This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗോങ്
Gong
താളവാദ്യോപകരണം. ചൈന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലാണിതിന്റെ ഉദ്ഭവമെന്നു കരുതപ്പെടുന്നു. ബര്‍മീസ്, ചൈനീസ് (ടംടം), ടര്‍ക്കിഷ് എന്നിങ്ങനെ വിവിധതരം ഗോങ്ങുകള്‍ ഉണ്ട്. എല്ലാറ്റിന്റെയും അടിസ്ഥാനതത്ത്വം ഒന്നുതന്നെ. അവനദ്ധവാദ്യങ്ങളില്‍പ്പെടുന്ന ഇത് കേരള സംഗീതത്തില്‍ ചേങ്ങല എന്നറിയപ്പെടുന്നു. വൃത്താകൃതിയില്‍ പരന്നതും കട്ടിയുള്ളതുമായ വെങ്കലത്തകിടാണു ചേങ്ങലയായി ഉപയോഗിക്കുന്നത്. ഇത് ഒരു ചരടില്‍ കോര്‍ത്ത് ഇടതുകൈയില്‍ പിടിച്ച് വലതുകൈയിലെ കനത്ത കമ്പുകൊണ്ട് അടിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. താളാംഗങ്ങള്‍ കാണിക്കാന്‍ മാത്രമേ ഇത് ഉപയോഗപ്പെടുത്താറുള്ളു. കേരള സംഗീതത്തിനു പ്രത്യേകമായ ഉപകരണങ്ങളില്‍ കഥകളിക്കുപയോഗിക്കുന്ന ചേങ്ങലയും പെടുന്നു. കഥകളിയില്‍ പ്രധാന പാട്ടുകാരന്‍ 'പൊന്നാനി' ചേങ്ങല മുട്ടിയാണ് പാടുന്നത്. ക്ഷേത്രങ്ങളില്‍ നിത്യപൂജയുടെ ക്രിയാംഗമായിട്ടുള്ള പഞ്ചവാദ്യത്തില്‍ തിമില, കൈമണി, ശംഖ് എന്നിവയോടൊപ്പം താളാംഗം സൂചിപ്പിക്കാന്‍ വീക്കെന്‍ ചെണ്ടയും ചേങ്ങലയുമാണ് ഉപയോഗിക്കുന്നത്.
ചൈനയില്‍ 6-ാം ശ. മുതല്‍തന്നെ വ്യാപകമായി അറിയപ്പെട്ടിരുന്ന ഈ ഉപകരണം പാശ്ചാത്യ സംഗീതത്തില്‍ ഗോങ് എന്നറിയപ്പെടുന്നു. ഗോങ്ങിന്റെ ആദ്യ രൂപങ്ങള്‍ വെറും പരന്ന വെങ്കലത്തകിട് മാത്രമായിരുന്നു. പിന്നീട് മധ്യത്ത് ഒരു മൊട്ടോടുകൂടിയ ഉന്തിനില്‍ക്കുന്ന പ്രതലമുള്ളവയും കണ്ടുവന്നു. ഇതു പല വലുപ്പത്തിലുണ്ട്. വെങ്കലം അല്ലെങ്കില്‍ പിത്തളയില്‍ത്തീര്‍ത്ത, ഏകദേശം ഒരു മീ. വ്യാസമുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരു തകിടാണ് സാധാരണയായി ഉപയോഗിക്കുന്നത്. മരമോ ലോഹമോ കൊണ്ടുള്ള ഒരു ഫ്രെയിമില്‍ ചരടുകൊണ്ട് തൂക്കിയിട്ടിട്ടുള്ള ഈ തകിടില്‍ കമ്പിളിയോ ഏതെങ്കിലും പാഡോ ചുറ്റിയ ചെറിയ കൊട്ടുവടികൊണ്ട് തട്ടി ശബ്ദമുണ്ടാക്കുന്നു. വലുപ്പമേറിയ ഇനങ്ങള്‍ മരം കൊണ്ടുള്ള സ്റ്റാന്റില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. വലുപ്പം കുറഞ്ഞവ ബഞ്ചിലോ മേശയിലോ കട്ടിപ്പുതപ്പിട്ട് അതിന്റെ മുകളില്‍ സ്ഥാപിക്കുന്നു. ബാസ് ഡ്രമ്മില്‍ ഉപയോഗിക്കുന്ന ചെണ്ടക്കോലുകൊണ്ടു തട്ടിയും ശബ്ദമുണ്ടാക്കാം. നനഞ്ഞ പെരുവിരല്‍ കൊണ്ടു തട്ടിയാലും ഗോങ് ശബ്ദം പുറപ്പെടുവിക്കും. വളരെ മൃദുവായും മധ്യത്തില്‍നിന്ന് അല്പം മാറിയും തട്ടുകയാണെങ്കില്‍ ഇതിന്റെ ശബ്ദം വളരെ ഇമ്പമുള്ളതായി തോന്നും. വലിയ താഡനം കൊണ്ട് ഘോരമായ ശബ്ദം പുറപ്പെടുവിക്കാം. സാധാരണയായി താഴ്ന്ന ശബ്ദത്തില്‍ തുടങ്ങി പടിപടിയായിട്ടാണ് ഉച്ചസ്ഥാനത്തേക്ക് നീങ്ങുക. ശബ്ദപാരമ്യതയില്‍ ഈ ഉപകരണം ഓര്‍ക്കസ്ട്രയിലെ (വാദ്യവൃന്ദം) മറ്റെല്ലാ ഉപകരണങ്ങളെയും കീഴടക്കുന്നു. ഗോങ്ങിന്റെ പ്രയോഗം എപ്രകാരമായിരിക്കണമെന്നു ഓര്‍ക്കസ്ട്രപുസ്തകങ്ങളില്‍ പ്രത്യേകം ഒരു വരിയില്‍ രേഖപ്പെടുത്തിയിരിക്കും.
ധ്വനിയുടെ നിയതമല്ലാത്ത ഉച്ചത്വം, ഗഹനവും സമ്പുഷ്ടവും അനുരണനക്ഷമവുമായ റ്റോണ്‍ എന്നിവ ഗോങ്ങിന്റെ പ്രത്യേകതകളാണ്. ഇതിന്റെ ദീര്‍ഘസ്ഥായിയായ റ്റോണ്‍ ഗാംഭീര്യമിയന്നതോ ഭയാനകമോ നിഗൂഢമോ ആയി തോന്നാം. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഈ ഉപകരണത്തിനു മാന്ത്രികശക്തിയുള്ളതായി കരുതപ്പെട്ടിരുന്നു. മാന്ത്രികവിദ്യയിലിതിനു പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഇതിനു കൊടുങ്കാറ്റിനെ തടയാന്‍ കഴിവുണ്ടെന്നായിരുന്നു ബോര്‍ണിയക്കാരുടെ വിശ്വാസം. വിയറ്റ്നാം, തായ് ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഗോങ് പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യ, മ്യാന്മര്‍, ജാവ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മനോഹരമായ പലതരം ഗോങ്ങുകള്‍ ലണ്ടനിലെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എത്യോപ്യന്‍ കോപ്റ്റിക് ചര്‍ച്ചില്‍, തൂക്കിയിടുന്ന തരം കൂറ്റന്‍ ഇരുമ്പു ഗോങ്ങുകളും ഉണ്ട്. ആഫ്രിക്കയില്‍ മറ്റിടങ്ങളില്‍ ഇതിനു വലിയ സ്ഥാനമൊന്നുമില്ല. ഏഷ്യയില്‍ നിന്നു യൂറോപ്പിലേക്കു കുടിയേറിയ ഗോങ്ങിന് യു. എസ്സിലും നല്ല പ്രചാരം കിട്ടി.
ആവേശംകൊള്ളിക്കുന്ന ഗാനഭാഗങ്ങള്‍ കരുപ്പിടിപ്പിക്കുമ്പോഴും മ്ലാനത പ്രകടിപ്പിക്കേണ്ടി വരുമ്പോഴും വിഷയമോ അന്തരീക്ഷമോ പൗരസ്ത്യമാകുമ്പോഴുമൊക്കെ പാശ്ചാത്യ സംഗീത സംവിധായകരും രചയിതാക്കളും ഗോങ്ങിന്റെ പ്രയോഗത്തെയാണ് ആശ്രയിക്കുന്നത്. വൈകാരികതയുടെ പാരമ്യത്തിലും നാടകീയ പരിവേഷം നല്കാനും ഗോങ് ഉപയോഗപ്പെടുത്തുന്നു. വീടുകള്‍ക്ക് അലങ്കാരമായും കാളിങ് ബെല്ലിനു പകരമായുമൊക്കെ ഗോങ് ഇന്നു പ്രചാരത്തിലുണ്ട്.