This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഗെയ്ന്‍, പോള്‍ (1848 - 1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഗെയ്ന്‍, പോള്‍ (1848 - 1903)

Gauguin Paul

പോള്‍ ഗോഗെയ്ന്‍
പോള്‍ ഗോഗെയ്ന്‍ 1892-ല്‍ രചിച്ച മേക്കിങ് മാരി എന്ന ഛായാചിത്രം

ഫ്രഞ്ച് ചിത്രകാരനും ശില്പിയും. ക്ലോവിസ് ഗോഗെയ്ന്‍- അലൈന്‍മേരി ചഗല്‍ ദമ്പതികളുടെ പുത്രനായി 1848 ജൂണ്‍ 7-ന് പാരിസില്‍ ജനിച്ചു. പോളിന് മൂന്നു വയസ്സുള്ളപ്പോള്‍ ഗോഗെയ്ന്‍ കുടുംബം ഫ്രാന്‍സ് വിട്ട് പെറുവിലെ ലിമായിലേക്കു താമസം മാറ്റി. യാത്രാമധ്യേ ക്ലോവിസ് അന്തരിച്ചു. പെറുവില്‍ മൂന്നു വര്‍ഷം കഴിഞ്ഞുകൂടിയ ശേഷം പോളും മാതാവും ഫ്രാന്‍സില്‍ മടങ്ങിയെത്തി. പാരിസില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടി. 1865 മുതല്‍ 71 വരെ നാവികസേനയില്‍ സേവനമനുഷ്ഠിച്ചു. 1868-ല്‍ അമ്മയും അന്തരിച്ചപ്പോള്‍ പോളിന്റെ സംരക്ഷണച്ചുമതല ഗുസ്താവ് അറോസ് എന്ന ബാങ്കര്‍ ഏറ്റെടുത്തു. 1871-ല്‍ നാവികസേനയിലെ ഉദ്യോഗം ഉപേക്ഷിക്കുകയും ബാങ്കിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയും ചെയ്തു. 1873-ല്‍ മെറ്റെ സോഫീ ഗാഡിനെ വിവാഹം കഴിച്ചശേഷമാണ് പോളിന് ചിത്രകലയില്‍ താത്പര്യം വളരുന്നത്. വിശ്രമ വേളകളില്‍ മാത്രം ചിത്രരചന അഭ്യസിച്ചിരുന്ന ഇദ്ദേഹത്തിന്, 1876-ലെ സലോണ്‍ ചിത്രപ്രദര്‍ശനത്തില്‍ ലഭിച്ച അഭിനന്ദനവും പ്രോത്സാഹനവും, ചിത്രകാരനായ പിസ്സാറോയുമായുണ്ടായ ഗാഢസമ്പര്‍ക്കവും ഈ രംഗത്ത് നിലയുറപ്പിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. 1883-ല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പോള്‍ പൂര്‍ണമായും വിരമിച്ചു. മാര്‍ട്ടിനിക്, താഹിതി, ബ്രിട്ടാനി, മാര്‍ക്വിസസ് എന്നിവിടങ്ങളില്‍ താമസിച്ച് ഇദ്ദേഹം ചിത്രരചനയില്‍ മുഴുകി.

പോള്‍ ഗോഗെയ്ന്‍ അറുന്നൂറോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ശില്പങ്ങള്‍ വളരെക്കുറച്ചുമാത്രം. ആദ്യകാല രചനകളില്‍ സെസ്സാനെ, പിസ്സാറോ, ദെഗാസ് എന്നിവരുടെ സ്വാധീനം പ്രകടമായികാണാം. എമിലി ബര്‍ണാഡുമായി ചേര്‍ന്ന് ഇദ്ദേഹം അവതരിപ്പിച്ച നൂതനമായ ശൈലിയാണ് 'സിന്തറ്റിസം'. ക്ലോറിസോണിസം, പോസ്റ്റ് ഇംപ്രഷണലിസം എന്നിങ്ങനെ പില്ക്കാല രചനകളില്‍ വികസിതമായ രീതികളുടെ തുടക്കമാണിത്. ലളിതമായ രൂപങ്ങള്‍ നാനാവിധമായ വര്‍ണങ്ങളില്‍ വിരചിക്കുന്ന സമ്പ്രദായമാണ് സിന്തറ്റിസം. താഹിതിയിലെ അപരിഷ്കൃത ജനങ്ങളോടൊപ്പമുള്ള വാസവും അവരുടെ ഇടയിലെ കഥാപാത്രങ്ങളെ ആദര്‍ശവത്കരിക്കാനുള്ള ശ്രമവുമാണ് ഈ ശൈലിയുടെ ജന്മഹേതുക്കള്‍. വിഷന്‍ ആഫ്റ്റര്‍ ദ സര്‍മണ്‍ ഓര്‍ ജേക്കബ് റെസ്ലിങ് വിത്ത് ദ ഏന്‍ജല്‍ (1888), ദ യെല്ലോ ക്രൈസ്റ്റ് (1889), ക്രൈസ്റ്റ് ഇന്‍ ദ ഗാര്‍ഡന്‍ ഒഫ് ഒലീവ്സ് (1891) എന്നിവയാണ് ഇക്കാലത്തെ രചനകളില്‍ പ്രാമുഖ്യമര്‍ഹിക്കുന്നത്. 1897-ല്‍ മകളുടെ മരണത്തെത്തുടര്‍ന്ന് ഹതാശനായ പോള്‍, നാം എവിടെ നിന്നു വരുന്നു? നാം ആരാണ്? നാം എങ്ങോട്ടു പോകുന്നു? എന്ന വിഖ്യാതമായ ചിത്രം പൂര്‍ണമാക്കിയശേഷം ആത്മഹത്യയ്ക്ക് ഒരുമ്പെട്ടു. വളരെക്കുറച്ച് ചിത്രങ്ങളേ പോള്‍ രചിച്ചിട്ടുള്ളു. ദ മോഡേണ്‍ സ്പിരിറ്റ് ആന്‍ഡ് കാതൊലിസിസം ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ എന്ന പേരില്‍ ആത്മകഥാരൂപത്തില്‍ തന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ഇക്കാലത്ത് പോള്‍ എഴുതുകയുണ്ടായി. 1890-ല്‍ മാര്‍ക്വിസാസ് ദ്വീപില്‍ ശയ്യാവലംബിയായ ഗോഗെയ്ന്‍ അവസാനമായി, ഗൃഹാതുരത്വം ബാധിച്ചു തളര്‍ന്നവശനായ ഒരുവന്റെ ചിത്രം വരച്ചവസാനിപ്പിച്ചു. 1903 മേയ് 8-ന് ഇദ്ദേഹം അന്തരിച്ചു.

20-ാം ശ.-ത്തിലെ 'ആധുനിക' യൂറോപ്യന്‍ ചിത്രകലയെ ആഴത്തില്‍ സ്വാധീനിച്ചവരില്‍ അഗ്രഗണ്യനായ ഗോഗെയ്ന്റെ സ്മരണയ്ക്കായി 1965-ല്‍ താഹിതിയില്‍ ഗോഗെയ്ന്‍ മ്യൂസിയം സ്ഥാപിതമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍