This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഗും മെഗോഗും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഗും മെഗോഗും

Gog and Magog

ദൈവത്തിനെതിരായി നടത്തുന്ന സമരത്തില്‍ സാത്താന്റെ പ്രബല സഹായികള്‍ എന്നു സങ്കല്പിക്കപ്പെടുന്ന രണ്ടു ശക്തികള്‍. ലോകാവസാനത്തിനു തൊട്ടു മുമ്പായി ഗോഗിന്റെ ഭരണം നിലവില്‍ വരുമെന്നാണ് പലരുടെയും ആശങ്ക. ഗോഗിനെ അന്ത്യക്രിസ്തുവായി സങ്കല്പിക്കുന്നവരും ഉണ്ട്. ബൈബിളില്‍ പുതിയ നിയമത്തിലെ യോഹന്നാനുണ്ടായ വെളിപാടു പുസ്തകത്തില്‍ ഗോഗിനെയും മെഗോഗിനെയും കുറിച്ചുള്ള വിവരണം ഇപ്രകാരമാണ്. "ആയിരം വര്‍ഷക്കാലം സാത്താന്‍ പാതാളത്തില്‍ ബന്ധനസ്ഥനായിരിക്കും. ആയിരം വര്‍ഷം തികയുമ്പോള്‍ സാത്താന്‍ അവന്റെ ബന്ധനത്തില്‍ നിന്നും വിമോചിതനാകും. ഭൂമിയുടെ നാലുകോണിലുമുള്ള ജനപദങ്ങളെ പാപത്തിലേക്കു പ്രേരിപ്പിക്കാന്‍ അവന്‍ പുറത്തുവരും. ഗോഗ്,  മെഗോഗ് തുടങ്ങിയവരെ യുദ്ധത്തിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടലിലെ മണല്‍ത്തരിപോലെയായിരിക്കും. അവര്‍ ഭൂപരപ്പില്‍ കയറി വന്ന് വിശുദ്ധരുടെ പാളയം വളയും. പക്ഷേ സ്വര്‍ഗത്തില്‍ നിന്നും അഗ്നിയിറങ്ങി അവരെ നശിപ്പിക്കും (വെളിപാട് 20). ബൈബിളിലെ പഴയ നിയമത്തിലുള്ള ചില ഭാഗങ്ങളില്‍ മെഗോഗ് അര്‍മേനിയയിലെ ഒരു പ്രദേശമാണെന്നു സൂചിപ്പിച്ചിരിക്കുന്നു (എശക്കിയേല്‍ 38). മേശേക്, തൂബാല്‍ എന്നീ രാജ്യങ്ങളിലെ അധിപതിയായി ഗോഗ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു (എശക്കിയേല്‍ 38). ഗോഗിന്റെ ഉദ്ഭവസ്ഥാനമാണ് മെഗോഗ് എന്നൊരു വ്യാഖ്യാനവും നിലവിലുണ്ട്.

ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ ഗോഗ് എന്നും മെഗോഗ് എന്നും പേരോടുകൂടിയ രണ്ടു ഭീമാകാര മരപ്രതിമകള്‍ ഉണ്ട്. ഈ പ്രതിമകളെ ചുറ്റിപ്പറ്റിയുള്ള രസകരമായൊരു ഐതിഹ്യവും ഇംഗ്ലണ്ടില്‍ പ്രചാരത്തിലുണ്ട്. ബ്രൂട്ട് എന്നൊരാളാണ് ബ്രിട്ടണ്‍ സ്ഥാപിച്ചതെന്ന് ഇംഗ്ലീഷുകാര്‍ വിശ്വസിക്കുന്നു. ഒരു കാലത്ത് ഡയോക്ലിഷ്യന്റെ 33 പുത്രന്മാരുടെ സന്തതിപരമ്പരകളായ ഒരു കൂട്ടം ഭീമാകാരന്മാര്‍ യൂറോപ്പിലുണ്ടായിരുന്നുവെന്നും ഇവരെ ട്രോജന്‍ ബ്രൂട്ടസ് കൊന്നൊടുക്കി എന്നുമാണ് ഐതിഹ്യം. മരിക്കാതെ രക്ഷപ്പെട്ട ഗോഗിനെയും മെഗോഗിനെയും ലണ്ടനില്‍ കൊണ്ടുവന്ന് കൊട്ടാരത്തിലെ ദ്വാരപാലകന്മാരായി നിയോഗിച്ചു. ഇവരുടെ പ്രതീകങ്ങളായാണ് ഗില്‍ഡ് ഹാളില്‍ രണ്ടു വലിയ മരപ്രതിമകള്‍ സ്ഥാപിച്ചതെന്നും ഐതിഹ്യമുണ്ട്. ഹെന്റി V-ന്റെ കാലം മുതല്‍ ഈ പ്രതിമകള്‍ ലണ്ടനില്‍ ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍