This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഖലെ, അവന്തികാബായി (1882 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഖലെ, അവന്തികാബായി (1882 - 1949)

സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവര്‍ത്തകയും. സ്ത്രീ സ്വാതന്ത്ര്യത്തിനും ദലിതരുടെ ഉദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച അവന്തികാബായി 1882 സെപ്. 17-നു പഴയ സത്താറ ജില്ലയിലെ തസ്ഗാംവില്‍ ജനിച്ചു. ചിത്പവന്‍ ബ്രാഹ്മണരായ വിഷ്ണുപന്ത് ജോഷിയും സത്യഭാമാബായിയും ആയിരുന്നു അച്ഛനമ്മമാര്‍. 1901-ല്‍ മിഡ്വൈഫറി (ഡിപ്ലോമാ) ഒന്നാം ക്ലാസ്സില്‍ പാസായി. ഇത് അവരുടെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനത്തിനു നാന്ദികുറിച്ചു.

1913-ല്‍ ഇവര്‍ 'സോഷ്യല്‍ സര്‍വീസ് ലീഗി'ല്‍ ചേര്‍ന്നു. 1913 മേയില്‍ ഇച്ചല്‍ കരഞ്ചിയിലെ റാണിയോടൊപ്പം ലണ്ടനിലെത്തിയ ബായിക്ക് ജി.കെ. ഗോഖലെ, സരോജിനി നായിഡു തുടങ്ങിയ അന്നത്തെ പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകരുമായി ആശയ വിനിമയത്തിനവസരം കിട്ടി. മാത്രമല്ല, ലണ്ടനിലെ മെഡിക്കല്‍ പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ള സന്ദര്‍ഭവും ലഭിച്ചു.

കോണ്‍ഗ്രസ്സിന്റെ ലഖ്നൌ സമ്മേളനത്തില്‍വച്ച് (1916) ഗാന്ധിജിയെ പരിചയപ്പെട്ട ബായി, കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകയായി മാറി. 1917-ലെ ചമ്പാരന്‍ (ബിഹാര്‍) സത്യാഗ്രഹത്തില്‍ ഗാന്ധിജിയോടൊപ്പം ബായിയും ഉണ്ടായിരുന്നു. ചമ്പാരനില്‍വച്ച് മഹാത്മാഗാന്ധി യാചെന്‍ ചരിത്രം എന്ന പേരില്‍ ഗാന്ധിജിയുടെ ജീവചരിത്രം രചിച്ചു. മറാഠിയില്‍ ബായി രചിച്ച ഈ ഗ്രന്ഥമാണ് ഗാന്ധിജിയുടെ ജീവചരിത്ര ശൃംഖലയില്‍ ആദ്യത്തേത്. ഗാന്ധിജിയുടെ മാര്‍ഗനിര്‍ദേശത്തിന്‍കീഴില്‍ ബായി അരോഗ്യ-ധര്‍മ-സാഹിത്യ-സംബന്ധമായ ക്ലാസ്സുകള്‍ ആരംഭിച്ചു. 1918 ന. 27-ന് മുംബൈയില്‍ 'ഹിന്ദ് മഹിളാ സമാജം' തുടങ്ങി. 38 വര്‍ഷക്കാലം ഇവര്‍ അതിന്റെ പ്രസിഡന്റായിരുന്നു. 1920-46 കാലങ്ങളിലെ കോണ്‍ഗ്രസ്സിന്റെ എല്ലാ സമരങ്ങളിലും പങ്കെടുക്കുകയും പല പ്രാവശ്യം അറസ്റ്റു വരിക്കുകയും ചെയ്തിട്ടുണ്ട്.

തനിയെ തുന്നിയ ഒരു ജോടി ഖദര്‍ദോത്തി 1920 മുതല്‍ 46 വരെ തുടര്‍ച്ചയായി പിറന്നാള്‍ സമ്മാനമായി ബായി ഗാന്ധിജിക്കു നല്കി വന്നിരുന്നു. ഗാന്ധിജിയുടെ ദലിതോദ്ധാരണ പരിപാടികളുമായും സഹകരിച്ചുപോന്നു. ഇന്ദു എന്നൊരു സാരസ്വത പെണ്‍കുട്ടിയെ ഇവര്‍ ദത്തെടുത്തു വളര്‍ത്തി.

എളിയ ജീവിതമാണ് ഇവര്‍ നയിച്ചത്. ഖാദി മാത്രമേ ധരിച്ചിരുന്നുള്ളു. മഹാരാഷ്ട്രയിലെ, പ്രത്യേകിച്ചും മുംബൈയിലെ സ്ത്രീകളെ ദേശീയവും സാമൂഹികവുമായ പ്രവര്‍ത്തന രംഗത്തു കൊണ്ടുവന്നതില്‍ ബായിക്കുള്ള പങ്ക് നിര്‍ണായകമാണ്. 1930-ല്‍ 'ദേശ സേവികാ ദളി'നു ജന്മം നല്കിയവരില്‍ ബായിയും ഉള്‍പ്പെടും. 1949-ല്‍ അവന്തികാബായി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍