This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഗോള്‍, നികൊലായ് വാസില്യെവിച്ച് (1809 - 52)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഗോള്‍, നികൊലായ് വാസില്യെവിച്ച് (1809 - 52)

Gogol,Nikolai Vasilievich

റഷ്യന്‍ സാഹിത്യകാരന്‍. 1809 മാ. 31-നു ഉക്രെയ്നില്‍ സൊറോക്കിന്റ്സി എന്ന ഗ്രാമത്തിലെ സാമാന്യം ഭേദപ്പെട്ട കസാക്ക് കുടുംബത്തില്‍ ജനിച്ചു. പിതാവ് വി. എ. ഗോഗോള്‍ ഇവാനോവ്സ്കി അമച്വര്‍ നാടകകൃത്തായിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യം, ചിത്രരചന, അഭിനയം എന്നിവയില്‍ ഗോഗോള്‍ താത്പര്യം പ്രകടമാക്കിയിരുന്നു. ജോലിതേടി 1828-ല്‍ സെന്റ്പീറ്റേഴ്സ്ബര്‍ഗില്‍ എത്തിയ ഇദ്ദേഹം സാഹിത്യ രചനയ്ക്കായി സമയം വിനിയോഗിച്ചു. ഹന്‍സ്ക്യൂഹെല്‍ഗാര്‍ട്ടെന്‍ (1829) എന്ന ആദ്യകവിത പരാജയമായതിനാല്‍ നിരാശനായ ഇദ്ദേഹം നാടുവിടാന്‍ ശ്രമിക്കുകയുണ്ടായി. സിവില്‍ സര്‍വീസിലും മറ്റും മാറിമാറി ജോലിനോക്കിയെങ്കിലും ഇതിലൊന്നും തൃപ്തനാകാതെ ഗോഗോള്‍ സാഹിത്യ രചന തുടര്‍ന്നു. ഇക്കാലത്തു പുഷ്കിനുമായുണ്ടായ പരിചയം ഗോഗോളിനെ സ്വാധീനിച്ചു. കാന്‍കയ്ക്കടുത്തുള്ള ഒരു കൃഷിസ്ഥലത്തെ സായാഹ്നങ്ങള്‍ (1831) എന്ന കഥാസമാഹാരവും രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ഇദ്ദേഹം സാഹിത്യ വൃത്തങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. ഉക്രെയ്നിലെ ഗ്രാമീണജീവിതത്തെക്കുറിച്ച് കാല്പനികശൈലിയിലെഴുതിയ കഥകളാണ് ഇതിലടങ്ങിയിട്ടുള്ളത്. കൊസാക്കുകളുടെ വീരസാഹസിക ജീവിതത്തിന്റെ ആവിഷ്കാരമായ 'തെരസ് ബള്‍ബ', 'രണ്ട് ഇവാന്മാരുടെ കലഹം' എന്നിവ ഉള്‍പ്പെടെ നാലുകഥകളുടെ സമാഹാരമാണ് മിര്‍ഗോരദ് (1835). 'ഒരു ഭ്രാന്തന്റെ ഡയറി' 'നെവ്സ്കി തെരുവ്', 'ഛായാചിത്രം' എന്നീ പീറ്റേഴ്സ്ബര്‍ഗ് കഥകളുടെയും ഏതാനും ഉപന്യാസങ്ങളുടെയും സമാഹാരമാണ് അരബെസ്ക്സ് (1835).

നാടകകൃത്ത് എന്ന നിലയില്‍ ഗോഗോളിന്റെ ഏറ്റവും മികച്ച സൃഷ്ടിയായ ഇന്‍സ്പെക്ടര്‍ ജനറല്‍ (1836) ശക്തമായ ആക്ഷേപഹാസ്യം ഉള്‍ക്കൊള്ളുന്നു. ക്രിട്ടിക്കല്‍ റിയലിസത്തിന്റെ ഉത്തമ മാതൃകയായിരുന്നു ഇതെങ്കിലും ഗോഗോള്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം റോമിലേക്ക് പോകുകയും പന്ത്രണ്ടു വര്‍ഷക്കാലം അവിടെ ചെലവഴിക്കുകയും ചെയ്തു. ഇക്കാലത്താണ് ഡെഡ്സോള്‍സ് (1842) എന്ന പ്രസിദ്ധ നോവലിന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചത്. വിശ്വസാഹിത്യത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. ഇതിലെ സാഹസിക നായകന്‍ റഷ്യയിലുടനീളം സഞ്ചരിച്ച് മരിച്ച കുടിയാന്മാരുടെ (Serfs) പേരില്‍ സര്‍ക്കാരില്‍നിന്നും വായ്പ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ ഹാസ്യവും യാഥാര്‍ഥ്യവും സമര്‍ഥമായി കൂട്ടിയിണക്കി, നിക്കൊളാസ് ക-ന്റെ കാലത്തെ അധഃപതിച്ച സാമൂഹിക മൂല്യങ്ങളുടെ നേര്‍ക്കു ഗോഗോള്‍ വിരല്‍ ചൂണ്ടുന്നു.

ഗോഗോളിന്റെ കഥകളില്‍ ഏറ്റവും പ്രധാനപ്പെട്ട ദ ഓവര്‍ക്കോട്ട് (1842) ഒരു ഓവര്‍ക്കോട്ട് സ്വന്തമാക്കാനുള്ള ഉത്കടമായ ആഗ്രഹത്തോടൊപ്പം പണം ശേഖരിച്ചു വയ്ക്കുന്ന ഒരു ഗുമസ്തന്റെ കഥയാണ്. ദീര്‍ഘനാളുകള്‍ക്കുശേഷം ഓവര്‍ക്കോട്ട് വാങ്ങിയ ദിവസം തന്നെ അതു മോഷണം പോകുകയും സംഭവത്തിന്റെ അഘാതം മൂലം ഗുമസ്തന്‍ മരണമടയുകയും ചെയ്യുന്നു.

കലാകാരനു സമൂഹത്തെ സാന്മാര്‍ഗികതയിലേക്കു നയിക്കേണ്ട കടമയുണ്ടെന്നു ദൃഢമായി വിശ്വസിച്ച ഗോഗോള്‍, തന്റെ കൃതികള്‍ ഇക്കാര്യത്തില്‍ പരാജയങ്ങളാണെന്നു ധരിക്കുകയും, 1852-ല്‍ ഡെഡ്സോള്‍സിന്റെ രണ്ടാം വാല്യത്തിന്റെ ആദ്യ കൈയെഴുത്തുപ്രതി ഫാദര്‍ മാത്യു എന്ന വൈദികന്റെ നിര്‍ദേശപ്രകാരം ചുട്ടെരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സെലക്റ്റഡ് പാസേജസ് ഫ്രം കറസ്പോണ്‍ഡന്‍സ് വിത്ത് ഫ്രണ്ട്സ് (1847) എന്ന കൃതി യഥാര്‍ഥ ക്രിസ്തുമാര്‍ഗം എന്തെന്ന് ഉദ്ബോധിപ്പിക്കുന്ന ലേഖനങ്ങളായിരുന്നു. സാഹിത്യരചന പാപമാണെന്ന ധാരണ ഇദ്ദേഹത്തില്‍ വേരുറച്ചു. പിന്നീട് ഗോഗോള്‍ സര്‍ഗാത്മകകൃതികള്‍ ഒന്നുംതന്നെ രചിക്കുകയുണ്ടായില്ല. മാത്രമല്ല, തന്റെ പ്രധാന കൃതികള്‍ മതപരമായ സമീപനത്തോടെ തിരുത്തി എഴുതാന്‍ തുനിയുകയും ചെയ്തു. റഷ്യന്‍ സാഹിത്യ ചരിത്രത്തില്‍ യഥാര്‍ഥ പ്രസ്ഥാനം തുടങ്ങിവച്ച അതികായനായ ഗോഗോള്‍ മൗലിക സര്‍ഗാത്മകത, ഭാവന, ശക്തവും വാചാലവുമായ ശൈലി എന്നിവ കൊണ്ട് അനുഗൃഹീതനായിരുന്നു. 1852 മാ. 4-ന് ഇദ്ദേഹം മോസ്കോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍