ തുടങ്ങിയത് 4 നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. 7-ാം ശ. മുതല്‍ 13-ാം ശ. വരെയുള്ള ക്ഷേത്രശില്പങ്ങളിലൊന്നും തന്നെ ഈ വാദ്യം കാണപ്പെടുന്നില്ല. 17-ാം ശ.-ത്തില്‍ രഘുനാഥനായക് എഴുതിയ ശൃംഗാരസാവിത്രി എന്ന തെലുഗു കാവ്യത്തില്‍ ഗോട്ടുവാദ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. ഈ വാദ്യത്തിന്റെ ശബ്ദം ഗാംഭീര്യമുള്ളതാണ്. അതുകൊണ്ട്തന്നെ സംഗീത നാടകങ്ങള്‍ക്കും നൃത്തനാടകങ്ങള്‍ക്കും ഈ വാദ്യം ഉപയോഗിക്കുന്നു. ഗോട്ടുവാദ്യം എന്നതു തമിഴ് പേരാണ്. കോട് അഥവാ ഉരുണ്ട ചെറിയ തടിക്കഷണം ഉപയോഗിച്ച് ഈ വാദ്യം വായിക്കുന്നതുകൊണ്ട് ഈ വാദ്യത്തിന് കോട് + വാദ്യം = കോട്ടുവാദ്യമെന്നും പിന്നീട് ഗോട്ടുവാദ്യമെന്നും പേരുണ്ടായി. മൊട്ടുകളില്ലാത്ത വീണപോലെയാണ് ഗോട്ടുവാദ്യത്തിന്റെ ആകൃതി. ഉരുണ്ട ഒരു ചെറിയ തടിക്കഷണം കമ്പിയുടെ പുറത്തു ഓടിച്ച് വായിക്കുന്ന രീതിക്ക് ഉദ്ദേശം 2000 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്രകാരം ഹാര്‍പ്പ് വായിക്കുന്ന ഒരു മനുഷ്യരൂപത്തിന്റെ ശില്പം അമരാവതി ശില്പങ്ങളില്‍ കാണാം. പ്ലാവിന്‍തടിയില്‍ കടഞ്ഞെടുത്ത, ഉള്ള് പൊള്ളയായ ഒരു കുടമാണ് ഈ വാദ്യത്തിന്റെ പ്രധാന ഭാഗം. കുടത്തില്‍ നിന്ന് പുറത്തേക്കു നീണ്ട ഒരു ദണ്ഡുമുണ്ട്. ഈ ദണ്ഡിന്റെ പുറവും കുടത്തിന്റെ മേല്‍ഭാഗവും കനം കുറഞ്ഞ പലകകൊണ്ട് മൂടിയിരിക്കുന്നു. അറ്റം വളഞ്ഞ ദണ്ഡിന്റെ അഗ്രഭാഗത്ത് വ്യാളിമുഖം ഉറപ്പിച്ചിരിക്കുന്നു. കുടത്തിന്റെ പുറത്തു തടികൊണ്ട് നിര്‍മിച്ച ചെറിയ ഒരു ബ്രിഡ്ജും അതിന്റെ പുറത്ത് ബെല്‍ മെറ്റലോ വെള്ളിയോ കൊണ്ട് നിര്‍മിച്ച ഒരു പാളിയുമുണ്ട്. 8 കമ്പികള്‍ (വായിക്കുന്ന 5 കമ്പികളും 3 താളക്കമ്പികളും) ഈ ബ്രിഡ്ജിന്റെ മുകളിലൂടെ കടന്നുപോകുന്നു. 5 കമ്പികളില്‍ 2 എണ്ണം സാരണിയും മറ്റു 3 കമ്പികള്‍ യഥാക്രമം പഞ്ചമം, മന്ത്രം, അനുമന്ത്രം എന്നിവയുമാണ്. മൂന്ന് താളക്കമ്പികള്‍ സ, പ, സ രീതിയില്‍ ശ്രുതിചേര്‍ക്കുന്നു. ഇവയെ പക്കസാരണി, പക്കപഞ്ചമം, ഹെച്ചുസാരണി എന്നു പറയുന്നു. വായിക്കുന്ന 5 കമ്പികള്‍ക്കിടയിലായി അനുരണനാത്മക ധ്വനി പുറപ്പെടുവിക്കാനായി വേറെയും കമ്പികള്‍ ഉണ്ട്. നാല് സ്ഥായികള്‍ വരെ ഈ വാദ്യത്തില്‍ വായിക്കാന്‍ കഴിയും. 'ഏകാണ്ഡഗോട്ടുവാദ്യം', 'ഏകദണ്ഡിഗോട്ടുവാദ്യം' എന്നു രണ്ടു തരത്തിലുണ്ട്. കുടവും ദണ്ഡിയും ഒന്നായും അവസാനത്തെ വ്യാളിമുഖം പ്രത്യേകമായും കടഞ്ഞെടുത്തിട്ടുണ്ടാകും. ഏകാണ്ഡഗോട്ടു വാദ്യത്തില്‍ കുടവും ദണ്ഡിയും അവസാനഭാഗവും ഒന്നായിത്തന്നെ കടഞ്ഞെടുത്തതാണ്. 19-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ശ്രിനിവാസ റാവു ആണ് ആദ്യമായി ഈ വാദ്യം വായിച്ചത്. ഇദ്ദേഹത്തിന്റെ പുത്രന്‍ സഖാരാമ റാവു ഈ വാദ്യത്തില്‍ത്തന്നെ കഴിവുകള്‍ പ്രകടിപ്പിച്ചു. ഈ വാദ്യത്തില്‍ കര്‍ണാടക സംഗീതം വായിക്കാന്‍ ചില പരിമിതികളുണ്ട്. വീണ വായിക്കുന്നതുപോലെ ദ്രുതഗതിയിലുള്ള കൃതികള്‍ വായിക്കുന്നതു പ്രയാസമാണ്. വിളംബകാല കൃതികള്‍ ഇതില്‍ നന്നായി വായിക്കാന്‍ കഴിയും. പ്രദര്‍ശനവാദ്യമായും, ഗാനവാദ്യമായും ഗോട്ടുവാദ്യം ഉപയോഗിക്കുന്നു.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍